ഹത്രസ് റിപ്പോര്‍ട്ടിങ്; അഴിമുഖം റിപ്പോര്‍ട്ടര്‍ സിദ്ദീഖ് കാപ്പനെതിരെ യുഎപിഎ, ഗൂഢാലോചന കുറ്റമടക്കം ചാര്‍ത്തി യുപി പൊലീസ്

By on

ഹത്രസിലേക്ക് റിപ്പോര്‍ട്ടിങ്ങിനായുള്ള യാത്രയ്ക്കിടെ യുപി പൊലീസ് അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെതിരെ യുഎപിഎയും രാജ്യ ദ്രോഹ കേസും. ഹത്രസില്‍ ജാതീയവും  വര്‍ഗീയവുമായ  കലാപത്തിന് ആസൂത്രണം ചെയ്തു എന്നതാണ് സിദ്ദീഖ് ഉള്‍പ്പെടെ അറസ്റ്റ് ചെയ്യപ്പെട്ട നാലുപേര്‍ക്കെതിരെയുള്ള കേസ്. ക്യാംപസ് ഫ്രണ്ട് ദേശീയ നേതാക്കളായ ആതിഖ്ഉര്‍ റഹ്മാന്‍, മസൂദ് ഖാന്‍, ക്യാബ് ഡ്രെെവര്‍ ആലം എന്നിവരാണ് മറ്റ് മൂന്നുപേര്‍.

തേജസ്, തത്സമയം എന്നീ പത്രങ്ങളില്‍ റിപ്പോര്‍ട്ടറായിരുന്ന സിദ്ദീഖ് നിലവില്‍ അഴിമുഖം ന്യൂസ് വെബ്‌സൈറ്റിന്റെ ഡല്‍ഹി ലേഖകനാണ്. കെയുഡബ്‌ള്യുജെയുടെ ഡല്‍ഹി യൂനിറ്റ് സെക്രട്ടറിയായ സിദ്ദീഖിന്റെ മോചനത്തിനായി സംഘടന സുപ്രിം കോടതിയില്‍ ഹേബിയസ് കോര്‍പസ് പെറ്റിഷന്‍ ഫയല്‍ ചെയ്തിരുന്നു.

റിപ്പോര്‍ട്ടിങ്ങിനായി ഹത്രസിലേക്ക് പോകുന്ന വിവരം സിദ്ദീഖ് അറിയിച്ചിരുന്നു, പത്തുവര്‍ഷത്തിലേറെ പ്രവര്‍ത്തന പരിചയമുള്ള സിദ്ദീഖ് ദേശീയ പ്രാധാന്യമുള്ള ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യും എന്നത് വ്യക്തമാണ്. തിങ്കളാഴ്ച വെെകുന്നേരം സിദ്ദീഖുമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ കഴിഞ്ഞിരുന്നില്ല എന്നും  അഴിമുഖം എഡിറ്റര്‍ കെഎന്‍ അശോക് ദ വയറിനോട് പറഞ്ഞിരുന്നു.

അന്താരാഷ്ട്ര തലത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെയുള്ള ഗൂഢാലോചനയുടെ ഫലമാണ് ഹത്രസില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ എന്നും വര്‍ഗീയ കലാപമുണ്ടാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത് എന്നുമാരോപിച്ച്  ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്തതിന് തൊട്ടുപിന്നാലെയായാണ് ഇവരുടെ അറസ്റ്റ് നടന്നത്. അന്താരാഷ്ട്ര തലത്തില്‍ നിന്നുള്ള ഫണ്ടിങ്ങ് ഇതിന് പിന്നിലുണ്ട് എന്നും യോഗി ആദിത്യനാഥ് ആരോപിച്ചിരുന്നു. 19 എഫ്‌ഐആറുകളാണ് ഉത്തര്‍പ്രദേശിന്റെ വിവിധ ജില്ലകളിലായി ഇതിനകം ഫയല്‍ ചെയ്തിരിക്കുന്നത്.

