നിലമ്പൂരിൽ വായനശാല ഉദ്ഘാടന വേദിയിലെ അക്രമം; ആദിവാസികളെ മർദ്ദിച്ച സിപിഐഎമ്മുകാർക്കെതിരെ നടപടിയെടുക്കാതെ പൊലീസ്

By on

നിലമ്പൂരിലെ വെണ്ടേക്കംപൊയിലിൽ വായനശാല ഉദ്ഘാടന പരിപാടിയിലേക്ക് കടന്ന് കയറി ആദിവാസികളെ അടക്കം മർദ്ദിച്ച സംഭവത്തിൽ സിപിഐഎം പ്രവർത്തകർക്കെതിരെ കേസ് എടുക്കാത്ത പൊലീസ് നടപടിയ്ക്കെതിരെ വിമർശനം ശക്തമാവുന്നു. ഡിസംബർ 8ന് ഊർങ്ങാട്ടിരി പഞ്ചായത്തിൽ ആദിവാസികൾക്ക് വേണ്ടി തുടങ്ങിയ ​ഗദ്ദിക വായനശാലയുടെ ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം. വൈകുന്നേരം അഞ്ചിന് നടന്ന ഉദ്ഘാടന പരിപാടിയിലേക്ക് സിപിഐം പ്രവർത്തകർ പ്രകടനമായെത്തുകയും അക്രമം അഴിച്ചു വിടുകയും ചെയ്തുവെന്നാണ് ആരോപണം.

ആദിവാസി മൂപ്പനടക്കം പതിനഞ്ചോളം പ്രവർത്തകർക്ക് പരിക്കേറ്റു. മർദ്ദനമേറ്റവരിൽ ഒരാളുടെ തോളെല്ലു പൊട്ടുകയും മറ്റൊരാളുടെ തലച്ചോറിന് ക്ഷതമേൽക്കുകയും ചെയ്തു. മിഥുൻ എന്ന ദലിത് യുവാവിന്‍റെ നട്ടെല്ലിന് പരിക്കേറ്റു. ഒരാൾക്ക് കണ്ണിനാണ് പരിക്കുണ്ടായത്. സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ട് ആഴ്ചകൾ പിന്നിട്ടു കഴിഞ്ഞു. ആദിവാസികളെയും ദലിതരെയും മർദ്ദിച്ചാൽ 48 മണിക്കൂറിനകം നടപടി എടുക്കണമെന്ന എസ് സി എസ് റ്റി നിയമത്തിന്‍റെ ലംഘനമാണ് പൊലീസിന്‍റെയും സർക്കാരിന്‍റെയും ഭാ​ഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. പ്രതികൾ ഒളിവിലായതിനാലാണ് നടപടി എടുക്കാത്തതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.

സിപിഐഎമ്മുമായുള്ള ബന്ധം അവസാനിപ്പിച്ച ആളുകൾ നടത്തിയ പരിപാടിയാണ് ആക്രമിക്കപ്പെട്ടത്. ചലച്ചിത്രതാരവും വനംവകുപ്പ് ഉദ്യോ​ഗസ്ഥരും അടക്കം വായനശാല ഉദ്ഘാടന വേദിയിലുണ്ടായിരുന്നു. ഇവരെല്ലാവരും ഓടി രക്ഷപ്പെടുകയാണ് ഉണ്ടായത്.

കോളനി മൂപ്പൻ കോർമൻ , രാഹുൽ , പഞ്ചായത്ത് അംഗവും പാലക്കയം കോളനി മൂപ്പനുമായ കൃഷ്ണൻകുട്ടി , പലകത്തോട് കോളനിയിലെ മണിക്കുട്ടി , നാടുവാഴി ശാരദ , മകൻ അനീഷ് , വടക്കേമുറിയിൽ ലില്ലി കുര്യൻ , ഷൈനി , വടക്കെകൂറ്റ് മേരി ജോസഫ് , ബദൽ സ്കൂൾ അധ്യാപിക ഷിജി, സന്നദ്ധ സംഘടനാ നേതാവ് മഞ്ചേരി മേലാ‌ക്കം സ്വദേശി കോലോത്ത് അജ്മൽ, വെണ്ടേക്കംപൊയിൽ വടക്കെക്കൂറ്റ് ഷിനോജ് , പാറത്താഴത്ത് മിഥുൻ, എന്നിവരെയാണ് പരിക്കേറ്റ് ജില്ലാ ആശുപത്രിയിലും മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചിരുന്നത്.


Read More Related Articles