​’പശുവിനെ അധിക്ഷേപിച്ചെന്ന’ കേസ്; പരാതി വ്യാജമെന്ന് സാജൻ ജോസഫ്

By on

പശുവിനെക്കുറിച്ച് താൻ സംസാരിച്ചിട്ടില്ലെന്ന് പശുവിനെ അധിക്ഷേപിച്ചു എന്ന പരാതിയിൽ വെള്ളരിക്കുണ്ട് പൊലീസ് 153 A ചുമത്തി കേസെടുത്ത സാജൻ ജോസഫ്. തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ പശ്ചാത്തലത്തിൽ മെയ് 28ന് ചായക്കടയിൽ നടന്ന രാഷ്ട്രീയ ചർച്ചയെ മുൻ വൈരാ​ഗ്യത്തിന്‍റെ പേരിൽ വർ​ഗീയവത്കരിച്ച് ചന്ദ്രൻ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് പരാതി കൊടുക്കുകയാണ് ഉണ്ടായതെന്ന് സാജൻ ജോസഫ് കീബോഡ് ജേണലിനോട് പറഞ്ഞു. പരാതിയിൽ ചന്ദ്രൻ സൂചിപ്പിച്ചതുപോലൊരു ചർച്ച ചായക്കടയിൽ ഉണ്ടായിട്ടില്ലെന്നും പശുവിനെക്കുറിച്ച് താൻ ഒന്നും സംസാരിച്ചിട്ടേയില്ലെന്നും സാജൻ പറഞ്ഞു. ചായക്കടയിൽ ഉണ്ടായിരുന്ന സാക്ഷികളെല്ലാം തനിക്ക് അനുകൂലമായാണ് പൊലീസിന് മൊഴി കൊടുത്തതെന്നും സാജൻ പറ‍ഞ്ഞു. അതേസമയം ​ഗോമാതാവിനെ പൂജിക്കുന്നവർ അതിന്‍റെ പാൽ കുടിക്കരുതെന്ന് സാജൻ പറഞ്ഞുവെന്ന് പരാതിക്കാരനായ ചന്ദ്രൻ കീബോഡ് ജേണലിനോട് പറഞ്ഞു. കേസിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ മാധ്യമങ്ങൾ സംഭവത്തെ വർ​ഗീയവത്കരിക്കുകയാണെന്ന് പൊലീസ് ആരോപിച്ചു. പ്രകോപനപരമായ വിഷയമായതിനാൽ കേസിന്‍റെയോ പ്രതിയുടെയോ വിശദാംശങ്ങൾ നൽകാനാവില്ലെന്നും എസ്ഐ അടക്കമുള്ളവർ പ്രതികരിച്ചു.

സംഭവത്തെക്കുറിച്ച് സാജൻ പറയുന്നു

പരാതിക്കാരനോട് സംസാരിച്ചിരുന്നു. അയാൾ പറഞ്ഞതനുസരിച്ച് ചായക്കടയിൽ വെച്ച് ചന്ദ്രനോട് പശുവിനെപ്പറ്റി നിങ്ങൾ സംസാരിക്കുകയായിരുന്നു എന്നാണ്. എന്താണ് അന്നവിടെ സംഭവിച്ചത്?

ചായക്കടയിൽ രാവിലെ നമ്മൾ രാഷ്ട്രീയം സംസാരിക്കാറുണ്ട്. ഇലക്ഷൻ റിസൽറ്റ് വന്ന് കഴിഞ്ഞ സമയത്താണ് ഈ സംഭവം ഉണ്ടായത്. ചന്ദ്രൻ അവിടെയിരുന്ന് കോൺ​ഗ്രസ് നശിച്ചുപോയി, കേരളത്തിൽ സിപിഎം ഇല്ല, അടുത്ത തെരഞ്ഞെടുപ്പോടെ കോൺ​ഗ്രസും ഇല്ലാതാകും, ബിജെപി അധികാരത്തിൽ വരും എന്നൊക്കെ പറഞ്ഞു. രാഹുൽ​ഗാന്ധി അമേഥിയിൽ തോറ്റു എന്നൊക്കെ. ഞങ്ങളത് ചോദ്യം ചെയ്തു. വാക്കുതർക്കമായി, ഞാനവനെ പിടിച്ചു തള്ളി, അവൻ വീണു. പിന്നെ അയാൾ ഒരു കല്ലുമായി വന്നു, എന്നെ ആക്രമിക്കാൻ വേണ്ടി. അങ്ങനെ അങ്ങോട്ടുമിങ്ങോട്ടും വാക്കായി, അവിടെ തീർന്നു. മൂന്നുനാല് ദിവസം കഴിയുമ്പോഴാണ് അറിയുന്നത് 153 എ ചുമത്തി കേസ് എടുത്തിട്ടുണ്ടെന്ന്. അങ്ങനെയൊരു സംഭാഷണം നമ്മൾ തമ്മിൽ നടന്നിട്ടില്ല, അങ്ങനെയൊരു നാടുമല്ല. രാഷ്ട്രീയ സംഘർഷങ്ങൾ ഉള്ള നാടുമല്ല.

