കഴിച്ച ഭക്ഷണത്തിന്‍റെ പേരിൽ ഒരാൾ ആക്രമിക്കപ്പെടുമ്പോൾ ആക്രമിക്കപ്പെടുന്നത് ഭരണഘടനയാണ്; ജസ്റ്റിസ് ഡിവെെ ചന്ദ്രചൂഢ്

By on

കഴിച്ച ഭക്ഷണത്തിന്റെ പേരിൽ ഒരാൾ ആക്രമിക്കപ്പെടുമ്പോൾ ആക്രമിക്കപ്പെടുന്നത് ഭരണഘടനയാണ് എന്ന് ജസ്റ്റിസ് ഡിവെെ ചന്ദ്രചൂഢ്. ബോംബെ ബാർ അസോസിയേഷൻ സംഘടിപ്പിച്ച ജസ്റ്റിസ് ദേശായ് മെമ്മോറിയൽ ലെക്ചറിൽ ഭരണഘടന എന്തുകൊണ്ട് പ്രസക്തമാകുന്നു? (Why Constitution Matter?) എന്ന വിഷയത്തിൽ സംസാരിക്കവെയാണ് പശുവിന്റെ പേരിൽ സംഘപരിവാർ നടപ്പിലാക്കുന്ന വിദ്വേഷ കൊലപാതകങ്ങളെ ചന്ദ്രചൂഢ് പരാമർശിച്ചത്.

“ഒരു കാർട്ടൂണിസ്റ്റ് ദേശദ്രോഹക്കുറ്റം ചുമത്തപ്പെട്ട് ജയിലിലാകുമ്പോൾ ഭരണഘടന പരാജയപ്പെടുന്നു. ആരാധനാലയങ്ങളെ വിമർശിച്ച ഒരു ബ്ലോ​ഗർക്ക് ജാമ്യത്തിന് പകരം ജയിലാണ് കിട്ടുന്നതെങ്കിൽ ഭരണഘടന പരാജയപ്പെടുന്നു. ജാതിയുടെയും മതത്തിന്റെയും പേരിൽ നമ്മൾ പ്രണയിക്കാനുള്ള അധികാരം നിഷേധിക്കുമ്പോൾ ഭരണഘടന വിതുമ്പുന്നു. ഇതിന്നലെ സംഭവിച്ചു, ഒരു ദളിത് വരന് കുതിരപ്പുറത്തുനിന്നും താഴെയിറങ്ങേണ്ടിവന്നു. ഇത്തരം വാർത്തകൾ നമ്മൾ വായിക്കുമ്പോൾ ഭരണഘടന വിതുമ്പുകയാണ്.

ഭരണഘടനയുടെ ആമുഖത്തിൽ പറഞ്ഞിരിക്കുന്ന ‘നമ്മൾ’ കൂടുതൽ ഉൾക്കൊള്ളാൻ കഴിയുന്നതും വിശാലവുമായ ‘നമ്മൾ’ ആയിരിക്കണം. ഈ ‘നമ്മൾ’ ഒരിക്കലും ജാതിപരമായും വർ​ഗപരമായും മതപരമായും ഏതെങ്കിലും ഒരു വിഭാ​ഗത്തിന് സ്വന്തമാക്കാൻ കഴിയുന്നതല്ല. നിയമലോകത്ത് നിൽക്കുന്നവർ എന്ന നിലയിൽ ഞങ്ങൾക്ക് പറയാനുള്ളത് ഇത്രയുമാണ്, നമ്മുടെ വാക്കുകളുടെ പരിധികൾ നമ്മുടെ ലോകത്തിന് തന്നെ പരിധി കൽപ്പിക്കുന്നവയാണ്. ഭരണഘടന എല്ലാ സ്വത്വങ്ങളെയും ഉൾക്കൊള്ളുന്ന രേഖയാണ്, എല്ലാക്കാലത്തും വളർന്നുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തിന് വേണ്ടിയുള്ള ജീവിക്കുന്ന രേഖയാണ് ഭരണഘടന. പൊതുതാൽപര്യ ഹർജികൾ ജുഡീഷ്യറിയിൽ ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്നതാണ്.

ഭരണഘടന സജീവമായി പ്രവർത്തിക്കുന്നുണ്ട്. നിങ്ങൾക്കത് അത്ര കാര്യമല്ലെങ്കിലും, ഭരണഘടന നിങ്ങളെ ബാധിക്കുന്നുണ്ട്, നിങ്ങളത് വിശ്വസിക്കുന്നില്ലെങ്കിലും.” ജസ്റ്റിസ് ചന്ദ്രചൂഢ് പറഞ്ഞു.


Read More Related Articles