‘പ്രധാനമന്ത്രിയുടെ നിറം വച്ച നുണകൾ വിശ്വസിക്കരുത്’; മോദി പാകിസ്താനുമായി സംഘർഷം ഉണ്ടാക്കുമെന്ന് മുൻ സൈനികോദ്യോഗസ്ഥൻ പറഞ്ഞെന്നും കുമാരസ്വാമി
പ്രധാനമന്ത്രിയുടെ നിറം പിടിപ്പിച്ച നുണകൾ വിശ്വസിക്കരുതെന്ന് കർണാടക മുഖ്യമന്ത്രി എച് ഡി കുമാരസ്വാമി. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വോട്ടു തട്ടാൻ തെരഞ്ഞെടുപ്പിന് മുൻപ് പാകിസ്താനുമായി മോദി സംഘർഷം ഉണ്ടാക്കുമെന്ന് വിരമിച്ച സൈനികോദ്യോഗസ്ഥൻ തന്നോട് പറഞ്ഞുവെന്നും കുമാരസ്വാമി ചിക്മംഗളൂരിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞു. ”രണ്ട് വർഷം മുൻപ് അദ്ദേഹം എന്നോട് പറഞ്ഞു എന്‍റെ വാക്കുകൾ രേഖപ്പെടുത്തിക്കൊള്ളൂ, ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുൻപ് ഈ മനുഷ്യൻ (മോദി) പാകിസ്താനുമായി സംഘർഷം ഉണ്ടാക്കും. അതിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വോട്ട് നേടാൻ നോക്കും” കുമാരസ്വാമി പറഞ്ഞു. ബിജെപിയെ വിശ്വസിക്കരുതെന്ന് പറഞ്ഞ കുമാരസ്വാമി അയൽ രാജ്യവുമായി ശത്രുത എന്തിനാണെന്നും ചോദിച്ചു. രാജ്യസുരക്ഷയുടെ പേരു പറഞ്ഞ് വോട്ടു തേടുന്ന ബിജെപിയോട് കഴിഞ്ഞ 70 വർഷങ്ങളായി രാജ്യത്തിന് സുരക്ഷയൊന്നും തന്നെ ഇല്ലായിരുന്നോ എന്നാണ് ചോദിക്കാനുള്ളതെന്ന് കുമാരസ്വാമി പറഞ്ഞു.
അവരെ വിശ്വസിക്കരുത്, ഒരു കന്നഡിഗ പ്രധാനമന്ത്രിയായിരുന്നപ്പോൾ ബോംബ് സ്ഫോടനങ്ങൾ എന്തെങ്കിലും ഉണ്ടായോ? സേനാംഗങ്ങൾക്ക് ആർക്കെങ്കിലും ജീവൻ നഷ്ടമായോ? തന്‍റെ പിതാവ് ദേവഗൗഡ പ്രധാനമന്ത്രിയായിരുന്ന കാലത്തെ സൂചിപ്പിച്ച് കുമാരസ്വാമി ചോദിച്ചു.
പൽവാമ ആക്രമണത്തെക്കുറിച്ച് നേരത്തെ അറിവുണ്ടായിരുന്ന കുമാരസ്വാമി അത് സർക്കാരിനെ എന്തുകൊണ്ട് അറിയിച്ചില്ല എന്ന് ബിജെപി പ്രതികരിച്ചു. കുമാരസ്വാമി വഞ്ചകനാണെന്ന് ബിജെപി വക്താവ് ഗോ മധുസുദൻ ആരോപിച്ചു. സൈനികോദ്യോഗസ്ഥന്റെ പേര് കുമാരസ‌്വാമി പുറത്തുവിടണമെന്നും മധുസുദൻ പറഞ്ഞു.