
നോട്ട് നിരോധനം നല്ലതാണെന്ന് ഒരു സാമ്പത്തിക വിദഗ്ധരും പറയില്ലെന്ന് ഗീത ഗോപിനാഥ്
നോട്ട് നിരോധനം നല്ല ആശയമാണെന്ന് ഒരു സാമ്പത്തിക വിഗദ്ധരും പറയില്ലെന്ന് ഐഎംഎഫ് മുഖ്യ സാമ്പത്തിക വിഗദ്ധ ഗീത ഗോപിനാഥ്. ”ഇന്ത്യ പോലെയൊരു രാജ്യത്ത് അത് നടപ്പാക്കാൻ പാടില്ലാത്തതായിരുന്നു. ലോകത്തെ ഏറ്റവും കൂടുതൽ പ്രതിശീർഷ വരുമാനം ജപ്പാനാണ് ഉള്ളത്. ഇന്ത്യയെക്കാൾ ഏറെ മുന്നിൽ. ആഭ്യന്തര ഉത്പാദന വളർച്ചയ്ക്ക് അനുസരിച്ചുള്ള പണ ചംക്രമണം ഇന്ത്യയിൽ 10 ശതമാനം ആയിരുന്നു. ജപ്പാനിൽ അത് 60 ശതമാനമാണ്. അത് കള്ളപ്പണമല്ല, അഴിമതിയുമല്ല” ഗീത പറഞ്ഞു. ബിസിനസ് സ്റ്റാൻഡേഡിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ ദിവസമാണ് ഗീത അന്താരാഷ്ട്ര നാണയ നിധിയുടെ മുഖ്യ സാമ്പത്തിക വിദഗ്ധയായി നിയമിതയായത്. ജിഎസ്ടി നല്ല സാമ്പത്തിക പരിഷ്കാരമാണെങ്കിലും നോട്ട് നിരോധനം നടപ്പാക്കാതെയിരുന്നുവെങ്കിൽ അത് സുഗമമായി നടപ്പാക്കാനാവുമായിരുന്നുവെന്നും അവർ പറഞ്ഞു. ഇന്ത്യയിൽ നയങ്ങൾ സംബന്ധിച്ച് സുതാര്യത വേണമെന്ന് ഗീത ഗോപിനാഥ് സൂചിപ്പിച്ചു. ആഭ്യന്തര വളർച്ചയുടെ കണക്കിൽ സംശയം ഉയരുന്നത് നല്ല കാര്യമല്ല. സാമ്പത്തികാവസ്ഥയിൽ നോട്ട് നിരോധനത്തിന്റെ ആഘാതത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം തയ്യാറാക്കാൻ ശ്രമിച്ചപ്പോൾ തനിക്ക് അതിന് കൃത്യമായ വിവരങ്ങൾ ലഭിച്ചില്ല എന്നും ഗീത ഗോപിനാഥ് അഭിമുഖത്തിൽ പറയുന്നു. അടിസ്ഥാനവിവരങ്ങൾ നിലവിലില്ല എന്നതാണ് അവസ്ഥയെന്നും അവർ പറഞ്ഞു.