ഹത്രസ്: ഒക്ടോബര്‍ 10ന് അംബേദ്കറെെറ്റ് വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ രാജ്യവ്യാപക പ്രക്ഷോഭം

By on

ഉത്തര്‍പ്രദേശ് ഹത്രസില്‍ ഥാക്കൂര്‍ യുവാക്കളുടെ ലെെംഗിക പീഡനത്തിനിരയായി 19കാരിയായ ദലിത് യുവതി മനീഷ വാത്മീകി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യ വ്യാപക പ്രക്ഷോഭത്തിനൊരുങ്ങി അംബേദ്കറെെറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍. ഒക്ടോബര്‍ പത്തിനാണ്  രാജ്യവ്യാപക പ്രക്ഷോഭം. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജി വെക്കുക, യോഗി ആദിത്യനാഥ്, ജില്ലാ മജിസ്ട്രേറ്റ് പ്രവീണ്‍ ലക്സര്‍, പൊലീസ് സൂപ്രണ്ട് വിക്രാന്ത് വീര്‍ എന്നിവര്‍ക്കെതിരെ എസ് സി, എസ് ടി അതിക്രമങ്ങള്‍ തടയുന്ന നിയമപ്രകാരം കേസെടുക്കുക, മനീഷയുടെ കുടുംബത്തെ നുണ പരിശോധനയ്ക്ക് വിധേയമാക്കാനുള്ള യോഗി സര്‍ക്കാര്‍ നീക്കം പിന്‍വലിക്കുക, മാധ്യമങ്ങളില്‍ ദലിത് സംവരണം ഉറപ്പാക്കുക തുടങ്ങിയവയാണ് അംബേദ്കറെെറ്റ് സംഘടനകള്‍ ഉയര്‍ത്തുന്ന പ്രധാന ആവശ്യങ്ങള്‍.

സമരാഹ്വാന പ്രസ്താവനയുടെ പൂര്‍ണ രൂപം

2006 സെപ്തംബര്‍ 29ന് മഹാരാഷ്ട്രയിലെ ഖൈര്‍ലാഞ്ചി ഗ്രാമത്തില്‍ മറാത്ത കുന്‍ബികള്‍ നടത്തിയ ഖൈര്‍ലാഞ്ചി കൂട്ടക്കൊല വര്‍ഷങ്ങള്‍ക്കിപ്പുറം മുഖ്യധാരാ സവര്‍ണ അക്കാദമിക ലോകത്തിനും മാധ്യമങ്ങള്‍ക്കും ആക്റ്റിവിസ്റ്റുകള്‍ക്കും മുന്നില്‍ ഒരു ഉദാഹരണമായി നിലനില്‍ക്കുകയാണ്. ഭൂമിയുടെ പേരിലുള്ള തര്‍ക്കത്തിന്‍റെ പേരില്‍ ഭോട്മാംഗെ കുടുംബത്തിലെ സ്ത്രീകളെ കുന്‍ബികള്‍ ലൈംഗികമായി പീഡിപ്പിക്കുകയും അവരെ നഗ്നരാക്കി ഗ്രാമത്തിലൂടെ നടത്തിക്കുകയും ഈ കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊലപ്പെടുത്തുകയുമാണ് ചെയ്തത്.

