“മുഖ്യമന്ത്രിയുടെ മുഴുവന്‍ പിന്തുണയും വേണം”; സിദ്ദീഖ് കാപ്പന്‍റെ മോചനത്തിനായി സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് ഭാര്യ റെയ്ഹാനത്

By on

ഉത്തര്‍പ്രദേശിലെ ഹാത്രസില്‍ ദലിത് പെണ്‍കുട്ടിയെ ഠാക്കൂര്‍ യുവാക്കള്‍ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ പൊലീസ് അറസ്റ്റ് ചെയ്ത സിദ്ദീഖ് കാപ്പന്‍റെ മോചനത്തിനായി ഐക്യദാര്‍ഢ്യ സമിതി വാര്‍ത്താ സമ്മേളനം നടത്തി. ഒക്ടോബര്‍ ഒമ്പതിന് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സിദ്ദീഖ് കാപ്പന്‍റെ ഭാര്യ റെയ്ഹാനത്, ഐക്യദാര്‍ഢ്യസമിതി ഭാരവാഹികള്‍, കെയുഡബ്‌ള്യുജെ പ്രതിനിധി എന്നിവര്‍ പങ്കെടുത്തു. സിദ്ദീഖ് കാപ്പനെ ‘ഡല്‍ഹി കലാപം’ സംബന്ധിച്ചുള്ള കേസുകളില്‍ പ്രതിയാക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നതായി ആശങ്കയുള്ളതിനാല്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടണമെന്നും സഹമാധ്യമപ്രവര്‍ത്തകന്‍റെ മോചനത്തിനായി മാധ്യമപ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കണമെന്നും  ഇവര്‍ ആവശ്യപ്പെട്ടു.

“ഇതുവരെ ഭര്‍ത്താവിനെ കാണാന്‍ അവസരം ലഭിച്ചിട്ടില്ല. കോടതിയില്‍ ഫയല്‍ ചെയ്ത പെറ്റിഷന്‍ പതിനാറാം തീയ്യതിയിലേക്കാണ് ലിസ്റ്റ് ചെയ്തിട്ടുള്ളത്. ഫയല്‍ ചെയ്ത ശേഷം രണ്ടാം തീയ്യതി അദ്ദേഹം ഉമ്മയുടെ ഫോണില്‍ വിളിച്ചിട്ടുണ്ട്. കുഴപ്പമൊന്നുമില്ല എന്ന് മാത്രമാണ് പറഞ്ഞത് എനിക്ക് ഒന്നും സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ല. അഞ്ച് മിനിറ്റ് ഉമ്മയോട് സംസാരിക്കാനുള്ള അവസരം അവര്‍ ഈ പരാതി ഫയല്‍ ചെയ്യപ്പെട്ട ശേഷം കൊടുത്തിട്ടുണ്ട്. വക്കീലിന് വക്കാലത്ത് ഒപ്പിടണം, അദ്ദേഹത്തിന് എന്ത് സംഭവിച്ചു എന്നറിയണം. അതിനുള്ള അവസരം ഇതുവരെ കൊടുത്തിട്ടില്ല പൊലീസും അവിടത്തെ കോടതിയും. എനിക്ക് കേരള മുഖ്യമന്ത്രിയുടെ മുഴുവന്‍ പിന്തുണയും വേണം.