സിദ്ദീഖ്, ആതിഖ്ഉര്‍ റഹ്മാന്‍, മസൂദ് അഹ്മദ്, ആലം എന്നിവര്‍ ഹത്രാസില്‍ സമാധാനം തകര്‍ക്കാനാണ് പോകുന്നത്, ഇവരുടെ ഹത്രസ് സന്ദര്‍ശനത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ട് എന്നാണ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഐപിസി 153എ, 295 എ (മതവികാരം വ്രണപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ശ്രമങ്ങള്‍ നടത്തുക) 124എ (രാജ്യദ്രോഹം), യുഎപിഎ നിയമത്തിന്റെ 14 (നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ശിക്ഷ), 17 ( തീവ്രവാദ പ്രവര്‍ത്തനത്തിനായി ഫണ്ട് സ്വരൂപിക്കല്‍) എന്നീ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഐടി ആക്റ്റ് 2008ലെ സെക്ഷന്‍ 65 (കംപ്യൂട്ടര്‍ സോഴ്‌സ് രേഖകള്‍ തിരുത്തുക), 72 (ആശയവിനിയമ മാര്‍ഗങ്ങളുപയോഗിച്ച് നിന്ദ്യമായ സന്ദേശങ്ങള്‍ അയക്കുക), 76 (സ്വകാര്യതാ ലംഘനം നടത്തുക) എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

ഹത്രസിലെ ദലിത് പെണ്‍കുട്ടിയുടെ ബലാത്സംഗ കൊലപാതക കേസിന്‍റെ പേരില്‍ വര്‍ഗീയ കലാപത്തിനായുള്ള ഗൂഢാലോചന നീക്കങ്ങള്‍ നടത്താന്‍ ഉപയോഗിച്ചുവെന്ന് ഉത്തര്‍പ്രദേശ് പൊലീസ് ആരോപിക്കുന്ന justiceforhathrasvictim.carrd.co എന്ന വെബ്‌സൈറ്റ് നടത്തുന്നത് ഇവര്‍ ആണ് എന്നും എഫ്‌ഐആറില്‍ ആരോപിക്കുന്നു. ഹത്രസ് കേസിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളില്‍ എങ്ങനെ സുരക്ഷിതമായി നില്‍ക്കാം എന്നാണ് ഈ വെബ്‌സൈറ്റിന്റെ ഉള്ളടക്കം എന്നാണ് പൊലീസ് പറയുന്നത്.

ഹത്രസ് കേസില്‍ സമരങ്ങള്‍ സംഘടിപ്പിക്കാന്‍ ആഹ്വാനം ചെയ്യുന്ന വെബ്‌സൈറ്റ് സമാധാനം തകര്‍ക്കുവാനും വര്‍ഗീയതയുടെയും വിഘടനവാദത്തിന്‍റെയും ആശയങ്ങള്‍ വ്യാപിപ്പിക്കുന്നതാണ് എന്നും എഫ്‌ഐആറില്‍ പരാമര്‍ശമുണ്ട്. “ഭാരതത്തിന്‍റെ നിയമവ്യവസ്ഥയ്‌ക്കെതിരായ ആശയങ്ങളാണ് ഈ വെബ്‌സൈറ്റിന്‍റെ അടിസ്ഥാനം, ഇതിലൂടെ സംഘടിപ്പിക്കുന്ന എല്ലാ സംഘടനകളെയും ജനങ്ങളെയും ഉള്‍ക്കൊള്ളിച്ച് സാമുദായിക വിദ്വേഷവും ജാതി കലാപവും സംഘടിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്,” ഇതെല്ലാം ചൂണ്ടിക്കാട്ടി ഫണ്ട് ശേഖരിക്കുന്നതുള്‍പ്പെടെ, കലാപം സൃഷ്ടിക്കാനുള്ള വലിയ ഗൂഢാലോചന നടത്തിയെന്നാണ് എഫ്‌ഐആറില്‍ ആരോപിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ കുറിച്ച് എഫ്‌ഐആറില്‍ പരമാര്‍ശിച്ചിട്ടില്ല.


Read More Related Articles