പിഡിപി പ്രചരണ വിഡിയോയിൽ നിന്നും ഫാഷിസം എന്ന പ്രയോ​ഗം ഒഴിവാക്കണമെന്ന് മലപ്പുറം ജില്ലാ കളക്റ്റര്‍; ഇനിയും ഫാഷിസം എന്ന് പറയും എന്ന് മഅ്ദനി

By on

മലപ്പുറത്ത് പിഡിപി തയ്യാറാക്കിയ പ്രചരണ വിഡിയോയിൽ ഫാഷിസം, ഫാഷിസ്റ്റ് എന്നീ വാക്കുകളുള്ളതിന്‍റെ പേരിൽ ജില്ലാ കളക്റ്റർ അമിത് മീണ പ്രദർശനാനുമതി നിഷേധിച്ചു. കളക്റ്ററുടെ നടപടിയ്ക്കെതിരെ പ്രതിഷേധിച്ച അഞ്ച് പിഡിപി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. പിഡിപി നേതാവ് അബ്ദുൾ നാസർ ‌മഅദനിയുടെ സന്ദേശമുൾപ്പടെ 45 മിനിറ്റ് വിഡിയോയാണ് പിഡിപി തയ്യാറാക്കിയത്.

ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. തുടർന്നാണ് പ്രദര്‍ശന അനുമതിയ്ക്കായി ജില്ലാ കളക്റ്റ‌റെ സമീപിച്ചത്.

എന്നാൽ അഞ്ച് കാരണങ്ങൾ ചൂണ്ടിക്കാട്ടി കളക്റ്റർ വിഡിയോയ്ക്ക് അനുമതി നിഷേധിച്ചു. അഞ്ചു കാരണങ്ങളിൽ രണ്ടെണ്ണം ഫാഷിസമെന്ന പ്രയോ​ഗവുമായി ബന്ധപ്പെട്ടതാണ്. ആദ്യത്തെ നിർദ്ദേശം തന്നെ ‘ഫാസിസ്റ്റ് പ്രയോ​ഗം ഒഴിവാക്കണം’ എന്നാണ്. മൂന്നാമത്തെ കാരണം ”ഫാസിസം എന്ന പ്രയോ​ഗം ഒഴിവാക്കണം” എന്നാണ്. ക്ഷേത്രത്തിന് മുന്നിലും ഹിന്ദുമതത്തോടും എന്നീ പ്രയോ​ഗങ്ങൾ ഒഴിവാക്കണമെന്നാണ് രണ്ടാമത്തെ നിർദ്ദേശം. ”അസ്വസ്ഥതയുളവാക്കുന്ന കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിന് കാരണമാകുന്നു” എന്നതാണ് നാലാമത്തെ കാരണം.

സിഡിയുടെ ​ഗുണനിലവാരം മോശമാണെന്നാണ് അഞ്ചാമതായി കലക്റ്റർ വിഡിയോയ്ക്ക് പ്രദർശനാനുമതി നിഷേധിച്ച് കൊണ്ട് പറയുന്നത്. വിഡിയോ പ്രദർശിപ്പിക്കാൻ അനുമതി തേടിച്ചെന്ന മലപ്പുറത്തെ പിഡിപി സ്ഥാനാർത്ഥി നിസാർ മേത്തറോട് കളക്റ്റർ മോശമായി പെരുമാറിയെന്നും പിഡിപി പ്രവർത്തകർ ആരോപിക്കുന്നു.

പിഡിപിയുടെ തെരഞ്ഞെടുപ്പ് പ്രചരണ വിഡിയോയ്ക്ക് പ്രദര്‍ശന അനുമതി നിഷേധിച്ച സംഭവത്തോട്” ഇനിയും ഫാഷിസം എന്ന വാക്ക് പറയുക തന്നെ ചെയ്യും” എന്നാണ് പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ പ്രതികരിച്ചത്.

“ഫാഷിസം എന്ന വാക്ക് ഉപയോ​ഗിക്കരുത് എന്ന് പറയാൻ എന്ത് അവകാശമാണ് കലക്ടർക്കുള്ളത് എന്നെനിക്ക് അറിയില്ല. അദ്ദേഹം ഐഎഎസ്സുകാരനാണ്, ഫാഷിസം എന്ന വാക്കിന്റെ അർത്ഥവും ആശയവും അദ്ദേഹം മനസ്സിലാക്കിയിരിക്കാൻ സാധ്യതയുള്ളതുമാണ്. ആ വീഡിയോയിൽ ഒരൊറ്റ രാഷ്ട്രീയ നേതാവിനെയും പേരെടുത്തുവിമർശിക്കുന്നില്ല. ഏതെങ്കിലും മതവിഭാ​ഗങ്ങളെയോ അതിനോട് ബന്ധപ്പെട്ട കാര്യങ്ങളെയോ വിമർശിക്കുന്നില്ല. ഫാഷിസം എന്ന വാക്ക് ഉപയോഗിക്കുമ്പോൾ പോലും ഹിന്ദുഫാഷിസം എന്ന വാക്ക് ഒരിടത്ത് പോലും ഉപയോ​ഗിച്ചിട്ടില്ല. ഫാഷിസത്തിനെതിരെ അതിശക്തമായ ശബ്ദം മുഴക്കി എന്നതുകൊണ്ടാണ് ഞാനിത്രയും കാലം നിരന്തരമായ പീഡനങ്ങളും വിഷമങ്ങളും അനുഭവിക്കേണ്ടിവന്നതും എന്റെ ഒരവയവം നഷ്ടപ്പെട്ടതും ഒക്കെ. ഇനിയിപ്പോൾ ഒരു കലക്ടർ പറഞ്ഞതുകൊണ്ട് ഫാഷിസം എന്ന വാക്ക് ഉപയോ​ഗിക്കാതിരിക്കാൻ കഴിയില്ല.” അബ്ദുൽ നാസിർ മഅ്ദ​നി പറയുന്നു.


Read More Related Articles