നാഗ്പൂരില്‍ ദലിതര്‍ ഇതിനെതിരെ പ്രതിഷേധിക്കുന്നതുവരെ ദേശീയ ടിവി ചാനലുകളില്‍ ഇതൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല. ഖൈര്‍ലാഞ്ചി കൂട്ടക്കൊല നടന്ന് 14 വര്‍ഷം കഴിഞ്ഞിട്ടും ദലിത് സ്ത്രീകള്‍ക്കെതിരെയുള്ള ഉയര്‍ന്ന ജാതിക്കാരുടെ ലൈംഗിക പീഡനങ്ങള്‍ തടസ്സമില്ലാതെ തുടര്‍ന്നു. കുടുംബത്തില്‍ കൊല്ലപ്പെടാതെ ബാക്കിയായ ഭയ്യാലാല്‍ ഭോട്മാംഗെ 2017ല്‍ നീതി കിട്ടാതെ മരിച്ചു, ഭയ്യാലാലിന്‍റെ മരണം വരെയും സുപ്രിം കോടതി ഈ സംഭവത്തെ ഒരു ജാതി അതിക്രമമായി കണക്കാക്കിയിരുന്നില്ല. ഖൈര്‍ലാഞ്ചിക്ക് ശേഷം രാജ്യത്തെങ്ങും നിരവധി ജാതീയമായ ലൈംഗിക കുറ്റകൃത്യങ്ങള്‍ നടന്നു. എന്നാല്‍ ഇതൊന്നും തന്നെ സവര്‍ണ മുഖ്യധാരയുടെ കണ്ണില്‍ പെട്ടിട്ടില്ല. ഒരു ദലിത് സ്ത്രീക്കെതിരായ അതിക്രമം സവര്‍ണ സ്ത്രീക്കെതിരെ അതിക്രമമുണ്ടാകുമ്പോഴുള്ള രീതിയില്‍ സവര്‍ണ ബ്രാഹ്മണ്യ മാധ്യമങ്ങളില്‍ നിന്നോ സവര്‍ണ ആക്റ്റിവിസ്റ്റുകളില്‍ നിന്നോ പ്രതികരണങ്ങള്‍ ഉണ്ടാക്കുന്നില്ല. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ വിവരങ്ങള്‍ അനുസരിച്ച്, 2019ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 32,033 റേപ് കേസുകളില്‍ 11%, അതായത് 3524 കേസുകളും ദലിത് സ്ത്രീകളുടേതാണ്. ഓരോ ദിവസവും ഏകദേശം 10 ദലിത് സ്ത്രീകള്‍ ഇന്ത്യയില്‍ റേപ് ചെയ്യപ്പെടുന്നുണ്ട്! കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ സ്ത്രീകള്‍ക്ക് നേരെ ലൈംഗിക പീഡനങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത 44% ആയി കൂടിയിട്ടുണ്ട, ദലിത് സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങളുടെ കാര്യത്തിലും ഈ വര്‍ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ആഞ്ഞടിക്കുന്ന ബ്രാഹ്മണ്യ പുരുഷത്വ പദ്ധതിയുടെ നേരിട്ടുള്ള പ്രതിഫലനമാണ് ഇത്. ജാതി പൊലീസ്- ഭരണകൂട- മാധ്യമ സഖ്യത്തിന്‍റെ സംരക്ഷണത്തില്‍ വളരുന്ന പ്രത്യേക ആനുകൂല്യമാണ്  ഇത് വ്യക്തമാക്കുന്നത്.