നിങ്ങള്‍ മാധ്യമപ്രവര്‍ത്തകരാണ്, എന്‍റെ ഭര്‍ത്താവും മാധ്യമപ്രവര്‍ത്തകനാണ്, നിങ്ങള്‍ ഒരു കുടുംബമാണ്. തെറ്റൊന്നും ചെയ്തിട്ടില്ല. സത്യസന്ധമായ ഒരു വാര്‍ത്ത കൊടുക്കാന്‍ വേണ്ടി പോയതിനാണ് എന്‍റെ ഭര്‍ത്താവിനെ അവര്‍ പിടിച്ചുവെച്ചിട്ടുള്ളത്. നിങ്ങളെല്ലാവരും എന്‍റെ കൂടെ നില്‍ക്കണം. എനിക്ക് നീതി കിട്ടണം. എന്‍റെ ഭര്‍ത്താവിന് നീതി കിട്ടണം. മാധ്യമപ്രവര്‍ത്തനം തെറ്റാണ് എന്ന രീതിയിലേക്ക് കൊണ്ടുപോകരുത്. പല അപവാദങ്ങളും കേള്‍ക്കുന്നുണ്ട് അതെല്ലാം തെറ്റാണ്. അദ്ദേഹം കിട്ടിയ വണ്ടിയില്‍ പോയി എന്നത് ശരിയാണ്. അദ്ദേഹത്തിന് വണ്ടിയില്ല, അതുകൊണ്ട് തന്നെ ഏതെങ്കിലും വണ്ടിയില്‍ പോയി സത്യാവസ്ഥ അറിഞ്ഞ് റിപ്പോര്‍ട്ട് ചെയ്യണമെന്ന് മാത്രമേ അദ്ദേഹം വിചാരിച്ചിട്ടുള്ളൂ. രാഹുല്‍ ഗാന്ധിക്ക് വയനാട് പോയി നിവേദനം നല്‍കിയതാണ്. അദ്ദേഹം അതില്‍ വേണ്ടപോലെ ചെയ്യും എന്നും പ്രിയങ്ക ഗാന്ധി ഇടപെടും എന്നും പറഞ്ഞിട്ടുണ്ട്. പിന്നീട് അത് ഫോളോ അപ് ചെയ്യാത്തതുകൊണ്ടാണോ എന്നറിയില്ല, അവര്‍ അതേപ്പറ്റി എന്തെങ്കിലും പറഞ്ഞതായി ഞാന്‍ കേട്ടിട്ടില്ല. കെയുഡബ്‌ള്യുജെയിലും സുപ്രിം കോടതിയിലും വിശ്വാസമര്‍പ്പിച്ചാണ് ഞാനിപ്പോള്‍ നിലനിന്നു പോകുന്നത്. സുപ്രിം കോടതി സത്യത്തിന്‍റെ കൂടെ നില്‍ക്കും എന്നത് പ്രതീക്ഷയാണ്.” റെയ്ഹാനത് പറഞ്ഞു.

“സിദ്ദീഖ് കാപ്പന്‍, നമ്മുടെ സഹപ്രവര്‍ത്തകന്‍, നമ്മുടെ കൂടെ ഉണ്ടായിരുന്ന ഒരാള്‍ അന്യായമായ തടവില്‍ കഴിയുന്നതിനെ പൊതുശ്രദ്ധയിലേക്ക് കൊണ്ടുവരാന്‍ കുറച്ചുകൂടി ശ്രമങ്ങള്‍ നടത്തേണ്ടതുണ്ട്. സമാനമായ കേസുകളില്‍ ഇതേ സംസ്ഥാനത്ത് നടന്ന അറസ്റ്റുകളെ സജീവമായ ചര്‍ച്ചയാക്കി പൊതുജനവികാരം ഉയര്‍ത്തുന്നതായി കണ്ടിട്ടുണ്ട്, നമ്മള്‍ കുറച്ചുകൂടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. നേരത്തെ സുപ്രിം കോടതിയില്‍ കൊടുത്ത കെയുഡബ്‌ള്യുജെയുടെ ഹര്‍ജിയില്‍ അലഹാബാദ് ഹൈകോടതിയെ സമീപിക്കാനുള്ള നിര്‍ദേശമാണ് ലഭിച്ചത്. പതിനാറാം തീയ്യതി വീണ്ടും കോടതി ഹര്‍ജി പരിഗണിക്കുമ്പോള്‍ തീര്‍ച്ചയായും നമുക്ക് അനുകൂലമായ നീക്കമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തത്വത്തില്‍ നമുക്കൊപ്പമുണ്ടെങ്കിലും പൊതുരാഷ്ട്രീയകക്ഷികളില്‍ നിന്നും പബ്ലിക് ആയ ഇടപെടല്‍ ഉണ്ടാകാത്ത അവസ്ഥയുണ്ട്. കാപ്പന്റെ കുടുംബത്തോടൊപ്പവും കാപ്പനോടൊപ്പവും കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി രംഗത്തുണ്ട്. അദ്ദേഹത്തിന്‍റെ മോചനം സാധ്യമാകുന്നതുവരെ നമ്മുടെ മലയാള മാധ്യമസമൂഹം വിശ്രമമില്ലാതെ മുന്നോട്ട് പോകുമെന്നാണ് പറയാനുള്ളത്,” കെയുഡബ്‌ള്യുജെ സംസ്ഥാന പ്രസിഡന്‍റ് കെപി റെജി പറഞ്ഞു.

