സിദ്ദീഖ് കാപ്പനെ എയിംസ് കോവിഡ് വാര്‍ഡില്‍ നിന്നും മഥുര ജയിലിലേക്ക് മാറ്റിയത് കോവിഡ് പരിശോധന നടത്താതെ, മതിയായ ചികിത്സ ലഭിച്ചില്ലെന്ന് സിദ്ദീഖ്

By on

ഉത്തര്‍പ്രദേശ് പൊലീസ് കസ്റ്റഡിയിലുള്ള മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ എയിംസ് കോവിഡ് വാര്‍ഡില്‍ നിന്നും മഥുര ജില്ലാ ജയിലിലേക്ക് മാറ്റിയത് കോവിഡ് പരിശോധന നടത്താതെ. ഇപ്പോള്‍ കോവിഡ് നെഗറ്റീവ് ആണോ, പോസിറ്റീവ് ആണോ എന്ന് അറിയില്ലെന്നും മതിയായ ചികിത്സ ലഭിച്ചിട്ടില്ലെന്നും സിദ്ദീഖ് കാപ്പന്‍ ഫോണ്‍കോളിലൂടെ ഭാര്യ റെയ്ഹാനതിനെ അറിയിച്ചു.

“വൃത്തിഹീനമായ ഒരു മുറിയില്‍, ടോയ്‌ലറ്റ് ഒന്നുമില്ലാത്ത ഒരു മുറിയിലാക്കിയിട്ടുണ്ട്. ഫോണ്‍ ചെയ്യാനായി പുറത്തേക്കിറങ്ങിയതാണ്. അവര്‍ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്യിച്ചു. ഇപ്പോള്‍ കോവിഡ് നെഗറ്റീവാണോ പോസിറ്റീവ് ആണോ എന്നൊന്നും എനിക്കറിയില്ല എന്നാണ് പറഞ്ഞത്.  ചികിത്സ മുഴുവന്‍ ആയിട്ടുമില്ല. വീഴ്ചയില്‍ പല്ലുകള്‍ക്കൊക്കെ ഇളക്കം തട്ടിയിട്ടുണ്ട്. അങ്ങനെയുള്ള ചികിത്സകളൊന്നും നടന്നിട്ടില്ല” സിദ്ദീഖ് കാപ്പന്‍ അറിയിച്ചതായി റെയ്ഹാനത് പറഞ്ഞു.

“ന്യായമായും ബന്ധുക്കള്‍ക്ക് കാണാന്‍ കഴിയണം. ഒരു രോഗിക്ക് മരുന്ന് മാത്രം പോര. ബന്ധുക്കളുടെ സാമീപ്യവും വേണം, സിദ്ദീഖ് കാപ്പന് താടിയിലെയും പല്ലുകളിലെയും ഉള്‍പ്പെടെ പല പരിക്കുകള്‍ ഉണ്ട്. ഗുരുതരാവസ്ഥയിലാണ് ഇപ്പോള്‍ സിദ്ദീഖ് ഉള്ളത്. ബന്ധുക്കള്‍ക്ക് കാണാന്‍ കഴിയാനുള്ള അവസരം ഉണ്ടാക്കണം എന്ന് ആവശ്യപ്പെട്ട് ജയില്‍ സൂപ്രണ്ടിന് അപേക്ഷ നല്‍കിയിട്ടുണ്ട്.”- കാപ്പന്‍റെ അഭിഭാഷകന്‍ വില്‍സ് മാത്യൂസ് പറഞ്ഞു.

