ഭരണകൂടം തടവിലാക്കുന്ന നിഷ്കളങ്ക യുവത്വത്തിന് നീതി തേടിയുള്ള പോരാട്ടത്തിൽ എന്നും ഊർജമാണ് ഷാഹിദ് അസ്മി

By on
Opinion by Abdul Majeed Nadwi
2001 തുടക്കത്തിലാണെന്ന് തോന്നുന്നു, ബോംബെ ഹജ്ജ് ഹൗസിൽ നടന്ന ഒരു ലീഗൽ വർക് ഷോപ്പിൽ വെച്ചാണ് ഷാഹിദ് അസ്മിയെ പരിചയപ്പെട്ടത്.1992 ബോംബെ കലാപകാലത്ത് 16-ാം വയസിലാണ് ഷാഹിദ് ജയിലിലടക്കപ്പെട്ടത്. മോചിതനായി അധികം വൈകാതെയായിരുന്നു ആ കൂടിക്കാഴ്ച.

അഞ്ചു വർഷത്തെ ജയിൽവാസം തളർത്താത്ത നിശ്ചയദാർഢ്യത്തിന്റെ ഊർജ്ജം പകരുന്നതായിരുന്നു ഷാഹിദിന്റെ ഓരോ വാക്കുകളും.TADA എന്ന ഭീകരനിയമത്തിന്‍റെ ഇരയായിരുന്നു ഷാഹിദ്. ജയിലിൽ പഠനമാരംഭിച്ച നിയമവും ജേണലിസവും സമാന്തരമായി പൂർത്തിയാവുന്ന നാളുകളായിരുന്നു അത്.

2001 സെപ്തംബർ 11 നാണ് വേൾഡ് ട്രേഡ് സെന്റർ തകർക്കപ്പെടുന്നത്. തുടർന്ന് ലോകമെങ്ങും സാമ്രാജ്യത്വത്തിന്‍റെ ഇസ്ലാം വിരുദ്ധ അജണ്ടകൾക്കായി ഭീകരവിരുദ്ധ നിയമങ്ങൾ, നിരോധനങ്ങൾ അരങ്ങേറി. ചുവട് പിടിച്ചു ഇന്ത്യയിൽ BJP സർക്കാർ സെപ്തംബർ 27 ന് സിമി നിരോധിച്ചു. TADA ക്ക് പകരം നഖം കൂർപ്പിച്ച POTA നിയമം. മഹാരാഷ്ട്രയിൽ MCOCA . രാജ്യമെങ്ങും, വിശിഷ്യ മുംബെെ പോലീസ് ഏകപക്ഷീയമായി മുസ്‌ലിം യുവാക്കളെ മൃഗീയമായി വേട്ടയാടിയ കാലം.
ഭീകരവാദ കേസുകളിലകപ്പെട്ടവർക്ക് വേണ്ടി വാദിക്കാൻ പോലും അഡ്വക്കേറ്റ്മാർ ഭയപ്പെടുന്ന അന്തരീക്ഷം. അഭിഭാഷക സംഘടന വിലക്ക് മറികടന്ന് ഏറ്റെടുത്ത ഒറ്റപ്പെട്ടയാളുകൾക്ക് നേരെ ആക്രമണങ്ങൾ.

ഈ പശ്ചാത്തലത്തിലാണ് അഡ്വ. ഷാഹിദ് അസ്മിയുടെ രംഗപ്രവേശം. ഓരോ കേസുകളായി ഷാഹിദ് ഏറ്റെടുത്തു കുരുക്കഴിച്ചു. മർദിത കുടുംബങ്ങൾ വെളിച്ചം കണ്ട ഇയ്യാംപാറ്റകളെപ്പോലെ ചുറ്റും ഓടിയെത്തി. ഷാഹിദ് തീക്ഷ്ണമായ നിയമ പോരാട്ടം കൊണ്ടവരുടെ കണ്ണീരൊപ്പി. മുസ്ലിം യുവത്വങ്ങളെ പിച്ചിചീന്തിയ ഭീകര നിയമങ്ങളെ ഷാഹിദ് വെല്ലുവിളിച്ചു. കോടതിമുറികളിൽ നീതിയുടെ മിന്നൽപ്പിണറായി ഷാഹിദിന്റെ വാദങ്ങൾ ആഞ്ഞ് വീശി.

തങ്ങളുടെ നിലനില്‍പ് തന്നെ അപകടത്തിലാണെന്ന് മനസിലാക്കിയ ഭരണകൂട ഫാഷിസ്റ്റ് അധോശക്തികൾ ഷാഹിദിനെതിരെ കരുക്കൾ നീക്കി. പോലീസ്,അധോലോക ഫാഷിസ്റ്റ് നിഗൂഢനീക്കത്തിൽ 2010 ഫെബ്രുവരി 11ന് കുർളയിൽ വെച്ച് അജ്ഞാതരുടെ വെടിയേറ്റ് രക്ത സാക്ഷ്യം വരിച്ചു.

ഭരണകൂടഭീകരതയുടെ നിഷ്ഠൂര വിളയാട്ടിൽ കുരുങ്ങിപ്പോയ നിഷ്കളങ്ക യുവത്വത്തിനായുളള നീതിയുടെ പോരാട്ടത്തിന് എന്നും ഊർജമാണ് ഷാഹിദ് അസ്മി. ആ രക്തസാക്ഷ്യത്തിന് ഒമ്പതാണ്ട് തികയുമ്പോൾ ആ ധീര രക്തസാക്ഷിയെ നമുക്ക് സല്യൂട്ട് ചെയ്യാം. 

 


Read More Related Articles