കര്‍ക്കശമായ നിയന്ത്രണങ്ങള്‍ ഉള്ളതുകൊണ്ട് നേരിട്ട് കേരള മുഖ്യമന്ത്രിയെ കാണാന്‍ കഴിയില്ല. ഭരണതലത്തില്‍ പ്രതിനിധികളുമായി ഇടപെടാന്‍ നീക്കങ്ങള്‍ നടത്തിയിട്ടുണ്ട്, എന്നാല്‍ യുഎപിഎ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. രാജ്യത്ത് നടന്ന ഒരു ഹീന സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ ഒരു മാധ്യമപ്രവര്‍ത്തകന് നേരെ യുഎപിഎ ചുമത്തിക്കൊണ്ട്, അതിനെതിരായ വാര്‍ത്തകള്‍ക്ക് ഇടം നല്‍കാതിരിക്കാന്‍ ആയിരിക്കാം ആ ഭരണകൂടം ശ്രമിച്ചിട്ടുണ്ടാകുക. കെപി റെജി വ്യക്തമാക്കി.

“കേരളത്തില്‍ സിദ്ദീഖ് കാപ്പന്‍റെ മോചനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ ഈ ഐക്യദാര്‍ഢ്യ സമിതിയിലുണ്ട്, എന്നാല്‍ ഈ വിഷയത്തെ മുഖ്യധാരയിലേക്കെത്തിക്കുന്നത് പ്രധാനമായും കെയുഡബ്‌ള്യുജെയുടെ നീക്കങ്ങള്‍ തന്നെയാണ്. കേന്ദ്രത്തില്‍ പരമാവധി സമ്മര്‍ദ്ദം ചെലുത്തേണ്ട വഴികള്‍ ആരായേണ്ടതുണ്ട്, അതുകൊണ്ടാണ് കേരള മുഖ്യമന്ത്രിയുടെ പങ്ക് നിര്‍ണായകമാണ് എന്ന് നമ്മള്‍ പറയുന്നത്. സിദ്ദീഖ് കാപ്പന്‍റെ മോചനം എത്രയും വേഗം സാധ്യമാക്കാന്‍ കേരളത്തിലും കേരളത്തിന് പുറത്തും പ്രവര്‍ത്തിക്കുന്ന മലയാളി മാധ്യമപ്രവര്‍ത്തകരുടെ പൂര്‍ണമായ പിന്തുണ അവര്‍ക്ക് ഉണ്ട് എന്ന് സിദ്ദീഖ് കാപ്പന്റെ കുടുംബത്തിന് ധൈര്യം പകരുന്ന സാഹചര്യമാണ്. രാജ്യത്തിന്‍റെ ഒരു പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ പരിമിതികള്‍ക്കുള്ളില്‍ നിന്ന് ചെയ്യാനാകുന്നത് നിങ്ങള്‍ ചെയ്യുന്നുണ്ട് എന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. കപില്‍ സിബലിനെ പോലുള്ള രാജ്യത്തെ പ്രഗത്ഭനായ അഭിഭാഷകന്‍ കൂടെയുണ്ട് എന്നതും വളരെ ആശ്വാസവും പ്രതീക്ഷയും പകരുന്നതാണ്. രാഷ്ട്രീയ, സാംസ്‌കാരിക പ്രവര്‍ത്തകരുടെ എല്ലാ പിന്തുണയും ഉണ്ടാകണം എന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്,” മാധ്യമപ്രവര്‍ത്തക സോണിയ ജോര്‍ജ് പറഞ്ഞു.

