തോട്ടിപ്പണി ചെയ്ത് മനുഷ്യര്‍ മരിക്കുന്നുണ്ടെങ്കില്‍ ആ കുറ്റത്തിന് ചിലര്‍ ജയിലില്‍ പോകേണ്ടി വരുമെന്ന് ദില്ലി ഹൈക്കോടതി
മനുഷ്യ വിസര്‍ജ്യം നീക്കം ചെയ്യുന്ന ജോലി ചെയ്ത് ഇത്രയും ആളുകൾ കൊല്ലപ്പെടുന്നുണ്ടെങ്കിൽ അതിന് ചിലർ അതിന്‍റെ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് ദില്ലി ഹൈക്കോടതി. നേരിട്ടോ അല്ലാതെയോ തോട്ടിപ്പണി ചെയ്യാന്‍ ആളുകളെ നിയമിക്കുന്നുണ്ടോ ഇല്ലയോ എന്ന് കാണിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ ഡെല്‍ഹി ജല വകുപ്പ്, ന്യൂ ഡെൽഹി മുൻസിപ്പൽ കോർപറേഷൻ, മുൻസിപ്പൽ കോർപറേഷൻ ഓഫ് ഡെൽഹി അടക്കമുള്ള പത്ത് പ്രാദേശിക ഭരണ സമിതികളോട് ഡെൽഹി ഹെെക്കോടതി ഉത്തരവിട്ടു. ഈ തൊഴിൽ ചെയ്യുന്നത് കാരണം ആളുകൾ തുടർച്ചയായി കൊല്ലപ്പെടുകയാണെങ്കിൽ ആരെങ്കിലും ജയിലിൽ പോകേണ്ടിവരുമെന്നും നാഷണൽ ക്യാംപെയ്ൻ ഫോർ ഡിഗ്നിറ്റി ആൻഡ് റെെറ്റ്സ് ഓഫ് സിവറേജ് ആൻഡ് അലെെഡ് വർക്കേഴ്സ് സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിച്ചുകൊണ്ട് ഹെെക്കോടതി പ്രതികരിച്ചു.
പൊതുതാൽപര്യ ഹർജി ചൂണ്ടിക്കാണിക്കുന്ന വസ്തുതകൾ
തോട്ടിപ്പണിക്ക് തൊഴിലാളികളെ നിയമിക്കുന്നത് തടഞ്ഞുകൊണ്ടും അവരുടെ പുനരധിവാസത്തിനായുമുള്ള തോട്ടിപ്പണി നിരോധന-പുന:രധിവാസ നിയമം(2013) നിലവില്‍ വന്ന ശേഷവും തോട്ടിപ്പണിയ്ക്കായി തൊഴിലാളികളെ നിയമിക്കുന്നത് കൂടിയിട്ടുണ്ട്.
എല്ലാ മുനിസിപ്പാലിറ്റികളും ഇപ്പോഴും തോട്ടിപ്പണി ചെയ്യാൻ യന്ത്രങ്ങൾ ഉപയോഗിക്കുന്നതിന് പകരം തൊഴിലാളികളെ നിയമിക്കുന്നുണ്ട്.
തോട്ടിപ്പണി ചെയ്യുന്ന തൊഴിലാളികളെ തിരിച്ചറിയാനും പേരുവിവരങ്ങൾ രേഖപ്പെടുത്താനും ഡെല്‍ഹി ഗവണ്മെന്‍റിന്‍റെ നിർദേശമുണ്ടായിരുന്നിട്ടും അത് പ്രാദേശിക ഭരണസമിതികൾ വേണ്ട രീതിയിൽ ചെയ്തിട്ടില്ല.
സെപ്റ്റിക് ടാങ്കുകൾ വൃത്തിയാക്കുന്നതിനാണ് ഈ തൊഴിലാളികളെ കരാറടിസ്ഥാനത്തിൽ ജോലിക്കെടുക്കുന്നത്.
