ഡോ.കഫീല്‍ ഖാന്‍റെ മോചനം തടയാന്‍ നീക്കങ്ങള്‍ നടക്കുന്നതായി സഹോദരന്‍; കോടതിയലക്ഷ്യ ഹര്‍ജി നല്‍കുമെന്നും അദീല്‍ഖാന്‍

By on

നിയമപരമായി നിലനില്‍പില്ലെന്ന് ചൂണ്ടിക്കാട്ടി അലഹാബാദ് ഹൈക്കോടതി ഡോ.കഫീല്‍ ഖാന് മേലുള്ള ദേശ സുരക്ഷാ നിയമം പിന്‍വലിച്ച് അതിവേഗ മോചനത്തിന് ആവശ്യപ്പെട്ടുകൊണ്ട് വിധി പറഞ്ഞുവെങ്കിലും ഡോ.കഫീലിന്റെ മോചനം തടയാന്‍ ശ്രമങ്ങള്‍ നടക്കുന്നു. കോടതി വിധി വന്ന ശേഷം സെപ്തംബര്‍ ഒന്നിന് ഉച്ച രണ്ട് മണി മുതല്‍ ഡോ.കഫീല്‍ ഖാന്റെ അഭിഭാഷകന്‍ ഇര്‍ഫാന്‍ ഗാസി അലിഗഢ് ജില്ലാ മജിസ്‌ട്രേറ്റുമായി സംസാരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ഇതുവരെ അതിന് കഴിഞ്ഞില്ലെന്നും ഡോ.കഫീല്‍ ഖാന്റെ സഹോദരന്‍ അദീല്‍ ഖാന്‍ കീബോര്‍ഡ് ജേണലിനോട് പറഞ്ഞു. ജയില്‍ സൂപ്രണ്ടില്‍ നിന്നും ജില്ലാ മജിസ്‌ട്രേറ്റില്‍ നിന്നും തങ്ങള്‍ക്ക് ഡോ.കഫീലിന്റെ മോചനത്തെപ്പറ്റി അനുകൂലമായ ഒരു വിവരവും ലഭിച്ചിട്ടില്ലെന്നും അദീല്‍ ഖാന്‍ പറഞ്ഞു. ജില്ലാ മജിസ്‌ട്രേറ്റില്‍ നിന്നും റിലീസ് ഓര്‍ഡര്‍ കൊണ്ടുവരണമെന്നാണ് ജയില്‍ സൂപ്രണ്ടിന്റെ വാദം. കോടതിവിധിയെ ലംഘിച്ചുകൊണ്ടുള്ള ഈ നീക്കങ്ങള്‍ക്കെതിരെ നാളെ കോടതിയലക്ഷ്യ കേസ് ഫയല്‍ ചെയ്യാന്‍ ഒരുങ്ങുകയാണ് കഫീല്‍ ഖാന്റെ കുടുംബം.

ദേശ സുരക്ഷാ നിയമം പിന്‍വലിച്ചുകൊണ്ടുള്ള കോടതിവിധിയിലെ അതിപ്രധാനമായ വിലയിരുത്തല്‍ അലിഗഢ് ജില്ലാ മജിസ്‌ട്രേറ്റിനെയും പൊലീസിനെയും കുറിച്ചാണ്. അലിഗഢ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഡോ. ഖാന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പാസാക്കിയ ശേഷം മാത്രമാണ് അലിഗഢ് ജില്ലാ മജിസ്‌ട്രേറ്റും പൊലീസ് ഉദ്യോഗസ്ഥരും ദേശ സുരക്ഷാ നിയമം ചുമത്തുന്നതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചത് എന്ന് കോടതിവിധിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. നിലവില്‍ ഡോ.ഖാന് മോചനം വൈകിപ്പിക്കുന്നതിലും അലിഗഢ് ജില്ലാ മജിസ്‌ട്രേറ്റും മഥുര ജയില്‍ സൂപ്രണ്ടും സ്വന്തം അധികാര പരിധികള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.

