“വരുംതലമുറ രൂപപ്പെടേണ്ടത് ചൂഷിതരുടെ ചോരയിൽ നിന്നായിക്കൂടാ”; നാഗ്പൂര്‍ ജയിലില്‍ നിന്ന് പ്രൊഫസര്‍ ജിഎന്‍ സായിബാബയുടെ സന്ദേശം

By on

മാധ്യമപ്രവര്‍ത്തകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ മുകുന്ദന്‍ സി മേനോന്‍റെ പേരില്‍ നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യുമന്‍ റെെറ്റ്സ് ഓര്‍ഗനെെസേഷന്‍സ് ഏര്‍പ്പെടുത്തിയ  അവാര്‍ഡ് സ്വീകരണ പരിപാടിയിലേക്ക് ഡല്‍ഹി യൂണിവേഴ്സിറ്റി പ്രൊഫസര്‍ ജിഎന്‍ സായിബാബ നാഗ്പൂര്‍ ജയിലില്‍ നിന്നും അയച്ച സന്ദേശത്തിന്‍റെ പൂര്‍ണരൂപം.

“ജനാധിപത്യ അവകാശങ്ങളാണ് ഈ കാലഘട്ടത്തിൽ അവകാശങ്ങളുടെ ഏറ്റവും ഉയർന്ന തലം എന്ന് ഞാൻ കരുതുന്നു. ജീവിതത്തിന്റെ നിലനിൽപ്പ് എന്ന ചുരുങ്ങിയ വ്യവഹാരത്തിലേക്ക്‌ മനുഷ്യാവകാശങ്ങളെ ചുരുക്കാനാവില്ല, മറിച്ചു അവകാശങ്ങൾ നിലനിൽക്കുന്നത് മനുഷ്യന്റെ എല്ലാ അഭിലാഷങ്ങളും പൂർത്തീകരിക്കുന്നതിനാണ്. ജീവിതം എന്നത് കൊണ്ട് അർത്ഥമാക്കുന്നത് അഭിവൃദ്ധി പ്രാപിക്കുന്നതിനും അത് നിലനിർത്തുന്നതിനുമുള്ള സ്വാതന്ത്ര്യത്തിന്റെ ഉന്നതമായ ക്രമം എന്നതാണ്. പൗരാവകാശങ്ങൾ പോലും നിയത്രിതമായ ഇന്ന് മഹത്വവത്കരിക്കപ്പെട്ടതും പുതുതായി നിര്മിക്കപ്പെടുന്നതുമായ നിയമങ്ങൾക്ക് ഒരിക്കലും സ്വാതന്ത്ര്യദാഹത്തെ ശമിപ്പിക്കാൻ സാധിക്കില്ല. ജനാധിപത്യ അവകാശങ്ങൾ, മനുഷ്യബോധത്തിന്റെയും ജീവിതാഭിലാഷങ്ങളുടെയും ഉന്നത ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുകയും, മറ്റെല്ലാ രൂപത്തിലുമുള്ള അവകാശങ്ങളെ ഉൾക്കൊള്ളുകയും ചെയ്യുന്നുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഭാവി തലമുറയുടെ നിലനിൽപ്പ് നമ്മൾ നിർബന്ധമായും ഉറപ്പാക്കേണ്ടതുണ്ട്. വരും തലമുറ രൂപപ്പെടേണ്ടത് ചൂഷിതരുടെ ചോരയിൽ നിന്നായിക്കൂടാ. ഭൂമുഖത്തെ പൗരൻ എന്ന നിലയിലും വ്യക്തികൾ എന്ന നിലയിലും നമ്മൾ മാനവ സ്വാതന്ത്ര്യം എന്ന സന്ദേശത്തെ പ്രചരിപ്പിക്കുകയും മാനവികതയുടെ പാഠങ്ങളെ മുന്നോട്ടു കൊണ്ട് പോകേണ്ടതുമുണ്ട്.

അവകാശങ്ങളുടെ സംരക്ഷകർക്ക് പ്രതിസന്ധിയുടെ ഈ പ്രത്യേക ഘട്ടത്തിൽ,  ഭരണകൂട നിർമിതമായ ക്രൂര നിയമങ്ങൾ വളർന്നു വരുന്ന ഈ സന്ധിയിൽ, മുമ്പെന്നത്തേക്കാളുമധികം വലിയ ഉത്തരവാദിത്തമാണ് ഉള്ളത്. ഈ ക്രൂര നിയമങ്ങൾ പടച്ചുവിടുന്ന ശക്തികളുടെ ആദ്യ ലക്ഷ്യം മനുഷ്യാവകാശ സംരക്ഷകർ ആണെന്നുള്ളതിൽ ഒരു സംശയവുമില്ല. അവരാണ് ഏറ്റവും വലിയ വെല്ലുവിളി, അവരാണ് വ്യവസ്ഥിതിയെ അസ്ഥിരപ്പെടുത്തുന്ന ഏറ്റവും വലിയ ശക്തി.

