പ്രൊഫ. ഹാനി ബാബു കോവിഡ് ബാധിതനായി, വിദഗ്ധ ചികിത്സ ആവശ്യപ്പെട്ട് കുടുംബം

By on

ഭീമ കൊറേഗാവ് അതിക്രമ ഗൂഢാലോചന കേസില്‍ വിചാരണതടവുകാരനായി മുംബെെ തലോജ ജയിലില്‍ കഴിയുന്ന ഡല്‍ഹി യൂനിവേഴ്‌സിറ്റി പ്രൊഫസര്‍ ഹാനി ബാബുവിന് കോവിഡ് 19 ബാധിച്ചതായി സ്ഥിരീകരിച്ചു.  അദ്ദേഹത്തെ ഗോകുല്‍ദാസ് തേജ്പാല്‍ ഹോസ്പിറ്റലിലേക്ക് മാറ്റിയതായി കുടുംബാംഗങ്ങള്‍ക്ക് വിവരം ലഭിച്ചു.

മെയ് മൂന്ന് മുതല്‍ പ്രൊഫ.ബാബു ഇടതുകണ്ണില്‍ കഠിനമായ വേദനയോടുകൂടിയ അണുബാധ അനുഭവിക്കുകയാണെന്നും ജയില്‍ അധികൃതര്‍ പ്രാഥമികമായ ചികിത്സയും പരിചരണവും നിഷേധിക്കപ്പെടുകയാണ് എന്നും വെളിപ്പെടുത്തി കുടുംബം മെയ് 11ന് മാധ്യമപ്രസ്താവന പുറത്തിറക്കിയിരുന്നു. മെയ് ആറിന് മാത്രം ആശുപത്രിയില്‍ പോകാന്‍ കഴിഞ്ഞ ഹാനി ബാബുവിന് തുടര്‍ചികിത്സയ്ക്ക് വേണ്ടിയും വീണ്ടും കാത്തിരിക്കേണ്ടിവന്നിരുന്നു. കുടുംബത്തിന്‍റയും അഭിഭാഷകയുടെയും തുടര്‍ച്ചയായ ഇടപെടലിലൂടെ മാത്രമാണ് ചികിത്സ ഉറപ്പാക്കാന്‍ കഴിഞ്ഞത്.

മെയ് 11ന് ഹാനി ബാബുവിനെ ജെജെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. പ്രവേശന സമയത്ത് ശേഖരിച്ച സ്രവ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് ആയതായി ആശുപത്രി സ്ഥിരീകരിച്ചത്. ഹാനി ബാബുവിന്‍റെ കണ്ണിലുണ്ടായ അണുബാധയില്‍ ഇതുവരെയും മാറ്റമുണ്ടായിട്ടില്ലാത്തതിനാല്‍, കോവിഡ് ചികിത്സയ്ക്കൊപ്പം കണ്ണിലെ രോഗത്തിനും ചികിത്സ ഉറപ്പാക്കണമെന്ന് മഹാരാഷ്ട്ര സര്‍ക്കാരിനോട് കുടുംബം ആവശ്യപ്പെട്ടു.

ഭീമ കൊറേഗാവ് കേസിലെ കുറ്റാരോപിതരെ ഉടന്‍ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇവരില്‍ പതിനഞ്ച് പേരുടെ കുടുംബാംഗങ്ങള്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേക്ക് കത്തെഴുതിയിരുന്നു. പേഷ്വ രാജവംശത്തിനെതിരായ ദലിത് വിജയാഘോഷത്തിന്‍റെ ഇരുനൂറാം വാര്‍ഷികത്തില്‍ അതിനെതിരെ നടന്ന സംഘപരിവാര്‍ ആക്രമണത്തെ തുടര്‍ന്ന്, വിജയാഘോഷവുമായി ബന്ധപ്പെട്ട് നടന്ന എല്‍ഗാര്‍ പരിഷദ് എന്ന പൊതുപരിപാടിയുമായി ബന്ധപ്പെടുത്തിയാണ് താമസ സ്ഥലങ്ങള്‍ റെയ്ഡ് ചെയ്ത് എന്‍ഐഎ പതിനാറുപേരെയും അറസ്റ്റ് ചെയ്തത്.

“രാജ്യമെങ്ങും സമാനതകളില്ലാത്ത തകര്‍ച്ച നേരിടുമ്പോള്‍ ഞങ്ങളുടെ പ്രിയപ്പെട്ടവര്‍ സ്വന്തം ആരോഗ്യത്തെപ്പറ്റി ഒന്നും അറിയാന്‍ കഴിയാതെ ജയിലില്‍ കഴിയുകയാണ് എന്നത് ഏറെ ദുഖകരമാണ്. തലോജ ജയിലില്‍ ആരോഗ്യ പരിരക്ഷ ലഭിക്കാതെയുണ്ടായ ഒരു കോവിഡ് മരണം ഞങ്ങളുടെ ആശങ്കകളെ ശക്തമാക്കിയിരിക്കുകയാണ്. തലോജ ജയിലിലെ എട്ട് ഉദ്യോഗസ്ഥര്‍ കോവിഡ് ബാധിതരാണ് എന്നതാണ് ലഭ്യമായ മറ്റൊരു വിവരം. ബൈക്കുള്ള ജയിലില്‍ നാല്‍പതോളം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