2020 സെപ്തംബര്‍ 14ന് ഉത്തര്‍പ്രദേശിലെ ഹത്രസില്‍ വാല്‍മീകി സമുദായത്തില്‍ പെട്ട( ഇപ്പോഴും തൊട്ടുകൂടാത്തവരായി കണക്കാക്കപ്പെടുന്ന) 19 കാരിയായ ഒരു പെണ്‍കുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാവുകയുണ്ടായി. തൊട്ടടുത്ത വയലില്‍ പുല്ലരിയാന്‍ അമ്മയ്‌ക്കൊപ്പം പോയ പെണ്‍കുട്ടിയെ നാല് താക്കൂര്‍ പുരുഷന്മാര്‍- സന്ദീപ് സിങ്, ലവ്കുശ്, രവി സിങ്, രാം കുമാര്‍ എന്നിവര്‍ വയലിനകത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി, കഴുത്തില്‍ ദുപ്പട്ട മുറുക്കി കൂട്ട ബലാത്സംഗം ചെയ്തു. പെണ്‍കുട്ടിയുടെ നാവ് മുറിഞ്ഞുപോയിരുന്നു, കഴുത്ത് ഞെരിച്ചതിനാല്‍ കഴുത്തിലും നട്ടെല്ലിലും മാരകമായ പരിക്കുകള്‍ അ്‌വശേഷിക്കുകയും അതു കാരണം ശരീരം തളര്‍ന്നുപോകുകയും ചെയ്തു. മാരകമായ ഈ മുറിവുകള്‍ ഉണ്ടായിട്ടും സംഭവത്തെക്കുറിച്ച് വ്യക്തമായി പൊലീസിന് മൊഴി നല്‍കാന്‍ പെണ്‍കുട്ടിക്ക് കഴിഞ്ഞു. വര്‍ഷങ്ങളായി ഈ പെണ്‍കുട്ടിയെ ഉപദ്രവി്ച്ചിരുന്നു, പീഡകരുടെ കുടുംബം പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് നേരെ നടത്തിയ ആക്രമണങ്ങളുടെ ചരിത്രം തന്നെയുണ്ട്. മാരകമായ മുറിവുകളോട് യുദ്ധം ചെയ്ത് 15 ദിവസങ്ങള്‍ക്ക് ശേഷം പെണ്‍കുട്ടി സഫ്ദര്‍ജങ് ഹോസ്പിറ്റലില്‍ വെച്ച് മരണപ്പെട്ടു. കൊലപാതകികളായ പീഢകരുടെ അതിക്രമങ്ങള്‍ കൂടാതെ, പെണ്‍കുട്ടിക്ക് നീതിയുടെ ഒരു സാധ്യതയും ഉണ്ടാകരുത് എന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉറപ്പാക്കി. കുറ്റകൃത്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ട് പത്ത് ദിവസങ്ങളോളം ലൈംഗിക പീഢകര്‍ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നില്ല. ദലിതര്‍ പ്രതിഷേധമുയര്‍ത്തിയപ്പോള്‍ മാത്രമാണ് അറസ്റ്റ് നടന്നത്. ആവശ്യമായ ആരോഗ്യ പരിരക്ഷയും പെണ്‍കുട്ടിക്ക് ലഭ്യമായിരുന്നില്ല. നട്ടെല്ലിനും അടിവയറിലും വായിലും ഏറ്റ മാരകമായ മുറിവുകള്‍ ഉണ്ടായിരുന്നെങ്കിലും പെണ്‍കുട്ടിക്ക് മതിയായ ചികിത്സ ലഭിച്ചിരുന്നില്ല. ജില്ലാ ഹോസ്പിറ്റലില്‍ സാധാരണ വാര്‍ഡിലാണ് പെണ്‍കുട്ടിയെ പ്രവേശിപ്പിച്ചിരുന്നത്. പിന്നീട് അലിഗഢിലെ ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു. പരിക്കുകളുടെ സ്വഭാവം കണക്കിലെടുത്ത് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് പെണ്‍കുട്ടിയെ റഫര്‍ ചെയ്തു. പക്ഷേ വ്യക്തമാക്കിയിട്ടില്ലാത്ത കാരണങ്ങളാല്‍ സെപ്തംബര്‍ 28ന് പെണ്‍കുട്ടിയെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊട്ടടുത്ത ദിവസം പെണ്‍കുട്ടി മരിച്ചു.
ക്ഷുഭിതരായ പ്രതിഷേധക്കാരെ കയ്യേറ്റം ചെയ്ത് പൊലീസ് ആശുപത്രിയില്‍ നിന്നും പെണ്‍കുട്ടിയുടെ മൃതശരീരം രഹസ്യമായി ഹത്രസിലേക്ക് കൊണ്ടുപോയി. ഹത്രസിലെത്തിയപ്പോള്‍ മകളുടെ ശരീരം കുടുംബത്തിന് കൈമാറണമെന്ന് ആംബുലന്‍സിന്റെ ബോണറ്റില്‍ കിടന്ന് അമ്മ കരഞ്ഞ് പറഞ്ഞു. അവസാനമായി വീട്ടിലേക്ക് കൊണ്ടുപോകുക എന്നതായിരുന്നു അവരുടെ ആവശ്യം. പക്ഷേ പൊലീസും മറ്റ് ഭരണാധികാരികളും അത് കേട്ടില്ല. ദുഖിതരായ കുടുംബാംഗങ്ങളുടെ ആവശ്യം പരിഗണിക്കാതെ ജില്ലാ ഭരണകൂടം അവളുടെ ശരീരം ബലം പ്രയോഗിച്ച് കത്തിച്ച് കളയുകയായിരുന്നു. യോഗി-മോദി ഭരണകാലത്ത് ദലിതര്‍ക്ക് മരണത്തില്‍ പോലും അന്തസ്സില്ല. കുടുംബത്തെ വീട്ടിനകത്ത് പൂട്ടിയിട്ട ശേഷം പുലര്‍ച്ചെ മൂന്ന് മണിക്ക് പെണ്‍കുട്ടിയുടെ ശരീരം കത്തിച്ചുകളഞ്ഞു.

