ഏഷ്യൻ കപ് ഫുട്ബോൾ സെമിഫൈനൽ രാഷ്ട്രീയക്കളിയായി; യുഎഇയ്ക്കെതിരെ വിജയിച്ച ഖത്തർ റ്റീമിന് ചെരിപ്പേറ്

By on

by Jamshid Pallipram

ഏഷ്യൻ ‌കപ് ഫുട്ബോൾ റ്റൂർണമെന്‍റിന്‍റെ സെമിഫൈനൽ നടന്ന അബുദബിയിലെ മുഹമ്മദ് ബിൻ സയിദ് സ്റ്റേഡിയം മത്സരാനന്തരം രാഷ്ട്രീയക്കളിക്ക് വേദിയായി. യുഎഇയെ പരാജയപ്പെടുത്തിയ ഖത്തർ റ്റീമിനെ വിജയം ആഘോഷിക്കാൻ അനുവദിക്കാത്ത വിധം എതിരാളികൾ കൂക്കി വിളിച്ചത് കളിക്കളത്തെ കലുഷിതമാക്കി. റ്റീമം​ഗങ്ങൾക്ക് നേരെ ചെരിപ്പേറും ഉണ്ടായി. വർഷങ്ങളായി യുഎഇയുമായി നല്ല ബന്ധത്തിലല്ല ഖത്തർ. രാഷ്ട്രീയമായും നയതന്ത്രപരവുമായ ശത്രുതയാണ് ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്നത്. രണ്ട് വർഷങ്ങളായി ഇരു രാജ്യങ്ങളും തമ്മിൽ ബന്ധം തീർത്തും വഷളാണ്. യുഎഇ ഖത്തറിനെതിരെ എല്ലാ തരത്തിലും ഉപരോധം ഏർപ്പെടുത്തിയിരിക്കുകയുമാണ്.
ഉപരോധം കാരണം നേരിട്ട് വിമാനങ്ങൾ അനുവദിക്കാത്തതിനാൽ സ്വകാര്യ ജെറ്റില്‍ കുവൈത്ത് വഴി ചുറ്റിയാണ് 25 അംഗ ഖത്തർ ടീം റ്റൂര്‍ണമെന്‍റിനെത്തിയത്.

ആതിഥേയരായ യു.എ.ഇ യെ ഏകപക്ഷീയമായ നാല് ഗോളിന് തകർത്താണ് ഖത്തർ ഫൈനലിൽ കടന്നത്. 22ആം മിനിട്ടിൽ ബൗലേം ഗൗക്കിയാണ്​ ഖത്തറി​ന്‍റെ ഗോൾ വേട്ടക്ക്​ തുടക്കം കുറിച്ചത്. 37ആം മിനിട്ടിൽ അൽമോസ്​ അലിയും 80ആം മിനിട്ടിൽ ഹസൻ അൽ ഹൈദോസിയും യു.എ.ഇ ഗോൾ വല ചലിപ്പിച്ചു. അതേസമയം ഖത്തർ കളിക്കാരെ ശാരീരികമായി നേരിട്ട യു.എ.ഇ അവസാന നിമിഷം പത്തുപേരായി ചുരുങ്ങി.
മത്സരത്തിന് മുമ്പ് തന്നെ മുഴുവൻ റ്റിക്കറ്റുകളും സ്വന്തമാക്കിയ യുഎഇ ഖത്തറിനെ പ്രതിരോധത്തിലാക്കിയിരുന്നു.

എന്നാൽ 93ആം മിനിറ്റിൽ ഇസ്​മാഇൗൽ നാലാം ഗോളും നേടി ഗോൾ പട്ടിക പൂർത്തിയാകുമ്പോൾ തങ്ങൾക്ക് മേൽ ഏർപ്പെടുത്തിയ എല്ലാ ഉപരോധങ്ങൾക്കും കളിക്കളത്തിൽ എണ്ണം പറഞ്ഞു മറുപടി നൽകുകയായിരുന്നു ഖത്തർ. ഗോൾ ആഘോഷത്തിനിടെ ചെരുപ്പെറിഞ്ഞും കൂക്കിവിളിച്ചും ഖത്തർ റ്റീമിന്‍റെ വിജയാഘോഷം തടസ്സപ്പെടുത്തിയ യു.എ.ഇ ആരാധകരുടെ സമീപനം വരും ദിവസങ്ങളിൽ വൻ രാഷ്ട്രീയ ചർച്ചകൾക്ക് കൂടിയാവും വേദിയാവുക.


Read More Related Articles