പൗരത്വ ഭേദ​ഗതി വിരുദ്ധ സമരങ്ങളോട് ഐക്യപ്പെടുന്നവർ ഷർജീൽ ഇമാമിനോടും ഐക്യപ്പെടേണ്ടതുണ്ട്; ഷര്‍ജീല്‍ ഉസ്മാനി

By on

പൗരത്വ ഭേദ​ഗതി വിരുദ്ധ സമരങ്ങളോട് ഐക്യപ്പെടുന്നവർ ഷർജീൽ ഇമാമിനോടും ഐക്യപ്പെടേണ്ടതുണ്ട് എന്ന് അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയിലെ മുന്‍ വിദ്യാര്‍ത്ഥിയും വിദ്യാര്‍ത്ഥി നേതാവുമായ ഷര്‍ജീല്‍ ഉസ്മാനി. സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് അലിഗഡ് മുസ്ലിം സർവകലാശാലയിൽ ഞങ്ങൾ വിദ്യാർത്ഥികൾ തുടക്കമിട്ടത് കേവലം ഒരു നിയമത്തിനെതിരായ പോരാട്ടം മാത്രമല്ല, മറിച്ച് നിലനിൽപിന്റെയും ആത്മാഭിമാനത്തിന്റെയും പോരാട്ടം കൂടിയാണ്. ഉത്തര്‍പ്രദേശിൽ നടക്കുന്നത് ഭീകരമായ ഭരണകൂടവേട്ടയാണെന്നും ഇന്ത്യയിലെ സി എ എ വിരുദ്ധ പ്രക്ഷോഭങ്ങളുടെ തുടക്കക്കാരിൽ ഒരാളും ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ദേശീയ സെക്രട്ടറിയുമായ ഷർജീൽ ഉസ്മാനി പറഞ്ഞു.
ഈ സമരങ്ങളെ ഉത്തര്‍പ്രദേശ് ഭരണകൂടം തുടക്കം മുതലേ വളരെ ശത്രുതാപരമായാണ് നേരിട്ടു വരുന്നത്. മോദിയുടെയും അമിത് ഷായുടെയും ഉത്തര്‍പ്രദേശ് പകർപ്പായാണ് യോഗി ആദിത്യനാഥ് പ്രവർത്തിക്കുന്നത്. മുസ്‌ലിംകളോട് പകയോടെയാണ് യോഗി ആദിത്യനാഥ് പെരുമാറുന്നത്. സിഎഎയിലൂടെ നിയമ വിധേയമായ വംശീയ ഉൻമൂലനമാണ് ആദിത്യനാഥിന്‍റെ ഭരണകൂടം ലക്ഷ്യം വച്ചിരിക്കുന്നത്. സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളെ വളരെ ക്രൂരമായാണ് ഉത്തർപ്രദേശ് പോലീസ് നേരിട്ടു കൊണ്ടിരിക്കുന്നത്. മുപ്പതിലധികം പേർ പോലീസ് വെടിവെയ്പിൽ കൊല്ലപ്പെട്ടു. ഏഴായിരത്തിലധികം പേർ സംസ്ഥാനത്തുടനീളം അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു ലക്ഷത്തിലധികം സമരപ്രവർത്തകരുടെ പേരിൽ ഗൗരവതരമായ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്.
സമരങ്ങൾക്ക് നേതൃത്വം നൽകി വരുന്ന വിദ്യാർത്ഥികൾക്കു മേലുൾപ്പെടെ യുഎപിഎ യും രാജ്യദ്രോഹവുമുൾപ്പെടെയുള്ള കേസുകൾ ചുമത്തിക്കൊണ്ട് രാജ്യത്തെ ഭരണകൂടം പ്രക്ഷോഭങ്ങളെയും പ്രക്ഷോഭകരെയും അടിച്ചമർത്താൻ ശ്രമിക്കുകയാണ്.
യാതൊരു പ്രകോപനവുമുണ്ടാക്കാത്ത ഒരു പ്രസംഗത്തിന്റെ പേരിലുള്ള ജെഎൻയു ഗവേഷക വിദ്യാർത്ഥി ഷർജീൽ ഇമാമിന്റെ അറസ്റ്റ് ഇതിനുദാഹരണമാണ്. ഈ സമരങ്ങളോട് ഐക്യപ്പെടുന്നവർ തീർച്ചയായും ഷർജീൽ ഇമാമിനോടും നിരുപാധികം ഐക്യപ്പെടേണ്ടതുണ്ട്. കോഴിക്കോട് പ്രസ് ക്ലബ്ബില്‍ വെച്ച് നടത്തിയ പ്രസ് മീറ്റില്‍ ഷര്‍ജീല്‍ ഉസ്മാനി പറഞ്ഞു.  ഷംസീർ ഇബ്രാഹീം (ഫ്രറ്റേണിറ്റി കേരള സംസ്ഥാന പ്രസിഡൻ്റ്), ഫസ്ന മിയാൻ (ഫ്രറ്റേണിറ്റി കേരള സംസ്ഥാന വൈസ് പ്രസിഡൻ്റ്), ലബീബ് കായക്കൊടി (ഫ്രറ്റേണിറ്റി കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി) എന്നിവരും പ്രസ് മീറ്റില്‍ പങ്കെടുത്തു.
സിഎഎ, എന്‍ആര്‍സി വിരുദ്ധ പോരാട്ടങ്ങളുടെ ഭാഗമായി നാല് ദിവസത്തെ പരിപാടികൾക്കായി കേരളത്തിൽ എത്തിയതായിരുന്നു ഷര്‍ജീല്‍ ഉസ്മാനി. മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലായി വിവിധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തിരുന്നു. ഫ്രറ്റേണിറ്റി കാമ്പസുകളിൽ ആരംഭിക്കുന്ന ഷാഹീൻ ബാഗ് സ്ക്വയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഫറോഖ് കോളേജിൽ നിർവഹിച്ചു


Read More Related Articles