ഏപ്രില്‍ മുപ്പതിനാണ് സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സിദ്ദീഖ് കാപ്പനെ മഥുര കെഎം മെഡിക്കല്‍ കൊളേജില്‍ നിന്നും എയിംസിലേക്ക് മാറ്റിയത്. മെയ് രണ്ടിന് റെയ്ഹാനത് കാണാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് ആധാര്‍ കാര്‍ഡിന്‍റെ ഫോട്ടൊയെടുത്ത് അകത്തേക്ക് പോയി തിരിച്ചെത്തി, കാണാന്‍ സാധിക്കില്ല എന്ന് അറിയിക്കുകയായിരുന്നു. എന്നാല്‍, ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ സിദ്ദീഖ് ജയിലിലെത്തി, ജയില്‍ ഹോസ്പിറ്റലില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്, ഡോക്ടറുടെ റിപ്പോര്‍ട്ട് കാത്തിരിക്കുകയാണ് എന്നാണ് ജയില്‍ സൂപ്രണ്ട് പിഡി സലോനിയ കീബോര്‍ഡ് ജേണലിനോട് പറഞ്ഞത്. സിദ്ദീഖ് കാപ്പന്‍റെ ആരോഗ്യം തൃപ്തികരമാണ് എന്നും കോവിഡ് നെഗറ്റീവ് ആയ ശേഷമാണ് ജയിലിലേക്ക് കൊണ്ടുവന്നത് എന്നും ജയില്‍ സൂപ്രണ്ട് പറഞ്ഞു.

“സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചിരിക്കുന്നത് സിദ്ദീഖ് കാപ്പന്‍ കോവിഡ് നെഗറ്റീവ് ആയെന്നാണ്. നെഗറ്റീവ് ആയതുകൊണ്ടാണല്ലോ ഞാന്‍ കാണാന്‍ പോയത്. കോവിഡ് പോസിറ്റീവാണ് എങ്കില്‍ കാണാന്‍ കഴിയില്ല. അങ്ങനെയെങ്കില്‍ അത് കോടതിയെ തെറ്റിദ്ധരിപ്പിക്കലല്ലേ? അത് കൊണ്ടാണ് ഞങ്ങള്‍ കാണാന്‍ ശ്രമിച്ചത്. കോവിഡ് വാര്‍ഡില്‍ ആയിരുന്നില്ല ആദ്യം. യൂറോളജി വാര്‍ഡിലാണ് അഡ്മിറ്റ് ചെയ്തത്, കോവിഡ് നെഗറ്റീവ് ആണ്, മറ്റുപ്രശ്‌നങ്ങള്‍ ചികിത്സിക്കാന്‍ എന്ന രീതിയിലാകും ഹോസ്പിറ്റലില്‍ പറഞ്ഞിട്ടുള്ളത്. പിന്നെയാണ് കോവിഡ് പോസിറ്റീവ് ആയി എന്നു പറഞ്ഞ് കോവിഡ് വാര്‍ഡിലേക്ക് മാറ്റിയത്.  മഥുര മെഡിക്കല്‍ കൊളേജില്‍ നിന്നും മാറ്റുന്ന സമയത്ത് കോവിഡ് ടെസ്റ്റ് ചെയ്തപ്പോഴും കോവിഡ് പോസിറ്റീവ് തന്നെയാണ്. അവിടെനിന്ന് പകര്‍ന്നതല്ല. അവര്‍ ആശുപത്രിയെയും കോടതിയെയും തെറ്റിദ്ധരിപ്പിച്ചു. ഞാന്‍ പോയപ്പോള്‍ 4 സി ബ്ലോക്കില്‍ ആയിരുന്നു. പിന്നീട് കോവിഡ് വാര്‍ഡിലേക്ക് മാറ്റി എന്ന് പറഞ്ഞു. ഒരാള്‍ക്ക് കോവിഡ് പോസിറ്റീവായി അത് നെഗറ്റീവ് ആയിക്കഴിഞ്ഞാല്‍ പിന്നെ ആറു ദിവസങ്ങള്‍ കഴിയുമ്പോള്‍ ഒരിക്കലും കോവിഡ് പോസിറ്റീവ് ആവില്ല. എന്‍റെ അന്വേഷണത്തില്‍ മനസ്സിലാക്കിയത് നെഗറ്റീവ് ആയിക്കഴിഞ്ഞാല്‍ പിന്നെ രണ്ടുമാസമെങ്കിലും കഴിഞ്ഞാലേ വീണ്ടും പോസിറ്റീവ് ആകാനുള്ള സാധ്യതയുള്ളൂ എന്നാണ്.” റെയ്ഹാനത് പറയുന്നു.

