“ഈ ആരോപണങ്ങളില്‍ ഏതെങ്കിലും അവര്‍ക്ക് തെളിയിക്കാന്‍ പറ്റുമോ?”യുഎപിഎ ചുമത്തപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍റെ ഭാര്യ റെയ്ഹാനത്

By on

മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് എതിരെയുള്ള കുറ്റാരോപണങ്ങള്‍ സര്‍ക്കാരിന് തെളിയിക്കാന്‍ പറ്റുമോ എന്ന് ഭാര്യ റെയ്ഹാനത്. അറസ്റ്റ് ചെയ്യപ്പെട്ട് അഞ്ച് ദിവസമാകുമ്പോഴും ഭര്‍ത്താവുമായി സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും റെയ്ഹാനത് കീബോര്‍ഡ് ജേണലിനോട് പറഞ്ഞു.

”വിളിച്ച് സംസാരിക്കാന്‍ പോലും അവര്‍ സ്വാതന്ത്ര്യം കൊടുത്തില്ല. നാലാം തീയ്യതി പന്ത്രണ്ട് മണിയോടെ പതിവുപോലെ ഫോണില്‍ സംസാരിച്ചിരുന്നു. അതിന് ശേഷം സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഫോണില്‍ കിട്ടാതെയായപ്പോള്‍, പ്രമേഹരോഗിയായതുകൊണ്ട് അതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പറ്റി ഹോസ്പിറ്റലില്‍ ആയതാകും എന്ന് വിചാരിച്ച് ഒരു ദിവസം നീക്കി. പിറ്റേന്ന് സുഹൃത്തുക്കള്‍ വിളിച്ചാണ് ഈ കാര്യം അറിയിച്ചത്. അറസ്റ്റ് ചെയ്യപ്പെട്ട ശേഷം ആ വിവരം എന്നെ അറിയിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. ഞാന്‍ അയച്ച മെസേജുകള്‍ കണ്ടിട്ടുണ്ട്, അത് വായിച്ചത് പൊലീസ് ആണെന്ന് പിന്നീട് മനസ്സിലായി. വീട്ടുകാരുമായി സംസാരിക്കാന്‍ പോലും അനുവദിക്കാത്ത എന്ത് തെറ്റാണ് ചെയ്തത് ?’ റെയ്ഹാനത് ചോദിക്കുന്നു. അറസ്റ്റ് നടന്നയുടന്‍ കെയുഡബ്‌ള്യുജെ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് പെറ്റിഷന്‍ ഒക്ടോബര്‍ 12ന് പരിഗണിക്കുന്നത് കാത്തിരിക്കുകയാണ് എന്നും റെയ്ഹാനത് പറഞ്ഞു.

റിപ്പോര്‍ട്ടിങ്ങിനായി ഹത്രസിലേക്കുള്ള യാത്രയ്ക്കിടയില്‍ ഒക്ടോബര്‍ നാലിനാണ് യുപി പൊലീസ് അഴിമുഖം വെബ്‌സൈറ്റിന്റെ ഡല്‍ഹി റിപ്പോര്‍ട്ടറും കെയുഡബ്‌ള്യുജെ ഡല്‍ഹി യൂനിറ്റ് സെക്രട്ടറിയുമായ സിദ്ദീഖ് കാപ്പനെ അറസ്റ്റ് ചെയ്തത്. വിദ്യാര്‍ത്ഥി സംഘടനയായ ക്യാംപസ് ഫ്രണ്ടിന്റെ പ്രവര്‍ത്തകര്‍ക്കൊപ്പമായിരുന്നു സിദ്ദീഖ് യാത്ര ചെയ്തിരുന്നത്.

ഹത്രസില്‍ മനീഷ വാല്‍മീകിക്കെതിരെ ഠാക്കൂര്‍ യുവാക്കള്‍ നടത്തിയ ലൈംഗിക പീഡനത്തെ തുടര്‍ന്നുള്ള വ്യവസ്ഥാപിത കൊലപാതകത്തെ തുടര്‍ന്ന് സര്‍ക്കാരിനെതിരെ ഉയര്‍ന്ന പ്രക്ഷോഭങ്ങള്‍ അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമാണെന്നും അന്താരാഷ്ട്രതലത്തില്‍ സര്‍ക്കാരിനെ അപമാനിക്കാനുള്ള നീക്കമാണെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്നായിരുന്നു സിദ്ദീഖ് കാപ്പനും ക്യാംപസ് ഫ്രണ്ട് ദേശീയ നേതാക്കളും ഇവരുടെ ഡ്രൈവറും അറസ്റ്റ് ചെയ്യപ്പെട്ടത്. യുഎപിഎ നിയമത്തിലെ 15, 17 വകുപ്പുകള്‍, സെഡിഷന്‍, ഐടി ആക്റ്റിലെ വകുപ്പുകള്‍ എന്നിവയാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

”സാമ്പത്തിക പ്രതിസന്ധി കാരണം തത്സമയം പത്രം അടച്ചതിനെ തുടര്‍ന്നാണ് സിദ്ദീഖ് അഴിമുഖത്തില്‍ ജോലിക്ക് ചേര്‍ന്നത്. അറസ്റ്റ് വിവരം അറിഞ്ഞപ്പോള്‍ അഴിമുഖത്തില്‍ നിന്നും വിളിച്ചിരുന്നു, കൂടെ ഉണ്ട് എന്ന് അറിയിച്ചിരുന്നു. അഴിമുഖത്തില്‍ വിളിച്ച് വിവരമറിയിച്ച ശേഷം ഹത്രസിലേക്ക് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയതാണ്. ഇങ്ങനെ ഒരു കേസ് ഉണ്ടാകുമ്പോള്‍ അത് റിപ്പോര്‍ട്ട് ചെയ്യല്‍ ഒരു ജേണലിസ്റ്റിന്‍റെ കടമയല്ലേ?” റെയ്ഹാനത് ചോദിക്കുന്നു.

