
ആർകോം എറിക്സൺ കേസിൽ അനിൽ അംബാനി കുറ്റക്കാരനെന്ന് കോടതി; നാലാഴ്ച്ചക്കകം 453 കോടി രൂപ പിഴയടച്ചില്ലെങ്കിൽ മൂന്നു മാസത്തെ ജയിൽ ശിക്ഷ
ആര്‍കോം എറിക്സണ് ഇന്ത്യക്ക് നൽകാനുള്ള കുടിശിക തുക നൽകാത്ത കേസില്‍ അനില്‍ അംബാനിയുടെ നടപടി കോടതിയലക്ഷ്യ കുറ്റമാണെന്ന് സുപ്രീംകോടതി കണ്ടെത്തി. അനിൽ അംബാനിയും റിലയൻസ് കമ്യൂണിക്കേഷനും കോടതി അലക്ഷ്യം നടത്തിയെന്ന ഹർജിയിലാണ് ഇന്ന് സുപ്രീം കോടതി വിധിയുണ്ടായത്. അംബാനിയും റിലയൻസ് ഗ്രൂപ്പിന്റെ ഡയറക്ടർമാരും നാലാഴ്ചക്കകം 453 കോടി രൂപ നൽകിയില്ലെങ്കിൽ മൂന്ന് മാസം ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നാണ് കോടതിയുടെ വിധി. ഫോണ്‍ ഉപകരണങ്ങളുടെ നിര്‍മ്മാണത്തിന്റെ ചിലവിൽ എറിക്സന് കമ്പനിക്ക് നല്‍കാനുള്ള 453 കോടി രൂപ പലിശ സഹിതം 550 കോടി രൂപയായി ഡിസംബര്‍ 15 നകം തിരിച്ച് നല്‍കണമെന്ന് കഴിഞ്ഞ ഒക്ടോബറില്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഈ കോടതിവിധി നടപ്പായില്ലെന്ന് ആരോപിച്ചാണ് എറിക്സന് കമ്പനി സുപ്രീംകോടതിയെ വീണ്ടും സമീപിച്ചത്.
നാലാഴ്ച്ചക്കകം 453 കോടി നല്‍കണമെന്നും പണമടച്ചില്ലെങ്കില്‍ മൂന്ന് മാസം ജയിലില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും കോടതി ഉത്തരവിൽ പറയുന്നു. തന്റെ സ്ഥാപനം നഷ്ടത്തിലാണെന്നും വില്പന നടത്താന്‍ ശ്രമം നടക്കുന്നുണ്ടെന്നും അതുകൊണ്ട് തുക തിരിച്ചടയ്ക്കാന്‍ സാവകാശം വേണമെന്നുമുള്ള അനില്‍ അംബാനിയുടെ അഭ്യര്‍ത്ഥന കോടതി തള്ളിയിരുന്നു.
റഫാല്‍ ഇടപാടിലടക്കം അനില്‍ അംബാനിയുടെ സ്ഥാപനത്തിന് വന്‍ തുക ലഭിച്ചിട്ടുണ്ടെന്നായിരുന്നു എറിക്സന് കമ്പനിയുടെ വാദം. ഇത് കൂടി കണക്കിലെടുത്താണ് നാല് ആഴ്ചക്കകം തുക തിരിച്ചടയ്ക്കണമെന്ന അന്ത്യശാസനം സുപ്രീം കോടതി അനില്‍ അംബാനിക്ക് നല്‍കിയത്.