എന്‍റെ ഭർത്താവിന് 19 രോഗങ്ങളുണ്ട്, തീവ്രവേദന കൊണ്ട് അദ്ദേഹം മരിക്കുകയാണ്; ജിഎൻ സായിബാബയുടെ ഭാര്യ വസന്ത കുമാരിയുടെ കുറിപ്പ്
മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്ത് 2016 നാഗ്പൂർ ജയിലിലെ അണ്ഡാസെല്ലിൽ തടവിൽ കഴിയുന്ന ഡല്‍ഹി യൂണിവേഴ്സിറ്റി പ്രൊഫസർ ജിഎൻ സായിബാബയുടെ ആരോഗ്യാവസ്ഥ അതീവ ഗുരുതരമെന്ന് സായിബാബയെ സന്ദർശിച്ച ഭാര്യ വസന്തകുമാരി. സായിബാബയെ സന്ദർശിച്ച ശേഷം ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പിലാണ് വസന്തകുമാരി ഇക്കാര്യം പറയുന്നത്. വസന്തകുമാരിയുടെ കുറിപ്പ് ഇങ്ങനെ,
“2018 ഡിസംബർ 26നാണ് ഞാൻ സായിയുടെ സഹോദരൻ രാംദേവിനൊപ്പം സായിയെ കാണുന്നത്. കാണാൻ അനുവദിക്കുന്ന കോടതിവിധി ഉണ്ടായിരുന്നു. നാഗ്പൂർ ഗവണ്മെന്‍റ് മെഡിക്കൽ കൊളേജ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് കണ്ടത്. സാധാരണ, കൂടിക്കാഴ്ചയ്ക്കുള്ള അഴിയിട്ട ചില്ല് പാളികളിലൂടെയാണ് ഞാൻ സായിയെ കാണാറുള്ളത്. ഒരുപാട് കാലത്തിന് ശേഷമാണ് ഞാൻ അദ്ദേഹത്തെ മുഴുവനായി കാണുന്നത്. ഞാൻ മനസ്സിലാക്കിയതിനേക്കാൾ മോശമായിരുന്നു അവസ്ഥ എന്ന് തിരിച്ചറിഞ്ഞു. ചലനശക്തി ഏതാണ്ട് ഇല്ലാതായിക്കഴിഞ്ഞു. സ്വയം ചലിക്കാനേ കഴിയുന്നില്ല അല്ലെങ്കിൽ വളരെ പ്രയാസപ്പെട്ടാണ് ചലിക്കുന്നത്. നിയന്ത്രണാതീതമായി കെെകൾ വിറയ്ക്കുന്നുണ്ട്. ധാരാളം ശരീരഭാരം നഷ്ടപ്പെട്ടിട്ടുണ്ട്. സായിബാബയുടെ ആരോഗ്യാവസ്ഥ വളരെ മോശമാണ്. മുമ്പ് വീൽചെയറിൽ നിന്ന് കട്ടിലിലേക്ക് അദ്ദേഹത്തിന് ഒറ്റയ്ക്ക് മാറിയിരിക്കാൻ കഴിയുമായിരുന്നു, ഇപ്പോൾ ഒറ്റയ്ക്ക് അത് സാധിക്കുന്നില്ല, ഇപ്പോൾ രണ്ടുപേരുടെ സഹായമുണ്ടെങ്കിൽ മാത്രമേ സായിബാബയ്ക്ക് കിടക്കാൻ കഴിയൂ.
ഡിസംബർ 26ന് പല പരിശോധനകൾക്കിടെ എന്‍റെ ഭർതൃസഹോദരനും ഒരു പൊലീസ് ഉദ്യോഗസ്ഥനും ചേർന്നാണ് സായിബാബയെ വീൽചെയറിൽ നിന്നും ഉയർത്തിയത്. മൂന്ന് വീഡിയോഗ്രാഫർമാർ ഇതെല്ലാം റെക്കോർഡ് ചെയ്തിട്ടുണ്ട്. ബഹുമാന്യരായ ജഡ്ജിമാരടക്കമുള്ളവർക്ക് എഡിറ്റ് ചെയ്യാത്ത ആ വീഡിയോകൾ കണ്ട് സായിബാബയുടെ അവസ്ഥ മനസ്സിലാക്കാം. മുമ്പ് ചെയ്തിരുന്നത് പോലെ വീൽചെയറിൽ നിന്ന് ഒറ്റയ്ക്ക് എഴുന്നേൽക്കാൻ ഇപ്പോൾ അദ്ദേഹത്തിന് കഴിയുന്നില്ല.