അവകാശങ്ങളുടെ സംരക്ഷകർക്ക് ചരിത്രപരമായ പങ്കാണ് വരാനിരിക്കുന്ന സമരത്തിൽ നിർവഹിക്കാനുള്ളത്, കഠിനമാണെങ്കിലും അത് നമ്മള്‍ ചെയ്തേ തീരൂ. മനുഷ്യാവകാശ സംരക്ഷകരുടെ പ്രവർത്തനത്തിന്റെ അനിവാര്യതയുടെ സമയമാണിത്. എന്നാൽ നിലവിൽ ഞാൻ ചങ്ങലകൾക്കകത്തായതിനാലും പ്രതിസന്ധിയിലായവര്‍ക്കൊപ്പം നില്‍ക്കാന്‍ കഴിയാത്തതിനാലും ദുഖിതനാണ്. ദിവസവും പത്രം വായിക്കുമ്പോൾ അത്തരത്തിൽ സഹായം ആവശ്യമുള്ളവർക്ക് അത് ചെയ്ത് കൊടുക്കാൻ സാധിക്കാത്തതിനെപ്പറ്റി ഓർത്തു എന്റെ ഹൃദയത്തില്‍ നിന്ന് ചോരയൊലിക്കുന്നുണ്ട്. എല്ലാ മനുഷ്യാവകാശ സംരക്ഷകരും ഇക്കാലഘട്ടത്തിൽ ജനങ്ങളുടെ അവകാശങ്ങളെ സംരക്ഷിക്കുന്നതിന് വർധിച്ച ഊർജത്തോട് കൂടി പ്രവർത്തിക്കണമെന്ന് ഞാൻ ഹൃദയപൂർവം അപേക്ഷിക്കുന്നു.

ഈ ഘട്ടത്തിൽ നീതിക്കു വേണ്ടിയുള്ള പോരാട്ടം നമ്മുടെ ഉത്തരവാദിത്തമായിരിക്കണം. ഈ പിന്തിരിപ്പനും ഇരുണ്ടതുമായ ദിനങ്ങളിൽ നാം ആശ കൈ വെടിയാതെ മുന്നോട്ട് നോക്കേണ്ടതുണ്ട്. ഐറിഷ് സോഷ്യലിസ്റ്റ് ആയ റെയ്മണ്ട് വില്യംസ് ഒരിക്കൽ പറഞ്ഞത് പോലെ “യഥാർത്ഥ റാഡിക്കൽ ആവുക എന്നാൽ നിരാശ ബോധ്യപ്പെടുത്തുന്നതിനു പകരം, സാധ്യമാവുന്നത്ര പ്രത്യാശ ഉണ്ടാക്കുക എന്നതാണ് ” എന്നതാണ്. ഇപ്പോൾ ഈ സ്ഥാനത്തെത്തിപ്പെട്ടതിന്റെ ബഹുമതി ഞാൻ സന്തോഷത്തോടു കൂടി സ്വീകരിക്കുന്നു. അതുപോലെതന്നെ ഇപ്പോൾ ഒരുപാട് ആളുകൾ എന്റേത് അടക്കമുള്ള ബഹുജനങ്ങളുടെ അവകാശ സംരക്ഷത്തിനായി പ്രവർത്തിക്കുന്നതും പോരാടുന്നതും കാണുന്നതിൽ എനിക്ക് സന്തോഷമുണ്ട്.”

പ്രൊഫ. സായിബാബയുടെ ഭാര്യ എഎസ് വസന്തകുമാരി, സഹപ്രവര്‍ത്തകനും ഡല്‍ഹി സര്‍വകലാശാല പ്രൊഫസറുമായ ഹാനി ബാബു, രവി നായര്‍ (സൌത് ഏഷ്യന്‍ ഹ്യുമന്‍ റെെറ്റ്സ് ഡോക്യുമെന്‍റേഷന്‍ സെന്‍റര്‍), ഡല്‍ഹി യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്‍റ് നന്ദിത നരെയ്ന്‍, എന്‍സിഎച്ആര്‍ഓ ട്രഷറര്‍ അഡ്വക്കേറ്റ് കെപി മൊഹമ്മദ് ഷരീഫ് എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

സൗത് ഇന്ത്യന്‍ സംസ്ഥാനങ്ങള്‍, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ വിവിധ കേസുകളില്‍ എന്‍സിഎച്ച്ആര്‍ഓ നടത്തിയ വസ്തുതാന്വേഷണ റിപ്പോര്‍ട്ടുകളുടെ സമാഹാരം, Facts Do not Lie എന്ന പുസ്തകം യോഗത്തില്‍ പ്രകാശനം ചെയ്തു.

 


Read More Related Articles