പൗരത്വ (ഭേദഗതി) ബില്‍ ഇന്ന് രാജ്യസഭയില്‍, ഇംഫാലില്‍ നിരോധനാജ്ഞ, ഇന്റര്‍നെറ്റ് നിരോധനം
പൗരത്വ (ഭേദഗതി) ബില്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുന്ന സാഹചര്യത്തില്‍ ഇംഫാലില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു, മണിപ്പൂരില്‍ അഞ്ച് ദിവസത്തേക്ക് ഇന്റര്‍നെറ്റ് നിരോധനം. മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളായ ബംഗ്ലാദേശ്, അഫ്ഘാനിസ്ഥാന്‍, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഹിന്ദു, ജൈന, പാഴ്‌സി തുടങ്ങിയ മതങ്ങളിൽ പെട്ട അഭയാർത്ഥികൾക്ക് ഇന്ത്യൻ പൗരത്വം നല്‍കുന്ന പൗരത്വ (ഭേദഗതി) ബില്‍ ആഭ്യന്തരമന്ത്രി ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. ഏഴ് നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലാണ് ഈ ബില്‍ ബാധകമാകുക. ജനുവരി 8ന് ലോക്‌സഭയില്‍ പാസാക്കിയതുമുതല്‍ നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങള്‍ ബില്ലിനെതിരെ പ്രക്ഷോഭത്തിലാണ്.
ഇന്ന് രാത്രി 12 മണി മുതല്‍ മണിപ്പൂരില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ വിച്ഛേദിച്ചു. രാജ്യസഭയില്‍ ഇന്ന് ബില്‍ അവതരിപ്പിക്കുന്നതോടുകൂടി സംസ്ഥാനത്ത് ഉണ്ടാകാന്‍ സാധ്യതയുള്ള പ്രക്ഷോഭങ്ങളെ നിയന്ത്രിക്കാന്‍ ഇംഫാല്‍ ഈസ്റ്റ് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
മണിപ്പൂരിലെ വിവിധ പൗര സംഘടനകളുടെ കൂട്ടായ്മയായ പീപ്പിള്‍സ് അലയന്‍സ് മണിപ്പൂര്‍ ഇന്നലെ മുതല്‍ നടത്തിവരുന്ന ബന്ദ് ഇതോടെ കൂടുതല്‍ ശക്തമാക്കാനുള്ള തീരുമാനമെടുത്തിട്ടുണ്ട്. 131 ക്ലബ്ബുകളുടെയും സംഘടനകളുടെയും കൂട്ടായ്മയാണ് പീപ്പിള്‍സ് അലയന്‍സ് മണിപ്പൂര്‍. ഈ ബില്‍ മണിപ്പൂരിനെ മോശമായി ബാധിക്കില്ല എന്നും ജനങ്ങള്‍ ബില്ലിനെപ്പറ്റി ശരിയായി മനസ്സിലാക്കാത്തതും പഠിക്കാത്തതുമാണ് പ്രക്ഷോഭങ്ങളുടെ കാരണം എന്നും മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ് പറഞ്ഞിരുന്നു. എന്നാല്‍, ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചതുമുതല്‍ തന്നെ രാജ്യത്താകമാനം ബാധകമായ ബില്‍ ആണ് പൗരത്വ ഭേദഗതി ബില്‍ എന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രചരിപ്പിച്ചിരുന്നത്. ബില്‍ നോര്‍ത്ത് ഈസ്റ്റിന് മാത്രമാണ് ബാധകമാകുക എന്ന് കൃത്യമായി ബില്ലില്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഇതിനകം തന്നെ പല വിമോചനസമരങ്ങള്‍ നടക്കുന്ന നോര്‍ത്ത് ഈസ്റ്റില്‍ സമരങ്ങളെ അടിച്ചമര്‍ത്താനുള്ള വഴിയായിട്ടാണ് പൗരത്വ ഭേദഗതി ബില്ലിനെ കേന്ദ്രസര്‍ക്കാര്‍ കാണുന്നത് എന്ന് മണിപ്പൂരിലെ ജനങ്ങള്‍ക്കിടയില്‍ അഭിപ്രായമുണ്ട്.
“പൗരത്വ ഭേദഗതി ബില്‍ രാജ്‌നാഥ് സിങ് ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കാന്‍ പോകുകയാണ്. ബില്‍ പാസാകുകയും ചെയ്യും. മുഖ്യമന്ത്രി ബിരേന്‍ സിങ് രാജ്‌നാഥ് സിങ്ങിനെ കണ്ടിരുന്നു. പക്ഷേ ഡല്‍ഹിക്ക് മണിപ്പൂരിനെക്കുറിച്ചോ മറ്റ് നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളെക്കുറിച്ചോ കരുതലില്ല. ഇപ്പോള്‍ ഇംഫാലില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്റര്‍നെറ്റ് കണക്ഷന്‍ വിച്ഛേദിച്ചിരിക്കുകയാണ്. സ്വന്തം ജനങ്ങളെ തന്നെ ശത്രുക്കളായി കാണുന്ന മുഖ്യമന്ത്രി ബിരേന്‍ സിങും സര്‍ക്കാരും ഉടന്‍ രാജിവെക്കണം.” – ഇംഫാല്‍ ടാക്കീസ് ബാന്‍ഡിന്റെ അഖു ചിങാങ്ബം പ്രതികരിച്ചു.
നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളില്‍ കൂടുതല്‍ ബിഎസ്എഫ്, മറ്റ് സായുധ സേനകളെയും വിന്യസിച്ചിട്ടുണ്ട് എന്ന് നോര്‍ത്ത് ഈസ്റ്റ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.