വീണ്ടും വാ​ഗ്ദാനം പാലിക്കാതെ അധികൃതർ; വെള്ളം തരാത്തത് ദളിതരെ അടിമകളാക്കി ക്വാറിക്ക് വേണ്ടി കുടിയൊഴിപ്പിക്കാനെന്ന് സേതു

By on

കിളിമാനൂർ തോപ്പിൽ കോളനിയിലേക്ക് കുടിവെള്ളം എത്തിക്കാമെന്ന് പട്ടികജാതി വികസന ഓഫീസറും പട്ടികജാതി വികസന ബ്ലോക് ഓഫീസറും രേഖാമൂലം ഉറപ്പ് നൽകിയിട്ടും വാ​ഗ്ദാനം പാലിക്കാത്തത് കോളനിയിൽ കഴിയുന്ന ദളിത് കുടുംബങ്ങളെ ക്വാറിക്ക് വേണ്ടി കുടിയൊഴിപ്പിക്കാനെന്ന് ക്വാറി വിരുദ്ധ ജനകീയമുന്നണി കൺവീനർ സേതു. ടാങ്കറില്‍ കുടിവെള്ളം എത്തിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെ അത് കിട്ടിയിട്ടില്ല, സേതു പറയുന്നു.  ഇതേത്തുടർന്ന് പട്ടികജാതി വികസന ബ്ലോക് ഓഫീസിനകത്ത് സമരം ചെയ്യുകയാണ് കോളനിയിൽ കഴിയുന്നവർ.

കോളനിയിൽ പന്ത്രണ്ട് വർഷത്തിലേറെയായി പ്രവർത്തിക്കുന്ന ഐഎസ്ആർഓ ഉദ്യോ​ഗസ്ഥന്റെ ഉടമസ്ഥതയിലുള്ള എകെആർ ക്രഷേഴ്സ് ക്വാറി മാഫിയയും പഞ്ചായത്ത് ഭരണസമിതിയും ചേർന്ന് വീണ്ടും കുടിവെള്ളപദ്ധതി മുടക്കാൻ ശ്രമിക്കുമ്പോഴാണ് ക്വാറിവിരുദ്ധ ജനകീയമുന്നണിയുടെ നേതൃത്വത്തിൽ കിളിമാനൂർ പട്ടിക ജാതി ബ്ലോക്ക് ഓഫീസിനു മുമ്പിൽ 21-03-2019നു കുത്തിയിരിപ്പു സമരം ആരംഭിച്ചത്. അതിനെ തുടർന്ന് 3-4-2019 തിരുവനന്തപുരം പട്ടികജാതി വികസന ഓഫീസറുടെ നേതൃത്വത്തിൽ കിളിമാനൂർ പട്ടികജാതി ബ്ലോക്ക് ഓഫീസിൽ നടന്ന ചർച്ചയിൽ ക്വാറിവിരുദ്ധ ജനകീയമുന്നണി ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കുകയും ഉടനടി കുടിവെള്ള പദ്ധതി പൂർത്തീകരിക്കുമെന്ന് തിരുവനന്തപുരം പട്ടികജാതി വികസന ഓഫീസറും കിളിമാനൂർ പട്ടിക ജാതി ബ്ലോക്ക് ഓഫീസിറും രേഖാമൂലം ഉറപ്പു നൽകിയതിന്റെ അടിസ്ഥാനത്തിൽ പതിനാറാം ദിവസം സമരം നിർത്തിവെച്ചിരുന്നു. എന്നാല്‍ ഈ വാഗ്ദാനം പാലിക്കപ്പെട്ടിട്ടില്ല.


Read More Related Articles