കേന്ദ്ര സർക്കാരിന് തിരിച്ചടി; സിബിഐ വിവാദവുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം നടത്താൻ ഉത്തരവ്
സിബിഐയിൽ നടക്കുന്ന ചേരിതിരിവുമായി ബന്ധപ്പെട്ട് കേന്ദ്രവിജിലൻസ് കമ്മീഷനോട് അന്വേഷണം നടത്താൻ സുപ്രീംകോടതി നിർദേശം. സിറ്റിങ് ജഡ്ജി ജസ്റ്റിസ് എ.കെ പട്നായിക്കിന്റെ മേൽനോട്ടത്തിലായിരിക്കും അന്വേഷണം നടത്തുക. 14 ദിവസത്തിനകം അന്വേഷണം നടത്തി പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
നിലവിൽ സിബിഐ ഡയറക്ടർ സ്ഥാനം വഹിക്കുന്ന നാഗേശ്വര റാവുനോട് നയപരമായ തീരുമാനങ്ങൾ എടുക്കരുതെന്നും ഇതുസംബന്ധിച്ച അന്വേഷണം പൂർത്തിയാകുന്നതു വരെ നാഗേശ്വര റാവു തൽസ്ഥാനത്ത് തുടരാനും കോടതി നിർദ്ദേശിച്ചു. കേസ് ദീപാവലിക്ക് ശേഷം വീണ്ടും പരിഗണിക്കും.
ചൊവ്വാഴ്ച അർധരാത്രിയോടെയാണ് കേന്ദ്രസർക്കാർ അലോക് വർമ്മയെ സിബിഐ മേധാവി സ്ഥാനത്ത് നിന്ന് നീക്കിയത്. അഴിമതി കേസിൽ ആരോപണ വിധേയനായ രാകേഷ് അസ്താനക്കെതിരെ അലോക് വർമ്മ നടപടിക്കൊരുങ്ങിയതോടെയാണ് സിബിഐയിലെ ആഭ്യന്തര കലഹം പുറത്തേക്ക് എത്തിയത്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള നേതാക്കൾ റാഫേൽ ഇടപാടിലെ അഴിമതി സംബന്ധിച്ച അന്വേഷണം നരേന്ദ്രമോദിയിലേയ്ക്ക് നീളത്തെ ഇരിക്കാനാണ് അലോക് വർമ്മയെ മാറ്റിയത് എന്ന് ആരോപിച്ചിരുന്നു.