വാളയാര്‍ കേസ്: ഹരീഷ് വാസുദേവന്‍റെ അരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞ് അഡ്വ. ബോബി തോമസ്

By on

സുള്‍ഫ മസൂദ്/ അഡ്വ. ബോബി തോമസ്

വാളയാര്‍ പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് കുട്ടികളുടെ അമ്മയും ധര്‍മ്മടം നിയമസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ ഭാഗ്യവതിയ്ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് അഭിഭാഷകനായ ഹരീഷ് വാസുദേവന്‍ ഫെയ്സ്ബുക്കില്‍ എഴുതിയ കുറിപ്പിന് മറുപടിയുമായി ഹൈക്കോടതി അഭിഭാഷകനായ ബോബി തോമസ്. കേസില്‍ ഭരണകൂടത്തിന്‍റെയും പൊലീസ്-ജുഡീഷ്യറി സംവിധാനത്തിന്‍റെയും വീഴ്ചകള്‍ മറച്ചു വച്ച് ദലിതും തൊഴിലാളിയും സ്ഥാനാര്‍ത്ഥിയുമായ ഒരു സ്ത്രീയെപ്പറ്റി തെരഞ്ഞെടുപ്പ് ആരംഭിക്കുന്നതിനു മണിക്കൂറുകള്‍ക്ക് മുന്‍പ് പോസ്റ്റ് എഴുതിയ ഹരീഷിന്‍റെ ഉദ്ദേശ്യത്തില്‍ സംശയം പ്രകടിപ്പിക്കുകയാണ് ബോബി തോമസ്. കീബോഡ് ജോണലിന് നല്‍കിയ ഫോണ്‍ അഭിമുഖത്തിലേക്ക്.

”കഴിഞ്ഞ ദിവസം രാത്രിയിൽ അഡ്വ.ഹരീഷ് വാസുദേവൻ വാളയാറിൽ കൊലചെയ്യപെട്ട പെൺകുട്ടികളുടെ മാതാവും ധർമ്മടത്ത് പിണറായി വിജയനെതിരെ തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥിയുമായ ഭാഗ്യവതിയെ രൂക്ഷമായി വ്യക്തി അധിക്ഷേപം ചെയ്യുകയും, സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലും വാളയാർ ഇരട്ടകൊലപാതക കേസിലെ വസ്തുതകൾക്ക് വിരുദ്ധമായതുമായതുമായ ഒരു ഫേസ്ബൂക് പോസ്റ്റ് കൃത്യമായി തെരഞ്ഞെടുപ്പ് ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് എഴുതുന്നത് തികച്ചും ബോധപൂർവ്വമാണ്. ഭാഗ്യവതിക്ക് ആ പോസ്റ്റ് വായിച്ച് അതിന് മറുപടി കൃത്യമായി തയ്യാറാക്കി പൊതുജനമധ്യത്തിൽ എത്തിക്കുമ്പോഴേക്കും തെരഞ്ഞെടുപ്പ് അവസാനിക്കുമല്ലോ. ഇവിടെ ഭാഗ്യവതിയെന്ന മത്സരാർത്ഥിയെ മാറ്റി നിർത്തിയാലും, ലൈംഗികാക്രമണത്തെ തുടർന്ന് കൊല ചെയ്യപ്പെട്ട രണ്ട് കുട്ടികളുടെ അമ്മയായ, വളരെ താഴ്ന്ന ജീവിത നിലവാരമുള്ള, തൊഴിലാളിയായ, ഒരു ദലിത് സ്ത്രീയെ, അവരുടെ സ്ത്രീത്വത്തേയും അവരുടെ പിന്നോക്ക ജീവിത സാഹചര്യങ്ങളെയും അപമാനിക്കുന്നതാണ് ഹരീഷിൻ്റെ ഫേസ്ബുക്ക് പോസ്റ്റെന്ന് ആദ്യം തന്നെ പറയണം. ഏറ്റവും പ്രധാനപ്പെട്ടതും ഗുരുതരവുമായത് ഹരീഷ് ഭാഗ്യവതിയെ വ്യക്തി അധിക്ഷേപം നടത്താനായി വാളയാർ കേസിലെ പോലീസിൻ്റെ വേർഷൻ വിശദീകരിച്ച് കൊണ്ട് എഴുതിയ ഫേസ് ബുക്ക് പോസ്റ്റ് തികച്ചും വസ്തുതാവിരുദ്ധമാണെന്നുള്ളതാണ്. ഹരീഷിന് ക്രിമിനൽ നിയമങ്ങളെ കുറിച്ച് കൃത്യമായ ധാരണയില്ലാത്തതായിരിക്കാം ഇത്തരം തെറ്റായ വിവരങ്ങൾ പങ്കുവെയ്ക്കാൻ പ്രേരിപ്പിച്ചത്.

