“ഇന്ത്യയില്‍ ഇന്ന് കുറ്റകൃത്യം ഒരു ഭരണകൂടരീതിയായി അനുവദിക്കപ്പെട്ടിരിക്കുന്നു”; ജയിലില്‍ നിന്ന് സഞ്ജീവ് ഭട്ടിന്‍റെ കത്ത്

By on

സ്ഥലം: ഇരുട്ടിന്‍റെ ഹൃദയം
തീയ്യതി: യുദ്ധത്തിലെ മറ്റൊരു ദിവസം

പ്രിയപ്പെട്ട ശ്വേത, ആകാശി, ശന്തനു എന്നിവരോടും സുഹൃത്തുക്കളോടും,
ശ്വേത, മൂന്ന് ദശാബ്ദങ്ങൾക്ക് ശേഷം ഞാൻ നിനക്കെഴുതുകയാണ്. നിനക്ക് അവസാനമായി എഴുതിയത് നാഷണൽ പൊലീസ് അക്കാദമിയിൽ നിന്നാണ്. സമയം എത്ര വേഗത്തിൽ കടന്നുപോയി എന്ന് ഞാൻ തിരിച്ചറിയുന്നത് അന്നേരമാണ്. നമ്മൾ പങ്കുവെച്ച സ്വപ്നങ്ങൾക്ക് വേണ്ടിയുള്ള യാത്രകൾ തുടങ്ങുന്നത് ഇന്നലെ ആയിരുന്നു എന്ന് തോന്നുന്നു, അതുമാത്രമല്ല എത്ര സുന്ദരമായ യാത്രയായിരുന്നു ഇന്നോളം! ബേട്ടു, നിന്നോടുള്ള എന്‍റെ വികാരങ്ങളെ ഞാൻ അത്രയധികം പ്രകടിപ്പിച്ചിരുന്നില്ല എന്ന് തോന്നുന്നു, പക്ഷേ ഞാൻ പറയട്ടെ നീ എന്റെ അതിശയിപ്പിക്കുന്ന സഹയാത്രികയായിരുന്നു. ഇന്ന് ഞാൻ എന്തൊക്കെയാണോ അതെല്ലാം നീ കാരണം മാത്രമാണ്. നീയാണ് എന്റെ ശക്തിയും ഊർജ്ജവും. എല്ലാ വിപരീതങ്ങൾക്കുമെതിരെ എന്‍െ ആദർശങ്ങളെ കത്തിക്കാനുള്ള ഇന്ധനമായത് നീ തന്നെയാണ്. വർഷങ്ങൾകൊണ്ട് നമ്മൾ പങ്കിട്ടത് അത്ഭുതംനിറഞ്ഞ ഒരു കാലമാണ്, സുന്ദരമായ ഓർമകളും. ദുഷ്കരമായ ഒരു കാലത്തെ നമ്മൾ നേരിട്ടത് എത്ര ശാന്തതയോടെയായിരുന്നു. സംഭവബഹുലമായ ജീവിതത്തിലെ ഓരോന്നും ആസ്വദിച്ചുകൊണ്ടാണ് നമ്മൾ മുന്നോട്ട്പോയത്. നിന്നെ എന്നേക്കുമായി സ്നേഹിക്കുന്നു, അതിനപ്പുറത്തേക്കും.

ബേട്ടു, കഴിഞ്ഞ കുറച്ചുവർഷങ്ങൾ നിനക്കോ കുട്ടികൾക്കോ എളുപ്പമായിരുന്നില്ല. നിങ്ങളെല്ലാവരും ഞാനെങ്ങോട്ടാണ് പോകാൻ പോകുന്നതെന്ന് അറിയില്ലായിരുന്നെങ്കിൽ കൂടിയും ഇന്ത്യൻ പൊലീസ് സർവ്വീസിൽ നിന്നും തലയുയർത്തിപ്പിടിച്ചുകൊണ്ട് തന്നെ, ഇറങ്ങിപ്പോകാനുള്ള തീരുമാനത്തോടൊപ്പം നിന്നു. എനിക്കുണ്ടായിരുന്നതെല്ലാം പണയം വെക്കാനുള്ള എന്‍റെ തീരുമാനത്തിന് നിങ്ങളെല്ലാവരും സമ്മതത്തോടെ വിലകൊടുത്തു, എനിക്ക് ആകേണ്ടിയിരുന്നതെല്ലാം ആയിത്തീരാൻ, നമ്മളെല്ലാവരെക്കാളും വലുതായിരുന്ന ഒരു കാരണത്തെ സേവിക്കാൻ.