ജനാധിപത്യത്തിന്‍റെ നാലാം തൂണ്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മാധ്യമങ്ങള്‍ സ്വന്തം ജാതീയ സ്വഭാവം തുറന്നുകാട്ടി. സെന്‍സേഷണലായ വാര്‍ത്തകളില്‍ താല്‍പര്യമുള്ള ഈ മാധ്യമങ്ങളുടെ കണ്ണില്‍ ഒരു ദലിത് സ്ത്രീയുടെ, ലൈംഗിക പീഡനത്തെ തുടര്‍ന്നുള്ള കൊലപാതകം അവരുടെ കണ്ണില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതോ കവറേജ് നല്‍കേണ്ടതോ ആയ ഒരു പ്രശ്‌നമായിരുന്നില്ല. ഈ കുറ്റകൃത്യം വേണ്ട രീതിയില്‍ റിപ്പോര്‍ട്ട് ചെയ്ത, ശരിയായ ചോദ്യങ്ങള്‍ ഉന്നയിച്ച വളരെ കുറച്ച് മാധ്യമങ്ങളേ ഉള്ളൂ. എന്നിട്ടും, ഈ ചുരുക്കം ചില മാധ്യമങ്ങളിലും ‘ഉയര്‍ന്ന ജാതിക്കാര്‍ നടത്തിയ അതിക്രമത്തിന്‍റെ ആങ്കിളില്‍’ അല്ലെങ്കില്‍ ദലിത് സ്ത്രീകള്‍ക്കെതിരായ ലൈംഗിക പീഡനത്തിന്‍റെ ആങ്കിളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പലരും തയ്യാറായില്ല. ഭീകരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട ദലിത് സ്ത്രീ പോലും ജാതീയമായ മാധ്യമങ്ങള്‍ക്ക് സഹാനുഭൂതിയോ ഉത്തരവാദിത്തമോ ഉണര്‍ത്താനുള്ള കാരണമാകുന്നില്ല. ദലിത് നേതാക്കളോടും പ്രതിഷേധക്കാരോടും സമാധാനം തകര്‍ക്കുന്നതിനെ കുറിച്ചായിരുന്നു സവര്‍ണ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍.