2017 ജനുവരിയിലാണ് ഈ സംഭവങ്ങൾ നടക്കുന്നത്. അതേ വർഷം മാർച്ച് മാസത്തിലാണ് രണ്ടാമത്തെ കുട്ടി മരിക്കുന്നത്. ആദ്യത്തെ കുട്ടിയുടെ മരണത്തെ തുടർന്ന് അമ്മയുടെ സഹോദരിയുടെ മകൻ പരാതി കൊടുത്തിരുന്നു. അത് കൊണ്ട് തന്നെ, ഹരീഷ് വാസുദേവൻ വീട്ടുകാർ പരാതി നൽകിയില്ല എന്ന് പറഞ്ഞത് തെറ്റാണ്. അമ്മയുടെ സഹോദരൻ്റെ മകൻ്റെ പേരിലാണ് എഫ് ഐ ആർ ഇട്ടിട്ടുള്ളത്. അവിടം മുതൽ ഹരീഷിൻ്റെ വാദം തെറ്റാണെന്നത് അതിൽ നിന്നും മനസ്സിലാക്കാം. നാട്ടുകാരുടെ പരാതിയിലല്ല പോലീസ് അവിടെ എത്തിയത്. വീട്ടുകാരുടെ പരാതിയെ തുടർന്നുള്ള അന്വേഷണങ്ങളാണ് പൊലീസ് അവിടെ നടത്തിയത്. അന്നവിടെ പോസ്റ്റ്മോര്‍ട്ടം നടപടികളടക്കം നടക്കുകയും ചെയ്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കുട്ടികളുടെ അമ്മ ഭാഗ്യവതിയടക്കം ബന്ധുക്കൾ പലതവണ ആവശ്യപ്പെട്ടിട്ടും പോലീസ് നൽകിയിരുന്നില്ല, അത് കൊണ്ട് തന്നെ പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ടിൻ്റെ ഉള്ളടക്കത്തിലെ സാങ്കേതിക വിവരങ്ങൾ അവർക്ക് അറിയുകയും ഇല്ല. ആ കേസ് അന്വേഷണം നടന്ന് കൊണ്ടിരിക്കുമ്പോൾ,  49ആമത്തെ ദിവസമാണ് രണ്ടാമത്തെ കുട്ടി മരിച്ചത്. വീണ്ടും രണ്ടാമത്തെ കേസും ചാർജ് ചെയ്യപ്പെട്ടു. രണ്ടാമത്തെ സംഭവത്തെ തുടർന്ന് അവിടെത്തെ സിഐ യിലേക്ക് അന്വേഷണം കൈമാറി. സിഐ യുടെ നേതൃത്വത്തിലെ അന്വേഷണമാണ് കുറച്ച് കാര്യക്ഷമമായി അവിടെ നടന്നത്. പിന്നീട് ഡിവൈഎസ്പി സോജൻ ഫ്രാൻസിസ് അന്വേഷണം ചുമതല ഏറ്റെടുത്തു. ഈ രണ്ട് കുട്ടികളുടെയും ശവശരീരം ദഹിപ്പിക്കുകയാണ് ചെയ്തത്. ഹിന്ദു ആചാരപ്രകാരമായിരിക്കാം അങ്ങനെ ചെയ്തത്. ഇത്തരം കേസുകളിൽ മൃതശരീരം എന്ത് ചെയ്യണമെന്ന തീരുമാനം എടുക്കാൻ അന്വേഷണ ഉദ്ദ്യോഗസ്ഥർക്ക് കഴിയും. ഇവിടെ, കൂടുതൽ അന്വേഷണങ്ങൾക്കും, തെളിവുകൾ കണ്ടെത്തുന്നതിനുമായി,കുട്ടികളുടെ മൃതശരീരം സൂക്ഷിക്കേണ്ട സാഹചര്യം ചൂണ്ടിക്കാണിച്ച് മൃതശരീരം കത്തിച്ചുകളയുന്നത് പൊലീസിന് വേണമെങ്കിൽ തടയാമായിരുന്നു. ആദ്യത്തെ കുട്ടിയുടെ സംഭവത്തിൽ മൃതശരീരം ദഹിപ്പിക്കുന്നത് തടയാത്ത പൊലീസ് ഉദ്യോഗസ്ഥർ രണ്ടാമത്തെ സംഭവത്തിലും അതേ നിലപാട് അവർത്തിച്ചു. രണ്ടാമത്തെ കുട്ടിയുടെ മരണം സംഭവിച്ച രണ്ടാമത്തെ ദിവസമാണ് ഡിവൈഎസ്പി സോജൻ അന്വേഷണം ചുമതല ഏറ്റെടുക്കുന്നത്. കൂടുതൽ അന്വേഷണങ്ങൾക്കായി, തെളിവെടുപ്പുകൾക്കായി രണ്ടാമത്തെ കുട്ടിയുടെ മൃതശരീരം കത്തിക്കുന്നത് സോജന് വേണമെങ്കിൽ തടയാമായിരിന്നിട്ടും തടഞ്ഞില്ല. അതൊരു വീഴ്ച്ചയാണ്. കാരണം, കുട്ടികൾ ലൈംഗികാമ്രണങ്ങൾക്ക് വിധേയമായതിന് ശാസ്ത്രീയമായ തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞില്ല എന്ന് ആവർത്തിച്ച് കോടതിയിൽ മൊഴി നൽകിയ അന്വേഷണ ഉദ്യോഗസ്ഥനാണ് സോജൻ. കുട്ടികളുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ടുകളിൽ അസ്വഭാവിക ലൈംഗിക ബന്ധത്തിന് കുട്ടികൾ ഇരയായിട്ടുണ്ടെന്ന് രേഖപ്പെടുത്തിയിട്ടുള്ള സാഹചര്യത്തിലുമാണ് ഇത് സംഭവിക്കുന്നതെന്ന് ഓർക്കണം. അപ്പോൾ, കുട്ടികളുടെ മൃതശരീരങ്ങൾ കൂടുതൽ തെളിവ് കണ്ടെത്തലുകൾക്കായി പ്രിസർവ് ചെയ്യാത്തത് അന്വേഷണ ഉദ്യോഗസ്ഥന്‍റെ ഗുരുതര വീഴ്ച്ചയാണ്. പ്രതികളെ നിയമത്തിൻ്റെ മുന്നിൽ എത്തിക്കണമെന്ന് ആത്മാർത്ഥമായി പരിശ്രമിക്കുന്ന ഒരു അന്വേഷണ ഉദ്യോഗസ്ഥന്‍ അങ്ങനെ പറയില്ലല്ലോ, പോസ്റ്റ് മോർട്ടം സമയത്ത് ശേഖരിച്ച ശരീരത്തിൻ്റെ ഭാഗങ്ങളും, മറ്റ് ശരീര സ്രവങ്ങളും കൃത്യമായ ശാസ്ത്രീയ പരിശോധനകൾക്ക് അയച്ച് കൂടുതൽ തെളിവുകൾ കണ്ടെത്താൻ ശ്രമിക്കേണ്ടതല്ലേ, മറിച്ച് ഈ കേസിൽ അന്വേഷണം കൃത്യമായി നടന്നില്ല എന്ന് മാത്രമല്ല, തുടർ അന്വേഷണത്തിനായുള്ള വഴികളും ഉത്തരവാദിത്തപ്പെട്ടവർ അടച്ചുകളഞ്ഞു.