ബേട്ടു, കഴിഞ്ഞുപോയ ഒരു വർഷം നിനക്ക് സങ്കൽപിക്കാൻ കഴിയാത്തത്രയും കഷ്ടം നിറഞ്ഞതായിരുന്നിരിക്കും. ഇതെല്ലാം തുടങ്ങിയത് കഴിഞ്ഞ ഓഗസ്റ്റിൽ നിയമപരമായിത്തന്നെ കൂട്ടിച്ചേർത്ത വീടിന്റെ ഒരു ഭാഗം പ്രതികാരനടപടിയായി അധികാരികൾ തകർത്തുകളഞ്ഞതോടെയാണ്, നിയമവിരുദ്ധമായ ആ തകർക്കലിനെ നേരിടാൻ നമുക്ക് അവസരം കിട്ടിയിരുന്നില്ല. അത്രയും സ്നേഹത്തോടെ പണിതുയർത്തിയ വീടിന്റെ ഭാഗങ്ങൾ കൊള്ളക്കാരുടെ ഭരണകൂടത്തിന്റെ കയ്യാളുകൾ വന്ന് തകർത്തുകളയുന്നത് നിസ്സഹായയായി നോക്കി നിൽക്കുമ്പോൾ നിനക്കെത്രമാത്രം വേദനയുണ്ടായി എന്ന് എനിക്ക് സങ്കൽപിക്കാൻ മാത്രമേ കഴിയൂ. പൂർണമായും കെട്ടിച്ചമച്ച തെളിവുകളോടുകൂടിയുള്ള, 24 വർഷം മുമ്പുള്ള ഒരു കേസിൽ ഞാൻ അറസ്റ്റ് ചെയ്യപ്പെട്ട ശേഷമായിരുന്നു അത്. എന്നാൽ, അതിന്‍റെ ഐസിങ് പൊലീസ് കസ്റ്റഡിയിൽ നിന്നും മോചിതനായി 18 ദിവസങ്ങൾക്ക് ശേഷം മരിച്ച, ടാഡ ചുമത്തപ്പെട്ട ഒരു പ്രതി കൊല്ലപ്പെട്ടത് കസ്റ്റഡിയിലാണ് എന്ന് ആരോപിച്ചുകൊണ്ടുള്ള 29 വർഷം പഴക്കമുള്ള നാണംകെട്ട, അനീതി നിറഞ്ഞ, സ്വേച്ഛാധിപത്യപരമായ ശിക്ഷാവിധിയാണ്. ബേട്ടു, അത്ഭുതപ്പെടുത്തുന്ന ആത്മവീര്യത്തോടെയാണ് നീ  ഈ പ്രതികൂല സാഹചര്യങ്ങളെയെല്ലാം ഒറ്റയ്ക്ക് നേരിട്ടത്. ഈ രാജ്യം മുഴുവനും നിന്റെ ശക്തിയും ധെെര്യവും കണ്ടു, അനീതിക്കെതിരെ ഉറച്ചുനിന്ന് പോരാടാനുള്ള ദൃഢനിശ്ചയവും കണ്ടു. ഇന്ന് ഇന്ത്യന്‍ ഭരണകൂടം കേന്ദ്രീകൃതവും സംഘടിതവുമായ അതിക്രമങ്ങളെ പ്രതിനിധീകരിക്കുന്നു എന്ന് കൂടുതൽ വ്യക്തമായിക്കൊണ്ടിരിക്കുന്ന ഒരു ഘട്ടത്തിലെത്തിയിരിക്കുന്നു. കുറ്റകൃത്യം ഒരു ഭരണകൂടരീതിയായി അനുവദിക്കപ്പെട്ടിരിക്കുന്നു. ജനാധിപത്യത്തിന്റെ കാവലാളുകൾ എന്നറിയപ്പെടുന്നവർ വിധേയത്വത്തിലേക്ക് മെരുക്കപ്പെട്ടിരിക്കുന്നു. സ്ഥാപനങ്ങളും വ്യവസ്ഥയും അട്ടിമറിക്കപ്പെടുന്ന ഈ കാലത്ത് ഒരു സ്ഥാപനവും ഒരു സംഘടനയും സുരക്ഷിതവുമല്ല. നമ്മുടെ രാജ്യത്തെ കോടതികൾ തീർപ്പുകൽപ്പിക്കുന്നുണ്ടത്രേ, പക്ഷേ സത്യവും നീതിയും അതിന്റെ സമവാക്യത്തിൽ പ്രവേശിക്കുന്നേയില്ല. ബേട്ടു, നീ അനീതിക്കെതിരെ നിവർന്നുനിൽക്കാനും പോരാടാനും തീരുമാനിച്ചു. വലിയ വിലകൊടുത്തുകൊണ്ട് മാത്രം തെരഞ്ഞെടുക്കാവുന്ന വഴിയാണത്, നിന്‍റെ അസാമാന്യ ധെെര്യം മറ്റനേകം പേർക്ക് നട്ടെല്ലുറപ്പ് നൽകുമെന്ന് എനിക്കുറപ്പുണ്ട്. ഈ ഇരുട്ടുനിറഞ്ഞ സമയങ്ങളിൽ നിന്റെ ധീരസമരം പ്രതീക്ഷയുടെ വിളക്കായി മാറട്ടെ.

