“ശബരിമലയിൽ പോയാൽ മരണം സംഭവിക്കും”; മഞ്ജുവിന് സംഘപരിവാർ വധഭീഷണി, വീട് വളഞ്ഞ് ആർഎസ്എസ്

By on

ശബരിമല സന്ദർശനം നടത്താൻ ശ്രമിച്ച ചാത്തന്നൂർ സ്വ​ദേശി എസ്പി മഞ്ജുവിന‌െ വിടാതെ പിന്തുടർ‍ന്ന് സംഘപരിവാർ. ശബരിമലയിൽ പോയാൽ മരണം സംഭവിക്കും എന്നാണ് മഞ്ജുവിനോട് പ്രദേശവാസിയായ സംഘപരിവാർ പ്രവർത്തകൻ ഭീഷണിപ്പെടുത്തിയത്.
“ശബരിമലയിൽ ഇനിയും പോയാൽ കൊല്ലും എന്ന് തന്നെയാണ് ഈ ‘മരണം സംഭവിക്കും’ എന്ന് പറയുന്നത്. അവരല്ലാതെ പിന്നെ അയ്യപ്പൻ എന്നെ കൊല്ലില്ലല്ലോ”. മഞ്ജു ചോദിക്കുന്നു.
അയ്യപ്പഭക്തയും കേരള ദളിത്‌ ഫെഡറേഷന്‍ മഹിളാ സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ മഞ്ജുവിന് നൽകിയിരുന്ന പൊലീസ് സുരക്ഷ ഇപ്പോഴില്ല.

പൊലീസ് സുരക്ഷ ശക്തമായിരുന്നപ്പോഴും മഞ്ജുവിന്‍റെ വീടിന് ചുറ്റുമുള്ള റോഡുകളിൽ ആർഎസ്എസ് പ്രവർത്തകർ വളഞ്ഞിരുന്നു. പൊലീസ് സുരക്ഷ ഇപ്പോഴും അവിടെയുണ്ടോ എന്നറിയാൻ ഒാട്ടോയിലും ബെെക്കിലുമായി ആളുകൾ വീടിന് ചുറ്റും വരികയും പോകുകയും ചെയ്തിരുന്നു.

“ഇപ്പോൾ തന്നെ എന്‍റെ വീടിന് നാല് വശവും ആളുകളുണ്ട്. അവർക്കിപ്പോഴും ഞാൻ ശബരിമലയ്ക്ക് പോകുമോ എന്ന് പേടി ഉണ്ട്. അയൽക്കാരനായ സംഘപരിവാറുകാരൻ ഇന്നലെ എന്നോട് ചോ​ദിച്ചു ശബരിമലയിൽ വീണ്ടും പോയി എന്ന് കേട്ടല്ലോ. ഞാൻ പറഞ്ഞു ഞാൻ പോയിട്ടില്ലെന്ന്. അപ്പോൾ പറഞ്‍ഞു പോകല്ലേ അവിടെ പോയാൽ മരണം സംഭവിക്കും എന്ന്. വീട് ആക്രമിച്ച സംഭവത്തിൽ കേസ് എടുത്തിരുന്നു. അതിൽ ചിലരെ അറസ്റ്റ് ചെയ്തിരുന്നു. പക്ഷേ കേസിൽ വീട് അതിക്രമിച്ച് കയറിയെന്ന വകുപ്പ് ചേർത്തിട്ടില്ലായിരുന്നു. പൊലീസ് വന്നപ്പോൾ അമ്മയുടെ മൊഴിയാണ് എടുത്തത്. അമ്മയുടെ വീട്ടിൽ പോയിട്ടാണല്ലോ മൊഴി എടുത്തത്. എന്‍റെ വീട്ടിൽ അവർ അകത്ത് അതിക്രമിച്ചു കയറിയ കാര്യം മൊഴിയിൽ ഇല്ലായിരുന്നു. ഞാൻ ശബരിമലയിൽ‌ ആയിരുന്നല്ലോ. അത് കൊണ്ട് അവർ അകത്ത് കയറി എന്ന് വന്നിട്ടില്ല. ട്രെസ്പാസ് ചെയ്ത കാര്യം ഉൾപ്പെടുത്താൻ ഞാൻ പരാതി കൊടുത്തിട്ടുണ്ട്. മഞ്ജു പറയുന്നു.

ശബരിമലയിൽ പോയ വാർത്തയറിഞ്ഞ ഉടൻ തന്നെ സംഘപരിവാർ മഞ്ജുവിന്‍റെ വീട് ആക്രമിക്കുകയും വീട്ടുപകരണങ്ങൾ തകർക്കുകയും വളർത്തുനായയെ കൊല്ലുകയും ചെയ്തിരുന്നു. വീട് വിട്ട് എങ്ങോട്ടും പോകാൻ കഴിയാത്ത അവസ്ഥയിലായിരുന്നു മഞ്ജു. ബെെക്കിൽ യാത്ര ചെയ്യുമ്പോൾ ഇരുവശത്തുമായി ഹിന്ദുത്വ വർ​ഗീയവാദികൾ ബെെക്കിൽ പിന്തുടർന്നിരുന്നു. പ്രതിഷേധമെന്ന നിലയിൽ മഞ്ജു ചാത്തന്നൂരിലെ നാമജപ പന്തലിന് മുന്നിൽ പോയി നിൽക്കുകയും ചെയ്തിട്ടുണ്ട്. പ്രദേശവാസികളായ ദളിതരുടെ പൂർണപിന്തുണ മഞ്ജുവിനുണ്ട്.


Read More Related Articles