സഫൂറ സര്‍ഗാറിന് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഡല്‍ഹി ഹൈക്കോടതി

By on

‘ഡല്‍ഹി കലാപ’ത്തില്‍ പങ്ക് ആരോപിച്ച് യുഎപിഎ ചുമത്തപ്പെട്ട് ജയിലിലടക്കപ്പെട്ട ഗര്‍ഭിണിയായ ജാമിയ മിലിയ ഇസ്ലാമിയ വിദ്യാര്‍ത്ഥിനി സഫൂറ സര്‍ഗാറിന് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. മാനുഷിക പരിഗണനയോടെയാണ് ജാമ്യം അനുവദിക്കുന്നത് എന്ന് കോടതി പറഞ്ഞു. ഈ കേസിലെ ജാമ്യ ഉത്തരവ് മറ്റ് കേസുകള്‍ക്ക് മുന്നില്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടാന്‍ കഴിയില്ല എന്നും കോടതി വ്യക്തമാക്കി.

പൗരത്വ ഭേദഗതി നിയമത്തിനെതിരായി ഡല്‍ഹി ജാമിയ മിലിയ സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികളുടെ സമരത്തിന് നേതൃത്വം നല്‍കിയ ജാമിയ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ മീഡിയ കോഓര്‍ഡിനേറ്ററാണ് ജമ്മു കശ്മീര്‍ സ്വദേശിനിയായ സഫൂറ സര്‍ഗാര്‍. നാല് മാസം ഗര്‍ഭിണിയായ സഫൂറ സര്‍ഗാറിന് കൊറോണ വ്യാപന കാലത്ത് ഇരട്ടിയിലധികം തടവുകാരുള്ള തിഹാര്‍ ജയിലില്‍ കഴിയേണ്ടിവരുന്നത് അന്താരാഷ്ട്ര പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

10,000 രൂപയുടെ പേഴ്‌സണല്‍ ബോണ്ടിന് മേല്‍ ആണ് ജാമ്യം. നിലവില്‍ അന്വേഷണം നടക്കുന്ന തരത്തിലുള്ള ഒരു പ്രവൃത്തിയിലും ഏര്‍പ്പെടരുത്, അന്വേഷണത്തിന് തടസം നില്‍ക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കരുത്, കോടതിയുടെ മതിയായ അനുമതി കൂടാതെ ഡല്‍ഹി വിട്ട് പോകരുത്,
പതിനഞ്ച് ദിവസം കൂടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥനുമായി ഫോണ്‍ കോളിലൂടെ സംസാരിക്കണം എന്നീ ഉപാധികളോടെയാണ് ജാമ്യം.

ജൂണ്‍ നാലിന് പട്യാല ഹൗസ് കോടതി സഫൂറയുടെ ജാമ്യം നിഷേധിച്ചിരുന്നു.
“കനല്‍ കൊണ്ട് കളിക്കുമ്പോള്‍ കാറ്റ് തീ പടര്‍ത്തി എന്ന് കാറ്റിനെ കുറ്റപ്പെടുത്താന്‍ കഴിയില്ല. സഹഗൂഢാലോചകരുടെ പ്രസംഗങ്ങളും പ്രവൃത്തികളും ഇന്ത്യന്‍ എവിഡന്‍സ് ആക്റ്റിലെ പത്താം വകുപ്പനുസരിച്ച് കുറ്റാരോപിതയ്ക്കും ബാധകമാണ്” എന്നാണ് ജഡ്ജി ധര്‍മേന്ദ്ര റാണ ഉത്തരവില്‍ പറഞ്ഞത്. കലാപമുണ്ടാക്കല്‍, ആയുധം കൈവശം സൂക്ഷിക്കല്‍, വധശ്രമം, കലാപത്തിന് ആഹ്വാനം ചെയ്യല്‍, രാജ്യദ്രോഹം, കൊലപാതകം, മതാടിസ്ഥാനത്തില്‍ ശത്രുത വളര്‍ത്തല്‍ എന്നീ കുറ്റങ്ങളാണ് സഫൂറയ്‌ക്കെതിരെ ചുമത്തിയിട്ടുള്ളത്.

ജൂണ്‍ 22ന് ഡല്‍ഹി ഹൈക്കോടതിയില്‍ തിഹാര്‍ ജയിലില്‍ കഴിഞ്ഞ പത്തുവര്‍ഷങ്ങളില്‍ നടന്ന പ്രസവങ്ങളുടെ കണക്ക് ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു ഡല്‍ഹി പൊലീസ് സഫൂറയുടെ ജാമ്യം എതിര്‍ത്തത്.  ജൂണ്‍ 22ാം തീയ്യതി ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ വിഷയത്തില്‍ കൂടുതല്‍ നിര്‍ദേശങ്ങള്‍ തേടാനായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ അമന്‍ ലേഖിയും ജസ്റ്റിസ് രാജീവ് ശക്‌ധേറിനോട് കൂടുതല്‍ സമയം ആവശ്യപ്പെടുകയും സഫൂറയുടെ അഭിഭാഷക നിത്യ രാമകൃഷ്ണന്റെ അനുമതിയോടെ ജൂണ്‍ 23ലേക്ക് കേസ് ലിസ്റ്റ് ചെയ്യുകയുമായിരുന്നു.

ഡല്‍ഹി വംശഹത്യ സംബന്ധിച്ച് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്കും നേതാക്കള്‍ക്കും സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും നേരെ യുഎപിഎ ചുമത്തുകയാണ് ഡല്‍ഹി പൊലീസ് ചെയ്യുന്നത്. എന്നാല്‍, വംശഹത്യക്ക് ആഹ്വാനം ചെയ്ത ബിജെപി നേതാവ് കപില്‍ മിശ്രയ്‌ക്കെതിരെ നിരവധി പരാതികള്‍ ഡല്‍ഹി പൊലീസിന് ലഭിച്ചെങ്കിലും ചാര്‍ജ് ഷീറ്റില്‍ ഇവരുടെയൊന്നും പേരുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്ന് പരാതി നല്‍കിയവര്‍ വെളിപ്പെടുത്തിയിരുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭകരെ പ്രതിചേര്‍ത്തുകൊണ്ട് മാര്‍ച്ച് ആറിന് രജിസ്റ്റര്‍ ചെയ്ത കേസില്‍ യുഎപിഎ നിയമത്തിലെ 43d(2)(b) അനുസരിച്ച് ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്യാന്‍ ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്ലിന് പട്യാല കോടതി സെപ്തംബര്‍ 17 വരെ സമയം അനുവദിച്ചിട്ടുണ്ട്.


Read More Related Articles