ദലിതര്‍ക്കെതിരായ അതിക്രമങ്ങള്‍ രാജ്യത്തെങ്ങും വര്‍ധിച്ചിട്ടുണ്ട്, പ്രത്യേകിച്ച് ഥാക്കൂര്‍ മുഖ്യമന്ത്രി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് 45,935 കേസുകള്‍ ദലിതര്‍ക്കെതിരെ മാത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്, ഓരോ ദിവസവും 126ഓളം അതിക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്, അതില്‍ ഉത്തര്‍പ്രദേശില്‍ നടക്കുന്ന അതിക്രമങ്ങളുടെ എണ്ണം കൂടുതലാണ്. ഥാക്കൂര്‍-രജ്പുത് ആധിപത്യവും വ്യവസ്ഥ അവര്‍ക്ക് നല്‍കുന്ന സംരക്ഷണവും സംസ്ഥാനത്ത് തീവ്രമായി വരികയാണ്, പൊലീസ് ഉള്‍പ്പെടെയുള്ള ഭരണകൂട ഉപാധികള്‍ ഉയര്‍ന്ന ജാതിക്കാരെ സംരക്ഷിക്കുവാനായി വ്യവസ്ഥാപിതമായി ഉപയോഗിക്കപ്പെടുകയാണ്. ഈ പ്രതിഭാസം രാമ രാജ്യത്തിന്‍റെയും ഹിന്ദു രാഷ്ട്രത്തിന്‍റെയും പൂര്‍ത്തീകരണമാണ്- ഈ രണ്ട് സങ്കല്‍പങ്ങളും ഹിന്ദു വര്‍ണ വ്യവസ്ഥ ഉയര്‍ത്തിപ്പിടിക്കുന്ന ജാതി ശ്രേണിയെ അടിസ്ഥാനമാക്കിയുള്ളതാണ്.

ഞങ്ങള്‍, രാജ്യത്തിന്‍റെ പല ഭാഗത്തായി പ്രവര്‍ത്തിക്കുന്ന അംബേദ്കറൈറ്റ് സംഘടനകള്‍ മനീഷ വാത്മീകിയുടെ ക്രൂരമായ ലൈംഗിക പീഡന കൊലപാതകത്തെയും ഥാക്കൂറുകളുടെ താല്‍പര്യം സംരക്ഷിച്ചുകൊണ്ട് മാത്രം പ്രവര്‍ത്തിക്കുന്ന അജയ് ബിഷ്ടിന്റെ ഭരണത്തെയും ശക്തമായി അപലപിക്കുന്നു. ദലിതരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന എല്ലാ സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക സംഘടനകളെയും ജാതി വിരുദ്ധ മുന്നേറ്റങ്ങളുടെ ഭാഗമായി സ്വയം പരിഗണിക്കുന്നവരെയും വര്‍ധിക്കുന്ന ഹിന്ദു മേധാവിത്വത്തിനെതിരെ ഒന്നിക്കണമെന്നും ശബ്ദിക്കണമെന്നും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

നമ്മള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുകയാണ്, പരിപൂര്‍ണ നീതിയും “ഉയര്‍ന്ന” ജാതി ഹിന്ദു മേധാവിത്വത്തിനും വ്യവസ്ഥാപിത സംരക്ഷണത്തിനും അവസാനമുണ്ടാകുന്നതുവരെ നമ്മള്‍ പോരാട്ടം തുടരും.

ഈ സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍  Joint Action Council of Ambedkarite Student Organizations against caste violence on Dalits എന്ന പേരില്‍ സംയുക്ത കര്‍മ സമിതി രൂപീകരിച്ചിട്ടുണ്ട്. ദലിത് ശരീരങ്ങള്‍ക്ക് മേല്‍ സവര്‍ണര്‍ നടപ്പിലാക്കുന്ന ജാതീയമായ അതിക്രമങ്ങള്‍ക്കെതിരെ സമരങ്ങള്‍ സംഘടിപ്പിക്കാനാണ് രാജ്യത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അംബേദ്കറൈറ്റ് സംഘടനകളുടെ കൂട്ടായ്മ ലക്ഷ്യമിടുന്നത്. ഇന്നത്തെ സാഹചര്യത്തില്‍ നമ്മള്‍ ലക്ഷ്യമിടുന്നത് മനീഷാ വാത്മീകിയുടെ നീതിക്ക് വേണ്ടിയുള്ള സമരം സജീവമാക്കുകയും അതിനായുള്ള ശ്രമങ്ങള്‍ ഏകീകരിക്കുക എന്നതിലുമാണ്.
ഞങ്ങളുടെ ആവശ്യങ്ങള്‍ ഇവയാണ്,

  • ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അജയ് സിങ് ബിഷ്ട് എന്ന യോഗി ആദിത്യനാഥ് എത്രയും പെട്ടെന്ന് രാജി വെക്കുക.
  • ഹത്രസ് ജില്ലാ മജിസ്‌ട്രേറ്റ് പ്രവീണ്‍ കുമാര്‍ ലക്‌സര്‍, ഹത്രസ് പൊലീസ് സൂപ്രണ്ട് വിക്രാന്ത് വീര്‍ എന്നിവരെ സര്‍വ്വീസില്‍ നിന്നും പുറത്താക്കുക.
  • എസ് സി എസ് ടി അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമം ഹത്രസ് ജില്ലാ മജിസ്‌ട്രേറ്റ് പ്രവീണ്‍ കുമാര്‍ ലക്‌സറിനെതിരെയും ഹത്രസ് എസ് പി വിക്രാന്ത് വീറിനെതിരെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അജയ് സിങ് ബിഷ്ടിനെതിരെയും ചുമത്തുക,
  • ഇരയുടെ കുടുംബാംഗങ്ങളെ നാര്‍കോ ടെസ്റ്റിന് വിധേയമാക്കണം എന്ന അജയ് ബിഷ്ട് സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കുക
  • പട്ടികജാതി വിഭാഗത്തില്‍ പെട്ടവരുടെ ഭൂരിപക്ഷമുള്ള, സുപ്രിം കോടതിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം കേസ് അന്വേഷിക്കണം.
  • ഈ കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നതും പെണ്‍കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയവരുമായ ഡോക്ടര്‍മാരെ പറ്റി അന്വേഷിക്കാന്‍ ഒരു അന്വേഷണ സമിതി രൂപീകരിക്കണം.
  • ഇരയുടെ കുടുംബത്തിന് ഭൂമി നല്‍കണം, കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി ഉറപ്പാക്കണം.
    ഗ്രാമത്തിലെ ഥാക്കൂര്‍ വിഭാഗക്കാരില്‍ നിന്നും ഭീഷണികള്‍ അവസാനിക്കുന്നതുവരെ, അല്ലെങ്കില്‍ ആജീവനാന്ത സുരക്ഷ സര്‍ക്കാര്‍ ഈ കുടുംബത്തിന് ഉറപ്പാക്കണം.
  • പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്കെതിരായ പീഡന കേസുകള്‍ അന്വേഷി്ക്കാന്‍ അതിവേഗ കോടതികള്‍ രാജ്യം മുഴുവനും പ്രവര്‍ത്തന സജ്ജമാക്കണം.
  • മാധ്യമ സ്ഥാപനങ്ങളില്‍ ദലിത് സംവരണം, ദലിത് സ്ത്രീകള്‍ക്ക് മുന്‍ഗണനയോടെ.

ഈ പ്രസ്താവനയില്‍ ഒപ്പുവെച്ചിരിക്കുന്ന അംബേദ്കറൈറ്റ് സംഘടനകള്‍ ദലിത് സ്ത്രീകള്‍ക്ക് മേലുള്ള ജാതി അധിഷ്ടിതമായ ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ ഒക്ടോബര്‍ 10ന് ദേശവ്യാപകമായി സമാധാനപരമായ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. സമരത്തില്‍ പങ്ക് ചേരുക.

