‘ഞാൻ തെറ്റ് ചെയ്തിട്ടില്ല, ഫോണിൽ വിളിച്ചവർ എന്നോട് മര്യാദവിട്ട് സംസാരിച്ചു’; വിനായകൻ പ്രതികരിക്കുന്നു

By on

ഫോണിൽ വിളിച്ച തന്നോട് വിനായകൻ അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്ന ദളിത് ആക്റ്റിവിസ്റ്റിന്‍റെ ആരോപണത്തോടും തുടർന്നുണ്ടായ കേസിനോടും പ്രതികരിച്ച് കൊണ്ട് സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവ് വിനായകൻ കീബോഡ് ജേണലിന് നൽകിയ അഭിമുഖം.

നിങ്ങൾക്കെതിരായ ആരോപണത്തോട് എങ്ങനെ പ്രതികരിക്കുന്നു?
”എന്‍റടുത്ത് വരുന്ന എല്ലാവരോടും ഞാൻ മൂന്നുവട്ടം മര്യാദയ്ക്ക് സംസാരിക്കും. തുടർച്ചയായി പ്രകോപനം ഉണ്ടായാൽ മാത്രമേ ഞാൻ പ്രതികരിക്കൂ. എന്നെ വിളിച്ചത് ഒരു ആണാണ്. പരിപാടിയ്ക്ക് ക്ഷണിക്കാനാണ് വിളിച്ചത്. പരിപാടിക്ക് വരാൻ പറ്റില്ലെന്ന് ഞാൻ മര്യാദയ്ക്ക് പറഞ്ഞു. അത് അവനോട് എന്തെങ്കിലും പ്രശ്നമുള്ളതുകൊണ്ട് പറഞ്ഞതല്ല. ഞാൻ നേരത്തെ സെറ്റ് ചെയ്ത കാര്യമാണ് മൂന്ന് കാര്യങ്ങൾക്ക് നിന്ന് കൊടുക്കില്ല എന്നത്. എന്നെ വച്ച് ഡോക്യുമെന്‍ററി ചെയ്യുന്നതും മാധ്യമങ്ങൾക്ക് കാശുണ്ടാക്കാനുള്ള പരിപാടികൾക്കും, പിന്നെ ഇത്തരം ആക്റ്റിവിസ്റ്റുകളുടെ രാഷ്ട്രീയ പരിപാടികൾക്ക് മുഖമായി വിനായകൻ നിന്ന് കൊടുക്കില്ല എന്നതും. മൂന്ന് തവണ മര്യാദയ്ക്ക്, പറ്റില്ല എന്ന് പറഞ്ഞു. ആ പരിപാടിയ്ക്ക് വരുക എന്നത് എന്‍റെ ബാധ്യതയാണെന്ന മട്ടിൽ അവൻ എന്നോട് സംസാരിച്ചു. നിങ്ങളോട് ഒരാൾ വിളിച്ചിട്ട് ഇങ്ങനെ സംസാരിച്ചാൽ അവിടെ അലമ്പുണ്ടാവില്ലേ? ആദ്യം മര്യാദവിട്ട് സംസാരിച്ചത് അവനാണ്. തുടർന്നാണ് (ആരോപണം ഉന്നയിച്ച) സ്ത്രീ വിളിച്ചത്. അവരെ എനിക്കറിയില്ല. അവർ എന്നെ വിളിച്ചത് പരിപാടിയ്ക്ക് ക്ഷണിക്കാനല്ല. ഞാനും നേരത്തെ വിളിച്ച ആണും തമ്മിലുള്ള പ്രശ്നത്തിൽ ഇടപെടാനാണ് അവർ വിളിച്ചത്. ബാക്കി ഞാൻ ഇപ്പോ പറയുന്നില്ല. കേസ് നടക്കുകയല്ലേ. നടക്കട്ടെ. കുറ്റം ചെയ്തിട്ടില്ലാത്തതുകൊണ്ട് ഞാൻ മുൻകൂർ ജാമ്യം എടുത്തിട്ടില്ല. ഒരു വക്കീലിനെപ്പോലും കണ്ടിട്ടില്ല. എന്റെ പല സുഹ‌ൃത്തുക്കളും നിയമ സഹായം വാ​ഗ്ദാനം ചെയ്ത് വിളിക്കുന്നുണ്ട്. പക്ഷേ അത് ആവശ്യമില്ലെന്നാണ് ഞാൻ പറഞ്ഞിരിക്കുന്നത്.
ഞാൻ സ്ത്രീകളോട് മോശമായി പെരുമാറുന്ന ആളൊന്നുമല്ല. ഞാൻ 25 കൊല്ലമായി സിനിമയിൽ വന്നിട്ട്. ഇതുവരെ സെറ്റിൽ ഒരു സ്ത്രീയോടും മോശമായി പെരുമാറിയിട്ടില്ല. നിങ്ങളൊന്ന് അന്വേഷിച്ച് നോക്ക്. ഇത് വിനായകനും കുറച്ച് ആളുകളും തമ്മിലുള്ള പ്രശ്നമാണെന്ന് കരുതിയോ? ഇത് രണ്ട് സിസ്റ്റങ്ങൾ തമ്മിലുള്ള പ്രശ്നമാണ്”.

ആരോപണത്തിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്ന് വിശ്വസിക്കുണ്ടോ? നിങ്ങളുടെ രാഷ്ട്രീയം എന്താണ്?
”ഞാൻ ദലിതനല്ല. ഞാൻ പുലയനാണ്. കാളിവിശ്വാസിയായ പുലയനാണ്. ഞാൻ ഇങ്ങനെ പറഞ്ഞുവെന്ന് നിങ്ങൾക്ക് എഴുതാൻ ധൈര്യമുണ്ടോ? ഞാൻ ദലിതുമല്ല ഹിന്ദുവുമല്ല. എന്റെ കാളി എന്ന് പറയുന്നത് ഡിസാസ്റ്ററാണ്. ഞാൻ അത് കൊണ്ടാണ് സംഘപരിവാറിന് മറുപടിയായി ഫെയ്സ്ബുക്കിൽ ആ ചിത്രമിട്ടത്. പുലയനായ എനിക്ക് ഒരു പ്രശ്നം വന്നപ്പോൾ ഞാൻ ഒറ്റയ്ക്ക് അത് നേരിട്ടു. അപ്പോ ‘ഇവര്’ എന്നെ പെടുത്താനാണ് നോക്കിയത്. ബട്ട് ഐ ‍ഡോണ്ട് കെയർ. സംഘപരിവാറുമായി പ്രശ്നമുണ്ടായപ്പോൾ മുസ്ലിം സമുദായം എന്നോടൊപ്പം നിന്നു. പ്രത്യേകിച്ച് ജമാഅത്ത് പോലെയുള്ള സംഘടനകളിൽ ഉള്ളവർ. സംഘപരിവാർ ഡെഡ്ലി ക്രിമിനൽസാണ്”.


Read More Related Articles