പകരം ലൈംഗികാക്രമണങ്ങളെ സാധൂകരിക്കുന്ന തെളിവുകൾ കണ്ടെത്താൻ സാധിച്ചില്ല എന്ന് ആവർത്തിച്ച് കോടതിയിൽ മൊഴി നൽകിയ അന്വേഷണ ഉദ്യോഗസ്ഥന്‍ അനാസ്ഥയാണ് ഈ കേസിൽ കാണിച്ചത്. അന്വേഷണത്തിൽ അത്തരത്തിൽ ഒരു തെളിവ് കണ്ടെത്താൻ സാധിച്ചില്ല എന്ന് മൊഴി നൽകുന്നതും കേസന്വേഷണം അത്തരത്തിലേക്ക് വഴി തിരിച്ച് വിടുന്നതും പ്രതികളെ രക്ഷിക്കാൻ ഉതകുന്നതാണെന്ന് അറിയാത്ത ആളുകളല്ലല്ലോ അവർ. ഇത്തരത്തിൽ ലൈംഗികാക്രമണങ്ങൾക്ക് തെളിവുകൾ കണ്ടെത്താൻ അന്വേഷണത്തിൽ സാധിക്കാതെ പോയത് ഗുരുതര വീഴ്ച്ചയാണെന്ന് ഹൈക്കോടതി വിധിയിലും പരാമർശിക്കപ്പെട്ടിട്ടുള്ളതാണ്. കേസിനെ അന്വേഷണ ഉദ്യോഗസ്ഥനും പ്രോസിക്യുട്ടറും ബോധപൂർവ്വം അട്ടിമറിച്ചതാണെന്ന ആരോപണങ്ങളുടെ പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്ന് ഇതാണ്. അതുകൊണ്ടാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട് കണ്ടില്ലെന്ന് നടിച്ച് കൊണ്ട് ഹരീഷിനും കുട്ടികൾ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടില്ല എന്ന പൊലീസ് ഭാഷ്യം തൻ്റെ പോസ്റ്റിൽ അതുപോലെ പകർത്താൻ പറ്റിയതും.

