സഞ്ജയ് ​ഗാന്ധി ആശുപത്രിയിൽ നിന്നും രോ​ഗിയെ തിരിച്ചയച്ചെന്ന പ്രധാനമന്ത്രിയുടെ ആരോപണം അടിസ്ഥാന രഹിതമെന്ന് അധികൃതർ

By on

അമേഠിയിലെ സഞ്ജയ് ​ഗാന്ധി ആശുപത്രിയിൽ നിന്നും കേന്ദ്രസർക്കാരിന്‍റെ ആരോ​ഗ്യ പദ്ധതിയുടെ ഉപയോക്താവായ ആളെ ചികിത്സ നൽകാതെ തിരിച്ചയച്ചു എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ആശുപത്രി അധികൃതർ. കേന്ദ്ര സർക്കാരിന്‍റെ ദേശീയ ആരോ​ഗ്യ സംരക്ഷണ പദ്ധതിയുടെ ഉപയോക്താവായതുകൊണ്ട് മാത്രം ഒരാളെ സഞ്ജയ് ​ഗാന്ധി ആശുപത്രിയിൽ നിന്നും മടക്കി അയച്ചുവെന്ന ആരോപണം പ്രധാനമന്ത്രിയ്ക്ക് പുറമേ കേന്ദ്ര മന്ത്രിയായ സ്മൃതി ഇറാനിയും ഉന്നയിച്ചിരുന്നു. ”ഇത് അടിസ്ഥാനരഹിതമായ ആരോപണമാണ് , പദ്ധതി പ്രകാരം 200 ആളുകളെ ഞങ്ങൾ ഇതിനകം ചികിത്സിച്ചു കഴിഞ്ഞു”. സഞ്ജയ് ​ഗാന്ധി ആശുപത്രിയുടെ ഡയറക്ടർ എസ് എം ചൗധരി പറഞ്ഞു.

‘ആശുപത്രി യോ​ഗിയുടെയോ മോദിയുടെയോ അല്ല രാഹുലിന്‍റേതാണ്’ എന്ന് പറഞ്ഞ് തന്‍റെ അമ്മാവന് സഞ്ജയ് ​ഗാന്ധി ആശുപത്രി അധികൃതർ ചികിത്സ നൽകിയില്ലെന്നും ചികിത്സ കിട്ടാതെ അയാൾ മരിച്ചുവെന്നും അയാളുടെ ബന്ധുവായ ഒരാൾ ആരോപിക്കുന്നതിന്റെ വിഡിയോ സ്മൃതി ഇറാനിയാണ് റ്റ്വിറ്ററിൽ പങ്കുവച്ചത്. ഈ ആരോപണം മധ്യപ്രദേശിലെ​ ​ഗ്വാളിയോറിൽ തെരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിച്ചു. ‘മോദി സർക്കാർ നൽകിയ ആയുഷ്മാൻ കാർഡ് ഉണ്ടായിരുന്നതുകൊണ്ട് മാത്രം ഒരു പാവം മനുഷ്യന് ചികിത്സ നിഷേധിച്ചു’വെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.


Read More Related Articles