വിദ്വേഷ പ്രസംഗത്തില്‍ പ്രതിഷേധിച്ച് ആദിത്യനാഥിന്‍റെ കോലം കത്തിച്ച എഎംയു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെയും കോലം കത്തിച്ചതിന് അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്ക് എഫ്ഐആർ. 153എ, യുപിഎസ്എ സെക്ഷൻ 6 എന്നീ വകുപ്പുകളാണ് വിദ്യാർത്ഥികൾക്ക് മേൽ ചുമത്തിയിരിക്കുന്നത്. ഫാത്തിമ ഷെയ്ഖ് സ്റ്റഡി സർക്കിൾ എന്ന വിദ്യാർത്ഥി കൂട്ടായ്മയുടെ ഭാഗമായ അമീറുൽ ജെെഷ്, ആതിഫ്, ഫർഹാൻ, നഫീസ്, അമ്മർ, നിഹാദ് എന്നിവരടക്കം പതിനെട്ട് പേർക്കെതിരെയാണ് കേസ്.
യോഗി ആദിത്യനാഥിന്‍റെ വിദ്വേഷ പ്രസംഗങ്ങൾക്കെതിരെയാണ് വിദ്യാർത്ഥികൾ കോലം കത്തിച്ചുകൊണ്ടുള്ള പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. “സംവാദത്തോട് അവർ സഹകരിക്കുന്നില്ലെങ്കിൽ, തീർച്ചയായും വാക്കുകളെ അല്ലെങ്കിലും അവർ വെടിയുണ്ടകളെ കേൾക്കും, ബുള്ളറ്റുകൾ അവരെ നിശ്ശബ്ദരാക്കും” എന്ന് ഷഹീൻബാഗ് സമരത്തിനെതിരായി യോഗി ആദിത്യനാഥ് നടത്തിയ പ്രസ്താവനയ്ക്കെതിരെ ആയിരുന്നു വിദ്യാർത്ഥികളുടെ പ്രതിഷേധം. ഡൽഹി തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ ജനുവരി 30ന് ജാമിഅയിലും ഫെബ്രുവരി 1, 2 തീയ്യതികളിൽ ഷഹീൻബാഗിലും നടന്ന വെടിവെപ്പിനെതിരെയും വിദ്യാർത്ഥികൾ പ്രതിഷേധമറിയിച്ചു.
“1932ലെ യുനെെറ്റഡ് പ്രൊവിൻസസ് സ്പെഷ്യൽ പവേഴ്സ് ആക്റ്റ്, ജീവിച്ചിരിക്കുന്ന ഒരാളുടെ ശവദാഹം നടത്തുന്നത് മൂന്ന് മാസത്തെ തടവും പിഴയും ശിക്ഷ അനുഭവിക്കേണ്ടുന്ന നിയമമാണ്. എന്നാൽ, ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ കോലം കത്തിക്കുന്നത് ഈ നിയമ പ്രകാരം കുറ്റകൃത്യം ആകുന്നില്ലെന്ന് അലഹാബാദ് ഹെെക്കോടതിയുടെ വിധി നിലവിലുണ്ട്. പ്രതീകാത്മകമായ പ്രതിഷേധമായിരുന്ന നടന്നത്.ബിജെപിയുടെ ഉന്നത നേതൃത്വത്തിൽ നിന്നും നേരിട്ട് വെറുപ്പും വിദ്വേഷവും ഏറ്റുവാങ്ങേണ്ടിവരുന്ന, ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യമിട്ടുകൊണ്ട് വർഗീയമായി നടക്കുന്ന ആക്രമണങ്ങൾ നേരിടേണ്ടി വരുന്ന ഷഹീൻ ബാഗിലെയും ജാമിഅയിലെയും പ്രതിഷേധക്കാർക്ക് എക്യദാർഢ്യം അറിയിച്ചുകൊണ്ടുള്ള പ്രതിഷേധമാണിത്.” ജനാധിപത്യപരമായി പ്രതിഷേധിക്കുകയായിരുന്ന വിദ്യാർത്ഥികൾക്കുമേൽ ചുമത്തിയ അടിസ്ഥാന രഹിതവും മുൻവിധിയോടുകൂടിയതുമായ എഫ്ഐആറുകൾ പിൻവലിക്കണമെന്ന് ഫാത്തിമ ഷെയ്ഖ് സ്റ്റഡി സർക്കിൾ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
വിമത ശബ്ദങ്ങളെ അടിച്ചമർത്താനുള്ള ഉപകരണമായാണ് ഈ എഫ്ഐആറുകൾ ഉപയോഗിക്കപ്പെടുന്നത് എന്നും ആർട്ടിക്കിൾ 19 അനുവദിക്കുന്ന ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേൽ ഭരണകൂടത്തിന്‍റെ ഭാഗത്ത് നിന്നും കെെകടത്തലുകൾ ഉണ്ടാകരുത് എന്നും ഫാത്തിമ ഷെയ്ഖ് സ്റ്റഡി സർക്കിൾ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
ഡിസംബർ 15ന് പൊലീസിനെ ക്യാംപസിൽ പ്രവേശിക്കാൻ അനുവദിച്ച വെെെസ് ചാൻസലർ അടക്കമുള്ള അധികാരികൾ രാജി വെക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഒരു മാസത്തിലേറെയായി വിദ്യാർത്ഥികൾ സമരം തുടരുകയാണ്. ഇതേത്തുടർന്ന് കഴിഞ്ഞ ദിവസം പ്രോക്റ്റർ അഫീഫുള്ള ഖാൻ രാജി വെച്ചിരുന്നു. റിപബ്ലിക് ദിനത്തിൽ വെെസ് ചാൻസലർക്കെതിരെ മുദ്രാവാക്യമുയർത്തിയ മൂന്ന് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തിരുന്നു. വിദ്യാർത്ഥികൾ കൂട്ടമായി റോഡ് ബ്ലോക് ചെയ്ത് സമരം ചെയ്തതിനെ തുടർന്ന് ഇവരെ വിട്ടയക്കുകയായിരുന്നു.