ആറുമാസമായി വേദനയനുഭവിക്കുന്ന യുവതിയ്ക്ക് തൃശൂർ മെഡിക്കൽ കോളജിൽ തിക്താനുഭവവും അവ​ഗണനയും; ഉദരരോ​ഗ വിഭാ​ഗത്തിലെ അനാസ്ഥ വെളിപ്പെടുത്തി സഹോദരന്‍റെ കുറിപ്പ്

By on

ആറുമാസമായി ഉദരവേദന അനുഭവിക്കുകയും കാരണം കണ്ടെത്താൻ കഴിയാതിരിക്കുകയും ചെയ്ത സാഹചര്യത്തിൽ സർക്കാർ മെഡിക്കൽ കോളജിൽ ചികിത്സ തേടിയ യുവതിയ്ക്ക് നേരിടേണ്ടി വന്ന അവ​ഗണനയും തിക്താനുഭവവും വെളിപ്പെടുത്തി സഹോദരന്റെ കുറിപ്പ്. രോ​ഗാവസ്ഥയുമായി പല ആശുപത്രികളിൽ കയറിയിറങ്ങിയി ശേഷമാണ് വിദ​ഗ്ധ ചികിത്സ ലഭിക്കുമെന്ന പ്രതീക്ഷയിൽ സഹോദരിയുമായി ​കബീർ തൃശൂർ മെഡിക്കൽ കോളജിലെത്തിയത്. എന്നാൽ ഡോക്റ്റർ യുവതിയെ വേണ്ട വിധം പരിശോധിക്കാതിരുന്നതിനപ്പുറം ദേഷ്യത്തോടെ പെരുമാറുകയും ചെയ്തുവെന്ന് സഹോദരൻ വെളിപ്പെടുത്തി. വ്യാഴാഴ്ച മാത്രമാണ് തൃശൂർ മെഡിക്കൽ കോളജിൽ ഉദരരോ​ഗ വിഭാ​ഗം പ്രവർത്തിക്കുന്നുള്ളൂ. 200 ലധികം പേരാണ് ഈ ദിവസം അവിടെ ചികിത്സ കാത്തിരുന്നത്. ഉച്ചയ്ക്ക് ശേഷം പരിശോധനകൾ അതിവേ​ഗത്തിലാണെന്നാണ് പല രോ​ഗികളും പറയുന്നത്. നാട്ടിൽ ഏതെങ്കിലും ഡോക്റ്ററെ കണ്ടാൽ പോരെ എന്നാണ് തിക്താനുഭവം പുറത്ത് പറഞ്ഞ യുവാവിന്റെ സഹോദരിയോട് ഡോക്റ്റർ ചോദിച്ചത് എന്ന് കുറിപ്പിൽ പറയുന്നു. ഇനിയെന്തെങ്കിലും പ്രശ്നമുണ്ടായാൽ പരിസരത്തുള്ള ഡോക്റ്ററെ കണ്ടാൽ മതിയെന്ന് മെഡിക്കൽ കോളജിലെ ഡോക്റ്റർ നിർദ്ദേശിച്ചെന്നും കുറിപ്പിൽ പറയുന്നു.

ഫെയ്സ്ബുക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം

”വളരെ നിരാശയോടെയും സങ്കടത്തോടെയുമാണീ കുറിപ്പെഴുതുന്നത്. ഇന്ന് (09/05/2019) എന്‍റെ പെങ്ങളെയും കൊണ്ട് മെഡിക്കൽ കോളേജിൽ പോയിരുന്നു. അവിടെ ഞങ്ങൾക്ക് നേരിട്ട തിക്താനുഭവം അധികാരികളുടെ ശ്രദ്ധയിൽ പെടുത്താനാണ് ഈ കുറിപ്പ്. പെങ്ങൾക്ക് ആറുമാസത്തോളമായി തുടർച്ചയായ വയറുവേദനയാണ്. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി, കൊടുങ്ങല്ലൂർ തന്നെയുള്ള ഒരു മറ്റൊരു ഉദരരോഗവിദഗ്ദൻ, എറണാകുളത്തെ ലിസി ഹോസ്പിറ്റൽ തുടങ്ങിയ പല ആശുപത്രികളിലേയും ഡോക്ടർമാരെ കാണിച്ചു ചികിത്സ നടത്തിയിട്ടും പെങ്ങളുടെ അസുഖം ഭേതമായില്ല. തുടർന്ന് തൃശ്ശൂരുള്ള ഒരു ആയുർവ്വേദ ചികിത്സാലയത്തിൽ കിഴിയും മറ്റും ചെയ്തിട്ടും ഫലം തഥൈവ!

അങ്ങിനെയാണ് കഴിഞ്ഞ തിങ്കളാഴ്ച ഞങ്ങൾ തൃശ്ശൂർ മെഡിക്കൽ കോളേജിൽ പോകുന്നത്. അവിടെ ഉദരരോഗ വിഭാഗത്തിലെ ഡോക്ടർമാർ വ്യാഴാഴ്ച മാത്രമാണ് ഉണ്ടാവുകയെന്ന് അപ്പോഴാണ് അറിയുന്നത്. ആയതിനാൽ പെങ്ങളെ അവിടെയുള്ള ഫിസിഷ്യനെ കാണിക്കുകയായിരുന്നു. ജനറൽ മെഡിസിൻ ഡിപ്പാർട്മെൻറിലെ ഒരു വനിതാ ഡോക്ടർ പെങ്ങളുടെ കേസ് ഹിസ്റ്ററി വിശദമായി കേട്ട ശേഷം ചില രക്ത പരിശോധനകൾക്ക് നിർദ്ധേശിക്കുകയും, റിസൾട്ട് ലഭിച്ച ശേഷം വ്യാഴാഴ്ച വന്ന് ഗ്യാസ്ട്രോയെ കാണാൻ നിർദ്ധേശിക്കുകയും ചെയ്തു .