കൂടെ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കെ എന്തുകൊണ്ടാണ് സിദ്ദീഖ് കാപ്പന്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാതിരുന്നത് എന്ന് മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍ ചോദിച്ചു.
ഹേബിയസ് കോര്‍പസ് ഹര്‍ജി സുപ്രിം കോടതിയില്‍ ഫയല്‍ ചെയ്തപ്പോള്‍ അലഹാബാദ് ഹൈ കോടതിയെ സമീപിക്കാനും കോടതിയില്‍ നിന്നും പ്രയാസം നേരിടുകയാണെങ്കില്‍ തിരിച്ച് സുപ്രിം കോടതിയെ തന്നെ സമീപിക്കാമെന്നുമാണ് അറിയിച്ചത്. ജാമ്യത്തിനായി അഭിഭാഷകന്‍ ആദ്യം കോടതിയെ സമീപിച്ചു. അതിന്‍റെ ആവശ്യമില്ലെന്നും പോയി കണ്ടോളൂ എന്നും പറഞ്ഞു. കാണാന്‍ ശ്രമിച്ചപ്പോള്‍ കോടതിയുടെ സമ്മതം വേണം എന്നുപറഞ്ഞു. എല്ലാ മാധ്യമപ്രവര്‍ത്തകര്‍ക്കും വേണ്ടിയുള്ള ഫയലാണ് ഇപ്പോള്‍ സുപ്രിം കോടതിയിലുള്ളത്. അതില്‍ എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ട്, എന്നായിരുന്നു റെയ്ഹാനതിന്‍റെ മറുപടി.

“കഴിഞ്ഞ ദിവസങ്ങളില്‍ സിദ്ദീഖ് കാപ്പനെ 48 മണിക്കൂര്‍ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ഡല്‍ഹി കലാപ കേസിലും സിദ്ദീഖിനെ പ്രതി ചേര്‍ക്കുമോ എന്ന കാര്യത്തില്‍ അഭിഭാഷകന് ആശങ്കയുണ്ട്. അഭിഭാഷകന്‍ വില്‍സ് മാത്യു മഥുര ജയിലില്‍ പോയപ്പോള്‍, ഒരു താത്കാലികമായി തയ്യാറാക്കിയ ജയില്‍ കെട്ടിടത്തില്‍ നിന്ന് തടവുകാരുടെ നിലവിളി കേട്ടു എന്ന് അഡ്വക്കേറ്റ് വില്‍സ് മാത്യു മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. കൂടിയ ഷുഗര്‍ ലെവല്‍ ഉള്ള പ്രമേഹ രോഗിയാണ് സിദ്ദീഖ് കാപ്പന്‍. അദ്ദേഹം തന്റെ മരുന്നുകള്‍ ഒന്നും എടുത്തിട്ടില്ല. അതു സംബന്ധിച്ച് ആശങ്കകളുണ്ട്. പ്രത്യേകിച്ച് യുപി പൊലീസിന്റെ കസ്റ്റഡിയില്‍ ഒരു മാധ്യമപ്രവര്‍ത്തകനെ കിട്ടിയാല്‍ അവര്‍ എന്തായിരിക്കും ചെയ്യുക എന്നതില്‍ ആശങ്കയുണ്ട്. ദയവുചെയ്ത് കേരള മുഖ്യമന്ത്രി ഈ വിഷയത്തില്‍ ഇടപെടല്‍ നടത്തണം.

