‘വെളിപ്പെടുത്താൻ രഹസ്യങ്ങളേറെയെന്ന് പറഞ്ഞു’ തൊട്ടു പിന്നാലെ മരണവും; തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഈജിപ്ഷ്യൻ പ്രസിഡന്‍റ് മുഹമ്മദ് മുർസി കോടതിയിൽ വീണ് മരിച്ചു

By on

ഈജിപ്തിൽ തെരഞ്ഞെടുപ്പിലൂടെ ആദ്യമായി അധികാരത്തിലെത്തിയ പ്രഡിന്‍റ് മുഹമ്മദ് മുർസി(67) കോടതിയിൽ കുഴഞ്ഞ് വീണ് മരിച്ചു. പട്ടാള അട്ടിമറിയെ തുടര്‍ന്ന്  മുർസി ജയിലിലായിരുന്നു. കേസിന്‍റെ വിചാരണ നടന്നിരുന്ന കെയ്റോയിലെ കോടതിയിലാണ് മുർസി കുഴഞ്ഞ് വീണ് മരിച്ചതെന്ന് സർക്കാർ റ്റെലിവിഷൻ റിപ്പോർട്ട് ചെയ്യുന്നു. മുസ്ലിം ബ്രദർഹുഡ് നേതാവായിരുന്ന മുർസി 2012 ലാണ് ഈജിപ്തിന്‍റെ പ്രസിഡന്റായത്. ഒരു വർഷം കഴിഞ്ഞപ്പോഴേക്കും സൈന്യം അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുക്കുകയും മുർസിയെ തടവിലാക്കുകയും ചെയ്തു.  തെരഞ്ഞെടുപ്പില്‍ കൃത്രിമം കാട്ടി, പ്രതിഷേധക്കാരെ പീഡിപ്പിച്ചു തുടങ്ങിയ കുറ്റങ്ങള്‍ക്ക് 20 വര്‍ഷവും ഖത്തറിന് വിരങ്ങള്‍ കൈമാറിയെന്ന കുറ്റത്തിന് 25 വര്‍ഷവുമായിരുന്നു മുര്‍സിക്ക് വിധിച്ചിരുന്ന ശിക്ഷ.
കുഴഞ്ഞ് വീഴുന്നതിന് നിമിഷങ്ങൾക്ക് മുൻപ് ‘ഒരുപാട് ര​ഹസ്യങ്ങൾ വെളിപ്പെടുത്താനുണ്ടെന്ന്’ മുഹമ്മദ് മുർസി തന്നെ അടച്ചിരുന്ന ചില്ലുകൂട്ടിൽ നിന്ന് കോടതിയോട് പറഞ്ഞതായി കോടതി വൃത്തങ്ങളെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു. കോടതിയ്ക്ക് മുന്നിൽ 20 മിനിറ്റുകളോളം സംസാരിച്ചുവെന്നും അപ്പോഴാണ് അദ്ദേഹം പെട്ടെന്ന് നിശ്ചലനാവുകയും വീഴുകയും ചെയ്തതെ‌ന്ന് പ്രെസ് റ്റി വി റിപ്പോർട്ട് ചെയ്യുന്നു. പെട്ടെന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ട് പോവുകയും ചെയ്തിരുന്നു.


മുർസിയുടെ മരണത്തിന് ഭരണകൂടമാണ് ഉത്തരവാദിയെന്ന വിമർശനം ഉയർന്നു കഴിഞ്ഞു.
ഏറെക്കാലമായി മുർസിയുടെ ആരോ​ഗ്യം മോശമായിരുന്നുവെന്നും അദ്ദേഹത്തിന് ജയിലിൽ മതിയായ ചികിത്സ നൽകാൻ ഭരണകൂടം തയ്യാറായില്ലെന്നും വിമർശനമുണ്ട്.
ഈജിപ്തിൽ ആദ്യമായി തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന നേതാവായിരുന്നു മുസ്ലിം ബ്രദർഹുഡ് നേതാവും ഇസ്ലാമിസ്റ്റുമായ മുഹമ്മദ് മുർസി. അറബ് വസന്തത്തിന്‍റെ പരകോടിയായിരുന്നു മുർസിയുടെ നേത‌ൃത്വത്തിൽ ഈജിപ്തിൽ അധികാരത്തിൽ വന്ന സർക്കാർ. ഹോസ്നി മുബാറക്കിന്‍റെ 29 വർഷങ്ങൾ നീണ്ട ഭരണം അവസാനിപ്പിച്ച വിപ്ലവത്തിനൊടുവിലായിരുന്നു മുർസിയുടെ നേത‌ത്വത്തിൽ ഈജിപ്ത് 2012 ജൂൺ 30 ന് പുതു ചരിത്രമെഴുതിയത്. 2011 ൽ നടന്ന ജനകീയ മുന്നേറ്റത്തിനൊടുവിലാണ് ഹോസ്നി മുബാറക്കിന്‍റെ ഏകാധിപത്യ ഭരണം ഈജിപ്തിൽ അവസാനിച്ചത്.

2012ല്‍ ഈജിപ്തില്‍ മുഫ്തി അധികാരമേറ്റപ്പോള്‍

മുർസിയുടെ സർക്കാർ ഒരു വർഷം പിന്നിടുമ്പോഴേക്കും അട്ടിമറിക്കപ്പെട്ടു. 2013 ൽ മുർസി ഭരണകൂടത്തിനെതിരെ 2011ലെ വിപ്ലവത്തിന്‍റെ ആലയായ തഹ്രീർ ചത്വരത്തിൽ തന്നെ ജനകീയ പ്രതിഷേധം രൂപപ്പെട്ടതിന് പിന്നാലെ പട്ടാളം അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്തു. മുർസി സർക്കാരിൽ പ്രതിരോധ മന്ത്രിയായിരുന്ന അബ്ദെൽ ഫത്താ എൽ-സിസി 2013 ജൂലൈ 3ന് അധികാരം ഏറ്റെടുത്തു.


