സാമ്പത്തിക സംവരണ ബിൽ: എതിർത്ത് വോട്ട് ചെയ്തത് ഒവൈസിയും, കുഞ്ഞാലിക്കുട്ടിയും ഇ ടിയും; തമ്പിദുരൈ ഇറങ്ങിപ്പോയി

By on

സവർ‌ണ വിഭാ​ഗത്തിലെ സാമ്പത്തിക പിന്നാക്കക്കാർക്ക് 10 ശതമാനം സംവരണം നൽകിക്കൊണ്ടുള്ള ബിൽ മോദി സർക്കാർ ലോക്സഭയിൽ പാസാക്കിയപ്പോൾ ബില്ലിനെ എതിർത്ത് വോട്ട് ചെയ്തത് മൂന്ന് പേർ മാത്രം. ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൾ മുസ്ലിമിൻ നേതാവ് അസദുദ്ദീൻ ഒവൈസി, കേളത്തിൽ നിന്നുള്ള ഇന്ത്യൻ യൂണിയൻ മുസ്ലിം ലീ​ഗ് എംപിമാരായ ഇ ടി മുഹമ്മദ് ബഷീർ, കുഞ്ഞാലിക്കുട്ടി എന്നിവർ മാത്രമാണ് ബില്ലിനെതിരായി വോട്ട് ചെയ്തത്. ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം അം​ഗം തമ്പി ദുരൈ ബില്ലിനെ എതിർത്ത് സഭ വിട്ടുപോയി.സിപിഐഎം അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ മോദി സർക്കാരിന്റെ ക്വോട്ട ബില്ലിനെ അനുകൂലിച്ചു. ബിൽ സഭയിൽ കൊണ്ടുവന്ന രീതിയോട് മാത്രമായിരുന്നു സിപിഐഎമ്മിന് എതിർപ്പ്. തത്വത്തിൽ ബില്ലിനെ എതിർക്കുന്നില്ലെങ്കിലും ധൃതി പിടിച്ചാണ് ലോക്സഭയിൽ കൊണ്ടുവന്നത് എന്ന വാദമായിരുന്നു ക്വോട്ട ബില്ലിനെതിരെ സിപിഐഎം നേതാവ് ജിതേന്ദ്ര ചൗധരി സഭയിലുയർത്തിയത്.

സാമ്പത്തിക സംവരണ ബിൽ സുപ്രീംകോടതി തള്ളിക്കളയുമെന്ന് എഐഎഡിഎംകെ അ​ഗം തമ്പി ദുരൈ വോട്ടെടുപ്പ് ചർച്ചയിൽ പങ്കെടുത്തു കൊണ്ടുള്ള പ്രസം​ഗത്തിൽ പറഞ്ഞു. ”ഞങ്ങളുടെ പാർ‌ട്ടി സാമൂഹ്യ നീതിയിലാണ് വിശ്വസിക്കുന്നത്. അതിനാണ് സംവരണം വേണ്ടത്. ഞാനൊരു ശൂദ്രനാണ്, ശൂദ്രരെന്ന നിലയിൽ ഞങ്ങൾ ഒരുപാട് അനുഭവിച്ചു. അതുകൊണ്ടാണ് സംവരണത്തിനായി ദ്രാവിഡ പ്രസ്ഥാനങ്ങൾ പോരാടിയത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സവർണർ ഇപ്പോൾ തന്നെ പല പദ്ധതികളുടെയും ആനുകൂല്യം അനുഭവിക്കുന്നുണ്ട്”. തമ്പിദുരൈ പറഞ്ഞു. ഓരോരുത്തരുടെയും അക്കൗണ്ടിൽ 15 ലക്ഷം ഇടുമെന്ന മോദിയുടെ വാ​ഗ്ദാനം പാലിച്ചാൽ ഇപ്പോഴത്തെ സാമ്പത്തിക സംവരണത്തിന്റെ ആവശ്യമില്ലെന്ന് തമ്പി ദുരൈ പറഞ്ഞു. ”ബിൽ അഴിമതി വർദ്ധിപ്പിക്കാൻ മാത്രമേ സഹായിക്കൂ, ഇപ്പോൾ ദരിദ്രനായിരിക്കുന്ന ആൾ നാളെ സമ്പത്തു നേടിയേക്കാം, അവർ പണം കൊടുത്ത് പാവപ്പെട്ടവരെന്ന രേഖ സമ്പാദിക്കും”, തമ്പി ദുരൈ പറഞ്ഞു. സാമ്പത്തിക സംവരണത്തേക്കാൾ സാമൂഹ്യനീതി ഉറപ്പാക്കുന്ന സംവരണത്തിന്റെ ആവശ്യത്തെക്കുറിച്ച് പറയാൻ ഡോക്ടർ അംബേദ്കറുടെ ഉദാഹരണം തമ്പി ദുരൈ ഉയർത്തിക്കാട്ടി. ”അംബേദ്കർ കഴിവുള്ള ആളായിരുന്നിട്ടും ജാതിയുടെ പേരിൽ അപമാനിക്കപ്പെട്ടു. അതുകൊണ്ടാണ് നമ്മുടെ ഭരണഘടനയുടെ പ്രപിതാക്കൾ സാമ്പത്തികത്തേക്കാൾ സാമൂഹ്യനീതിയെ സംവരണത്തിന് മാനദണ്ഡമാക്കിയത്”. തമ്പിദുരൈ പറഞ്ഞു.

ഭരണഘടനയ്ക്ക് മേൽ നടന്ന നെറികേടെന്നാണ് ക്വോട്ട ബില്ലിനെ എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി ലോക്സഭയിൽ വിശേഷിപ്പിച്ചത്. എട്ട് കാരണങ്ങൾ അക്കമിട്ട് നിരത്തിയാണ് ഒവൈസി ബില്ലിനെ എതിർത്തത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സവര്‍ണര്‍ എപ്പോഴെങ്കിലും അയിത്താചാരത്തിന് ഇരയായതായി നമ്മുടെ ഭരണഘടന പറയുന്നില്ല. സവർണർ പിന്നാക്കമാണെന്ന് തെളിയിക്കുന്ന ഒരു അടിസഥാന വിവരവും ഇല്ല. അംബേദ്കറോടും ഭരണഘടനയോടുമുള്ള നെറികേടാണ് ഈ ബില്ല്. ഒവൈസി പറഞ്ഞു.

സാമൂഹ്യനീതി വകുപ്പ് മന്ത്രി തവർചന്ദ് ​ഗെഹ്ലോട്ടാണ് സവർണ പിന്നാക്ക സാമ്പത്തിക സംവരണ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. കേന്ദ്ര മന്ത്രിസഭ നേരത്തെ അം​ഗീകരിച്ച ബിൽ 323 അനുകൂല വോട്ടോടെ ലോക്സഭയിൽ പാസായി. അപ്നാദൾ, ഐഎൻഎൽഡി, സമാജ്വാദി പാർട്ടി, എൻസിപി എന്നീ കക്ഷികളാണ് നേരിയ തോതിലെങ്കിലും ബില്ലിനെ വിമർശിക്കാൻ തയ്യാറായത്.


Read More Related Articles