ഡിസംബര്‍ 12ന് അലിഗഢ് മുസ്ലിം സര്‍വ്വകലാശാലയില്‍ നടന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ 153എ ചുമത്തി അലിഗഢ് പൊലീസ് കേസെടുത്തു. ജനുവരി 29ന് മുംബൈ എയര്‍പോര്‍ട്ടില്‍ വെച്ച് ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തു. ഫെബ്രുവരിയില്‍ ഈ കേസില്‍ അലഹാബാദ് ഹൈ കോടതി ഡോ.കഫീല്‍ ഖാന് ജാമ്യം അനുവദിച്ചു. ഭരണഘടനയിലെ മൗലിക അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടായിരുന്നു അത്. എന്നാല്‍, ഡോ.ഖാനെ സ്വീകരിക്കാന്‍ ജയിലിലെത്തിയ അഭിഭാഷകനോടും ബന്ധുക്കളോടും ദേശ സുരക്ഷാ നിയമം ചുമത്തിയ വിവരം ജയിലധികൃതര്‍ അറിയിക്കുകയായിരുന്നു. മാര്‍ച്ചില്‍ കോവിഡ് ബാധയെ തുടര്‍ന്നു രാജ്യത്തെ ജയിലുകളില്‍ നിന്നും തടവുകാര്‍ക്ക് പരോള്‍ അനുവദിക്കാനുള്ള സുപ്രിം കോടതി വിധിയും ഡോ.കഫീലിന്റെ കാര്യത്തില്‍ മാനിക്കപ്പെട്ടിട്ടില്ല. പരോളിനുള്ള മാനദണ്ഡം ഡോ.കഫീലിന് ഉണ്ടായിരുന്നിട്ട് കൂടിയാണ് ഇത്.

ദേശ സുരക്ഷാനിയമം ചുമത്തിയത് യുപി ഗവണ്മെന്റിന്റെ പ്രതികാര നടപടിയാണ് എന്നാണ് ഡോ.കഫീലിന്‍റെ അഭിഭാഷകന്‍ ഇര്‍ഫാന്‍ ഗാസി പ്രതികരിച്ചത്. ജില്ലാ ഭരണകൂടം ഡോ.ഖാന്റെ പ്രസംഗത്തെ അലിഗഢ് സര്‍വ്വകലാശാലയില്‍ ഡിസംബര്‍ പതിനഞ്ചിനുണ്ടായ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തോട് ബന്ധിപ്പിക്കുകയാണ് ചെയ്തത്, അതിന് പ്രേരിപ്പിച്ചത് ഡോ.ഖാന്റെ പ്രസംഗമാണ് എന്ന കാരണമാണ് ജില്ലാ ഭരണകൂടം നല്‍കുന്നത് എന്നും ഇര്‍ഫാന്‍ ഗാസി കീബോര്‍ഡ് ജേണലിനോട് പറഞ്ഞിരുന്നു.

ഡോ.ഖാന് മേല്‍ ദേശ സുരക്ഷാ നിയമം ചുമത്തിയത് നിയമപരമായി നിലനില്‍പ് ഇല്ലാത്തതാണ് എന്നാണ് അലഹാബാദ് ഹൈക്കോടതിയുടെ പുതിയ വിധി നിരീക്ഷിക്കുന്നത്, രണ്ടുമാസം മുമ്പ് ഒരാള്‍ പറഞ്ഞ ഒരു കാര്യത്തിന്റെ പേരില്‍ അയാളെ കരുതല്‍ തടങ്കില്‍ വെക്കുന്നതിന് നിയമസാധുതയില്ലെന്നും. ഡോ.കഫീല്‍ ഖാന്റെ പ്രസംഗമാണ് അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥി പ്രക്ഷോബത്തിന് കാരണമായത് എന്നതിനും തെളിവുകള്‍ ഒന്നുമില്ലെന്നും കോടതി പറയുന്നു. ഡോ. കഫീല്‍ ഖാന്റെ അലിഗഢ് പ്രസംഗം വിദ്വേഷപരമല്ലെന്നും അക്രമത്തിന് ആഹ്വാനം ചെയ്യുന്നതല്ലെന്നും കോടതി വിധി പറയുന്നു, അതോടൊപ്പം ആ പ്രസംഗം രാജ്യത്തെ പൗരരുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും ആഹ്വാനം ചെയ്യുന്നു എന്നും കോടതി നിരീക്ഷിച്ചിരുന്നു.


Read More Related Articles