രാഹുല്‍ ഗാന്ധിക്ക് രണ്ട് കത്തുകളാണ് ഇതുവരെ നല്‍കിയത്, ഒന്ന് മഹിളാ കോണ്‍ഗ്രസ് നേതാവ് വഴി നല്‍കിയ നിവേദനവും മറ്റൊന്ന് വയനാട്ടില്‍ പോയി റെയ്ഹാനത് നേരിട്ട് നല്‍കിയ കത്തും. ഈ രണ്ട് കത്തുകളും പ്രിയങ്കാ ഗാന്ധിക്ക് കൈമാറിയിട്ടുണ്ട് എന്നും അവര്‍ ഇടപെടും എന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറുപടി. കെസി വേണുഗോപാലുമായി ബന്ധപ്പെട്ടപ്പോള്‍ ഇടപെടല്‍ നടത്തുന്നുണ്ട് എന്ന് പറഞ്ഞതല്ലാതെ ഒന്നുമുണ്ടായില്ല. മുല്ലപ്പള്ളി രാമചന്ദ്രനെയും റെയ്ഹാനത് ഇന്ന് കണ്ട് സംസാരിച്ചു. എന്നാല്‍ യാതൊരു വിധ ഇടപെടലുകളും ഇതുവരെ ഉണ്ടായിട്ടില്ല.” ഐക്യദാര്‍ഢ്യസമിതി ഭാരവാഹി ശ്രീജ നെയ്യാറ്റിന്‍കര വിശദമാക്കി.

സിദ്ദീഖ് കാപ്പന്‍ തേജസ് പത്രത്തിന്‍റെ തിരിച്ചറിയല്‍ കാര്‍ഡാണ് കാണിച്ചത് എന്ന് പൊലീസിന്‍റെ ഭാഗത്ത് നിന്നും പ്രതികരണമുണ്ടായി. സിദ്ദീഖ് കാപ്പന്‍ തേജസിന് വേണ്ടി ജോലി ചെയ്യുന്നുണ്ടോ അതോ അഴിമുഖം വെബ്‌സൈറ്റില്‍ മാത്രമാണോ ജോലി ചെയ്യുന്നത് എന്ന മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിന് പൊലീസ് ഭാഷ്യം സത്യമാണോ എന്ന് എങ്ങനെ നമുക്കറിയാം എന്നായിരുന്നു റെയ്ഹാനതിന്‍റെ പ്രതികരണം.

”അഴിമുഖം വെബ്‌സൈറ്റിലാണ് സിദ്ദീഖ് കാപ്പന്‍ ജോലി ചെയ്യുന്നത്. മറ്റ് വെബ്‌സൈറ്റുകളില്‍ ലേഖനങ്ങള്‍ കൊടുക്കുന്നുണ്ടാവാം, നിങ്ങള്‍ക്കറിയാമല്ലോ, മാധ്യമപ്രവര്‍ത്തകരുടെ ജീവിതം എങ്ങനെയായിരിക്കുമെന്ന്. അങ്ങനെയെങ്കില്‍ എന്‍റെ ഭര്‍ത്താവ് എവിടെ? അതെനിക്കും അറിയേണ്ട അവകാശമില്ലേ? അവര്‍ പറയുന്നു അവിടെ എവിടെയൊക്കെയോ ഉണ്ടെന്ന്, പക്ഷേ എനിക്കറിയില്ല എന്‍റെ ഭര്‍ത്താവ് എവിടെയാണ് എന്ന്.  എന്‍റെ ഭര്‍ത്താവ് എവിടെയാണ് എന്ന് എനിക്കും എന്‍റെ മക്കള്‍ക്കുമാണ് അറിയേണ്ടത്. തൊണ്ണൂറുവയസ്സായ ഉമ്മ. എനിക്കറിയാം എന്‍റെ ഭര്‍ത്താവ് തെറ്റ് ചെയ്തിട്ടില്ലെന്ന്. എനിക്കറിയുന്ന വ്യക്തിയാണ്. എല്ലാവരോടും നിഷ്പക്ഷമായി ഇടപെടുന്നയാളാണ്. എന്‍റെ ഭര്‍ത്താവ് നിരപരാധിയാണെന്ന് നൂറുശതമാനം ഉറപ്പാണ്. എന്‍റെ ഭര്‍ത്താവിന് നീതിക്കായി ഏതറ്റം വരെ പോകാനും ഞാന്‍ തയ്യാറാണ്. എന്‍റെ ജീവിതമാണത്.’ റെയ്ഹാനത് മാധ്യമങ്ങളോട് പറഞ്ഞു.


Read More Related Articles