സിഎൻഎന്റെ ആഫ്രോ-ലാറ്റിന്‍ റിപ്പോർട്ടറെ ലൈവിൽ അറസ്റ്റ് ചെയ്ത് മിനെസോറ്റ പൊലീസ്; ഒമാർ ഹെമിനെസിനെ പിന്നീട് വിട്ടയച്ചു
ആഫ്രിക്കൻ വംശജനായ ജോർജ് ഫ്ലോയിഡിനെ കഴുത്തിൽ കാൽമുട്ട് അമർത്തി വെളുത്തവർഗക്കാരനായ പൊലീസുകാരൻ ഡെറക് ഷോവിൻ കൊലപ്പെടുത്തിയതിനെ തുടർന്നുണ്ടായ പ്രതിഷേധം റിപ്പോർട്ട് ചെയ്തുകൊണ്ടിരുന്ന സിഎൻഎൻ റിപ്പോർട്ടറെ ലൈവിൽ അറസ്റ്റ് ചെയ്ത് മിനെസോറ്റ പൊലീസ്. അമേരിക്കയില്‍, ജോർജ് ഫ്ലോയ്ഡിന്റെ കൊലപാതകം നടന്ന മിനിയാപോളിസ് സംസ്ഥാനത്തെ മിനെസോറ്റയിൽ വച്ചാണ് തത്സമയ റിപ്പോർട്ടിംഗിനിടെ ഒമാർ ഹെമിനെസിനെ അറസ്റ്റ് ചെയ്തത്. ആഫ്രിക്കൻ-ലാറ്റിൻ വംശജനാണ് ഒമാർ ഹെമിനെസ്.
തന്നെ അറസ്റ്റ് ചെയ്യുന്നത് എന്തിനാണെന്ന് ഹെമിനെസ് പൊലീസിനോട് ചോദിക്കുന്നത് വിഡിയോയിൽ കേൾക്കാം. താൻ സിഎൻഎൻ പ്രതിനിധിയാണെന്നനും ഹെമിനെസ് പറയുന്നുണ്ട്. എന്നാൽ പൊലീസ് അദ്ദേഹത്തെ കൈകൾ ബന്ധിച്ച് കൊണ്ടുപോകുകയായിരുന്നു. പിന്നീട് അദ്ദേഹത്തെ വിട്ടയച്ചു. ഹെമിനെസിനോടുള്ള സമീപനമായിരുന്നില്ല തങ്ങളോടെന്ന് ഹെമിനെസിന് ഒപ്പമുണ്ടായിരുന്ന മാധ്യമ സംഘത്തിലെ വെളുത്ത വംശജർ പിന്നീട് പറഞ്ഞു.
ഹെമിനെസിനെയും സംഘത്തെയും അറസ്റ്റ് ചെയ്ത നടപടിക്കെതിരെ മുൻ പൊലീസുദ്യോഗസ്ഥരടക്കം നിരവധിപേർ രംഗത്തെത്തി.