ബിരുദം പൂർത്തിയാക്കിയിട്ടില്ലെന്ന് സ്മൃതി ഇറാനി

By on

ബിരുദം പൂർത്തിയാക്കിയിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഓപ്പൺ സ്കൂൾ ആയി ബിഎ കൊമേഴ്സ് പഠിക്കാൻ തുടങ്ങിയെങ്കിലും ബിരുദം പൂർത്തിയാക്കിയിട്ടില്ലെന്നാണ് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ സ്മൃതി ഇറാനി രേഖപ്പെടുത്തിയിരിക്കുന്നത്. ഡൽഹി യൂണിവേഴ്സിറ്റിയുടെ സ്കൂൾ ഓഫ് ഓപ്പൺ ലേണിങ്ങിൽ 1994ൽ ഒന്നാംവർഷ ബിരുദം പൂർത്തിയാക്കിയത്. പിന്നീട് പഠനം തുടർന്നിട്ടില്ല. അഞ്ച് വർഷം മുമ്പാണ് സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോ​ഗ്യത ചർച്ച ചെയ്യപ്പെട്ട് തുടങ്ങിയത്. 4.7കോടിയിലേറെയാണ് സ്വത്ത് രേഖപ്പെടുത്തിയിരിക്കുന്നത്.

2014ൽ യുഎസിലെ യേൽ യൂണിവേഴ്സിറ്റിയിൽ നിന്നാണ് താൻ ബിരുദം നേടിയത് എന്ന് സ്മൃതി ഇറാനി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 2014ലെ തെരഞ്ഞെടുപ്പിൽ അമേഥിയിൽ നിന്നും മത്സരിച്ചപ്പോൾ ബിരുദം പൂർത്തിയാക്കിയില്ല എന്ന് രേഖപ്പെടുത്തിയിരുന്നില്ല. 2004ൽ കോൺ​ഗ്രസിന്റെ കപിൽ സിബലിനെതിരെ ഡൽഹി ചാന്ദ്നി ചൗക്കിൽ നിന്നും മത്സരിച്ചപ്പോൾ ബിഎ/ ബാച്ചിലർ ഓഫ് ആർട്സ്, 1996, ഡൽഹി യൂണിവേഴ്സിറ്റി (സ്കൂൾ ഓഫ് കറസ്പോണ്ടൻസ്) എന്നാണ് രേഖപ്പെടുത്തിയിരുന്നത്.

2016ൽ മാനവ വിഭവശേഷി വകുപ്പ് മന്ത്രിയായിരിക്കെ രോഹിത് വെമുലയുടെ ജാതി കൊലപാതകത്തിന് സ്മൃതി ഇറാനിയുടെ ഇടപെടലുകൾ കാരണമായി എന്ന് വെളിപ്പെട്ടിട്ടുണ്ട്. 2016ൽ മന്ത്രിസഭാ പുനർക്രമീകരണത്തിന് ശേഷം ടെക്സ്റ്റെെൽ വകുപ്പ് മന്ത്രിയായി, 2017ൽ വെങ്കയ്യ നായിഡുവിനൊപ്പം വാർത്താ വിതരണ വിനിമയ മന്ത്രാലയത്തിന്റെ അധിക ചുമതലയും സ്മൃതി ഇറാനിക്ക് കിട്ടി. അമേഥിയിൽ രാഹുൽ ​ഗാന്ധിക്കെതിരെയാണ് സ്മൃതി ഇറാനി മത്സരിക്കുന്നത്.


Read More Related Articles