റെയ്ഹാനത് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച സുപ്രിം കോടതി സിദ്ദീഖ് കാപ്പന്‍റെ ആരോഗ്യാവസ്ഥയെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കുവാന്‍ ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോര്‍ട്ടില്‍ ഏപ്രില്‍ 20ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സിദ്ദീഖ് കാപ്പനെ ഏപ്രില്‍ 27ന് ഡിസ്ചാര്‍ജ് ചെയ്തതായി രേഖപ്പെടുത്തിയിട്ടുണ്ട്. ശക്തമായ പനി, ശ്വാസമെടുക്കുന്നതിലുള്ള ബുദ്ധിമുട്ട്, താടിയില്‍ പരിക്ക് എന്നിങ്ങനെയാണ് പ്രവേശന സമയത്തെ രോഗാവസ്ഥയെ രേഖപ്പെടുത്തിയിരിക്കുന്നത്.

പ്രമേഹരോഗിയായ ഒരു കോവിഡ് രോഗിക്ക് ഇത്ര പെട്ടെന്ന് എങ്ങനെയാണ് കോവിഡ് നെഗറ്റീവ് ആകുന്നത് എന്ന് റെയ്ഹാനത് ചോദിക്കുന്നു. സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച ഈ റിപ്പോര്‍ട്ട് തെറ്റിദ്ധാരണയുണ്ടാക്കുന്നതാകുന്നത് വീണ്ടും എയിംസിലെ കോവിഡ് വാര്‍ഡില്‍ സിദ്ദീഖ് കാപ്പനെ അഡ്മിറ്റ് ചെയ്തതുമായി ചേര്‍ത്തുവെക്കുമ്പോഴാണ്. എയിംസില്‍ നിന്ന് മാറ്റുമ്പോള്‍ കോവിഡ് ടെസ്റ്റ് നടത്തിയിട്ടുമില്ല. കോവിഡ് പോസിറ്റീവ് ആയ രോഗിയെ മറ്റൊരു വാര്‍ഡിലാക്കിയിട്ടുണ്ടെങ്കില്‍ മറ്റു രോഗികള്‍ക്ക് വൈറസ് ബാധിക്കില്ലേ?  അങ്ങനെ ചെയ്യുന്നത് ശരിയല്ലല്ലോ? മഥുര കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഇതുവരെ പരിഗണിച്ചിട്ടില്ല. അലഹാബാദ് ഹൈ കോടതി ജഡ്ജിക്കെഴുതിയ കത്തിനും മറുപടിയില്ല. ഈ കത്ത് ആദ്യം സൂപ്രണ്ടിനാണ് അയച്ചത്. ശരിക്കും അത് സൂപ്രണ്ടിന് ചെയ്യേണ്ട കാര്യമേ ഉള്ളൂ. പക്ഷേ ഉത്തര്‍പ്രദേശിലെ അവസ്ഥയനുസരിച്ച് സൂപ്രണ്ടിന് അതില്‍ പങ്കില്ലെന്നും കാണാന്‍ സമ്മതിക്കാന്‍ അവര്‍ക്ക് പറ്റില്ലെന്നും പറഞ്ഞു. സൂപ്രണ്ടിന്റെ ഈ മറുപടി സൂചിപ്പിച്ചുകൊണ്ടാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.” റെയ്ഹാനത് പറഞ്ഞു.

ജുഡീഷ്യല്‍ കസ്റ്റഡിയില്‍ രോഗാവസ്ഥയില്‍ കഴിയുന്ന ഒരു രോഗിയെ ബന്ധുക്കള്‍ക്ക് കാണാന്‍ അനുവദിക്കുന്നതില്‍ നിയമപരമായ തടസ്സങ്ങള്‍ ഇല്ല.


Read More Related Articles