പാക് പിടിയിലായത് ഇന്ത്യൻ പൈലറ്റ് അഭിനന്ദൻ വർദ്ധമാൻ എന്ന് സൂചന; ഒരു വിം​ഗ് കമാൻഡർ തിരിച്ചെത്താത്ത വിവരം സ്ഥിരീകരിച്ച് ഇന്ത്യ

By on

പാക് അതിർത്തി കടന്ന ഇന്ത്യൻ വിമാനങ്ങൾ വെടിവച്ചിട്ടുവെന്നും രണ്ട് പൈലറ്റുകളെ അറസ്റ്റ് ചെയ്തുവെന്നും പാക് സൈനിക വക്താവ് മേജർ ജനറൽ ആസിഫ് ​ഗഫൂർ റ്റ്വീറ്റ് ചെയ്തതിന് പിന്നാലെ ഇന്ത്യൻ വിം​ഗ് കമാൻഡറെ കാണാതായ വിവരം ഇന്ത്യ സ്ഥിരീകരിച്ചു. വിം​ഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാനാണ് തങ്ങളുടെ കസ്റ്റഡിയിലുള്ളതെന്ന് പാക് സൈനിക വക്താവ് അവകാശപ്പെട്ടിരുന്നു. അഭിനന്ദന്റേതെന്ന് കരുതപ്പെടുന്ന ദൃശ്യങ്ങളും പാക് സൈന്യവും മാധ്യമങ്ങളും പുറത്തുവിടുകയും ചെയ്തു. കണ്ണുകളും കൈയ്യുകളും ബന്ധിക്കപ്പെട്ട നിലിയിൽ സൈനിക വേഷത്തിലുള്ള ഒരാൾ തന്റെ പേരും സർവീസ് നമ്പരും പറയുന്നതായ വിഡിയോ ആണ് ‌പുറത്ത് വന്നത്.

അതേസമയം കഴിഞ്ഞ ദിവസം പാക് അതിർത്തി കടന്ന് ജെയ്ഷെ മുഹമ്മദ് ക്യാംപിൽ ഇന്ത്യ നടത്തിയ ആക്രമണത്തിന് മറുപടിയായി പാകിസ്താൻ ഇന്ന് രാവിലെ തിരിച്ചടിച്ചുവെന്നും അതീവ ജാ​ഗ്രതയോടെ ഇരുന്ന ഇന്ത്യൻ വ്യോമസേന പാക് വ്യോമസേനയുടെ ആക്രമണത്തെ പ്രതിരോധിച്ചുവെന്നും ഇന്ത്യൻ വിദേശകാര്യ വക്താവ് രവീഷ് കുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഈ ഏറ്റുമുട്ടലിൽ ഇന്ത്യയുടെ മി​ഗ് വിമാനം തകർന്നുവെന്നും ഒരു പൈലറ്റിനെ കാണാതായെന്ന‌ും അദ്ദേഹം സ്ഥിരീകരിച്ചു.

ഇന്ത്യൻ പൈലറ്റ് പാക് പിടിയിലായി എന്ന വാർത്ത പ്രചരിച്ചതിന് പിന്നാലെ ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണർ സയിദ് ഹൈദർ ഷായെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വിളിച്ച് വരുത്തി. അതേസമയം യുദ്ധമുണ്ടായാൽ നിയന്ത്രണം നരേന്ദ്ര മോദിയുടെയോ തന്റെയോ കൈയ്യിൽ നിൽക്കില്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞു. ഭീകരവാദത്തെക്കുറിച്ച് എന്തെങ്കിലും തരത്തിലുള്ള ചർച്ച വേണമെങ്കിൽ ഞങ്ങൾ തയ്യാറാണ്. സുബോധം വിജയിക്കണം. ‌നമുക്ക് ഇരുന്ന് സംസാരിക്കാം ഇമ്രാൻ ഖാൻ പറഞ്ഞു.

ഇന്ന് രാവിലെയാണ് മൂന്നു പാക്ക് യുദ്ധവിമാനങ്ങൾ രജൗറി ജില്ലയിലെ നൗഷേറ സെക്ടറില്‍ പ്രവേശിച്ചതെന്നും ഇവയെ ഇന്ത്യൻ വ്യോമസേന തുരത്തിയെന്നും ദേശീയ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയതു. പാക്കിസ്ഥാന്റെ ഒരു എഫ്–16 വിമാനം നൗഷേറയിലെ ലാം വാലിയിൽവച്ച് ഇന്ത്യൻ സേന വെടിവച്ചിട്ടു. ഒരാൾ പാരച്ച്യൂട്ടിൽ രക്ഷപെട്ടുവെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ടു ചെയ്തു. വ്യോമാതിർത്തി കടന്ന പാക്ക് വിമാനം രജൗറിയിൽ ബോംബിട്ടതായും എഎൻഐ റിപ്പോർട്ടു ചെയ്യുന്നു.


Read More Related Articles