പിന്നെ ഈ വാർത്ത ഇങ്ങനെ വന്നത് എങ്ങനെയാണ്, നിങ്ങൾ പശുവിനെക്കുറിച്ച് പറഞ്ഞു എന്ന്?

വർ​ഗീയമായി എന്തെങ്കിലും ചേർത്താലല്ലേ ഇതൊരു കേസാവുകയുള്ളൂ. അതിന് വേണ്ടിയാണ്. തെരഞ്ഞെടുപ്പ് സമയത്ത് ചെറിയൊരു പ്രശ്നമുണ്ടായിരുന്നു. അതിന്‍റെ ബാക്കിപത്രം കൂടിയാണ് ഈ കേസ്. ഞാൻ പശുവിനെക്കുറിച്ച് ഒന്നും ചർച്ച ചെയ്തിട്ടില്ല. പൊലീസിന് എല്ലാ സാക്ഷികളും എനിക്കനുകൂലമായിട്ടാണ് മൊഴി കൊടുത്തിരിക്കുന്നത്. അവിടെ നടന്ന സംഭവം തന്നെയാണ് മൊഴി കൊടുത്തത്. സംഭവം പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. വാർത്തയായതുകൊണ്ട് അവർക്കും കുഴപ്പമായിട്ടുണ്ട്. ഈ പറഞ്ഞതുപോലൊരു സംഭവം ഉണ്ടായിട്ടേയില്ല. പശുവിനെക്കുറിച്ചൊരു ചർച്ച ഉണ്ടായിട്ടില്ല, വിവാദമുണ്ടാക്കാൻ വേണ്ടി കേസിൽ ഉൾപ്പെടുത്തി എന്നേ ഉള്ളൂ. ഞാനൊരു കർഷകനാണ്. നമ്മളും രാവിലെ പശുവിനെ കറന്നു പാൽ കൊടുക്കാൻ പോകുന്ന ടീമാണ്. അതിനിടെ പശുവിനെകുറിച്ച് ചർച്ച ചെയ്യുമോ? വെള്ളരിക്കുണ്ട് പാത്തിക്കരയാണ് സ്ഥലം. നമ്മൾ താമസിക്കുന്നതിന്റെ രണ്ടര കിലോമീറ്റർ അകലെയാണ് ഇയാൾ താമസിക്കുന്നത്. ആ നാട്ടിലെ ചായക്കടയിൽ ഇതുപോലെ പ്രശ്നമുണ്ടാക്കിയിട്ട് അവിടെയുള്ള ആളുകൾ ഇയാളെ അടിച്ചിട്ടുണ്ട്. അതുകൊണ്ട് അവിടെ പോകാൻ പറ്റാത്തതുകൊണ്ടാണ് ഇയാൾ പാത്തിക്കരയിലെ ചായക്കടയിലേക്ക് വരുന്നത്. ഈ കേസ് പൊലീസ് കെട്ടിച്ചമച്ച കേസാണ്.

