കശ്മീരിൽ വംശഹത്യാ മുന്നറിയിപ്പുമായി ജിനോസെെഡ് വാച്ച്, ഇന്ത്യയ്ക്ക് താക്കീത് നൽകണമെന്ന് യുഎന്നിന് നിർദ്ദേശം 

By on

കശ്മീരിൽ വംശഹത്യാ മുന്നറിയിപ്പുമായി വംശഹത്യ ഇല്ലായ്മ ചെയ്യുന്നതിനും ചെറുക്കുന്നതിനുമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടന ജിനോസെെഡ് വാച്ച്. കശ്മീരിൽ വംശഹത്യയുടെ സൂചനകൾ നിലനിൽക്കുന്നു എന്ന് ചൂണ്ടിക്കാട്ടി, വംശഹത്യ നടത്തരുതെന്ന് ഇന്ത്യയ്ക്ക് താക്കീത് നൽകണമെന്ന് യുഎന്നിന് ജാഗ്രതാ നിർദ്ദേശവും ജിനോസെെഡ് വാച്ച് പുറപ്പെടുവിച്ചു. അസമിലും ഇന്ത്യ വംശഹത്യ നടത്താൻ പോകുന്നതായി ജിനോസെെഡ് വാച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജിനോസെെഡ് വാച്ചിന്റെ ഇടപെടലുകൾക്ക് തിരിച്ചറിയൽ, സൂചന/മുന്നറിയിപ്പ് നൽകൽ, അടിയന്തിര ഇടപെടൽ നടത്തൽ എന്നിങ്ങനെ മൂന്ന് തലങ്ങളാണ് ഉള്ളത്.

“2019 ഓഗസ്റ്റ് നാലിന് ഇന്ത്യൻ പാർലമെന്‍റ് ഭരണഘടനയിലെ ആർട്ടിക്കിൾ 370, 35 എ എന്നിവയനുസരിച്ച് ഇന്ത്യൻ അധിനിവേശ ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി ഇല്ലാതാക്കി. ആറ് ലക്ഷത്തിലേറെ ഇന്ത്യൻ സെെനികർ കശ്മീരിലുണ്ട്. ആളുകളുടെ സഞ്ചാര സ്വാതന്ത്ര്യവും മാധ്യമസ്വാതന്ത്ര്യവും പൂർണമായും നിയന്ത്രിതമാണ്. ഇന്ത്യ ഇന്‍റര്‍നെറ്റ് വഴിയുള്ള ആശയവിനിമയവും വിച്ഛേദിച്ചിട്ടുണ്ട്.

ജമ്മുവിൽ ഹിന്ദുക്കളും കശ്മീരിൽ മുസ്ലിങ്ങളും ഭൂരിപക്ഷമായിട്ടുള്ള നാട്ടുരാജ്യമായിരുന്നു ഇന്ത്യയും പാകിസ്ഥാനും 1947ൽ സ്വാതന്ത്ര്യം നേടിയപ്പോൾ. വിഭജന കാലത്ത് ജമ്മു കശ്മീരിന്‍റെ ഹിന്ദു രാജാവ് സ്വതന്ത്രമായി നിലനിൽക്കാൻ നിലപാടെടുത്തു. പാകിസ്താനിൽ നിന്നുള്ള പാഷ്തൂൺ സെെന്യം അധിനിവേശം നടത്തിയപ്പോൾ രാജാവ് കശ്മീരിനെ ഇന്ത്യൻ യൂണിയന്‍റെ ഭാഗമാക്കാൻ തീരുമാനിച്ചു. ആർട്ടിക്കിൾ 370 അനുസരിച്ച് ഇത് ജമ്മു കശ്മീരിലെ ഹിതപരിശോധനയിലൂടെ പിൻവലിക്കാവുന്നതായിരുന്നു.