അതേ തുടർന്നാണ് ഇന്ന് അവളുമായി തൃശ്ശൂർ മെഡിക്കൽ കോളേജിൽ എത്തിയത്. രാവിലെ ഒമ്പത് മണിക്ക് എത്തിയ ഞങ്ങൾക്ക് ലഭിച്ച നമ്പർ 223 A ആയിരുന്നു. ലാബ് റിസൾട്ടുകൾ ലഭിച്ച ശേഷം ഡോക്ടറെ കാണാനായത് 3.30 ഓടെയാണ്. ക്യാബിനിലേക്ക് കടന്നു ചെന്ന പെങ്ങളോട് നേരം വൈകിയതായുള്ള (?) നിരസത്തോടെയാണ് ആ ഡോക്ടർ സംസാരിച്ച് തുടങ്ങിയത്. ‘ആറു മാസത്തോളമായി വയറുവേദനയാണ് പല ഡോക്ടർമാരേയും കണ്ടു കുറവില്ല’ എന്നു പറഞ്ഞ പെങ്ങളോട് ‘ഇതിനൊക്കെ നാട്ടിലെ ഡോക്ടർമാരെ പോയി കാണ്! ഇവിടെ അല്ലാതെ തന്നെ നല്ല തിരക്കുണ്ട്’ എന്നു പറഞ്ഞ് മരുന്ന് കുറിക്കാൻ തുടങ്ങി!

അവളുടെ രോഗവിവരം വിശദമാക്കാനോ, കയ്യിലുള്ള എൻഡോസ്കോപ്പി, US Scan റിസൾട്ട്, മുമ്പ് കണ്ട ഡോക്ടേഴ്സിന്റെ കുറിപ്പുകളോ എന്തിന് റഫർ ചെയ്ത ഫിസിഷ്യന്‍റെ കുറിപ്പ് പോലും പരിശോധിക്കാൻ അയാൾ തയ്യാറായില്ല. “ഇനിയെന്തെങ്കിലും ഉണ്ടെങ്കിൽ വീടിനടുത്തുള്ള ഡോക്ടറെ കാണിച്ചാ മതി,” എന്ന നിര്‍ദ്ദേശത്തോടെ അയാൾ കൺസൾട്ടിങ്ങ് അവസാനിപ്പിച്ചു!

ആ സമയത്ത് ഒന്ന് പുറത്ത് പോയിരുന്ന എന്നോട് അവൾ വന്ന് സങ്കടത്തോടെ ഇക്കാര്യം പറഞ്ഞപ്പോ എനിക്കാകെ നിരാശയായി. പരിശോധിച്ച ഡോക്ടറുടെ പേരു പോലും നോക്കാൻ അവൾക്ക് കഴിഞ്ഞിരുന്നില്ല. ഞാൻ ചെന്ന് ആ ഡോക്ടർ ഏതെന്ന് അന്വേഷിക്കാൻ അവിടെ എത്തിയപ്പോഴേക്കും അയാൾ പെങ്ങൾക്ക് ശേഷം ഉണ്ടായിരുന്ന എട്ടോളം പേരുടെ പരിശോധന അവസാനിപ്പിച്ച് ക്യാബിൻ വിട്ടിരുന്നു. അവിടെയുള്ള ഒരു സ്റ്റാഫിനോട് സംസാരിച്ചതിൽ നിന്നും ഗ്യാസ്ട്രോ A റൂമിൽ ഉണ്ടായിരുന്നത് ‘സജി സെബാസ്റ്റ്യൻ’ എന്ന ഡോക്ടർ ആയിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്! രോഗികളായ സാധാരണക്കാരന്റെ അവസാനത്തെ ആശ്രയമാണ് മെഡിക്കൽ കോളേജുകൾ. PHC യിൽ പോകുന്ന ലാഘവത്തത്തോടെയല്ലല്ലോ ആരും മെഡിക്കൽ കോളേജിൽ എത്തുന്നത്!

ഒരുപാട് വിജയകരമല്ലാത്ത പരിശോധനകൾക്കും മെഡിക്കേഷനും ശേഷം ഒരു വിദഗ്ദ വൈദ്യ നിർദ്ധേശം ലഭിക്കുമെന്നുള്ള പ്രതീക്ഷയോടെയാണ് ഞങ്ങളെപ്പോലുള്ളവർ സർക്കാർ മെഡിക്കൽ കോളേജിനെ സമീപിക്കുന്നത്.അങ്ങിനെയുള്ളവരോട് ഒരു രേഖയും പരിശോധിക്കാതെ; കേസ് ഹിസ്റ്ററി മനസിലാക്കാതെ വിടിനടുത്തുള്ള ഡോക്ടറെ കാണാൻ ഉപദേശിക്കുന്നത് എത്ര നിരുത്തരവാദിത്വമാണ്. ഉച്ചക്ക് ശേഷം മിക്കവാറും എല്ലാ രോഗികളോടും ഇതേ സമീപനം തന്നെയാണ് A ക്യാബിനിൽ ഉണ്ടായിരുന്ന ഡോക്ടർ കാണിച്ചതെന്നാണ് ഞങ്ങർക്ക് മനസിലാക്കാൻ കഴിഞ്ഞത്”.


Read More Related Articles