ആകാശി, എന്റെ പ്രിയപ്പെട്ട മകളേ, എന്റെ ശത്രുക്കൾക്ക് നേരെ ആയുധം കൂർപ്പിക്കാൻ തയ്യാറായ കുഞ്ഞുകാവൽക്കാരീ. എനിക്ക് ഓർക്കാതിരിക്കാൻ കഴിയുന്നില്ല, അമ്മയും ഞാനും തമ്മിലുള്ള ചെറിയ വഴക്കിൽ പോലും നീ അന്ധമായി എന്നെ സംരക്ഷിക്കാൻ എത്താറുണ്ടായിരുന്നത്. ഇന്ന്, നീ ദൂരെ ഒക്സ്ഫോർഡിൽ നിന്‍റെ പഠനം തുടരുകയാണെങ്കിലും എനിക്കറിയാം നിന്‍റെ ഹൃദയവും മനസ്സും ആത്മാവും എനിക്കൊപ്പം ആണെന്ന്. ഇന്ത്യയിലേക്ക് മടങ്ങിവന്ന് എന്‍റെ പോരാട്ടത്തിന്‍റെ ഭാഗമാകാൻ കഴിയാത്തതിൽ നിനക്കെത്രത്തോളം ബുദ്ധിമുട്ടുണ്ട് എന്നെനിക്ക് സങ്കൽപിക്കാൻ മാത്രമേ കഴിയൂ.  കുഞ്ഞേ, നിനക്ക് അറിയുന്നതുപോലെ തന്നെ ഇത് എന്‍റെ തെരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ പോരാട്ടമാണ്, എന്‍റെ തെരഞ്ഞെടുപ്പുകളും താൽപര്യങ്ങളും നിന്‍റെ ജീവിതത്തിൻ‍റെ ഗതി നിർണയിക്കരുത് എന്ന് ആഗ്രഹമുണ്ട്. നിന്നെ പോലൊരു മകൾ ഉണ്ടായതിൽ അമ്മയും ഞാനും അനുഗ്രഹീതരാണ്. നീ എപ്പോഴും എന്‍റെ ആര്യാ സ്റ്റാഴ്ക് ആയി തുടരും, നീ അങ്ങനെ തന്നെ ആയിരുന്നു. നീ അർഹിക്കുന്നത്രയും സ്നേഹവും സന്തോഷവും വിജയവും കണ്ടെത്താൻ കഴിയട്ടെ.

