“ആയുധങ്ങളുമായി പിന്തുടർന്ന് വന്ന് ആക്രമിച്ചു”; കാസർഗോഡേക്ക് പശുവിനെ കൊണ്ടുവന്നതിന് ബജ്റംഗ് ദൾ ആക്രമിച്ച ഹംസ സംസാരിക്കുന്നു

By on

കർണാടകത്തിൽ നിന്ന് കേരളത്തിലേക്ക് പശുവിനെ കൊണ്ടുവന്നതിന് ബജ്റംഗ് ദൾ ആക്രമണം നേരിട്ട കർണാടക സ്വദേശിയായ ഡ്രൈവർ ഹംസ സംസാരിക്കുന്നു.

“ഞാൻ ഹംസ. ഡ്രൈവർ ആണ്. കർണാടകയിൽ നിന്നാണ്. കെഡിലെയിൽ നിന്ന് വെറ്ററിനറി ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഒക്കെ കൊണ്ടാണ് ഞങ്ങൾ കേരളത്തിലേക്ക് വന്നത്. സർട്ടിഫിക്കറ്റ് റെഡി ആക്കിയിട്ടാണ് പശുവിനെ കേറ്റിയത്. കേരളത്തിലെ ബന്തിയൂർ എന്ന സ്ഥലത്തേക്കാണ് കൊണ്ടുവന്നത്. വളർത്താൻ കൊണ്ടുവന്ന പശുക്കളാണ്. രണ്ടു പശുവും ഒരു പശു കുട്ടിയും. അതിൽ മൂരി ഒന്നും ഉണ്ടായിരുന്നില്ല. കർണാടകയിൽ നിന്ന് വിട്ട് പകുതിയെത്തി അതിർത്തി എത്താനായ സമയത്ത്, പശുവിനെ തന്നയാൾ നമുക്ക് അമ്പതിനായിരം രൂപ തന്നിരുന്നു. ഹാരിസ് എന്നയാൾക്ക് കൊടുക്കാൻ. അത് കേരളയിലാണ്. ഹാരിസിന്റെ വീട് കേരളത്തിൽ ആണ്. ഹാരിസിന്റെ വീടിന്റെ കോമ്പൗണ്ടിന്റെ അകത്ത് വണ്ടി നിർത്തുമ്പോഴേക്ക് ഈ ബജ്റംഗ് ദളിന്റെ ആൾക്കാർ ഒരു ഹ്യുണ്ടായി ഇയോൺ കാറിൽ ആറു പേർ ആയിരുന്നു, പിന്നാലെ വന്നു.

ഹംസ

അവർ വന്ന് നമ്മളെ അടിച്ചു, വണ്ടിയുടെ ചാവി കയ്യിലുണ്ടായിരുന്നു അത് പിടിച്ചു വാങ്ങിച്ചു വണ്ടി തട്ടിക്കൊണ്ടുപോയി. ഇതെല്ലാം ക്യാമറയിൽ സേവ് ആയിട്ടുണ്ട്. അവരുടെ കയ്യിൽ ആയുധങ്ങൾ ഉണ്ടായിരുന്നു. വടി, കത്തി ഒക്കെ ഉണ്ടായിരുന്നു അവരുടെ കയ്യിൽ. ആ വണ്ടി അവർ തന്നെ ഓട്ടിക്കൊണ്ട് കർണാടകയിലേക്ക് കൊണ്ടുപോയി. അതിൽ ഹാരിസിന് കൊടുക്കാൻ തന്ന അമ്പതിനായിരം രൂപയും ഉണ്ടായിരുന്നു. പോലീസ് പിന്നീട് ഈ പിക്കപ് വാൻ ഇവരിൽ നിന്നും പിടിച്ചിട്ടുണ്ട്. ഞങ്ങൾ ഇവിടെ വന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റായി, ഹാരിസ് ബദിയടുക്കയിൽ പരാതി കൊടുത്തു. ബദിയടുക്ക ഏരിയയിലാണ് നമ്മളെ മർദിച്ച സ്ഥലം. കെഡ്ലെ സ്റ്റേഷനിൽ ആണിപ്പോ വണ്ടി ഉള്ളത്, അതിൽ സർട്ടിഫിക്കറ്റ് എല്ലാം ഉണ്ടായിരുന്നു. പശുവിനെ പശുവിന്റെ ആൾക്ക് വിട്ടുകൊടുത്തു. വണ്ടി സ്റ്റേഷനിൽ ഉണ്ട്. ഞാനും അൽത്താഫും ഇപ്പോൾ ആശുപത്രിയിൽ ഉണ്ട്. പരിക്ക് നല്ലോണം പറ്റിയിട്ടുണ്ട്. ആളുകളെ അറിയില്ല പോലീസ് പരതുന്നുണ്ട്. ക്രിമിനൽ ബാക്ഗ്രൗണ്ട് ഉള്ളവരാണ് എന്നാണ് അറിഞ്ഞത്. രണ്ടുപേർ കേരളത്തിൽ നിന്നുള്ളവരാണ് എന്ന് പറയുന്നുണ്ട്. എനിക്കറിയില്ല. ആറുപേരിൽ നാലുപേരുടെ പേര് ഹാരിസിനറിയാം. ഹാരിസ് ഇവരുടെ പേരിൽ പരാതികൊടുത്തിട്ടുണ്ട്. ഹാരിസിന്റെ വീട്ടുവളപ്പിലാണ് സംഭവം അതുകൊണ്ട് ഹാരിസിന് ഇവരെ കണ്ടാലറിയാം എന്നാണ് പറഞ്ഞത്. ഞങ്ങളെ ഹാരിസാണ് ഇവിടെ അഡ്മിറ്റ് ചെയ്തത്.

