കോവിഡ് ബാധിതനായ സിദ്ധീഖ് കാപ്പനെ ആശുപത്രിക്കട്ടിലില്‍ ചങ്ങലക്കിട്ടു; മാനസികമായി എത്ര തളര്‍ന്നിട്ടുണ്ടാവുമെന്ന് ഭാര്യ റെയ്ഹാനത്ത്

By on

കോവിഡ് ബാധിതനായി ഉത്തര്‍പ്രദേശിലെ കെഎം മെഡിക്കല്‍ കൊളേജ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ നാലു ദിവസമായി ആശുപത്രിക്കട്ടിലില്‍ ചങ്ങലയിലിട്ടിരിക്കുകയാണെന്ന് വിവരം. ഇന്ന് വൈകുന്നേരം സിദ്ദീഖ് കാപ്പന്‍ തന്നെയാണ് ഈ വിവരം ഭാര്യ റെയ്ഹാനത്തിനെ ഫോണ്‍ കോളിലൂടെ അറിയിച്ചത്. കുപ്പിയിലാണ് മൂത്രമൊഴിക്കുന്നത്, ജയിലിലെ ടോയ്‌ലറ്റില്‍ വീണപ്പോള്‍ താടിയിലേറ്റ പരിക്ക് കാരണം ഭക്ഷണം കഴിക്കാന്‍ പറ്റാത്ത അവസ്ഥയുമുണ്ടെന്നും സിദ്ദീഖ് കാപ്പന്‍ പറഞ്ഞതായി റെയ്ഹാനത് കീബോര്‍ഡ് ജേണലിനോട് പറഞ്ഞു.
”കെട്ടിയിട്ടിരിക്കുന്ന ഒരാള്‍ക്ക് എന്ത് മെഡിക്കല്‍ കെയര്‍ ആണ് ആശുപത്രി അധികൃതര്‍ കൊടുക്കുന്നത്? റ്റോയ്‌ലറ്റില്‍ പോകാന്‍ കഴിയാത്ത ഒരാള്‍ക്ക് എങ്ങനെയാണ് അസുഖം മാറുന്നത്? മാനസികമായി എത്രത്തോളം തളര്‍ന്നിട്ടുണ്ടാകും? ” റെയ്ഹാനത് ചോദിക്കുന്നു.
ഈ സാഹചര്യത്തില്‍ സിദ്ദീഖ് കാപ്പനെ ആശുപത്രിയില്‍ നിന്നും ജയിലിലേക്ക് മാറ്റാന്‍ ആവശ്യപ്പെടുന്ന അടിയന്തിര ഹര്‍ജി അഭിഭാഷകന്‍ പുതുതായി സ്ഥാനമേറ്റ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണയ്ക്ക് നേരിട്ട് സമര്‍പ്പിച്ചു.
സിദ്ദീഖ് കാപ്പന്റെ ആരോഗ്യ നില തൃപ്തികരമാണ് എന്നാണ് ജയില്‍ സൂപ്രണ്ട് ഇന്ന് രാവിലെ അഭിഭാഷകന് നല്‍കിയ വിവരം. എന്നാല്‍ വൈകുന്നേരത്തോടെ സിദ്ദീഖ് കാപ്പന്‍ തന്നെ തന്‍റെ അവസ്ഥ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ”നാല് ദിവസങ്ങളോളം സിദ്ദീഖ് കാപ്പനെ കട്ടിലില്‍ കെട്ടിയിട്ടു എന്നാണ് അറിയുന്നത്. തികച്ചും ധാര്‍മികതയെ തന്നെ തകര്‍ക്കുന്ന കാര്യമാണത്. ഡല്‍ഹിയിലെ ആശുപത്രിയിലേക്ക് മാറ്റുന്നതും പ്രായോഗികമല്ലാത്തതിനാല്‍ ജയിലിലേക്ക് മാറ്റണം എന്നാണ് ആവശ്യപ്പെടുന്നത്, ജയിലില്‍ ടോയ്‌ലറ്റ് ഉപയോഗിക്കാന്‍ എങ്കിലും കഴിയും,’അഡ്വക്കേറ്റ് വില്‍സ് മാത്യൂസ് കീബോര്‍ഡ് ജേണലിനോട് പറഞ്ഞു.