രണ്ടാമത്തേതും, ഏറ്റവും പ്രധാനപ്പെട്ടതുമായ ഹരീഷിൻ്റെ കണ്ടെത്തൽ ഭാഗ്യവതിയുടെയും ഭർത്താവിൻ്റെ മൊഴികളെ കുറിച്ചുള്ളതാണ്.
കുട്ടികളുടെ അമ്മ ഭാഗ്യവതിയും, രണ്ടാമത്തെ കുട്ടിയുടെ അച്ഛനായ ഭാഗ്യവതിയുടെ നിലവിലെ ഭർത്താവും കൊടുത്ത മൊഴികൾ അവർ ഒരിടത്തും ഇതുവരെയും മാറ്റി പറഞ്ഞിട്ടില്ല. ആ മൊഴികൾ അതുപോലെ തന്നെ നിലനിൽക്കുന്ന സന്ദർഭത്തിലാണ് കേസ് ട്രയലിലേക്ക് വരുന്നതും. ഹരീഷിൻ്റെ ഏറ്റവും ഗുരുതര ആരോപണം, ഈ കേസിൽ കുട്ടികളുടെ അമ്മ മൊഴി മാറ്റാനുള്ള സാധ്യത മുന്നിൽകണ്ട്, ഡിവൈഎസ്പി അമ്മയുടെ മൊഴി CrPc 164 പ്രകാരം മജിസ്ട്രേറ്റിൻ്റെ മുന്നിൽ രേഖപ്പെടുത്തിയെന്നതാണ്. സാധാരണ പോക്സോ കേസുകളിൽ ഇത്തരത്തിൽ 164 വകുപ്പ് പ്രകാരം മൊഴി രേഖപ്പെടുത്താറില്ലാ എന്നും, ഭാഗ്യവതിയുടെ സ്വഭാവദൂഷ്യവും, ദുർനടപ്പും എടുത്ത് പറഞ്ഞ് അവരുടെ മൊഴി മാറാനുള്ള സാധ്യത മുന്നിൽ കണ്ടുമാണ് ഇത്തരത്തിൽ നടന്നതെന്നുമാണ് ഹരീഷ് പറഞ്ഞ് വെക്കുന്നത്. ഹരീഷിന്, ക്രിമിനൽ കേസുകളിലെ നടപടികളെ കുറിച്ച് കൃത്യമായ അറിവ് ഇല്ലാത്തതിനാലാകാം  ഇത്തരം ഒരു തെറ്റ് സധൈര്യം പൊതുമധ്യത്തിൽ പറയുന്നത്. സാധരണഗതിയിൽ, ലൈംഗിക കുറ്റകൃത്യങ്ങളും, ദലിത് അട്രോസിറ്റിയും വരുന്ന കേസുകളിൽ 164 മൊഴിയാണ് രേഖപ്പെടുത്താറുള്ളത്. ഈ കുട്ടികൾ മരിച്ചിട്ടില്ലായിരുന്നെങ്കിൽ കുട്ടികളുടെ മൊഴി രേഖപ്പെടുത്താനുള്ള അധികാരം പൊലിസിനായിരിക്കില്ലല്ലോ വരിക. അപ്പോഴും പറയുമോ, കുട്ടികൾ മൊഴി മാറ്റുമെന്ന് ഭയന്നിട്ടാണ് 164 പ്രകാരം മജിസ്ട്രേറ്റോ, മജിസ്ട്രേറ്റിന് തുല്യാധികാരത്തിലുള്ള ഉദ്ദ്യോഗസ്ഥർ മൊഴി രേഖപ്പെടുത്തിയതെന്ന്. 164 മൊഴി സാധ്യമല്ലാത്ത കേസുകളിൽ പൊലിസിനോട് നേരിട്ട് മൊഴി നൽകുന്ന 162 വകുപ്പ് പ്രകാരം മാത്രമെ മൊഴി എടുക്കാൻ സാധിക്കുകയുമുള്ളു. ഇത്തരം കേസുകളിലെ സാധരണ നടപടി മാത്രമാണ് ഇതെന്ന്  അറിയാതെയാണോ ഭാഗ്യവതിയെ വ്യക്തി അധിക്ഷേപം നടത്തിയതെന്ന് ഹരീഷ് പറയേണ്ടതാണ്.