സുരക്ഷാ സംവിധാനങ്ങളും മാസ്കും ധരിച്ച് സെപ്റ്റിക് ടാങ്കുകളും ഡ്രെയ്നേജുകളും വൃത്തിയാക്കാൻ ഇറങ്ങുന്ന തൊഴിലാളികൾ മേൽപറഞ്ഞ നിയമത്തിന്‍റെ പരിധിയിൽ പെടുന്നില്ലെന്നും കോടതിയുടെ ശ്രദ്ധയിൽ പെടുത്തി. സ്വകാര്യ കമ്പനികൾ വാടകക്കെടുക്കുന്ന തൊഴിലാളികളാണ് ഇപ്പോൾ സ്വകാര്യ കോളനികളിൽ സെപ്റ്റിക് ടാങ്കുകൾ വൃത്തിയാക്കുന്നത്. സ്വകാര്യ കരാർ അടിസ്ഥാനത്തിൽ വാടകയ്ക്കെടുക്കുന്ന തൊഴിലാളികൾക്ക് ജീവന് സുരക്ഷ ഉറപ്പാക്കുന്ന യാതൊരു നിയമവും നിലവിലില്ല.
കരാറടിസ്ഥാനത്തിൽ തോട്ടിപ്പണി ചെയ്യുന്ന തൊഴിലാളികളെ ജോലിക്കെടുക്കുന്നവർക്ക് മതിയായ സർട്ടിഫിക്കറ്റ് നൽകണമെന്നും അതിന് ശേഷം മാത്രമേ സുരക്ഷാ ഉപകരണങ്ങൾ നൽകി തൊഴിലാളികളെ സെപ്റ്റിക് ടാങ്കുകളിലേക്ക് ഇറക്കാവൂ എന്നുമുള്ള വസ്തുത ഡെൽഹി ജൽ ബോർഡിന്‍റെ അഡ്വക്കേറ്റ് അംഗീകരിച്ചു. തൊഴിലാളികളെ വാടകയ്ക്കെടുക്കുന്ന പല കരാറുകാർക്കും ഇത്തരമൊരു നിയമത്തെക്കുറിച്ച് അറിയുക പോലുമില്ല എന്ന് ജസ്റ്റിസ് സിസ്താനിയും ജസ്റ്റിസ് ജ്യോതി സിങുമടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ നിരീക്ഷണത്തോട് പ്രതികരിച്ചുകൊണ്ടായിരുന്നു ഇത്. ഈ നിയമം നിലവിൽ വന്നിട്ടുപോലും ഇത്രയേറെ തോട്ടിപ്പണി ചെയ്യുന്ന തൊഴിലാളികൾ കൊല്ലപ്പെടുന്നു എങ്കിൽ ഇവരിൽ പലരും തൊഴിൽ ചെയ്യുന്നത് നിയമവിരുദ്ധമായിട്ടാണ് എന്നും കോടതി അഭിപ്രായപ്പെട്ടു.
പത്ത് പ്രാദേശിക ഭരണ സമിതികളിൽ ഓരോന്നിലെയും ഉന്നത ഉദ്യോഗസ്ഥരോട് സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു. നേരിട്ടോ, കരാറുകാർ വഴിയോ തോട്ടിപ്പണി ചെയ്യുന്ന തൊഴിലാളികളെ ജോലിക്കെടുക്കുന്നുണ്ടോ? ഉണ്ടെങ്കിൽ അവരെ എത്ര കാലത്തേക്കാണ് നിയമിക്കുന്നത്? ചുരുങ്ങിയ കാലത്തേക്കാണോ ദീർഘകാലത്തേക്കാണോ? പാർട് ടെെം ആയാണോ ഫുൾ ടെെം ആയാണോ അവരെ നിയമിക്കുന്നത്? നിലവിൽ കരാറുകാർക്ക് മേൽ മേൽനോട്ടം വഹിക്കുന്നത് എങ്ങനെ? തോട്ടിപ്പണി ചെയ്യുന്നവർക്ക് പ്രൊട്ടക്റ്റീവ് ഗിയറും സുരക്ഷാ കിറ്റും നൽകുന്നത് എങ്ങനെ? എന്നീ കാര്യങ്ങൾ വിശദമാക്കിക്കൊണ്ടാണ് സത്യവാങ്മൂലം സമർപ്പിക്കേണ്ടത്.