കണ്ണൂർ സെന്‍റ്രല്‍ ജയിലിൽ തടവുകാർക്ക് വെള്ളം ലഭിക്കുന്നില്ല; രാഷ്ട്രീയ തടവുകാർ നിരാഹാരം ആരംഭിച്ചു

By on

കണ്ണൂർ സെന്‍റ്രല്‍ ജയിലിൽ അതീവ സുരക്ഷാ സെല്ലുകളുള്ള പത്താം ബ്ലോക്കിലെ തടവുകാർക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനോ കുടിക്കാനോ ആവശ്യമായ വെള്ളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് രാഷ്ട്രീയ തടവുകാർ നിരാഹാര സമരം തുടങ്ങി. മാവോയിസ്റ്റ് രാഷ്ട്രീയ തടവുകാരായ കാളിദാസ്, ഇബ്രാഹിം, ഉണ്ണികൃഷ്ണൻ എന്നിവരാണ് ജയിലിൽ നിരാഹാര സമരമരം നടത്തുന്നത്. കൂടുതലും രാഷ്ട്രീയ തടവുകാരാണ് പത്താം ബ്ലോക്കിലുള്ളത്. പല തവണ ജയിലധികാരികളോട് ഈ പ്രശ്നം ഉന്നയിച്ചെങ്കിലും നടപടി കെെക്കൊണ്ടില്ല. ജയിൽ ഡിജിപിക്കും ഇവർ പരാതി നൽകി. ഇതേത്തുടർന്നാണ് നിരാഹാര സമരമാരംഭിച്ചത്.

തടവുകാരുടെ പ്രാഥമിക ആവശ്യങ്ങൾ പോലും സാധ്യമാക്കാനാവാത്ത വിധം അങ്ങേയറ്റം മോശമായ വിധം തടവുകാരോട് പെരുമാറുന്നതിൽ നിന്ന് ജയിലധികൃതർ പിന്മാറണമെന്നും ഈ അനീതിയെ ചോദ്യം ചെയ്യാൻ മുഴുവൻ ജനാധിപത്യവാദികളും തയ്യാറാവണമെന്നും ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സെക്രട്ടറി സിപി റഷീദ് ആവശ്യപ്പെട്ടു. കണ്ണൂർ സെന്‍റ്രല്‍ ജയിലിൽ രാഷ്ട്രീയ തടവുകാരോട് ജയിലധികൃതർ അങ്ങേയറ്റം മോശമായാണ് പെരുമാറുന്നതെന്ന് മുൻപും ആരോപണം ഉയർന്നിരുന്നു.

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത കണ്ണൂർ ജയിലിൽ അടയ്ക്കപ്പെട്ടിരുന്ന കോയമ്പത്തൂർ സ്വദേശിയായ വിദ്യാർത്ഥി ഡാനിഷ് ഡിസംബറിൽ നടത്തിയ നിരാഹാര സമരം കോടതി ഇടപെടലിനെ തുടർന്ന് അവസാനിപ്പിച്ചിരുന്നു. ജയിലിൽ തനിക്കെതിരെ പീഡനവും മനുഷ്യാവകാശ ലം​ഘനവും ഉണ്ടായി എന്നാരോപിച്ചാണ് ഡാനിഷ് നിരാഹരം സമരം നടത്തിയത്. ”രാജു എന്ന ജയിൽ ഉദ്യാഗസ്ഥൻ ഡാനിഷിനെ ഒരു കാരണവും കൂടാതെ മർദ്ദിക്കുകയും കോളറിനുപിടിച്ചു കൊല്ലുമെന്ന് ഭീഷണി മുഴക്കുകയും തീർത്തും അപമര്യാദയായി പെരുമാറുകയും ചെയ്തു. മാത്രമല്ല അദ്ദേഹത്തിന് പുറത്ത് നിന്ന് നിയമപരമായി തന്നെ എത്തിച്ച് കൊടുത്ത വസ്ത്രങ്ങൾ അദ്ദേഹത്തിന് കൈമാറാതെ തടഞ്ഞ് വെയ്ക്കുകയുമുണ്ടായി”. ഈ ഒരു സാഹചര്യമാണ് അദ്ദേഹത്തെ നിരാഹാര സമരത്തിലേക്ക് എത്തിച്ചത് എന്നാണ് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനത്തിന്‍റെ ഭാരവാഹികള്‍ പറയുന്നത്.

ഡാനിഷ്

നിരാഹാരത്തെ തുടർന്ന് ആരോ​ഗ്യ നില വഷളായ ഡാനിഷിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പാലക്കാട് ജില്ലാ ജ‍ഡ്ജി കെ പി ഇന്ദിര നേരിട്ടെത്തി പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് ഉറപ്പ് നൽകിയ ശേഷമാണ് ഡാനിഷ് നിരാഹര സമരം അവസാനിപ്പിച്ചത്. കണ്ണൂർ ജയിലിലായിരുന്ന ഡാനിഷിനെ വിയ്യൂരിലേക്ക് മാറ്റുകയും തുടർന്ന് മറ്റൊരു കേസിൽ പാലക്കാട് പൊലീസ് കസ്റ്റഡിയിൽ വാങ്ങുകയും ചെയ്തിരുന്നു. പൊലീസ് കസ്റ്റഡിയിലും ഡാനിഷ് നിരാഹാരം തുടർന്നിരുന്നു.


Read More Related Articles