ഇവിടെ, 164 പ്രകാരമാണ് ഭാഗ്യവതിയുടെയും ഭർത്താവിൻ്റെയും മൊഴി രേഖപ്പെടുത്തിയതെങ്കിൽ, ഹരീഷ് വാഴ്ത്തിപ്പാടിയ അന്വേഷണ ഉദ്ദ്യോഗസ്ഥൻ ഗുരുതരമായൊരു വീഴ്ച്ച നടത്തിയിട്ടുണ്ട്. 164 വകുപ്പ് പ്രകാരം മൊഴിയെടുക്കുന്ന മജിസ്ട്രേറ്റിനെ കോടതിയിൽ വിചാരണ ചെയ്യണം, മജിസ്ട്രേറ്റിനെ സാക്ഷി പട്ടികയിൽ ഉൾപെടുത്തുകയും ചെയ്യണം. അതിവിടെ ചെയ്തില്ല. അത് തന്നെ, അന്വേഷണ ഉദ്ദ്യോഗസ്ഥൻ്റെ വലിയൊരു വീഴ്ച്ചയാണ്. കൃത്യമായി ഭാഗ്യവതിയുടെ മൊഴിയെ പറ്റി പറയാൻ പറ്റുന്നത് മൊഴിയെടുത്ത മജിസ്ട്രേറ്റിനാണ്. മൊഴിയെ കുറിച്ചുള്ള ക്രോസ് വിസ്താരമല്ലേ കോടതിയിൽ നടത്താൻ പറ്റുകയുള്ളു. അപ്പോൾ, 164 പ്രകാരമാണ് ഇവരുടെ മൊഴി രേഖപ്പെടുത്തിയതെങ്കിൽ, മജിസ്ട്രേറ്റിനെ വിചാരണ ചെയ്യാത്തതും, സാക്ഷി പട്ടികയിൽ ഉൾപെടുത്താതതും അന്വേഷണ ഉദ്യോഗസ്ഥരുടെ ഗുരുതര വീഴ്ച്ചയാണ്.

പൊലീസ് അന്വേഷണം അവസാനിപ്പിച്ചതിന് ശേഷം കോടതിയിൽ സമർപ്പിക്കുന്ന ചാർജ് ഷീറ്റ് കമ്മിറ്റഡ് പ്രൊസീഡിംഗ്സിന് ശേഷമാണ് പബ്ലിക് പ്രോസിക്യൂട്ടർ ഹാജരായി ട്രയല്‍ ആരംഭിക്കുക. അപ്പോൾ, ആരൊക്കെയാണ് സാക്ഷികൾ, ആരെയൊക്കെയാണ് വിചാരണ ചെയ്യുന്നത് കൃത്യമായി പൊലീസ് ചാർജ് ഷീറ്റിൽ രേഖപ്പെടുത്തണം. റൈറ്റ് ടു ഫെയർ ട്രയല്‍ എന്ന് പറയുന്നത് അമ്മയുടെയും അവകാശമാണല്ലോ? വിചാരണയുടെ ഒരു ഘട്ടത്തിലും, അന്വേഷണ ഉദ്യോഗസ്ഥരും, പ്രൊസിക്യൂട്ടറും ഭാഗ്യവതിയേയോ, അവരുടെ ഭർത്താവിനേയോ കണ്ടിട്ടില്ലായെന്നത് ഭാഗ്യവതി തന്നെ പറയുന്നുണ്ട്. ഒരു ദിവസം അവരെ കോടതിയിലേക്ക് വിളിച്ചിട്ട്, വിചാരണയ്ക്കായി നിൽക്കുമ്പോൾ പോലും ആരാണ് സർക്കാരിൻ്റെ വക്കീലെന്ന് ഭാഗ്യവതിക്ക് അറിയില്ലായിരുന്നു. ഇതൊക്കെ അറിയാനുള്ള അവകാശം നിഷേധിക്കാൻ പാടില്ലാത്തതാണ്. കൂടാതെ, സാധരണ ഗതിയിൽ പ്രതി-വാദിഭാഗം അഭിഭാഷകർ കോടതി വിചാരണക്ക് തൊട്ട് മുൻപ് കോടതിക്ക് പുറത്ത് വിചാരണയിൽ ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങളും, എത്തരത്തിൽ ഉത്തരം നൽകണമെന്ന അഭിപ്രായങ്ങളും പങ്ക് വെക്കുന്ന പതിവുണ്ട്. ഭാഗ്യവതിക്ക് ഇത്തരത്തിൽ ഒന്നും പബ്ലിക് പ്രോസ്യിക്യൂട്ടർ പറഞ്ഞ് കൊടുത്തിരുന്നില്ല. അവർ സ്വയം കോടതിയിൽ കുട്ടികളുടെ മരണത്തിൻ്റെ സംഭവങ്ങൾ വിശദീകരിക്കാൻ ശ്രമിക്കുമ്പോൾ ട്രയല്‍ കേൾക്കാൻ നിയോഗിക്കപ്പെട്ട ജഡ്ജ് “ഈ സ്ത്രീക്ക് (ഭാഗ്യവതിക്ക്) അഹങ്കാരമാണ്” എന്നാണ് കോടതി മുറിയിൽ പറഞ്ഞതും. എല്ലായിടത്തും അവഗണന മാത്രം ലഭിച്ച ആ അമ്മയെ കരിവാരി തേയ്ക്കുന്ന കുറിപ്പ് എഴുതിയ ഹരീഷിന് ഇത് അറിയാത്തതാണെന്ന് നിഷ്കളങ്കമായി കരുതാം.

