‘ഞങ്ങളെ തല്ലിച്ചതയ്ക്കരുത് വെടിവെച്ച് കൊന്നേക്കൂ’; സൈന്യത്തിന്‍റെ ക്രൂര പീഡനം വെളിപ്പെടുത്തി കശ്മീരികൾ

By on

കശ്മീരിൽ ഇന്ത്യൻ സൈന്യം കൊടിയ പീഡനം നടത്തുന്നുവെന്ന് ​ഗ്രാമവാസികളെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. ഷോക്ക് അടിപ്പിക്കുക കമ്പുകളും കേബിളുകളും ഉപയോ​ഗിച്ച് മർദ്ദിക്കുക തുടങ്ങിയ പീഡന രീതികളാണ് സൈന്യം പ്രയോ​ഗിക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. സൈന്യത്തിന്റെ പീഡനത്തിൽ നിന്ന് ഉണ്ടായ അടയാളങ്ങളും മുറിവുകളും പലരും കാട്ടിക്കൊടുത്തതായി ബിബിസി റിപ്പോർട്ടിലുണ്ട്. വായനക്കാർക്ക് അസ്വാസ്ഥ്യം ഉണ്ടാക്കുന്ന വിവരണം എന്ന മുന്നറിയിപ്പോടെയാണ് ആളുകളുടെ അനുഭവ വിവിരണം ബിബിസി ഇതേ റിപ്പോർട്ടിൽ നൽകിയിരിക്കുന്നത്.

കശ്മിരിന്‍റെ പ്രത്യേക പദവി റദ്ദാക്കുന്നതായി ഇന്ത്യൻ ഭരണകൂടം പ്രഖ്യാപിച്ചതിന് മണിക്കൂറുകൾക്കകം തന്നെ സൈന്യം വീടുകൾ തോറും കയറിയെന്നും ഒരു ​ഗ്രാമത്തിലെ നാട്ടുകാർ പറയുന്നു. ഉറങ്ങിക്കിടന്ന തങ്ങളെ വിളിച്ചുണർത്തി പുറത്തേയ്ക്ക് കൊണ്ടുപോയി എന്നും അവിടെ ഒരു കൂട്ടം ആളുകളെ നേരത്തെ തന്നെ എത്തിച്ചിരുന്നുവെന്നും രണ്ട് സഹോദരൻമാർ പറയുന്നു. ”അവർ ഞങ്ങളെ മർ​ദ്ദിച്ചു. എന്ത് തെറ്റാണ് ‍ഞങ്ങൾ ചെയ്തതെന്ന് ഞങ്ങൾ അവരോട് ചോദിച്ചു. എന്നാൽ മറുപടി പറയുന്നതിന് പകരം അവർ ഞങ്ങളെ തല്ലിക്കൊണ്ടേയിരുന്നു. എന്ന് അവരിൽ ഒരാൾ പറയുന്നു”.

”എന്‍റെ ശരീരത്തിലെ ഓരോ ഭാ​ഗവും അവർ തല്ലിച്ചതച്ചു, അവർ ഞങ്ങളെ തൊഴിച്ചു, കമ്പുകൾ കൊണ്ടടിച്ചു, ശരീരത്തിൽ വൈദ്യുതി പ്രവഹിപ്പിച്ചു. കേബിളുകൾ കൊണ്ട് തല്ലി, കാലുകൾക്ക് പിന്നി‌ൽ അടിച്ചു, ഞങ്ങൾ ബോധം കെട്ടുവീണപ്പോൾ ബോധം വരുത്താനായി ഷോക്കടിപ്പിച്ചു, വടികൾ കൊണ്ട് ഞങ്ങളെ തല്ലിയപ്പോൾ ഞങ്ങൾ അലറിക്കരഞ്ഞു, ശബ്ദം പുറത്ത് വരാതിരിക്കാനായി അവർ ഞങ്ങളുടെ വായിൽ മണ്ണ് കുത്തിക്കയറ്റി. ഞങ്ങൾ തെറ്റുകാരല്ല എന്ന് ഞങ്ങൾ അവരോട് പറഞ്ഞു, എന്തിനാണ് ഇത് ചെയ്യുന്നതെന്ന് അവരോട് ചോദിച്ചു. പക്ഷേ അവർ അത് ചെവിക്കൊണ്ടില്ല, ഞങ്ങളെ തല്ലരുത് ഞങ്ങളെ വെടിവെച്ച് കൊന്നോളൂ എന്ന് അവരോട് ഞങ്ങൾ പറഞ്ഞു. എന്നെ എടുക്കേണമേ എന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചു, കാരണം പീഡനം അസഹ്യമായിരുന്നു”.

picture-BBC

രണ്ട് മണിക്കൂറുകളോളം തല്ലിച്ചതച്ചതായും വേദന കൊണ്ട് ബോധരഹിതനായി വീണപ്പോൾ വൈദ്യുതി പ്രവഹിപ്പിച്ചതായും മറ്റൊരാൾ പറഞ്ഞുവെന്നും റിപ്പോർട്ട് പറയുന്നു. ന​ഗ്നരാക്കിയ ശേഷമാണ് ക്രൂരമായ പീഡനമുറകൾ സൈന്യം നടത്തുന്നതെന്നും ഇവർ പറയുന്നു. പ്രതിഷേധങ്ങളിൽ പങ്കെടുത്താൽ ഇതായിരിക്കും അനുഭവമെന്ന് ​ഗ്രാമവാസികളോട് പറയണമെന്ന് പട്ടാളക്കാർ പറഞ്ഞതായും ഇവർ പറയുന്നു. അതേസമയം ഇത്തരത്തിൽ ഒന്നും ചെയ്തിട്ടില്ലെന്ന് സൈന്യം ബിബിസിയ്ക്ക് നൽകിയ പ്രതികരണത്തിൽ അവകാശപ്പെട്ടു.

picture-BBC

കശ്മീരിന് പ്രത്യേക പദവി ഉറപ്പാക്കുന്ന ഭരണഘടനാ വകുപ്പുകൾ റദ്ദാക്കിയെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചതിനു ശേഷം കശ്മീരിൽ നിലനിൽക്കുന്ന ആശയവിനിമയ നിരോധനം അടക്കം നിരവധി അവകാശ ലംഘനങ്ങളെക്കുറിച്ചുള്ള വാർത്തകൾ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അർദ്ധരാത്രിയിൽ വീടുകളിൽ റെയ്ഡ് നടത്തി കുട്ടികളെ അടക്കം സൈന്യം അറസ്റ്റ് ചെയ്യുന്നതായി സാമൂഹ്യപ്രവർത്തകരും പറഞ്ഞിരുന്നു. സൈനിക ക്യാംപിലേക്ക് ആളുകളെ ചോദ്യം ചെയ്യലിനായി വിളിച്ചു വരുത്തി പീഡിപ്പിക്കുകയും അവരുടെ കരച്ചിൽ ജനങ്ങൾ കേൾക്കുന്നതിനായി അവരുടെ അടുത്ത് ഉച്ചഭാഷിണി വച്ച് കേൾപ്പിച്ചുവെന്നും കശ്മീരി രാഷ്ട്രീയ പ്രവർത്തകയായ ഷെഹ്ല റാഷിദ് നേരത്തെ റ്റ്വീറ്റ് ചെയ്തിരുന്നു.


Read More Related Articles