പാകിസ്താനി സെെന്യവും ഇന്ത്യൻ സെെന്യവും തമ്മിലുള്ള പോരാട്ടം തുടർന്നു. ഇന്ത്യ പാകിസ്താനുമായുള്ള തർക്കത്തിന്‍റെ പേരിൽ യുഎൻ സുരക്ഷാ കൗൺസിലിനെ സമീപിച്ചു. അതേത്തുടർന്ന് 1948ൽ യുഎൻ പ്രമേയം പാസാക്കി. ജമ്മു കശ്മീരിന്‍റെ ഭാവി നിർണയിക്കാൻ ഹിതപരിശോധന നടത്തണമെന്ന ആവശ്യം ഈ പ്രമേയം മുന്നോട്ടുവെച്ചു. എന്നാൽ ആ ഹിതപരിശോധന ഒരിക്കലും നടന്നില്ല. ഇന്ത്യയും പാകിസ്താനും കശ്മീരിന് മേൽ പരമാധികാരം അവകാശപ്പെടുന്നു. ഈ ഭൂപ്രദേശത്തെ നിയന്ത്രണ രേഖയാൽ വിഭജിച്ചു. സ്വാതന്ത്ര്യം നേടിയ ശേഷം കശ്മീരിന്‍റെ പേരിൽ മൂന്ന് യുദ്ധങ്ങൾ നടന്നു. രണ്ട് രാജ്യങ്ങൾക്കും ആണവായുധങ്ങളുണ്ട്.
1984ൽ കശ്മീരി മുസ്ലിം യുവത്വം കശ്മീരിന്റെ തദ്ദേശീയതയിലൂന്നിയ സ്വയം നിർണയാവകാശത്തിനായി സമരമാരംഭിച്ചു, ഇത് ഇന്ത്യൻ സായുധ സേനയാൽ അടിച്ചമർത്തൽ നേരിട്ടു. 1986ൽ സംഘർഷങ്ങളിൽ ഹിന്ദുക്കളുടെ സ്വത്ത് നശിപ്പിക്കപ്പെട്ടു. സായുധരായ മുസ്ലിം റെബലുകൾ 1989ൽ ഹിന്ദുക്കളെ ലക്ഷ്യമിട്ടു; 1990ൽ 100,000ലേറെ ഹിന്ദു പണ്ഡിറ്റുകൾക്ക് കശ്മീർ വിട്ട് പോകേണ്ടിവന്നു. 1989 മുതൽ 2006 വരെ കശ്മീരിൽ 50,000 പേർ കൊല്ലപ്പെട്ടതായി ഹ്യൂമൻ റെെറ്റ്സ് വാച്ച് റിപ്പോർട്ട് ചെയ്തു. കശ്മീർ സ്റ്റേറ്റ് ഹ്യൂമൻ റെെറ്റ്സ് കമ്മീഷന്റെ കണക്കനുസരിച്ച് നാൽപത് കൂട്ട ശവപ്പറമ്പുകളിലായി 2,730 ശരീരങ്ങൾ അടക്കം ചെയ്യപ്പെട്ടിട്ടുണ്ട്. 8000 കശ്മീരി മുസ്ലിങ്ങൾ ഇതിനകം അപ്രത്യക്ഷരാക്കപ്പെട്ടിട്ടുണ്ട് എന്നാണ് കമ്മീഷന്റെ കണക്ക്. 2016 ആകുമ്പോഴേക്കും 70,000 കശ്മീരികൾ ഇന്ത്യൻ സെെന്യത്താൽ കൊല്ലപ്പെട്ടതായി ജമ്മു കശ്മീർ കൊയലിഷൻ ഓഫ് സിവിൽ സൊസെെറ്റി പറയുന്നു. കശ്മീരി മുസ്ലിങ്ങൾക്ക് നേരെ ഇന്ത്യൻ സെെന്യം നടപ്പിലാക്കുന്ന അപ്രത്യക്ഷമാക്കലുകളും പീഡനങ്ങളും ബലാത്സംഗങ്ങളും അതിസാധാരണമാണെന്ന് ആംനെസ്റ്റി ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്യുന്നു.

