കോവിഡ്-സിദ്ദീഖ് കാപ്പന്‍റെ നില ഗുരുതരം; അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് കുടുംബവും മാധ്യമ പ്രവര്‍ത്തകരും

By on

ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ യുഎപിഎ ചാര്‍ത്തി അറസ്റ്റ് ചെയ്ത മലയാളി മാധ്യമ പ്രവര്‍ത്തകന്‍ കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലാണെന്ന് അഭിഭാഷകന്‍. ഹത്രസില്‍ ദലിത് പെണ്‍കുട്ടിയെ ഠാക്കൂര്‍ യുവാക്കള്‍ ലൈംഗികപീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യാനുള്ള യാത്രയ്ക്കിടെയാണ് ഉത്തര്‍പ്രദേശ് പൊലീസ് സിദ്ദീഖ് കാപ്പനെ അറസ്റ്റ് ചെയ്തത്. മഥുര ജയിലില്‍ കഴിയുമ്പോഴാണ് കോവിഡ് ബാധിച്ചത്. സിദ്ദീഖ് കാപ്പന്‍ ഉത്തര്‍പ്രദേശിലെ ഒരു മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ് എന്നാണ് കാപ്പന്‍റെ അഭിഭാഷകന്‍ വില്‍സ് മാത്യൂസില്‍ നിന്നും കുടുംബത്തിന് ലഭ്യമായ വിവരം. എന്നാല്‍, സിദ്ദീഖ് കാപ്പനെ ഡല്‍ഹിയിലുള്ള ഒരു ആശുപത്രിയിലേക്ക് മാറ്റി മതിയായ ചികിത്സ ഉറപ്പുവരുത്തണമെന്ന് ഭാര്യ റെയ്ഹാന കോഴിക്കോട് പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പതിവായ ആരോഗ്യ പരിചരണം ആവശ്യമുള്ള പ്രമേഹരോഗിയും കൊളസ്‌ട്രോള്‍ ബാധിതനുമായ സിദ്ദീഖ് കഴിഞ്ഞ ആറുമാസത്തിലധികമായി മഥുര ജയിലില്‍ തടവിലാണ്. കെയുഡബ്ല്യുജെ ഡല്‍ഹി യൂനിറ്റ് സെക്രട്ടറി കൂടിയാണ് സിദ്ദീഖ് കാപ്പന്‍.

സിദ്ദീഖ് കാപ്പന്‍ ഐക്യദാര്‍ഢ്യ സമിതിയുടെയും കെയുഡബ്‌ള്യുജെയുടെയും നേതൃത്വത്തില്‍ നടന്ന വാര്‍ത്താ സമ്മേളനം അദ്ദേഹത്തിന് അടിയന്തിര ചികിത്സ ഉറപ്പാക്കുന്നതിനുള്ള ഇടപെടല്‍ നടത്താന്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു. നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ യുപി സര്‍ക്കാരിനോട് ആവശ്യപ്പെടണം എന്ന് സമിതി അറിയിച്ചു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി റെയ്ഹാനത്തും കെയുഡബ്‌ള്യുജെയും പിണറായി വിജയന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെയും പ്രതികരണം ഉണ്ടായിട്ടില്ല.

”മൂന്നു ദിവസം മുമ്പാണ് ഞങ്ങള്‍ സംസാരിച്ചത്. വേദനയില്‍ ആണ്, തീരെ വയ്യ എന്നും പാരസിറ്റമോള്‍ തരുന്നുണ്ട് എന്നും പറഞ്ഞു. ഭക്ഷണമൊന്നും കഴിക്കാന്‍ കഴിയുന്നില്ല. ഭക്ഷണം ഇല്ലാത്തതിനാല്‍ നോമ്പ് എടുത്തതുപോലെ തന്നെയാണ് എന്ന് പറയാറുണ്ട്. ചപ്പാത്തി കഴിക്കാന്‍ കഴിയുന്നില്ല, പരിപ്പുകറി കഴിക്കുമ്പോള്‍ വയറിളക്കം ഉണ്ടാകുന്നുണ്ട്. രണ്ട് നേരവും അത് തന്നെയാണ് ഭക്ഷണം. ആ ഭക്ഷണം ഇപ്പോള്‍ അദ്ദേഹത്തിന് കഴിക്കാന്‍ കഴിയാതെ ആയിട്ടുണ്ട്. കാന്‍റീനില്‍ നിന്ന് കിട്ടുന്ന കക്കിരിക്ക അല്ലെങ്കില്‍ തൈര്, ഈ ഭക്ഷണം മാത്രമാണ് കുറേ ദിവസങ്ങളായിട്ട് അദ്ദേഹം കഴിക്കുന്നത്. പ്രമേഹരോഗിയാണ്, ഷുഗര്‍ ഇടക്കിടെ കൂടിപ്പോകുന്നുണ്ട്. അന്ന് രാത്രിയാണ് അദ്ദേഹം ബാത് റൂമില്‍ തളര്‍ന്നുവീണത്. ഇക്കാര്യം പിന്നീടാണ് ഞാന്‍ അറിഞ്ഞത്, ഹോസ്പിറ്റലില്‍ കൊണ്ടുപോയപ്പോഴാണ് കോവിഡ് പോസിറ്റീവ് ആണെന്ന് അറിയുന്നത്. അവിടെനിന്ന് പിന്നീട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. അതിന് ശേഷം സിദ്ദീഖിക്കാന്റെ അവസ്ഥ എന്താണ് എന്ന് എനിക്കറിയില്ല. ഷുഗര്‍ രോഗിയാണ്, പ്രശ്‌നം കോവിഡ് ആകുമ്പോള്‍ രോഗപ്രതിരോധ ശേഷി കുറയുന്ന സമയമാണ്, കൊളസ്‌ട്രോളും പ്രമേഹവും കൂടുതലാണ്. എത്രയും വേഗം ഡല്‍ഹിയിലുള്ള നല്ലൊരു ആശുപത്രിയിലേക്ക് അദ്ദേഹത്തെ മാറ്റണമെന്നാവശ്യപ്പെട്ട് ഹര്‍ജി സുപ്രിം കോടതിയില്‍ നല്‍കിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ കാര്യത്തില്‍ പൊതുസമൂഹവും രാഷ്ട്രീയപാര്‍ട്ടികളും ഇടപെടണം. അദ്ദേഹത്തിന്റെ ജീവന്‍ സംരക്ഷിക്കാന്‍ വേണ്ടി എന്തെങ്കിലും ചെയ്യണം. മാധ്യമപ്രവര്‍ത്തകരും സിദ്ദീഖ് കാപ്പനൊപ്പം നില്‍ക്കണം” റെയ്ഹാനത് മാധ്യമങ്ങളോട് പറഞ്ഞു.