ശന്തനു, എന്‍റെ കൂടെ ഓടാൻ വരുന്നവൻ, എന്‍റെ വോളിബോൾ കൂട്ടുകാരൻ, എന്‍റെ ആർത്തിയുടെ കൂട്ടാളി. ഷാൻ, കഴിഞ്ഞ ഒരു വർഷത്തിനിടെ ശ്രദ്ധയില്ലാത്ത, സന്തോഷവാനായ ഒരു ചെറിയ ആൺകുട്ടിയിൽ നിന്നും ഉത്തരവാദിത്തമുള്ള യുവാവായി മാറി നീ അമ്മയ്ക്കൊപ്പം നിലകൊള്ളുന്നത് ഞാൻ കണ്ടു. നീ കൂടെ ഇല്ലായിരുന്നെങ്കിൽ കഴിഞ്ഞ ഒരു വർഷം നിന്‍റെ അമ്മയ്ക്ക് എത്രത്തോളം ബുദ്ധിമുട്ട് നിറഞ്ഞതായേനെ എന്നാണ് ഞാൻ അത്ഭുതപ്പെടുന്നത്. നിന്‍റെ അമ്മയ്ക്ക് നീ ശക്തമായ നെടുംതൂൺ ആയി. ഷാൻ, എന്‍റെ ഓരോ തെരഞ്ഞെടുപ്പിനും അതിന്‍റേതായ ബുദ്ധിമുട്ടുകളുണ്ടായിരുന്നു, ഓരോ തെരഞ്ഞെടുപ്പിനും അതിന്‍റേതായ ഫലവുമുണ്ടായിരുന്നു, പക്ഷേ അതിലെനിക്ക് കുറ്റബോധമില്ല. എല്ലാ വിപരീതങ്ങൾക്കുമെതിരെ നേർവഴിയിലൂടെ തന്നെയാണ് ഞാൻ നടക്കുന്നത് എന്നതിന്‍റെ ഉറപ്പുകളായിട്ടാണ് എനിക്കെതിരെയുള്ള ഓരോ അധിക്ഷേപവും ശിക്ഷാവിധിയും ഞാൻ മനസ്സിലാക്കുന്നത്, പക്ഷേ ചിലപ്പോഴെക്ക് കുറ്റബോധം തോന്നുന്നു, ഈ റോൾ നിങ്ങളിലും ഞാൻ അടിച്ചേൽപ്പിച്ചതിന്. പക്ഷേ, നീയായിമാറിയ പുരുഷനെ കാണുമ്പോൾ എനിക്ക് അഭിമാനം തോന്നുന്നു. പോകുന്നിടത്തെല്ലാം സന്തോഷം പടർത്താൻ നിനക്ക് കഴിയട്ടെ, ജീവിതത്തിൽ നേടാൻ ആഗ്രഹിക്കുന്നതെല്ലാം നേടാൻ കഴിയട്ടെ.