ഹരീഷിൻ്റെ പോസ്റ്റിൽ ഭാഗ്യവതിക്കെതിരെ ഉന്നയിക്കപ്പെടുന്ന മറ്റൊരു ആരോപണം ഭാഗ്യവതി സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലായെന്നതാണ്. ഒരു കേസിലും വിധിയുടെ മേൽ അപ്പീൽ കൊടുക്കുന്നിടത്ത് സിബിഐ അന്വേഷണം ആവശ്യപ്പെടാൻ പറ്റില്ല. മറിച്ച്, അന്വേഷണം പൂർണ്ണമായും തെറ്റായിരുന്നുവെന്ന് കോടതിയിൽ തെളിയുന്ന സാഹചര്യത്തിൽ, ഹൈക്കോടതിയുടെ മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിട്ടുള്ള മറ്റൊരു ബെഞ്ചാണ് സിബിഐ അന്വേഷണം ഒരു കേസിന് മേൽ ആവശ്യമാണോയെന്ന് പരിശോധിക്കുന്നത്. CrPc 482 പ്രകാരം ഒരു ക്രിമിനൽ കേസിൽ തെറ്റായ അന്വേഷണവും നീതി നിർവ്വഹണവുമാണ് നടന്നിട്ടുള്ളതെന്ന് ബോധ്യപ്പെടുന്ന സാഹചര്യത്തിൽ ഹൈക്കോടതിക്ക് കേസ് പുന:പരിശോധനക്ക് വിധിക്കാം. അതിൽ ഹൈക്കോടതിക്ക് നിലവിലെ എഫ്ഐആർ നിലനിർത്തിക്കൊണ്ടോ, പുതിയ എഫ്ഐആർ ഇട്ടുകൊണ്ടൊ റീ ഇൻവെസ്റ്റിഗേഷനും, ഫർദർ ഇൻവെസ്റ്റിഗേഷനും ഉത്തരവിടാം. അല്ലെങ്കിൽ, സിബിഐക്കോ മറ്റ് അന്വേഷണ ഏജൻസികൾക്കോ കേസ് കൈമാറികൊണ്ട് അസൈൻ ടു എ ഹൈർ ഓഫിസ് ടു എൻക്വയർ എന്ന വിധിയും സാധ്യമാണ്. ഇവിടെ ഹൈക്കോടതി ഫർദർ ഇൻവെസ്റ്റിഗേഷൻ ആവശ്യപ്പെട്ട് കൊണ്ടാണ് വിധി പുറപ്പെടുവിച്ചത്. തുടർന്ന് ഭാഗ്യവതി സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ടുള്ള കേസ് ഫയൽ ചെയ്ത സാഹചര്യത്തിലാണ് സർക്കാർ സിബിഐ അന്വേഷണത്തിന് ഉത്തരവിടുന്നത്. അങ്ങനെ സിബിഐ കേസ് അന്വേഷിക്കാൻ എത്തിയപ്പോൾ, ഒന്നാമത്തെ കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് മാത്രമാണ് സിബിഐക്ക് വിട്ടത്. രണ്ടാമത്തെ കുട്ടിയുടെ മരണവും എഫ് ഐ ആറും അന്വേഷിക്കാൻ സിബിഐയെ ഏൽപ്പിക്കാത്തത് എന്താണെന്ന ഭാഗ്യവതിയുടെ ചോദ്യത്തിന് അതവരുടെ ക്ലറിക്കൽ മിസ്റ്റേക്ക് എന്നുള്ള വിശദീകരണമാണ് സർക്കാർ നൽകിയത്. മാത്രവുമല്ല, ആദ്യത്തെ കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൻ്റെ ഫയലുകൾ സിബിഐ ക്ക് കൈമാറിയില്ല. പിന്നീട് ഹൈക്കോടതി ആവശ്യപ്പെട്ട പ്രകാരം മാത്രമാണ് ഫയലുകൾ സിബിഐ ക്ക് കൈമാറുന്ന സാഹചര്യം പോലും ഉണ്ടാകുന്നത്. അങ്ങനെ അവസാനം വരെ ഒരു സ്റ്റേറ്റിൻ്റെ നിയമപാലകരാൽ ചതിക്കപ്പെട്ട ഒരു അമ്മക്കെതിരെയാണ് പച്ചക്കള്ളങ്ങൾ ഹരീഷ് പറയുന്നത്.