”കോവിഡ് ബാധിക്കുമ്പോഴുള്ള അവസ്ഥ നിങ്ങള്‍ക്ക് അറിയാമല്ലോ. ഒരു ജീവനാണ്. സിദ്ദീഖ് കാപ്പനെതിരെ പലരും പലതും പറയുന്നുണ്ട്. പക്ഷേ എല്ലാവര്‍ക്കും അറിയാം അദ്ദേഹം മാധ്യമപ്രവര്‍ത്തകന്‍ ആണെന്നും വാര്‍ത്ത കൊടുക്കാന്‍ വേണ്ടി പോയതാണെന്നുമുള്ള സത്യം. ഇത് കോടതിക്ക് ബോധ്യപ്പെടുന്ന സമയത്ത് സത്യത്തിന്‍റെയും നീതിയുടെയും കൂടെ നിന്ന് എത്രയും വേഗം അദ്ദേഹത്തിന് ജാമ്യം കിട്ടണം. ഇപ്പോള്‍ അദ്ദേഹത്തിന്‍റെ ആരോഗ്യാവസ്ഥയ്ക്കാണ് മുന്‍ഗണന,” റെയ്ഹാനത് പറഞ്ഞു.

”ഇന്നലെ രാത്രിയാണ് ഒടുവില്‍ അദ്ദേഹത്തിന്‍റെ ആരോഗ്യാവസ്ഥയെക്കുറിച്ച് വിവരം ലഭിച്ചത്. ഗുരുതരാവസ്ഥയില്‍ ആയിരുന്നു. എയിംസിലേക്കോ സഫ്ദര്‍ജങ് ഹോസ്പിറ്റലിലേക്കോ മാറ്റണം എന്നാവശ്യപ്പെട്ടാണ് സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്. ഹര്‍ജി എപ്പോള്‍ പരിഗണിക്കും എന്നതിനെപ്പറ്റിയും അനിശ്ചിതാവസ്ഥയാണ് നിലനില്‍ക്കുന്നത്.” അഡ്വക്കേറ്റ് വില്‍സ് മാത്യൂസ് കീബോര്‍ഡ് ജേണലിനോട് പറഞ്ഞു.

”വളരെ ഗൗരവകരമായ അവസ്ഥയാണ് സിദ്ദീഖിന്‍റേത്. ആറുമാസത്തിലേറെയായി അദ്ദേഹം യുപിയിലെ ജയിലിലാണ്. വളരെ അസാധാരണമായൊരു അവസ്ഥയിലാണ് ആ കേസ് ഉള്ളത്. മാധ്യമപ്രവര്‍ത്തനത്തിന് വേണ്ടി നടത്തിയ ഒരു യാത്രയ്ക്കിടയില്‍ അദ്ദേഹത്തെ ആറുമാസമായി ദേശദ്രോഹം, യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് തടവ്. വളരെ ഗൗരവത്തോടുകൂടി കേരളീയ സമൂഹവും മാധ്യമസമൂഹവും രാഷ്ട്രീയ സമൂഹവും ഇത് കാണേണ്ടതുണ്ട്.’ സിദ്ദീഖ് കാപ്പന്‍ ഐക്യദാര്‍ഢ്യ സമിതി ചെയര്‍ പേഴ്‌സണും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ എന്‍പി ചെക്കുട്ടി പറഞ്ഞു.

