“കശ്മീരിന്റെ അകത്തുപോലും കശ്മീർ അദൃശ്യമാക്കപ്പെട്ടിരിക്കുകയാണ്”; കശ്മീരി മാധ്യമപ്രവർത്തകൻ മുസമ്മിൽ ജലീല്‍

By on

“ഞാൻ ശ്രീന​ഗറിൽ നിന്നും ഡൽഹിയിലെത്തിയിരിക്കുകയാണ്. 1846ലേതിനെക്കാളും മോശമാണ് അവസ്ഥ. ശ്രീന​ഗർ ഇപ്പോൾ സെെനികരുടെയും മുൾവേലിച്ചുറ്റുകളുടെയും ന​ഗരമാണ്. പറായ്പോരയിൽ നിന്ന് റസിഡൻസി റോഡിലുള്ള ഓഫീസിലെത്താൻ ഞാനിന്നലെ മൂന്ന് മണിക്കൂറെടുത്തു. ഫോണുകൾ- മൊബെെൽ ഫോണുകളും ലാൻഡ് ലെെനുകളും വിച്ഛേദിച്ചിരിക്കുകയാണ്. ഇന്റർനെറ്റ് ഓഫ് ആണ്. എടിഎമ്മുകളിൽ പണമില്ല. കശ്മീരിലെങ്ങും വളരെ കർശനമായ കർഫ്യൂ ഏർപ്പെടുത്തിയിരിക്കുകയാണ്. അപ് ടൗൺ ശ്രീന​ഗറിലേക്ക് എത്താൻ തന്നെ ഞാൻ ഒരുപാട് ബുദ്ധിമുട്ടി. ന​ഗരത്തിന്റെ ആ ചെറിയ ഭാ​ഗത്തെക്കുറിച്ചല്ലാതെ എനിക്ക് മറ്റെവിടെയും എന്താണ് നടക്കുന്നത് എന്നറിയില്ല, പക്ഷേ ബാരാമുള്ള ഓൾഡ് ടൗണിൽ പ്രതിഷേധ പ്രകടനങ്ങളുണ്ടായി എന്ന് ഞാൻ കേട്ടു. കൂടെ ജോലി ചെയ്യുന്നയാളുടെ ജീവനില്ലാത്ത ഫോണിൽ ഒരു ടെക്സ്റ്റ് മെസേജ് മിന്നി. ഞാൻ കണ്ട ഓരോരുത്തരും വലിയ ഞെട്ടലിലായിരുന്നു. അതിവിചിത്രമായ മരവിപ്പാണ് എല്ലായിടത്തും. രണ്ട് പ്രതിഷേധക്കാരെ കൊലപ്പെടുത്തിയതായി ഞങ്ങൾ കേട്ടു, പക്ഷേ അത് ഉറപ്പിക്കാൻ യാതൊരു വഴിയുമില്ല. കശ്മീരിന്റെ അകത്തുപോലും കശ്മീർ അദൃശ്യമാക്കപ്പെട്ടിരിക്കുകയാണ്. ചെക് പോയിന്റുകളിൽ നിന്നും അതിർത്തി മുറിച്ചുകടക്കാൻ മാധ്യമപ്രവർത്തകരെ ആരെയും സെെന്യം അനുവദിക്കുന്നില്ല, അതിനായി അവർക്ക് പ്രത്യേക നിർദ്ദേശങ്ങൾ കിട്ടിയിട്ടുണ്ട്. രാജ്ബാഘ് പൊലീസ് സ്റ്റേഷന് മുന്നിലുള്ള ഒരു ഹോട്ടലിൽ ഞാൻ ഡൽഹിയിൽ നിന്നുള്ള ഒരു ടിവി ക്ര്യൂവിനെ കണ്ടു, കശ്മീർ ശാന്തമാണെന്ന് അവർ പറയുന്നുണ്ടായിരുന്നു.

ഇന്ത്യൻ എക്സ്പ്രസ് ഡപ്യൂട്ടി എഡിറ്ററാണ് മുസമ്മിൽ ജലീൽ.

കശ്മീരിന് പ്രത്യേക പദവി ഉറപ്പുനല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 കേന്ദ്രസര്‍ക്കാര്‍ എടുത്തുകളഞ്ഞ് ഓഗസ്റ്റ് അഞ്ച് മുതല്‍ അമ്പതു ദിവസത്തേക്ക് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതിന് ശേഷം കശ്മീരിലെ സ്ഥിതിഗതികളെക്കുറിച്ച് ലഭ്യമായതില്‍ ആദ്യത്തെ കുറിപ്പാണിത്.


Read More Related Articles