ഭീമ കൊറേഗാവ് കേസിലെ പല വിചാരണ തടവുകാരും അറുപതിന് മുകളില്‍ പ്രായമുള്ളവരും മറ്റു പല രോഗങ്ങളാലും ബുദ്ധിമുട്ടുന്നവരുമാണ്. കോവിഡ് ബാധയുടെ സാഹചര്യത്തില്‍ ഇവരുടെ ആരോഗ്യം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. കോവിഡ് ബാധയുടെ തീവ്രത കുറയ്ക്കാന്‍ വാക്‌സിനുകള്‍ ഫലപ്രദമാണ് എന്ന വിശ്വാസം നിലനില്‍ക്കുമ്പോഴും ഏപ്രില്‍ അവസാന ആഴ്ചയില്‍ ഗൗതം നവ്‌ലാഖ, വെര്‍നോന്‍ ഗൊണ്‍സാല്‍വസ്, സുധ ഭരദ്വാജ്, ഷോമ സെന്‍ എന്നിവര്‍ക്ക് മാത്രമാണ് വാക്‌സിന്‍ ഒരു ഡോസ് എങ്കിലും ലഭിച്ചത്.

കോവിഡ് കാലഘട്ടം ജയിലില്‍ നിന്നുള്ള പതിവ് ആശയവിനിമയത്തെ ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് മാസങ്ങളായി ഇവര്‍ ഞങ്ങള്‍ക്ക് കത്തുകള്‍ അയച്ചിട്ടുണ്ടെങ്കിലും ഒന്നുപോലും ഞങ്ങള്‍ക്ക് കിട്ടിയിട്ടില്ല. ഞങ്ങളുടെ മറുപടികള്‍ അവരില്‍ എത്തുന്നുണ്ടോ എന്നും അറിയില്ല. ശാരീരികമായ കൂടിക്കാഴ്ചകള്‍ക്കുള്ള അവസരം ജയിലില്‍ നിഷേധിക്കപ്പെട്ടതോടെ ഫോണ്‍ കോളുകള്‍ മാത്രമാണ് ആശ്രയം. അതും അനുവദിക്കപ്പെട്ടിരിക്കുന്നത് പത്ത് ദിവസങ്ങള്‍ കൂടുമ്പോള്‍ നാലോ അഞ്ചോ മിനിറ്റ് മാത്രം. അഭിഭാഷകരും ബന്ധുക്കളുമായ ആശയവിനമയം നടത്താന്‍ വിചാരണ തടവുകാര്‍ക്ക് മുന്നിലുണ്ടായിരുന്ന ഒരേയൊരു വഴിയാണ് കത്തുകള്‍, ഈ ജീവരേഖ തടസപ്പെടുത്തുന്നത് ക്രൂരമായ അനീതിയാണ്.

ഓരോ സംസ്ഥാനത്തെയും തടവുകാരെ മോചിപ്പിക്കുന്നതിനെ കുറിച്ച് തീരുമാനിക്കാന്‍ ഉന്നത അധികാര കമ്മിറ്റികള്‍ രൂപീകരിക്കാനുള്ള അധികാരം സുപ്രിം കോടതി സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇടക്കാല ജാമ്യത്തിലെങ്കിലും ഭീമ കൊറേഗാവ് വിചാരണത്തടവുകാരെ മോചിപ്പിക്കാന്‍ കമ്മിറ്റിയോട് ശുപാര്‍ശ ചെയ്യണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുകയാണ്,” കത്തില്‍ വിശദമാക്കുന്നു.

സാഗര്‍ എബ്രഹാം- ഗോണ്‍സാല്‍വസ് (വെര്‍നോന്‍ ഗൊണ്‍സാല്‍വസ്), ജെനിഫര്‍ കോട് (അഡ്വക്കേറ്റ് അരുണ്‍ ഫെരേര), മിനാല്‍ ഗാഡ്‌ലിങ് (അഡ്വക്കേറ്റ് സുരേന്ദ്ര ഗാഡ്‌ലിങ്), മൊനാലി റൗത് (മഹേഷ് റൗത്), റോയ് വില്‍സണ്‍ (റോണ വില്‍സണ്‍), ശകുന്തളാബായ് പ്രഹ്ലാദ് ധവാലെ (സുധീര്‍ ധവാലെ), അനുസൂയ സിങ് (അഡ്വ.സുധ ഭരദ്വാജ്), കോയല്‍ സെന്‍ (പ്രൊഫ. ഷോമ സെന്‍), രമാ തെല്‍തുംദേ (ഡോ.ആനന്ദ് തെല്‍തുംദേ), സഹ്ബാ ഹുസ്സൈന്‍ (ഗൗതം നവ്‌ലാഖ), ഡോ. ജെനി റൊവേന (ഡോ.ഹാനി ബാബു), ഫാ. ജോ സേവ്യര്‍ (ഫാ.സ്റ്റാന്‍ സ്വാമി), സുരേഖ ഗൊരഖേ (സാഗര്‍ ഗൊരഖേ), പ്രണാലി പരബ് (രമേഷ് ഗായ്‌ചോര്‍), വിമല്‍ രഗോഭാ ജഗ്തപ് (ജ്യോതി ജഗ്തപ്) എന്നിവരാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് കത്തെഴുതിയത്.


Read More Related Articles