രഹന ഫാത്തിമയെ കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്‍റെ ആവശ്യം ജില്ലാ കോടതി നിഷേധിച്ചു

By on

രഹന ഫാത്തിമയെ കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്‍റെ ആവശ്യം പത്തനംതിട്ട ജില്ലാ കോടതി നിഷേധിച്ചു. രഹനയെ ചോദ്യം ചെയ്യാനും തെളിവെടുക്കാനും വേണ്ടത്ര സമയം പൊലീസിനുണ്ടായിരുന്നിട്ടും അത് ചെയ്തില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. രഹനയെ അറസ്റ്റ് ചെയ്തത് ബിഎസ്എൻഎല്‍ ക്വാട്ടേഴ്സിൽ നിന്നാണ്. അവിടെ വച്ച് തെളിവെടുക്കാമായിരുന്നു. പൊലീസ് അത് ചെയ്തില്ലെന്ന് കോടതി പറഞ്ഞു. അതേസമയം രഹനയുടെ ജാമ്യാപേക്ഷ നാളെ സിജെഎം കോടതിയിൽ സമർപ്പിക്കുമെന്ന് രഹനയുടെ അഭിഭാഷകൻ അരുൺദാസ് അറിയിച്ചു. ജില്ലാ കോടതിയിൽ പൊലീസിന്‍റെ കസ്റ്റഡി അപേക്ഷ നിലനിൽക്കുന്നതിനാലായിരുന്നു കീഴ്ക്കോടതിയ്ക്ക് ജാമ്യാപേക്ഷ പരി​ഗണിക്കാനാവാതിരുന്നത്. മാറിയ സാഹചര്യത്തിൽ വീണ്ടും ജാമ്യത്തിനായി അപേക്ഷ ൽകുമെന്നും അരുൺദാസ് കീബോഡ് ജേണലിനോട് പറഞ്ഞു.

 

അറസ്റ്റ് ചെയ്യപ്പെട്ട് കൊട്ടാരക്കര സബ്ജയിലിൽ റിമാൻഡിൽ കഴിയുന്ന രഹന ഫാത്തിമയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടു കൊണ്ട് പൊലീസ് സിജെഎം കോടതിയിൽ നൽകിയ അപേക്ഷയും നിരസിക്കപ്പെട്ടിരുന്നു. ഈ അപേക്ഷ തള്ളിയ സിജെഎം കോടതി ജയിലിൽ എത്തി രണ്ടു മണിക്കൂർ രഹനയെ ചോദ്യം ചെയ്യാൻ പോലീസിനെ അനുവദിച്ചിരുന്നു.ഇതു പ്രകാരം ജെയിലിലെത്തി പോലീസ് രഹനയെ രണ്ട് മണിക്കൂർ ചോദ്യം ചെയ്തിരുന്നു.

ശബരിമലയിൽ എല്ലാ സ്ത്രീകൾക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി അനുസരിച്ച് ക്ഷേത്ര ദർശനം നടത്താൻ ശ്രമിച്ച രഹന ഫാത്തിമ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച ചിത്രങ്ങളിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബി രാധാകൃഷ്ണ മേനോൻ എന്ന ആൾ കൊടുത്ത പരാതിയിൽ ആണ് പത്തനംതിട്ട പോലീസ് കേസെടുത്തത്.

 

തിരുവിതാംകൂർ ദേവസ്വത്തിന് കീഴിലുള്ള വിവിധ മഹാദേവ ക്ഷേത്രങ്ങളുടെ ഏകോപനസമിതിയുടെ പ്രസിഡന്‍റും,  പഞ്ച ദിവ്യ ദേശ ദർശൻ പ്രോജക്ടിന്‍റെ കൺവീനറുമാണ് ബി.രാധാകൃഷ്ണൻ മേനോൻ . ‘അയ്യപ്പവിഗ്രഹത്തിന്‍റെ കാലുകൾക്കിടയിലൂടെ കെട്ടിയ ഒരു നാട ഒരു സ്ത്രീ കത്രിക ഉപയോഗിച്ച് മുറിക്കുന്ന ഒരു ചിത്രവും ശബരിമല തീർത്ഥാടകരുടെ വേഷം ധരിച്ചു കാമോദ്ദീപകമായ സ്വന്തം ഫോട്ടോയും തന്‍റെ പേരിലുള്ള ഫേസ്‌ബുക് അക്കൗണ്ടിലൂടെ രഹന പോസ്റ്റ്‌ ചെയ്തിരുന്നു. ഇത് തങ്ങളുടെ മതവിശ്വാസത്തെ മുറിവേൽപ്പിക്കുന്നു. കേരളത്തിലുടനീളം നടന്നു വരുന്ന സംസ്കാര വിരുദ്ധ പ്രവർത്തനങ്ങളിൽ നിത്യ സാന്നിധ്യമാണ് രഹന’. എന്നാണ് രാധാകൃഷ്ണ മേനോന്‍ പരാതിയിൽ പറഞ്ഞത്.

 

അന്യമത വിശ്വാസിയായ രഹന ശബരിമലയിൽ കയറാൻ ശ്രമിച്ചത് നാട്ടിൽ കലാപമുണ്ടാക്കാനുള്ള നഗര മാവോയിസ്റ്റുകളുടെ അജണ്ടയുടെ ഭാഗമായിട്ടാണെന്ന് സംശയിക്കുന്നതായും’, അന്വേഷണം വേണമെന്നും പരാതിയിൽ പറയുന്നു. ഈ പരാതിയെ തുടർന്നാണ് പത്തനംതിട്ട പോലീസ് രഹനയ്ക്കെതിരെ മതവികാരം വ്രണപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യൻ ശിക്ഷാ നിയമം 295 A വകുപ്പ് പ്രകാരം കേസെടുത്തത്.

 

ഈ കേസില്‍ രഹനയുടെ മുൻകൂർ ജാമ്യാപേക്ഷ നിരസിച്ച ഹൈക്കോടതി 295 A വകുപ്പ് പ്രകാരം ശിക്ഷിക്കപ്പെടാവുന്ന കുറ്റം നിലനിൽക്കുമെന്ന് കണ്ടെത്തുകയും അന്വേഷണത്തിനായി രഹനയെ 14 ദിവസം റിമാൻഡ് ചെയ്യാൻ ഉത്തരവിടുകയും ചെയ്തു. തുടർന്നാണ് കഴിഞ്ഞ ചൊവ്വാഴ്ച രഹന അറസ്റ്റിലായത്. രഹന ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ ഹിന്ദു മത വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് അറസ്റ്റ് ചെയ്യാൻ നിർദ്ദേശിച്ച ഹൈക്കോടതി വിധിയിൽ പറഞ്ഞിരുന്നു.


Read More Related Articles