ഫോറിനേഴ്സ് റ്റ്രിബ്യൂണൽ രൂപീകരിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകി കേന്ദ്രം; ‘വിദേശികളെ’ തീരുമാനിക്കാന്‍ ജില്ലാ കളക്റ്റര്‍ക്ക് അധികാരം
രാജ്യത്തെ ‘വിദേശികളെ’ കണ്ടെത്താനായി ഒന്നാം മോദി സർക്കാർ അസമിൽ നടപ്പിലാക്കിയ പൗരത്വ ഭേദഗതി ബിൽ രാജ്യവ്യാപകമാക്കുന്നതിനുള്ള ശ്രമത്തിന്‍റെ ഭാഗമായി കേന്ദ്ര സർക്കാർ 1964 ലെ ഫോറിനേഴ്സ് റ്റ്രിബ്യൂണൽ ഓർഡർ ഭേഗദതി ചെയ്തു. ഫോറിനേഴ്സ് റ്റ്രിബ്യൂണൽ രൂപീകരിക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണച പ്രദേശങ്ങൾക്കും അധികാരം നൽകും വിധത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഭേദഗതി. സംസ്ഥാനത്ത് ജീവിക്കുന്ന ഒരാൾ അനധികൃതമായി അധിവസിക്കുന്ന വിദേശിയാണോ എന്ന് കണ്ടെത്താനുള്ള അധികാരം ഈ സമിതിയ്ക്കുണ്ട്. നേരത്തെ ഈ അധികാരം കേന്ദ്രത്തിന് മാത്രമായിരുന്നു.
ജുഡീഷ്യൽ സമിതികൾക്ക് സമാനമായിരിക്കും റ്റ്രിബ്യൂണലുകളുടെ അധികാരം. വിദേശിയെന്ന കണ്ടെത്തി പിടികൂടപ്പെടുന്ന ഒരാളെ പൊലീസ് ഒരു കോടതിയുടെയോ സമാനമായ ജുഡീഷ്യൽ സമിതിയുടെയോ മുന്നിൽ ഹാജരാക്കണം. 1920 ലെ പാസ്പോർട് ആക്റ്റ് പ്രകാരമോ 1964 വിദേശി നിയമ പ്രകാരമോ മൂന്ന് മാസം വരെ ശിക്ഷ അയാൾക്ക് ലഭിക്കാം. ശിക്ഷാ കാലാവധി കഴിഞ്ഞാൽ അയാളെ നാടുകടത്താനുള്ള നടപടികൾ എടുക്കും. അയാളുടെ സ്വന്തം രാജ്യം സ്വീകരിക്കുന്നത് വരെ ഡിറ്റെൻഷൻ കേന്ദ്രത്തിലായിരിക്കും പാർപ്പിക്കുക.
ഫോറിനേഴ്സ് ആക്റ്റ് പ്രകാരം ഒരു വ്യക്തി വിദേശിയാണെന്ന് തീരുമാനിക്കാൻ കേന്ദ്ര സർക്കാരിന് ഒരു റ്റ്രിബ്യൂണൽ രൂപീകരിക്കാം എന്ന വാചകത്തിലെ കേന്ദ്ര സർക്കാരിന് എന്നതിന് പകരം കേന്ദ്ര സർക്കാരിനോ സംസ്ഥാന സർക്കാരിനോ കേന്ദ്ര ഭരണ സ്ഥാപനത്തിനോ ജില്ലാ കളക്റ്റർക്കോ ജില്ലാ മജിസ്റ്റ്രേറ്റിനോ എന്നാണ് ആഭ്യന്തര മന്ത്രാലയം വരുത്തിയിരിക്കുന്ന ഭേദഗതി.
ഭേദഗതി അനുസരിച്ച് ഒരാൾ വിദേശിയാണോ എന്ന് തീരുമാനിക്കാൻ ഉള്ള അധികാരം ജില്ലാ കളക്റ്റർക്ക്/ജില്ലാ മജിസ്റ്റ്രേറ്റിന് ഉണ്ടാവും. ദേശീയ പൗരത്വ രജിസ്റ്റർ പ്രഖ്യാപിച്ച ശേഷം രാജ്യത്ത് നാലു ലക്ഷത്തിലധികം പേരാണ് വിദേശികളായി മാറിയത്.
തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് അസമിൽ നടപ്പിലാക്കിയതു പോലെ പൗരത്വ ഭേദഗതി നിയമം രാജ്യത്താകെമാനം നടപ്പാക്കുമെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. ഹിന്ദു, സിഖ്, ബുദ്ധ തുടങ്ങിയ മതക്കാരൊഴികെയുള്ള ‘അനധികൃത കുടിയേറ്റക്കാരെ’ പുറത്താക്കുമെന്നും ബിജെപി തെരഞ്ഞെടുപ്പ് വാഗ്ദാനമായി പ്രഖ്യാപിച്ചിരുന്നു. അമിത് ഷായാണ് രണ്ടാം മോദി സർക്കാരിൽ ആഭ്യന്തര മന്ത്രി.
വിദേശികളെ ഒഴിവാക്കുന്നതു കൂടാതെ വിദേശ രാജ്യങ്ങളിൽ നിന്നും അഭയം തേടിയെത്തുന്നവരെ പൗരത്വം നൽകി സ്വീകരിക്കുകയും ചെയ്യുന്ന നയമാണ് പൗരത്വ ഭേഗദതി ബില്ലിലൂടെ ബിജെപി സർക്കാർ സ്വീകരിച്ചത്. അസമിൽ നടപ്പിലാക്കിയ ബിൽ വടക്ക് കിഴക്കിന്‍റെ വംശീയ തനിമ നഷ്ടപ്പെടുത്താനുള്ള നീക്കമാണെന്ന് കാട്ടി വൻ പ്രതിഷേധമാണ് ഉയർന്നിരുന്നത്.