ചന്ദ്രന്‍റെ പ്രതികരണം

പാത്തിക്കരയിലെ ചായക്കടയിൽ ചായകുടിക്കുമ്പോഴായിരുന്നു സംഭവം. ഞാൻ പണിക്ക് പോകുമ്പോൾ അവിടെനിന്ന് ചായ കുടിച്ചിട്ടാണ് സാധാരണ പോകുന്നത്. ചായയിൽ ഞാൻ പാൽ അൽപം കുറച്ചാണ് ഉപയോ​ഗിക്കുന്നത്. ചായക്കടക്കാരനോട് ഞാൻ പറഞ്ഞു ചേട്ടാ ഇന്ന് പാൽ കൂടിപ്പോയെന്ന്. അപ്പോൾ പുറത്തിരിക്കുകയായിരുന്നു സാജൻ എന്ന് പറയുന്നയാൾ, നിങ്ങൾ പാൽ കുടിക്കാൻ പാടില്ലെന്ന് പറഞ്ഞു. എന്താണെന്ന് ചോദിച്ചപ്പോൾ ”നിങ്ങൾ പാൽ കുടിക്കരുത്, അത് ​ഗോമാതാവിന്‍റെ പാലാണ്, കിടാവിന് കുടിക്കാൻ ഉള്ളതാണ്” എന്ന് പറഞ്ഞു. ഞാൻ പറഞ്ഞു, മാതാവിന്‍റെ പാൽ മക്കളാണ് കുടിക്കുക എന്ന്. അങ്ങനെ പറഞ്ഞു കെെകഴുകി പോകാൻ നേരം ഞാൻ അയാളോട് പറഞ്ഞു, നിങ്ങൾ ​ഗോമാതാവ് എന്ന് പറഞ്ഞ് നമ്മളെ ആക്ഷേപിക്കല്ലേ, ഒറിജിനലായി പശുവിനെയാണ് പൂജിക്കുന്നത്, വി​ഗ്രഹമില്ല. വി​ഗ്രഹമായി ഉള്ളത് ഫോട്ടോയിലോ അല്ലെങ്കിൽ ശ്രീകൃഷ്ണന്‍റെ പ്രതിമയിലോ ആണ്. ഞാൻ പറഞ്ഞു നിങ്ങൾ‍ ക്രിസ്ത്യാനിയാണ്. നിങ്ങൾ ക്രിസ്ത്യാനിയാകുമ്പോൾ ക്രിസ്ത്യാനികളുടെ വീടുകളിൽ വി​ഗ്രഹമുണ്ട് പശുവിന്‍റെ, ക്രിസ്ത്യൻ പള്ളികളിൽ വി​ഗ്രഹമുണ്ട്. ​ഗോമാതാവിനെ ഏറ്റവും കൂടുതൽ ആരാധിക്കുന്നത് നിങ്ങളാണ്. നിങ്ങൾ നമ്മളെയെന്തിനാണ് ആക്ഷേപിക്കുന്നത് എന്ന് ചോദിച്ചു. നമ്മളാർക്കും ഒരു ഭീഷണിയും ഉയർത്താതെയാണ് ജീവിക്കുന്നത്. രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് ക്രിസ്തു ജനിക്കുന്നത്, ആശ്രയം ലഭിക്കുന്നത് പശുത്തൊഴുത്തിലാണ്. നമ്മളെ ആക്ഷേപിക്കുകയല്ല നിങ്ങളതിനെ പൂജിക്കുകയാണ് ചെയ്യേണ്ടത് എന്ന് പറ‍ഞ്ഞു. പശുത്തൊഴുത്തിൽ പ്രസവിക്കാനുള്ള അവസരം കിട്ടിയതുതന്നെ ഭാ​ഗ്യം എന്ന് കൂട്ടിക്കോ എന്ന് പറഞ്ഞു.. പിന്നെ ശ്രീകൃഷ്ണനും ശ്രീരാമനും ദെെവമൊന്നുമല്ല എന്ന് പറ‍ഞ്ഞു, ക്രിസ്തു ജനിച്ചിട്ടില്ലെന്ന് ഞാൻ പറഞ്ഞു എന്ന് പറഞ്ഞു. ഇവർക്കിതൊരു ക്യാംപെയ്ൻ ആണ്. ഇതേപോലെ ചില ആവശ്യമില്ലാത്ത കാര്യങ്ങൾ പറഞ്ഞു പ്രശ്നമുണ്ടാക്കുന്ന സംഭവം പാത്തിക്കര പ്രദേശത്ത് മുമ്പും ഉണ്ടായിട്ടുണ്ട്. കോൺ​ഗ്രസുകാരാണ് ഇവർ. പക്ഷേ കോൺ​ഗ്രസുകാരുടെ രാഷ്ട്രീയ രീതിയല്ല അവരുടേത്. ഉത്തരേന്ത്യയിലെ കളി ഇവിടെ കളിച്ചാൽ നിന്നെ ശരിയാക്കും എന്ന് പറഞ്ഞു. എന്‍റെ വീട് പുന്നക്കുന്നാണ്.

പശുവിന്‍റെ പേരിൽ നടക്കുന്ന കൊലപാതകങ്ങളെ കുറിച്ച് താങ്കൾക്ക് എന്താണ് പറയാനുള്ളത്?