ജാതീയവും വര്‍ഗീയവുമായ കലാപത്തിന് ആസൂത്രണം ചെയ്യുകയും അതിന് വേണ്ടിയുള്ള ഫണ്ട് ശേഖരിക്കുകയും ചെയ്തു എന്നും അതിനായി ഗൂഢാലോചന നടത്തുന്നതായി യുപി സര്‍ക്കാര്‍ ആരോപിക്കുന്ന ജസ്റ്റിസ്‌ഫോര്‍ഹത്രസ് വിക്റ്റിം എന്ന കാര്‍ഡ്.കോ ഡൊമെയ്‌നിലുള്ള വെബ്‌സൈറ്റുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നുമാണ് ഇവര്‍ക്കെതിരെയുള്ള എഫ്‌ഐആര്‍. എന്നാല്‍ ഈ വെബ്‌സൈറ്റ് ‘ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍’ മുന്നേറ്റവുമായി ബന്ധപ്പെട്ട നിരവധി പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് എന്ന് റിപ്പോര്‍ട്ടുകളുണ്ട്.

”ഈ അറസ്റ്റ് അവരുടെ രാഷ്ട്രീയമാണ്. വിട്ടയക്കും എന്ന് വിവരം കിട്ടിയതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്നും ആളുകള്‍ വാഹനവുമായി പോകുമ്പോഴേക്കും രാജ്യദ്രോഹക്കുറ്റം ചുമത്തിയതായി വാര്‍ത്ത വന്നു. വളരെ പെട്ടെന്നാണ് കേസ് വലുതാക്കിയത്. വീട്ടില്‍ വന്നാലും വീട്ടിലിരുന്ന് ജോലി ചെയ്യുമായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തനമില്ല. കേസുകള്‍ ചുമത്തിയ ദിവസം അഡ്വക്കേറ്റിന് പോലും സിദ്ദീഖിനെ കാണാന്‍ കഴിഞ്ഞില്ല. ഈ ആരോപണങ്ങളില്‍ ഏതെങ്കിലും അവര്‍ക്ക് തെളിയിക്കാന്‍ പറ്റുമോ? തെറ്റ് ചെയ്യാതെ ശിക്ഷിക്കാന്‍ പറ്റുമോ? വാര്‍ത്ത കൊടുക്കാന്‍ പോയതല്ലേ, അത് അവര്‍ക്ക് ഇഷ്ടമല്ലാത്തതുകൊണ്ട് അവര്‍ പിടിച്ചുവെച്ചു. ഈ സാഹചര്യത്തില്‍ അങ്ങോട്ട് കാണാന്‍ പോകാനും കഴിയില്ല, ശബ്ദം കേള്‍ക്കാന്‍ പോലും കഴിഞ്ഞിട്ടില്ല.’ റെയ്ഹാനത് പറഞ്ഞു.

”ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്‍റെ അവകാശങ്ങള്‍ ഹനിച്ചിരിക്കുകയാണ്. ഈ അറസ്റ്റ് മാധ്യമസ്വാതന്ത്ര്യത്തിന് എതിരെ തന്നെയുള്ള വിലക്കാണ്. മാധ്യമപ്രവര്‍ത്തകന്‍ ആണ് എന്ന് അറിഞ്ഞുകൊണ്ട് തന്നെയുള്ള നടപടിയാണ് ഇത് എന്നാണ് ഞങ്ങളുടെ പ്രാഥമിക വിലയിരുത്തല്‍. അതിന്‍റെ അടിസ്ഥാനത്തിലാണ് ഈ കേസില്‍ ഞങ്ങളുടെ നിയമപരമായ നീക്കങ്ങള്‍. നമ്മുടെ യൂനിയന്‍ രാഷ്ട്രീയപരമായി വിവേചനം സൂക്ഷിക്കുന്നില്ല. അറസ്റ്റിനെ തുടര്‍ന്നുള്ള പ്രചരണങ്ങള്‍ നമ്മുടെ മുന്നിലില്ല. അദ്ദേഹത്തിന്‍റെ അവകാശ സംരക്ഷണത്തിനൊപ്പം നില്‍ക്കുകയാണ് ചെയ്യുന്നത്. പ്രധാനമന്ത്രി, യുപി മുഖ്യമന്ത്രി, ഡിജിപി എന്നിവര്‍ക്ക് ഞങ്ങള്‍ കത്തയച്ചിട്ടുണ്ട്. എംപിമാരും കേസില്‍ ഇടപെടുന്നുണ്ട്.’- കെയുഡബ്ല്യുജെ ജനറല്‍ സെക്രട്ടറി ഇഎസ് സുഭാഷ് പറഞ്ഞു. സിദ്ദീഖ് കാപ്പന്‍റെ മോചനം ആവശ്യപ്പെട്ടുകൊണ്ട് കേരള യൂനിയന്‍ ഓഫ് വര്‍ക്കിങ് ജേണലിസ്റ്റ്‌സ് വിവിധ ജില്ലകളിലായി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.


Read More Related Articles