അവസാനമായി, ഈ ഇരുണ്ട സമയങ്ങളിൽ എനിക്കും എന്‍റെ കുടുംബത്തിനും ഒപ്പം നിന്ന എല്ലാ ധീരസുഹൃത്തുക്കൾക്കും പിന്തുണച്ചവർക്കും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി. നിങ്ങളോരോരുത്തരും എന്നെ പ്രചോദിപ്പിക്കുക മാത്രമല്ല, ശ്വേതയ്ക്ക് ഏറ്റവും ആവശ്യമായ ശക്തിയായി മാറുകയും ചെയ്തു. നിങ്ങളോരോരുത്തരും അവളുടെ ധെെര്യത്തിലേക്ക് കൂട്ടിച്ചേർത്തു. ഇന്ത്യൻ ജനാധിപത്യത്തെ ഭീഷണിപ്പെടുത്തുന്ന തിന്മ നിറഞ്ഞ ശക്തികളോട് എതിരിടാനുള്ള അവളുടെ തീരുമാനത്തിന് ശക്തിപകർന്നു. സത്യത്തിന്‍റെയും യുക്തിയുടെയും വിസമ്മതത്തിന്‍റെയും ശബ്ദങ്ങളെ അധികാരത്തിലിരിക്കുന്ന കൊള്ളക്കാര്‍ ഏതുതരത്തിലും ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്. ഇത് ഇന്ത്യൻ ജനാധിപത്യത്തിന്‍റെ ഇരുണ്ട കാലഘട്ടമാണ്. ഒറ്റയടിക്ക് രാത്രി ഉണ്ടാകില്ല എന്നതുപോലെ ഏകാധിപത്യ അടിച്ചമർത്തലും ഒറ്റയടിക്ക് സംഭവിക്കുന്നതല്ല, അറിവില്ലായ്മയിലും അനുകമ്പയില്ലായ്മയിലുമാണ് ഇരുട്ട് വളരുന്നത്. നമ്മൾ, ഇന്ത്യയിലെ ജനങ്ങൾ നിശ്ശബ്ദരായി നിന്ന് രാജ്യം ഭരിക്കുന്ന കൊള്ളക്കാരുടെ താൽപര്യത്തിനനുസരിച്ച് ഓരോ സ്ഥാപനവും അട്ടിമറിക്കപ്പെടുന്നത് കണ്ടു, വെറുപ്പിലും നുണയിലും വെെകാരികതയെ ഉപയോഗപ്പെടുത്തിയും വളർന്ന ഭരണകൂടമാണത്. ദേശം എന്ന ആശയത്തെ ഒരു പ്രത്യയശാസ്ത്രത്താൽ, ഒരു രാഷ്ട്രീയ പാർട്ടിയാൽ, അല്ലെങ്കിൽ ഒരു വ്യക്തിയാൽ മാറ്റി സ്ഥാപിക്കുവാന്‍ നമ്മൾ സമ്മതിച്ചുകൊടുത്തു, അതിൽ ആ ആശയത്തെ ചോദ്യം ചെയ്യുന്നവരെല്ലാവരും സ്വാഭാവികമായും ദേശവിരുദ്ധരായി മുദ്രകുത്തപ്പെടുന്നു..

സുഹൃത്തുക്കളെ, ഇന്ത്യ ഒരു നിർണായക സന്ധിയിലാണ്. നമ്മൾ ഇന്നെടുക്കുന്ന തീരുമാനങ്ങൾ അടുത്ത കുറച്ച് ദശാബ്ദ കാലങ്ങളിലേക്ക് നമ്മളുടെ വിധി നിർണയിക്കുന്ന സംഗതികളാണ്. നമുക്കാർക്കും നിന്ന നിൽപിൽ തന്നെ തുടരാൻ കഴിയില്ല. നമ്മൾ ഈ പോരാട്ടത്തിൽ ഇടപെടേണ്ടിയിരിക്കുന്നു. രാഷ്ട്രീയം കാഴ്ചക്കാരുടെ കലയല്ല. നമ്മൾ രാഷ്ട്രീയത്തെ അവഗണിച്ചേക്കും, പക്ഷേ രാഷ്ട്രീയം നമ്മളെ അവഗണിക്കില്ല. എല്ലാ തലങ്ങളിലും ഈ കൊള്ളക്കാരാണ് നമ്മൾ പോരാടേണ്ടിയിരിക്കുന്നു. ഇതുപോലുള്ള കള്ളത്തരം ഭരണതന്ത്രം എന്ന തലത്തിലേക്ക് ഉയരാൻ ഇവരെ നമ്മൾ സമ്മതിക്കരുത്. എന്തുവില കൊടുത്തും ഇപ്പോൾ അധികാരത്തിലിരിക്കുന്നവരെ താഴെയിറക്കണം. നമുക്ക് ചിലപ്പോൾ പ്രയാസകരമായ ചില തെരഞ്ഞെടുപ്പുകൾ നടത്തേണ്ടിവരും… പക്ഷേ ഒടുവിൽ നമ്മൾ നമ്മുടെ തെരഞ്ഞെടുപ്പുകളുടെ മാത്രം ആകെത്തുകയാണ്. ഞാനോ നിങ്ങളോ ആയ ജനങ്ങൾ നമ്മൾ വിശ്വസിക്കുന്ന ചിലതിന് വേണ്ടി പ്രവർത്തിച്ചില്ലെങ്കിൽ ഒന്നും മാറാൻ പോകുന്നില്ല. എല്ലായ്പ്പോഴും സത്യം കാണുകയും എന്നാൽ സംസാരിക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്താൽ നമ്മൾ ശമ്പളവർധനവുകളോടുകൂടി മരണപ്പെടും എന്നേയുള്ളൂ. തിന്മയ്ക്ക് വേരുറപ്പിക്കാൻ കഴിയുന്നത് ചിലതെല്ലാം ചെയ്യാൻ കഴിയുന്നവർ അത് ചെയ്യാതിരിക്കുന്നിടത്താണ്. തിന്മയ്ക്കും അനീതിക്കുമെതിരെ നിവർന്നുനിൽക്കുന്നത് നിർബന്ധമൊന്നുമല്ല, ജനാധിപത്യം എന്ന നിലയിലുള്ള നമ്മുടെ അതിജീവനവും. ശരിയായി തെരഞ്ഞെടുക്കാനുള്ള ബുദ്ധിയും ധെെര്യവും നമുക്ക് ഉണ്ടാകട്ടെ.

