വംശീയ വിദ്വേഷ പരാമർശം; കെ ആർ ഇന്ദിരയ്ക്കെതിരെ പൊലീസിൽ പരാതി
അസമിലെ പൗരത്വപട്ടികയുമായി ബന്ധപ്പെട്ട് ആകാശവാണി പ്രോഗ്രാം ഡയറക്റ്ററായ കെ ആർ ഇന്ദിര ഫെയ്സ്ബുക്കില്‍ നടത്തിയ വംശീയ വിദ്വേഷ പരാമർശങ്ങൾക്കെതിരെ പൊലീസിൽ പരാതി. ”ഇന്ത്യൻ പൗരർ അല്ലാതാകുന്നവർ എങ്ങോട്ടു പോകും എന്ന വേവലാതിയിലാണ് കേരളത്തിലെ സഹോദരസ്നേഹികൾ. അവരെ അനധികൃത കുടിയേറ്റക്കാരുടെ ക്യാമ്പിൽ മിനിമം സൗകര്യങ്ങൾ നൽകി പാർപ്പിക്കാം. വോട്ടും റേഷൻകാർഡും ആധാർകാർഡും ഇല്ലാതെ. പെറ്റുപെരുകാതിരിക്കാൻ സ്റ്റെറിലൈസ് ചെയ്യുകയുമാവാം” എന്നാണ് കെ ആർ ഇന്ദിര ഫെയ്സുബുക്കിൽ കുറിച്ചത്.
ഈ പോസ്റ്റുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഇതിലും രൂക്ഷമായ വർഗീയ പരാമർശങ്ങളും ഇന്ദിര നടത്തി. ‘മുസ്‍ലിം സ്ത്രീകള്‍ പന്നി പെറ്റുകൂട്ടും പോലെ പ്രസവിക്കുന്നത് നിര്‍ത്താനാണ് സ്റ്റെറിലൈസ് ചെയ്യുന്നതെന്നും പൈപ്പ് വെള്ളത്തില്‍ ഗര്‍ഭനിരോധന മരുന്ന് കലര്‍ത്തി വേണം മുസ്‍ലിംകളുടെ പ്രസവം നിര്‍ത്താനെന്നും കെ.ആര്‍ ഇന്ദിര ഫേസ്ബുക്കില്‍ പറഞ്ഞു.’
കൊടുങ്ങല്ലൂർ മീഡിയ ഡയലോഗ് സെന്‍ററെന്ന മനുഷ്യാവകാശ സംഘടനയുടെ പ്രവർത്തകനായ എം ആർ വിപിൻദാസാണ് കൊടുങ്ങല്ലൂർ പൊലീസിൽ പരാതി നൽകിയത്. കെ ആർ ഇന്ദിരയുടെ പരാമർശങ്ങൾ നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് വിപിൻദാസ് പരാതിയിൽ പറയുന്നു.