ഞാനിതുപോലെ ഓട്ടം പോകാറുള്ളതാണ്, ഞാൻ ഡ്രൈവറാണ്. അൽതാഫ് എന്റെ കൂടെ വന്നതാണ്, എന്നെ സഹായിക്കുന്ന ആളാണ്. നിങ്ങൾ എവിടേക്കാണ് പശുവിനെ കൊണ്ട് പോകുന്നത്? കേരളത്തിലേക്ക് എന്തിനാണ് കൊണ്ടുപോകുന്നത്? എന്ന് ചോദിച്ചു, ഞങ്ങൾ പറഞ്ഞു വളർത്താൻ കൊണ്ടുപോകുന്നതാണ്, ഡോക്ടർ തന്ന ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കയ്യിൽ ഉണ്ട്, ഇതിൽ മൂരി ഒന്നുമില്ല അറുക്കാൻ കൊണ്ടുപോകുന്നതല്ല വളർത്താൻ കൊണ്ടുപോകുന്നതാണ് എന്ന് പറഞ്ഞപ്പോൾ അവരൊന്നും കേട്ടില്ല. ഞാൻ പറഞ്ഞു പോലീസ് ഒക്കെ പരിശോധിച്ചതാണ് റെക്കോർഡ്‌സ് ഒക്കെ ക്ലിയർ ആണ്, നിങ്ങൾ എന്തിനാണ് ഉപദ്രവിക്കുന്നത് എന്നെല്ലാം പറഞ്ഞു അവരതൊന്നും കേട്ടില്ല. അവരുടെ ഉദ്ദേശം വേറെ എന്തോ ആയിരുന്നു. വണ്ടിന്റെ ചാവി പിടിച്ചു വാങ്ങി അവർ വണ്ടി എടുത്തു കൊണ്ടുപോയി അതവിടെ സിസിടിവിയിൽ കറക്റ്റായി പതിഞ്ഞിട്ടുണ്ട്.

മുമ്പും ഞാനെന്റെ വണ്ടിയിൽ പശുവിനെ കൊണ്ടുപോയിട്ടുണ്ട്, അപ്പോഴൊക്കെ കർണാടക പോലീസ് നിർത്തി പരിശോധിച്ച് സർട്ടിഫിക്കറ്റ് നോക്കി നമ്മളെ വിട്ടിട്ടുണ്ടായിരുന്നു. സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ അവർ വിടും. പബ്ലിക് ആയി ഓപ്പൺ ആയി പശുവിനെ കൊണ്ടവരികയായിരുന്നു, ആറു മണി മുതൽ ആറു മണി വരെ.