”ആൾക്കാരെ തല്ലിക്കൊല്ലുന്നതിനോടും ഉപദ്രവിക്കുന്നതിനോടും യോജിപ്പില്ല. പശുകൊലപാതകങ്ങളെ അം​ഗീകരിക്കുന്ന ആളല്ല ഞാൻ. കോൺ​ഗ്രസ് ആണ്, ഇന്ദിരാ​ഗാന്ധിയാണ് ഇന്ത്യയിലെ 18 സംസ്ഥാനങ്ങളിൽ ​ഗോവധം നിരോധിച്ചത്. ബിജെപി അല്ല അത് ചെയ്തത്. ​ഗാന്ധിജിയുടെ സ്വപ്നമാണ് ​ഗോവധ നിരോധനം. ഒരു മതത്തെയും ഞാൻ ആക്ഷേപിക്കുന്നില്ല. മരിച്ചാൽ പോലും ഒരു കുഴിയടക്കാതിരിക്കലോ തടഞ്ഞുവെക്കലോ ഇവിടെ സംഭവിക്കുന്നില്ല. അത്ര സ്വാതന്ത്ര്യമുള്ള ഒരു സമൂഹത്തിൽ ജീവിക്കുമ്പോഴാണ് ഇത്തരം ആക്ഷേപങ്ങൾ ഉയർത്തുന്നത്. അത്തരം ആക്ഷേപങ്ങൾ ഉന്നയിച്ചിട്ട് കാര്യമില്ല. പലരുടെയും അടുത്ത് പോയി ഹെെന്ദവ സമൂഹത്തിനെ ​ഗോമാതാവ് ​ഗോമാതാവ് എന്നു പറഞ്ഞ് ആക്ഷേപിക്കാൻ നടക്കാൻ തുടങ്ങിയിട്ട് കുറേ കാലങ്ങളായി. പലതവണ സാജൻ തന്നെ പറയുന്നത് കേട്ടിട്ടുണ്ട്”. ചന്ദ്രൻ കീബോർഡ് ജേണലിനോട് പറഞ്ഞു.

പൊലീസ് പറയുന്നത്

കേസിനെപ്പറ്റി അറിയാൻ വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിൽ വിളിച്ചപ്പോൾ കേസന്വേഷണ ചുമതല സിഐക്ക് ആണെന്നും സിഐയെ വിളിക്കൂ എന്നും പറ‍ഞ്ഞു. സിഐ കോളുകൾ സ്വീകരിക്കുന്നുണ്ടായിരുന്നില്ല. വീണ്ടും സ്റ്റേഷനിൽ വിളിച്ച് പ്രതിയുടെ പ്രതികരണം അറിയാൻ അയാളുടെ വിവരങ്ങൾ തരണമെന്ന് പറഞ്ഞപ്പോൾ വർ​ഗീയമായ പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുള്ള വിഷയമായതിനാൽ പ്രതിയുടെ കൂടുതൽ വിവരങ്ങൾ മാധ്യമപ്രവർത്തകർക്ക് നൽകാൻ തയ്യാറല്ല എന്നായിരുന്നു പ്രതികരണം. ഇങ്ങനെയൊരു വാർത്ത പുറത്തുവന്ന സാഹചര്യത്തിൽ ഇതിൽ പ്രതിയുടെ ഭാ​ഗം കൂടി കേൾക്കേണ്ടത് ആവശ്യമാണെന്നും അത് മാധ്യമ അവകാശമാണെന്നും സൂചിപ്പിച്ചപ്പോൾ ഇത്തരത്തിൽ സെൻസിറ്റീവായ വിഷയങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ ഞങ്ങൾ മാധ്യമങ്ങൾക്ക് കെെമാറില്ല എന്നും പറഞ്ഞു. അങ്ങനെയെങ്കിൽ ഈ പരാതിയെ നിങ്ങൾ വർഗീയമായി തന്നെയല്ലേ കെെകാര്യം ചെയ്യുന്നതും എന്ന് ചോദിച്ചപ്പോൾ എസ്ഐയുടെ നമ്പർ തന്ന് എസ്ഐയുമായി സംസാരിക്കാൻ പറഞ്ഞു. എസ്ഐയുമായി സംസാരിച്ചപ്പോഴും സമാനമായ രീതിയിലായിരുന്നു പ്രതികരണം. ആദ്യം കാഞ്ഞങ്ങാട് ഡിവെെഎസ്പിക്ക് നൽകിയ പരാതി ഡിവെെഎസ്പി വെള്ളരിക്കുണ്ട് സിഐയെ ഏൽപിക്കുകയായിരുന്നു.


Read More Related Articles