ഡിസ്ലെക്സിയ ബാധിതരെ പരിഹസിച്ച പ്രധാനമന്ത്രി മോദിയ്കെതിരെ വൻ വിമർശനം

By on

വിദ്യാർത്ഥികളുമായുള്ള സംവാദത്തിനിടെ ഡിസ്ലെക്സിയ എന്ന പഠനവൈകല്യാനസ്ഥയെ രാഷ്ട്രീയ പരിഹാസത്തിന് ആയുധമാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ നവമാധ്യമങ്ങളിൽ രൂക്ഷ വിമർശനം. സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ 2019 എന്ന പരിപാടിയിൽ വിദ്യാർത്ഥികളോട് വിഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ഡിസ്ലെക്സിയ എന്ന അവസ്ഥയെ പരിഹസിച്ച് തമാശ പറഞ്ഞത്. സ്വന്തം തമാശയ്ക്ക് മോദി ഏറെ നേരം ചിരിക്കുന്നതും വിഡിയോയിൽ കാണാം. മോദിയുമായി സംവദിച്ച വിദ്യാർത്ഥികളിൽ ഡെറാഡൂണിൽ നിന്നുള്ള എഞ്ജിനീയറിം​ഗ് വിദ്യാർത്ഥി ഡിസ്ലെക്സിയ ബാധിതർക്കായുള്ള ഒരു പദ്ധതിയെക്കുറിച്ച് വിവരിക്കുമ്പോഴാണ് മോദി ഇടയ്ക്ക് കയറി ഡിസ്ലെക്സിയ എന്ന അവസ്ഥയെ ഉപയോ​ഗിച്ച് തമാശ പറഞ്ഞ് പൊട്ടിച്ചിരിച്ചത്.

‘അടിസ്ഥാനപരമായി ഞങ്ങളുടെ ആശയം ഡിസ്ലെക്‌സിയ ബാധിച്ചവരുമായി ബന്ധപ്പെട്ടാണ്. ഡിസ്ലെക്‌സിയ ഉള്ള കുട്ടികൾക്ക് എഴുതാനും പഠിക്കാനുമുള്ള വേഗത കുറവായിരിക്കും, പക്ഷേ അവർക്ക് വലിയ രീതിയിലുള്ള സർ​ഗാത്മകതയും ബുദ്ധിയും ഉണ്ടായിരിക്കും. താരേ സമീന്‍ പര്‍ സിനിമയിലെ ദര്‍ശീലിന്റെ കഥാപാത്രത്തിന് നല്ല ക്രിയാത്മക ഉള്ളത് പോലെ ’ ഇത്രയും പറഞ്ഞപ്പോഴേയ്ക്കും മോദി ഇടപെട്ടു. ‘പത്തുനാല്‍പ്പത് വയസുള്ള കുട്ടികള്‍ക്കും കണ്ടുപിടിത്തം കൊണ്ട് ഉപകാരമുണ്ടാവുമോ’ എന്ന് മോദി ചോദിച്ചു, എന്നിട്ട് പൊട്ടിച്ചിരിച്ചു. കുട്ടികളും ആർത്ത് ചിരിച്ചു. ഉണ്ടാവും എന്ന് ഉത്തരം പറഞ്ഞ് ബാക്കി പറയാൻ വിദ്യാർത്ഥി ശ്രമിക്കുമ്പോൾ മോദി പിന്നെയും ഇടപെട്ടു. ‘അങ്ങനെയെങ്കില്‍ അത്തരം കുട്ടികളുടെ അമ്മമാര്‍ക്ക് വലിയ സന്തോഷമാകും’ എന്ന് പറഞ്ഞ് മോദി ചിരി തുടര്‍ന്നു. രാഹുല്‍ ഗാന്ധിയെയും സോണിയ ഗാന്ധിയെയും പരോക്ഷമായി പരിഹസിക്കുകയായിരുന്നു മോദിയുടെ ലക്ഷ്യം. എന്നാല്‍ ഡിസ്ലെക്സിയ എന്ന അവസ്ഥ ഉപയോഗിച്ചുള്ള ആ തമാശ ആ അവസ്ഥയുള്ളവരെ ആകെ അപമാനിക്കുന്നതായിത്തീരുകയാണ് ഉണ്ടായത്.


Read More Related Articles