പ്രമേഹരോഗിയും അമിത രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോളുമുള്ള സിദ്ദീഖ് കാപ്പന് എത്രയും പെട്ടെന്ന് മികച്ച ചികിത്സ ലഭ്യമാക്കാന്‍ കേരള സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കെയുഡബ്‌ള്യുജെയും റെയ്ഹാനത്തും മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയിരുന്നു. ഈ ആവശ്യം ഉന്നയിച്ച് ഇന്നലെ കോഴിക്കോട് സിദ്ദീഖ് കാപ്പന്റെ കുടുംബം വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. എന്നാല്‍ ഇതുവരെയും കേരള സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പ്രതികരണം ഉണ്ടായിട്ടില്ല.
സിദ്ദീഖ് കാപ്പന്‍ അറസ്റ്റ് ചെയ്യപ്പെട്ടതിന്‍റെ പിറ്റേ ദിവസം സുപ്രിം കോടതിയില്‍ കെയുഡബ്‌ള്യുജെ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ ഏഴു തവണയില്‍ കൂടുതല്‍ ഹിയറിങ് നടന്നെങ്കിലും ഇതുവരെയും ഹര്‍ജിയില്‍ കോടതി വിധി ഉണ്ടായിട്ടില്ല. ഇതുകൂടാതെ സമര്‍പ്പിച്ച ജാമ്യ അപേക്ഷയും കോടതിയുടെ പരിഗണനയിലാണ്.
”രാജ്യം ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുകയും ജനങ്ങള്‍ തുല്യതയുടെ ലോകത്തേക്ക് കുടിയേറുകയും ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, സിദ്ദീഖ് കാപ്പന്‍ എന്ന മാധ്യമപ്രവര്‍ത്തകന് ഇടക്കാല ശ്വാസം നല്‍കാനുള്ള, ഭാര്യ റെയ്ഹാനത്തിന്‍റെ ശ്രമമാണ് ഈ ഹര്‍ജി. നിലവില്‍, സിദ്ദീഖ് കാപ്പന്‍ ഒരു മൃഗത്തെപ്പോലെ ആശുപത്രിക്കട്ടിലില്‍ കെട്ടിയിടപ്പെട്ടിരിക്കുകയാണ്. ചലിക്കാന്‍ കഴിയാതെ, നാലു ദിവസമായി ടോയ്‌ലറ്റില്‍ പോകാന്‍ കഴിയാതെ അദ്ദേഹം ഗുരുതരാവസ്ഥയിലാണ്. അടിയന്തിരമായ പരിഹാര നടപടികള്‍ ഉണ്ടായിട്ടില്ലെങ്കില്‍ അകാല മരണത്തിലാണ് ഇത് അവസാനിക്കുക. ജനാധിപത്യത്തിന്‍റെ ശ്വാസമാണ് മാധ്യമങ്ങള്‍. 2020 ഒക്ടോബര്‍ ആറിന് സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുള്‍പ്പെടെ കോടതിയില്‍ മുടങ്ങിക്കിടക്കുന്ന, ആറുമാസത്തിലേറെയായി തടവിലാക്കപ്പെട്ട ഒരു മാധ്യമപ്രവര്‍ത്തകന് ശ്വാസം നല്‍കാനുള്ള ശ്രമമാണ് ഇത്. 2021 ഏപ്രില്‍ 22ന് സമര്‍പ്പിച്ച ഹര്‍ജിയിലുള്ള നടപടിയെന്നോണം സിദ്ദീഖ് കാപ്പനെ മഥുരയിലെ കെഎം മെഡിക്കല്‍ കൊളേജില്‍ നിന്നും സഥുര ജയിലിലേക്ക് മോചിപ്പിക്കാനുള്ള നടപടികള്‍ ഉടനടി കൈക്കൊള്ളണം, ചീഫ് ജസ്റ്റിസിന് നേരിട്ടയച്ച ഹര്‍ജിയില്‍ പറയുന്നു.


Read More Related Articles