പ്രൊഫസർ ബാർബറ ഹാർഫിന്‍റെ വംശഹത്യയുടെ അപകട സൂചകങ്ങളുമായി ചേർത്തുവെക്കുമ്പോൾ താഴെ പറയുന്നവയാണ് കശ്മീരിൽ  കൂട്ടക്കൊലകൾ നടക്കാൻ പോകുന്നതിന്‍റെ പ്രാരംഭ സൂചനകൾ

1. വംശഹത്യയ്ക്ക് മുന്നോടിയായുള്ള കൂട്ടക്കൊലകളും അത് നടപ്പിലാക്കുന്നവർ കയ്യാളുന്ന ശിക്ഷിക്കപ്പെടുകയില്ല എന്ന ധെെര്യവും
2.കശ്മീരിന്‍റെ അതിർത്തി പ്രദേശങ്ങളിൽ തുടരുന്ന സായുധ സംഘർ‌ഷം
3.ഒരു മതവിഭാഗത്തെ മാത്രം ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള,  ഇന്ത്യ ഭരിക്കുന്ന മോദിയുടെ ബിജെപി മുന്നോട്ടുവെക്കുന്ന ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്‍റെ, പൂർണ ഹിന്ദു രാഷ്ട്രം എന്ന ലക്ഷ്യം.
4. നിയമ പരിധികൾ പരിഗണിക്കാതെയുള്ള ഇന്ത്യൻ ഉദ്യോഗസ്ഥർ നടപ്പിലാക്കുന്ന ഏകാധിപത്യ സെെനിക ഭരണം
5. ഭൂരിപക്ഷ മുസ്ലിം പൗരർക്ക് മേൽ ന്യൂനപക്ഷ ഹിന്ദു വിഭാഗത്തിന്‍റെ ഭരണം.
6. ഇന്‍റർനെറ്റ്, മാധ്യമങ്ങൾ, വ്യാപാരം എന്നിവയടക്കം പുറം ലോകവുമായുള്ള എല്ലാത്തരം ആശയവിനിമയവും സ്തംഭിപ്പിക്കല്‍
7. അടിസ്ഥാന മൗലികാവകാശങ്ങളുടെ ലംഘനം വ്യാപകമായിരിക്കുന്നു- പീഡനങ്ങൾ, ബലാത്സംഗം, കുറ്റകൃത്യം  വ്യക്തമാക്കാതെയുള്ള രണ്ട് വർഷം തടവ്, നിയമവിരുദ്ധമായ അറസ്റ്റുകൾ, മുസ്ലിം രാഷ്ട്രീയ നേതാക്കളെയും മനുഷ്യാവകാശ പ്രവർത്തകരെയും നാടുകടത്തൽ.