”ഒരു മാധ്യമപ്രവര്‍ത്തകന്‍റെ ജീവന്‍ ചെറുതല്ല. ഇന്നലെ മാത്രം ഡല്‍ഹിയില്‍ മൂന്ന് മാധ്യമപ്രവര്‍ത്തകരാണ് കോവിഡ് ബാധിച്ച് മരിച്ചത്. അവരാരും ജയിലില്‍ കിടന്നിട്ടല്ല മരിച്ചത്, തങ്ങളുടെ ചുമതല നിര്‍വ്വഹിക്കുന്നതിനിടെയാണ് അവര്‍ മരിച്ചത്. സ്വതന്ത്രമായി ജീവിക്കുന്ന ആളുകളെ സംബന്ധിച്ച് പോലും അത്രയും ഗുരുതരമായ അവസ്ഥയാണ്. യുപിയില്‍ കോവിഡ് വ്യാപനം തീവ്രമാണ്, ഒരു തരത്തിലുള്ള സുരക്ഷാ സംവിധാനവും ഇല്ലാതെയാണ് ആ സംസ്ഥാനത്ത് കാര്യങ്ങള്‍ നടക്കുന്നത്. അങ്ങനെയൊരു അവസ്ഥയിലേക്ക് പോകുന്നത് നമ്മുടെ സമൂഹത്തിന് അംഗീകരിച്ചുകൊടുക്കാന്‍ കഴിയില്ല. സിദ്ദീഖ് കാപ്പന്‍ ഒരു മലയാളി മാധ്യമപ്രവര്‍ത്തകനാണ്, ദീര്‍ഘകാലം ഞാന്‍ അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകന്‍ ആയിരുന്നു. ഈയൊരു സന്ദര്‍ഭത്തില്‍ അദ്ദേഹത്തിന് അടിയന്തരമായ ചികിത്സ ലഭിക്കാന്‍, നീതി ലഭിക്കാന്‍, ഉടന്‍ ജാമ്യം ലഭിക്കാന്‍ കേരളത്തിലെ സമൂഹം ശബ്ദമുയര്‍ത്തിയേ മതിയാകൂ. കേരള സര്‍ക്കാരും പൊതുസമൂഹവും രാഷ്ട്രീയ പാര്‍ട്ടികളും ഈ കാര്യത്തില്‍ ശക്തമായ നിലപാടെടുക്കണം. കാരണം, വൈകിപ്പോയാല്‍ നമ്മള്‍ നമ്മളോടുതന്നെ ഉത്തരം പറയേണ്ട ഒരു അന്തരീക്ഷമുണ്ടാവും. അത് വളരെ ഖേദകരമായ അന്തരീക്ഷമായിരിക്കും എന്നാണ് എനിക്ക് ഈ സന്ദര്‍ഭത്തില്‍ പറയാനുള്ളത്.” ഈ വിഷയത്തില്‍ ഉടനടി ഇടപെടേണ്ടത് കേരള സര്‍ക്കാരിന്‍റെ ധാര്‍മിക ഉത്തരവാദിത്തം ആണ് എന്നും എന്‍ പി ചെക്കുട്ടി പറഞ്ഞു.

ഇക്കാര്യത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ട് കെയുഡബ്‌ള്യുജെ ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ടെന്നും സുപ്രിം കോടതിയില്‍ ഇടപെടല്‍ നടത്തിയിട്ടുണ്ടെന്നും യൂണിയന്‍റെ കോഴിക്കോട് ജില്ലാ സെക്രട്ടറി പിഎസ് രാഗേഷ് പറഞ്ഞു. ‘സിദ്ദീഖ് കാപ്പന് അടിയന്തിര ചികിത്സ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സുപ്രിം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. കോടതിയുടെ ഇടപെടലില്‍ മാത്രമേ പ്രതീക്ഷ വെക്കുന്നുള്ളൂ. മാധ്യമ സമൂഹത്തിന്റെയും പൊതുസമൂഹത്തിന്റെയും പിന്തുണ വേണ്ട സമയമാണ്.’ രാഗേഷ് പറഞ്ഞു.

സിദ്ദീഖ് കാപ്പന്‍റെ മോചനത്തിനായി കഴിഞ്ഞ ആറുമാസക്കാലമായി നിരവധി സമര പരിപാടികള്‍ തിരുവനന്തപുരം, മലപ്പുറം ജില്ലകളില്‍ സിദ്ദീഖ് കാപ്പന്‍ ഐക്യദാര്‍ഢ്യ സമിതി സംഘടിപ്പിച്ചിട്ടുണ്ട്. സമരം ഡല്‍ഹിയിലേക്ക് വ്യാപിപ്പിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നതിനിടെയാണ് കോവിഡ് വ്യാപനം രൂക്ഷമായത് എന്നും ഐക്യദാര്‍ഢ്യ സമിതി കൂട്ടിച്ചേര്‍ത്തു.


Read More Related Articles