1. ആദിവാസി ഛാത്ര സംഘ്, ഝാര്‍ഖണ്ഡ്
2.അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരള, കേരള
3. അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍, ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി, തെലങ്കാന
4. അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍, മഹാരാഷ്ട്ര
5. അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍, പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി, പുതുച്ചേരി
6. അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയഷന്‍, പഞ്ചാബ് യൂണിവേഴ്‌സിറ്റി, പഞ്ചാബ്
7. അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയഷന്‍, ടിസ്സ്, മുംബൈ
8. അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയഷന്‍, വാര്‍ധ, മഹാരാഷ്ട്ര
9. അംബേദ്കറൈറ്റ് സ്റ്റുഡന്റ്‌സ് കലക്റ്റീവ്, ഐഐടി ബോംബേ, മഹാരാഷ്ട്ര
10. അംബേദ്കറൈറ്റ് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ എഫ്‌സി പൂനെ, മഹാരാഷ്ട്ര
11. ബഹുജന്‍ കലക്റ്റീവ്, ടിസ്സ് (ഹൈദരാബാദ്), തെലങ്കാന
12. ബഹുജന്‍ സാഹിത്യ സംഘ്, ജെഎന്‍യു, ന്യൂ ഡല്‍ഹി
13. ബഹുജന്‍ സ്റ്റുഡന്റ്‌സ് ഫ്രണ്ട്, ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി, തെലങ്കാന
14. ബിര്‍സാ അംബേദ്കര്‍ ഫൂലെ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഗുജറാത്, ഗുജറാത്
15. ബിര്‍സാ അംബേദ്കര്‍ ഫൂലെ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍, ഛത്തീസ്ഗഢ്
16. ബിര്‍സാ അംബേദ്കര്‍ ഫൂലെ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍, ഗുജറാത് യൂണിവേഴ്‌സിറ്റി, ഗുജറാത്
17. ബിര്‍സാ അംബേദ്കര്‍ ഫൂലെ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍, ഹേംചന്ദ്രാചാര്യ നോര്‍ത്, ഗുജറാത് യൂനിവേഴ്‌സിറ്റി, ഗുജറാത്
18. ബിര്‍സാ അംബേദ്കര്‍ ഫൂലെ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍, ജെഎന്‍യു, ന്യൂ ഡല്‍ഹി
19. ബിര്‍സാ അംബേദ്കര്‍ ഫൂലെ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍, മഹാരാജാ കൃഷ്ണകുമാര്‍സിങ്ജി ഭാവ്‌നഗര്‍ യൂണിവേഴ്‌സിറ്റി, ഗുജറാത്
20. ബിര്‍സാ അംബേദ്കര്‍ ഫൂലെ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍, വീര്‍ നര്‍മദ് സൗത് ഗുജറാത് യൂണിവേഴ്‌സിറ്റി, ഗുജറാത്
21. ബിര്‍സാ അംബേദ്കര്‍ ഫൂലെ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍, വെസ്റ്റ് ബംഗാള്‍
22. ദലിത് ആര്‍ട് ആര്‍ക്കൈവ്
23. ദലിത് സ്റ്റുഡന്റ്‌സ് യൂനിയന്‍, ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി, തെലങ്കാന
24. ദലിത് ക്വീര്‍ പ്രൊജക്റ്റ്
25. ദലിത് വിമെന്‍ ഫൈറ്റ്
26. ഡോ.ബാബാസാഹേബ് അംബേദ്കര്‍ നാഷണല്‍ സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍, നാഗ്പൂര്‍, മഹാരാഷ്ട്ര
27. ജയ് ഭീം ഫൗണ്ടേഷന്‍, മുംബൈ, മഹാരാഷ്ട്ര
28. നോര്‍ത് ഈസ്റ്റ് കലക്റ്റീവ്, ഐഐഎം ബോംബെ, മഹാരാഷ്ട്ര
29. നോര്‍ത് ഈസ്റ്റ് സ്റ്റുഡന്റ്‌സ് ഫോറം, ജെഎന്‍യു, ഡല്‍ഹി
30. റാഡിക്കല്‍ സ്റ്റുഡന്റ്‌സ് ഫോറം, പുതുച്ചേരി
31. റിപ്പബ്ലിക്കന്‍ സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍, ചന്ദ്രപൂര്‍, മഹാരാഷ്ട്ര
32. ട്രൈബല്‍ സ്റ്റുഡന്റ്‌സ് ഫോറം, ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി, തെലങ്കാന


Read More Related Articles