ജിനൊസെെഡ് വാച്ചിന്റെ പ്രസിഡന്റ് ഡോ. ഗ്രിഗറി എച്ച് സ്റ്റാന്റൺ വംശഹത്യയുടെ പത്ത് ഘട്ടങ്ങളെ ഇങ്ങനെയാണ് അടയാളപ്പെടുത്തിയിട്ടുള്ളത്.
1. വർഗീകരണം: ഹിന്ദു, സിഖ് ഇന്ത്യൻ സെെന്യം ഞങ്ങൾ എന്നും കശ്മീരി മുസ്ലിം പൗരരെ അവർ എന്നും വർഗീകരിക്കുന്നു
2. അടയാളപ്പെടുത്തൽ: മുസ്ലിം പേരുകൾ, കശ്മീരി ഭാഷ, വസ്ത്രം, പള്ളികൾ
3. വിവേചനം: ബിജെപി ഹിന്ദു അധികാരം പുന:സ്ഥാപിച്ചു
4. അപമാനവീകരിക്കൽ: മുസ്ലിങ്ങളെ ഭീകരവാദികൾ, വിഘടനവാദികൾ, കുറ്റവാളികൾ, തീവ്രവാദികൾ എന്നെല്ലാം വിളിക്കുന്നു.
5. വ്യവസ്ഥപ്പെടുത്തൽ: 600,000 സായുധരായ ഇന്ത്യൻ സെെനികരും പൊലീസും കശ്മീരിൽ ആധിപത്യം സ്ഥാപിച്ചിരിക്കുന്നു.
6. ധ്രുവീകരണം: മോദിയും ബിജെപിയും മുസ്ലിം വിരുദ്ധ വിദ്വേഷം ഉണർത്തുന്നു, സാമൂഹ്യമാധ്യമങ്ങളിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നു.
7. തയ്യാറെടുപ്പ്: ഇന്ത്യൻ സെെന്യം കശ്മീരിൽ അധിനിവേശം നടത്തുന്നു; ബിജെപി നേതാക്കൾ കശ്മീരിന് അവസാന പരിഹാരം വേണമെന്ന് പറയുന്നു.
8. വേട്ടയാടൽ: കശ്മീരി മുസ്ലീങ്ങൾ പൂട്ടിയിടപ്പെട്ടിരിക്കുകയാണ്. അറസ്റ്റ് ചെയ്യപ്പെടുകയാണ്, പീഡിപ്പിക്കപ്പെടുകയാണ്, ബലാത്സംഗം ചെയ്യപ്പെടുകയാണ്, കൊല ചെയ്യപ്പെടുകയാണ്.
9. ഉന്മൂലനം ചെയ്യൽ: വിഭജന കാലത്ത് വംശഹത്യാപരമായ കൂട്ടക്കൊലകൾ നടന്നിരുന്നു. 1990 മുതൽ കുറഞ്ഞത് 25 കൂട്ടക്കൊലകൾ ഇന്ത്യൻ സെെന്യം നടപ്പിലാക്കിയിട്ടുണ്ട്.
10. ചെയ്തത് മുഴുവൻ നിഷേധിക്കൽ: മോദിയും ബിജെപിയും പറയുന്നത് അവരുടെ ലക്ഷ്യം കശ്മീരിൽ സമൃദ്ധി കൊണ്ടുവരികയും തീവ്രവാദം അവസാനിപ്പിക്കുകയും ആണ്. അവർ എല്ലാ കൂട്ടക്കൊലകളെയും നിഷേധിക്കുന്നു. മോദി ഇന്ത്യയിൽ ജനകീയനാണ്.
ജിനോസെെഡ് വാച്ച് യുനെെറ്റഡ് നേഷൻസിനോടും അതിന്റെ അംഗങ്ങളോടും കശ്മീരിൽ വംശഹത്യ നടത്തരുതെന്ന് ഇന്ത്യയ്ക്ക് താക്കീത് നൽകാൻ ആവശ്യപ്പെടുന്നു.

നിലവിൽ ജിനോസെെഡ് വാച്ച് നൽകിയിരിക്കുന്ന മുന്നറിയിപ്പുകളിൽ സിറിയ, സുഡാൻ, കോംഗോ, എത്യോപ്യ, മ്യാന്മർ, നെെജീരിയ, ചാഡ്, ഗിനിയ, യെമൻ, കെനിയ, സെൻട്രൽ ആഫ്രിക്കൻ റിപബ്ലിക്, ഉസ്ബെകിസ്താൻ, ബറുണ്ടി, ഐവറി കോസ്റ്റ്, ഇറാൻ, മാലി, സൗത്ത് ആഫ്രിക്ക, റ്വാണ്ട, അംഗോള, ശ്രീലങ്ക എന്നീ രാജ്യങ്ങൾക്കൊപ്പം ഇന്ത്യയും വംശഹത്യ നടന്നുകൊണ്ടിരിക്കുന്ന രാജ്യമായി പട്ടികപ്പെട്ടിട്ടുണ്ട്. വ്യത്യസ്ത മതവിഭാഗങ്ങൾ ഇന്ത്യയിൽ നിലനിൽക്കുന്നുണ്ടെങ്കിലും ഇന്ത്യയിൽ ശക്തമായ ജാതി വ്യവസ്ഥ കാരണം രാജ്യം മതപരമായും പ്രാദേശികമായും സാമ്പത്തികമായും ജാതി അടിസ്ഥാനത്തിലും ഭിന്നിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് ജിനോസെെഡ് വാച്ച് ഇന്ത്യയെ നിരീക്ഷിക്കുന്നത്.


Read More Related Articles