കർണാടകയിൽ ഓർക്ക് ഇതേ പണിയാണ്, ബജ്‌റംഗ് ദളിന്റെ ആൾക്കാർ പശുവിന്റെ പേരിൽ ഉപദ്രവിക്കുകയാണ് ആൾക്കാരെ. ഓരെ വീട്ടിലാണെങ്കിൽ ഓര് തന്നെ പശുവിനെ എത്തിക്കും. ഇങ്ങനെ ഉപദ്രവിക്കുന്നത് ഓർക്ക് ഒരു ജോലി തന്നെയാണ്. രാത്രിയിൽ ചിലർ കടത്താറുണ്ട് അത് പോലീസ് കണ്ടെങ്കിൽ കേസാക്കും. തട്ടിക്കൊണ്ടു പോകുന്നു എന്ന് തന്നെ പറയും. കേരളത്തിൽ വർഷങ്ങളായി ജോലിക്ക് വേണ്ടി വരുന്നുണ്ട്. പശുവിന്റെ സ്‌കീം പതിനഞ്ചു വർഷമായി തുടങ്ങിയിട്ട് അതിനു കേരള ഗവണ്മെന്റിന്റെ സർട്ടിഫിക്കറ്റ് ഉണ്ട്. പെർളയിൽ നിന്ന് ടാഗ് ചെയ്ത് ഇഞ്ചക്ഷൻ ഒക്കെ കൊടുത്തു ഓരോ ഇടത്തേക്ക് എത്തിക്കും. തൃശൂരേക്ക്, കൊച്ചിയിലേക്ക് ഒക്കെ പശുവിനെ എത്തിക്കാൻ പോയിട്ടുണ്ട്.

മർദ്ദിച്ച ആൾക്കാരെ പിടിക്കണം, ഇല്ലെങ്കിൽ ഇതുപോലെ കച്ചവടം ചെയ്യുന്ന ആൾക്കാർക്ക് ഭയങ്കര ബുദ്ധിമുട്ടാകും. ഇതിൽ ആക്ഷൻ ഉണ്ടായില്ലെങ്കിൽ ഇനിയും ഇതുപോലെ ആൾക്കാരെ ഉപദ്രവിക്കും അവർ. കർണാടകയിൽ അവർ അങ്ങനെ ആണ്. കർണാടകയിൽ പശുവിനെ കൊണ്ടുവന്ന ആളുടെ പേരിൽ കേസാക്കും. പിന്നെ അവരെ സപ്പോർട്ട് ചെയ്യാൻ രാഷ്ട്രീയ ആൾക്കാർ ഉണ്ടാകും, ബിജെപിക്കാരായ എംഎൽഎമാരും എംപിമാരും ഉണ്ടാകും, അതാണ് അവർക്കവിടെ സ്വാതന്ത്ര്യത്തോടെ ഇങ്ങനെ ചെയ്യാൻ പറ്റുന്നത്. ഇങ്ങനെ കൊണ്ടുപോകുമ്പോൾ തടഞ്ഞുനിർത്തി പൈസ പറ്റും, മൊബൈൽ പറ്റും, അവരെ എങ്ങാനും അറസ്റ്റ് ചെയ്താൽ ബിജെപി എംപിയും എംഎൽഎയും ഒക്കെ വിളിച്ചു പറയും, കേസെടുക്കണ്ട എന്ന്. വണ്ടി പോലീസ് സ്റ്റേഷനിൽ ഉണ്ട്. അതിനി പോയി എടുക്കണം. ഹംസ പറയുന്നു.

അൽതാഫ്

ഹംസയുടെ വലതു കൈത്തണ്ടയിൽ മുറിവുണ്ട്. അൽതാഫിന്റെ കാലിൽ അടിയേറ്റ് ചതവുണ്ട്. തലയ്ക്ക് അടിക്കാൻ വന്നപ്പോൾ ഒഴിഞ്ഞു മാറിയതുകൊണ്ടാണ് കാലിൽ അടി കൊണ്ടതെന്ന് അൽതാഫ് പറയുന്നു.

ഹാരിസിന്റെ പരാതിയിൽ അക്ഷയ്, ഗണേഷ്, മിഥുൻ, ത്യാഗേഷ് എന്നിവരുടെ പേരിൽ ഐപിസി 395 പ്രകാരം കേസ് എടുത്തിട്ടുണ്ടെന്നാണ് ബദിയടുക്ക പോലീസ് നൽകിയ വിവരം. ഇവർ ബജ്‌റംഗ് ദൾ പ്രവർത്തകർ ആണെന്ന വിവരത്തെ പറ്റി കൂടുതൽ അന്വേഷിച്ചപ്പോൾ “അങ്ങനെയൊന്നുമില്ല” എന്നായിരുന്നു പോലീസിന്റെ മറുപടി. നാല് പേരെ തിരിച്ചറിഞ്ഞിട്ടും ഇവരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. രണ്ടുപേരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല എന്നും പോലീസ് പറയുന്നു.


Read More Related Articles