സുഹൃത്തുക്കളേ, ഇന്ത്യൻ ജനാധിപത്യത്തിന്‍റെ പരിസരങ്ങളിൽ സൂര്യൻ അസ്തമിക്കാൻ പോകുകയാണ്, ഒരർത്ഥത്തിലല്ല പല അർത്ഥങ്ങളിൽ, പക്ഷേ നിങ്ങളെപ്പോലുള്ള ആളുകൾ ചുറ്റിലുമുള്ളപ്പോൾ ഇന്ത്യയ്ക്ക് ഇനിയും പ്രതീക്ഷയുണ്ട്. തിന്മയ്ക്കെതിരെയുള്ള പ്രതിഷേധത്തിൽ പ്രതിരോധത്തിന്‍റെ ഒരൊറ്റമുറയും അപ്രധാനമാകുന്നില്ല, ഒരു പോരാട്ടവും ചെറുതായി മാറുന്നുമില്ല. ചെറിയ ചെറിയ മഞ്ഞുപാളികളികളില്‍ നിന്നാണ് വലിയ ഹിമപാതങ്ങളുണ്ടാകുന്നത്. നമ്മൾ പ്രതിരോധിക്കും. നമ്മൾ ഇതിനെ മറികടക്കും. അത് തീർച്ചയാണ്.
അത്രയേറെ സ്നേഹത്തോടെ, നന്ദിയോടെ,
ഞാനിപ്പോഴും തലകുനിക്കാതെ, നിവർന്നുതന്നെ, തകരാതെ തുടരുന്നു.
സഞ്ജീവ് ഭട്ട് ഐപിഎസ്.

“ഇത് ശ്വേത ഭട്ട് ആണ്.
സഞ്ജീവിന്റെ അസാന്നിധ്യത്തിൽ കഴിഞ്ഞ പതിനൊന്ന് മാസങ്ങളായി ഞാനാണ് സഞ്ജീവിൻ്റെ ശബ്ദം. ഇന്ന് സഞ്ജീവ് തന്നെ നമ്മളോട് ചില കാര്യങ്ങൾ പറയുന്നു, പാലൻപൂർ ജയിലിൽ നിന്ന് ഈ കത്തിലൂടെ.”
എന്ന കുറിപ്പോടെ ശ്വേത ഭട്ട് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തതാണ് ഈ കത്ത്.

മൊഴിമാറ്റം-മൃദുല ഭവാനി


Read More Related Articles