1951 ആഗസ്ററ് 20ന് ഈജിപ്തിലെ ശർക്കിയയിലാണ് മുഹമ്മദ് മുർസി ഈസാ അൽ അയ്യാതിന്‍റെ ജനനം. ഒരു കർഷകന്‍റെ മകനായി ജനിച്ച് മുർസി 1960കളുടെ അവസാനം കെയ്റോയിലേക്ക് പോയ മുർസി കെയ്റോ സർവകലാശാലയിൽനിന്ന് 1975 ൽ എൻജിനീയറിം​ഗിൽ ഉന്നത ബിരുദം നേടി. 75 മുതൽ 76 വരെ സൈനിക സേവനം അനുഷ്ഠിച്ച മുർസി വീണ്ടും പഠനം തുടർന്നു. 1978 ൽ മെറ്റലർജിക്കൽ എഞ്ജിനീയറിം​ഗിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ മുർസി 1982ൽ അമേരിക്കയിലെ സതേൺ കലിഫോർണിയ സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റും നേടി. അവിടെ മൂന്നുവർഷം പ്രഫസറായി സേവനമനുഷ്ഠിച്ചു. 1985 ൽ ജന്മനാട്ടിലേക്ക് മടങ്ങിയശേഷമാണ് മുർസി ബ്രദർഹുഡ് നേതൃത്വവുമായി അടുക്കുന്നതും രാഷ്ട്രീയമായി സജീവമാകുന്നതും. 2000- 05 കാലത്താണ് മുർസി ഈജിപ്ത് പാർലമെന്‍റിലേക്ക് മത്സരിച്ച് വിജയിക്കുന്നത്. മുസ്ലിം ബ്രദർഹുഡിന് സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്നതിന് വിലക്ക് ഉണ്ടായിരുന്നതിനാൽ സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്നു മുർസി മത്സരിച്ചത്. 2011ൽ ഫ്രീഡം ആൻഡ് ജസ്റ്റിസ് പാർട്ടി രൂപവത്കരിക്കുന്നതുവരെ ബ്രദർഹുഡിന്‍റെ നേതൃസഥാനത്തായിരുന്നു മുർസി. വർഷങ്ങൾ നീണ്ട സ്വേച്ഛാധിപത്യത്തിന് അന്ത്യംകുറിച്ച ജനമുന്നേറ്റത്തിന്‍റെ മുന്നിൽനിന്ന ഫ്രീഡം ആൻഡ് ജസ്റ്റിസ് പാർട്ടിയുടെ ആദ്യ പ്രസിഡന്‍റായിരുന്നു മുർസി.
2011 ലെ വിപ്ലവാനന്തരം മുർസി ‌നേത‌ൃത്വം നൽകിയ സർക്കാരിനെ ആശങ്കയോടെയാണ് അമേരിക്കയടക്കമുള്ള രാജ്യങ്ങൾ കണ്ടത്. പലസ്തീനിലെ ഇസ്രായേലി അധിനിവേശത്തിന്‍റെയും അമേരിക്കൻ ഭരണകൂടത്തിന്‍റെ മുസ്ലിം വിരോധത്തിന്‍റെയും കടുത്ത വിമർശകനായിരുന്നു മുർസി. 2001 സെപ്റ്റംബർ 11 ലെ വേൾഡ് റ്റ്രേഡ് സെന്‍റര്‍ ആക്രമണത്തെ ശക്തമായി അപലപിക്കുമ്പോഴും അതിന്‍റെ പേരിൽ അഫ്ഘാനിസ്ഥാനിലും ഇറാഖിലും അമേരിക്ക നടത്തിയ അധിനിവേശത്തെ മുർസി എതിർത്തിരുന്നു. അതേസമയം പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം മുര്‍സിയുടെ വിദേശ നയം അമേ‌‌‌‌രിക്ക അടക്കമുള്ള രാജ്യങ്ങളുമായി നല്ല ബന്ധം പുലർത്തുന്നതായിരുന്നു. ഇസ്രായേലിനും പലസ്തീൻ വിമോചന സംഘടനയായ ഹമാസിനും ഇടയിൽ സമാധാനം സ്ഥാപിക്കാൻ മുഹമ്മദ് മുർസിയും അമേരിക്കൻ പ്രസിഡന്റായിരുന്ന ബരാക് ഒബാമയും ചേർന്ന് പ്രവർത്തിച്ചിരുന്നു.
2013 ൽ മുർസി ഇന്ത്യ സന്ദർശിച്ചിരുന്നു. സൂയസ് കനാൽ ഇടനാഴി അടക്കം നിരവധി പദ്ധതികൾ മുർസി അന്ന് പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിം​ഗുമായി ചർച്ചചെയ്തിരുന്നു. 2013 മാർച്ച് 18 മുതൽ 20 വരെയായിരുന്നു മുർസിയുടെ ഇന്ത്യാ സന്ദർശനം. സാമ്പത്തികബന്ധവും സഖ്യവും ശക്‌തിപ്പെടുത്തുന്നതിനായി ഇന്ത്യയും ഈജിപ്‌തും വിവിധ കരാറുകളിൽ ഒപ്പിടുകയും ചെയ്തിരുന്നു.


Read More Related Articles