അന്വേഷണ ഉദ്യോഗസ്ഥനായ സോജൻ ഫ്രാൻസിസിൻ്റെ സർവ്വീസിലെ നേട്ടങ്ങൾ വിശദീകരിക്കുന്ന ഹരീഷ് അറിഞ്ഞതോ, മനപ്പൂർവം ഒളിപ്പിച്ചതോ ആയ ഒരു വീഴ്ച്ചയുണ്ട്. ആദ്യത്തെ കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ടിട്ടുള്ള ഒരു പ്രതിക്കെതിരെ സാക്ഷിമൊഴി നൽകിയ വ്യക്തിയെ ഇതുവരെയും ഈ കേസിൽ വിചാരണ ചെയ്തിട്ടില്ല. “ആദ്യത്തെ കുട്ടിയുടെ മരണം നടക്കുന്ന ദിവസം, കുട്ടിയുടെ അച്ഛൻ വീട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങുന്നത് കണ്ടപ്പോൾ, തൻ്റെ കടയിൽ നിന്നും സിഗററ്റ് വാങ്ങി വലിച്ച് കൊണ്ട് നിന്ന പ്രതി കുട്ടിയുടെ വീട്ടിലേക്ക് പോകുന്നത് കണ്ടു” എന്ന കേസിലെ ഏറ്റവും പ്രധാനപ്പെട്ട മൊഴി നൽകിയ സാക്ഷിയെ വിചാരണ ചെയ്യാതിരിക്കുന്നത്, അയാളെ ട്രയലിൽ കൊണ്ട് വരാതെ ഇരിക്കുന്നത് പ്രൊസിക്യൂട്ടർ കേസിനെ നയിക്കുന്ന രീതി തെറ്റായത് കൊണ്ടാണ്. അങ്ങനെ കേസിനെ ദുർബലപ്പെടുത്തുന്ന തരത്തിൽ വിസ്താരം നടത്തുന്ന പ്രൊസിക്യൂട്ടറിനെ മാറ്റാനുള്ള ശ്രമം അവിടെ നടന്നില്ല. റൈറ്റ് ടു ഫെയർ ട്രയല്‍ അനുസരിച്ച് കുട്ടികളുടെ അമ്മക്കാണ് പ്രൊസിക്യൂട്ടറിനെ മാറ്റാനുള്ള അവകാശം, അമ്മയെ കൊണ്ട് അങ്ങനെയൊരു നടപടി എടുക്കാനുള്ള ഉത്തരവാദിത്വം അന്വേഷണ ഉദ്യോഗസ്ഥനുമായിരുന്നു, കാരണം ദിവസവും കോടതിയിൽ ഹാജരായി കേസിൻ്റെ വഴിതിരിവ് അറിയുന്നതും അതിൻ്റെ ഡെവലപ്മെൻറ്സ് മനസ്സിലാക്കാൻ സാധിക്കുന്നതും അന്വേഷണഉദ്യോഗസ്ഥനാണ്. പക്ഷെ, അന്വേഷണഉദ്യോഗസ്ഥൻ ഭാഗ്യവതിയെ കൊണ്ട് അത് ചെയ്യിപ്പിച്ചില്ല. ഇവിടെ നമ്മൾ മനസ്സിലാക്കേണ്ട ഏറ്റവും പ്രധാനപ്പെട്ടകാര്യം, ഭാഗ്യവതി നിയമവിവരങ്ങളില്ലാത്ത വിദ്യാഭ്യാസമില്ലാത്ത ഒരു തൊഴിലാളിയാണ്. അവർക്ക് കേസിൻ്റെ വിവരങ്ങൾ പൂർണ്ണമായി അറിയില്ല, നടപടികൾ അറിയില്ല, വരുന്ന വീഴ്ച്ചകൾ തിരിച്ചറിഞ്ഞ് കൃത്യമായി മുന്നോട്ട് നീങ്ങാൻ സഹായം ആവശ്യമാണ്. പ്രതികളെ നിയമത്തിൻ്റെ മുന്നിൽ എത്തിച്ച് തക്കതായ ശിക്ഷ വാങ്ങി നൽകാൻ വിധിക്കപ്പെട്ടിട്ടുള്ള അന്വേഷണ ഉദ്യോഗസ്ഥൻ മതിയായ തെളിവുകൾ കണ്ടെത്താതെ, തെറ്റായ ദിശയിൽ സഞ്ചരിച്ച പ്രൊസിക്യൂട്ടറെ തിരുത്താനോ മറ്റൊരാളെ നിയമിക്കാനോ തുണിഞ്ഞില്ല എന്നതാണ് ഈ കേസിൽ ഭാഗ്യവതിക്ക് നീതി ലഭിക്കാത്തതിന് പ്രധാന കാരണം.

ഇതിൽ നിന്നൊക്കെ നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത് ഒരു കാൽകുലേറ്റഡ് അട്ടിമറി ഈ കേസിൽ നടന്നിട്ടുണ്ടെന്നതാണ്. പ്രൊസിക്യൂട്ടറും, അന്വേഷണ ഉദ്യോഗസ്ഥരും, ഒരു പരിധിവരെ ജഡ്ജിയും ഇത്തരത്തിൽ ഈ കേസിനെ അട്ടിമറിക്കുന്നതിൽ ഭാഗമായിട്ടുണ്ടെന്നത് വളരെ വ്യക്തമാണ്. കൂടാതെ ഹരീഷ് ഭാഗ്യവതിയെ അധിക്ഷേപിച്ച് കൊണ്ടെഴുതിയ പോസ്റ്റിൻ്റെ ആമുഖമായി പറയുന്നത്, ഹരീഷ് വാളയാർ കേസിൽ അപ്പീലിന് പോകാനായി കേസ് പഠിച്ചുവെന്നാണ്. ഒരു ക്രിമിനൽ കേസിൽ ഒരു കോടതിയുടെ വിധിയുടെ മേൽ അപ്പീൽ പോകാൻ സർക്കാരിനും ഇരയ്ക്കും മാത്രമെ സാധിക്കുകയുള്ളു. അല്ലെങ്കിൽ ഭാഗ്യവതി ഹരീഷിനെ വകാലത്ത് ഏൽപ്പിക്കണം. അത് നടക്കാത്ത സാഹചര്യത്തിൽ ഇത്തരത്തിൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന പ്രസ്താവനകൻ നടത്തുന്നത് അഭിഭാഷകനായ ഹരീഷിന് നിയമം അറിയാത്തത് കൊണ്ടല്ലോ, കൃത്യമായ കള്ളം പറച്ചിൽ ആണല്ലോ.

കേസന്വേഷണത്തിൻ്റെ തുടക്കത്തിൽ, ഡിവൈഎസ്പി സോജൻ കുട്ടികളുടെ അച്ഛനോട് കുറ്റം ഏറ്റെടുക്കാൻ നിർബന്ധിച്ചിരുന്നു. പക്ഷെ, അയാൾ അതിന് തയ്യാറായില്ല. ഇത് കോടതിയിൽ രേഖപ്പെടുത്താത്ത മൊഴിയുമാണ്. ഇത്രയും ക്രൂരമായ നിയമനിഷേധം അനുഭവിക്കേണ്ടി വന്ന ഒരു സ്ത്രീയെയാണ് ഹരീഷ് ആക്രമിച്ചത്. ഹരീഷിന് വസ്തുതകൾ അറിയാഞ്ഞിട്ടില്ല, സാധാരണക്കാരുടെ നിയമ സംവിധാനങ്ങളെ ക്കുറിച്ചുള്ളതും, ഈ കേസിൽ എന്ത് നടന്നുവെന്നതിലെ അഞ്ജതയും ഭാഗ്യവതിക്കെതിരെ കഥകൾ മെനയാൻ മാനിപുലേറ്റ് അവതരിപ്പിക്കുകയാണ് ഹരീഷ് ചെയ്തത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ പൊതുജനത്തെ തെറ്റിധരിപ്പിക്കുന്നതായിരുന്നു.

കേരളത്തിൽ ദലിത്-പിന്നോക്ക സമുദായങ്ങളിൽ വീടുകൾ സുരക്ഷിതമല്ലായെന്നൊരു അവസ്ഥ ഇവിടെ നിലനിൽക്കുന്നുണ്ട്. അത്തരത്തിലുള്ള അരക്ഷിതാവസ്ഥയുടെ ഉത്തരവാദിത്വം അച്ഛനും അമ്മക്കുമാണോ? അതിൻ്റെ ഉത്തരവാദിത്വം സ്റ്റേറ്റിനല്ലേ? അത്തരത്തിലുള്ള സ്റ്റേറ്റിൻ്റെ ഉത്തരവാദിത്ത വീഴ്ച്ചയാണ്, ഈ കേസിൽ നടന്നത്. ഇത്തരത്തിൽ പല തരത്തിലുള്ള അട്ടിമറികൾ നടന്ന കേസിൻ്റെ അട്ടിമറികളിൽ പിണറായി സർക്കാരിനും പങ്കുണ്ട്. പിണറായി വിജയനായി ഇത്തരത്തിൽ വസ്തുതാ വിരുദ്ധമായ പോസ്റ്റിട്ട ഹരീഷ് വാസുദേവൻ്റെ ഗുണ്ടാപ്രവർത്തനമാണ്. അയാളുടെ പോസ്റ്റിന് ലൈക്കുകൾ നൽകിയവരും ഈ കേസിനെ അട്ടിമറിക്കാനുള്ള ഗുണ്ടാ പണിയാണ് ചെയ്യുന്നത്”.


Read More Related Articles