മുമ്പ് ചികിത്സിച്ചിരുന്ന ഫാമിലി ഡോക്ടർമാരെയും ചികിത്സയ്ക്ക് എത്തിക്കാമെന്ന കോടതി ഉത്തരവനുസരിച്ച് ഗവണ്മെന്‍റ് ഹോസ്പിറ്റലിൽ തന്നെ അവരെത്തി ചികിത്സ നടത്തുകയും റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. കാർഡിയോളജിസ്റ്റായ ഡോ. ഗോപിനാഥ് ആണ് ഈ പരിശോധനകൾ നടത്തിയത്. രാവിലെ 11 മണി മുതൽ വെെകുന്നേരം 3.30 വരെയായിരുന്നു കോടതി അനുവദിച്ച ചികിത്സാസമയം. ഒരു ഡോക്ടർ മാത്രമാണ് പരിശോധനകൾ നടത്താൻ ഉണ്ടായിരുന്നത്.
ജയിലിനകത്ത് നിന്നും പിടിപെട്ട രോഗമാണ് മൂത്രാശയത്തിലെ കല്ല്. കല്ലുകൾ നീക്കം ചെയ്യാൻ ശസ്ത്രക്രിയ നടത്താൻ പ്രൊസിക്യൂഷൻ അനുവദിച്ചിട്ടുണ്ട്. എന്നാൽ മറ്റെല്ലാ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും മറച്ചുപിടിച്ചുകൊണ്ടാണിത്.
പത്തൊമ്പത് ആരോഗ്യ പ്രശ്നങ്ങളാണ് സായി ഇപ്പോൾ നേരിടുന്നത്. ഇടതുഭാഗത്ത് രോഗനിർണയം നടത്താൻ കഴിഞ്ഞിട്ടില്ലാത്ത ഒരു മുഴ, തലച്ചോറിൽ മുഴ, ജീവന് ഭീഷണിയായ ഹൃദ്രോഗം, വൃക്കയിൽ കല്ലുകൾ, മൂത്രാശയത്തിലെ ഇൻഫെക്ഷൻ തുടങ്ങിയവയാണ് രോഗങ്ങൾ. ഇടതുകയ്യുടെ ഷോൾഡറിലെ ഞരമ്പുകൾ കൂടുതൽ നശിച്ചിട്ടുണ്ട്. തുടർച്ചയായ വേദനയും കൂടിയിട്ടുണ്ട്. പതിവായ ഫിസിയോതെറാപ്പി ആണ് ഡോക്ടർമാർ നിർദ്ദേശിക്കുന്നത്.
സമഗ്രമായ ചികിത്സയാണ് സായിബാബയ്ക്ക് ഇപ്പോൾ ആവശ്യം. എല്ലാ ദിവസവും തെറാപ്പിയും ബന്ധുക്കളുടെ പരിചരണവും സായിബാബയ്ക്ക് ആവശ്യമാണ്. ഗവണ്മെന്‍റ് ഹോസ്പിറ്റലിലെ ഡോക്ടർമാർ നിർദ്ദേശിച്ച ചികിത്സാരീതികളിൽ പലതും ജനറൽ മെഡിക്കൽ കൊളേജ് ഹോസ്പിറ്റലിൽ ലഭ്യമല്ല. അതിനാൽ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളിലേക്ക് ചികിത്സ നിർദ്ദേശിച്ചിരിക്കുകയാണ്. സെല്ലിലെ ഏറ്റവും പ്രശ്നം നിറഞ്ഞ കാര്യം കടുത്ത തണുപ്പാണ്. തണുപ്പിന്‍റെ അതിതീവ്രമായ ആക്രമണങ്ങളാണ് സായിബാബ സഹിക്കുന്നത്. കാലുകൾ മരവിച്ച് പോകുകയാണ്, പേശികൾ കോച്ചിപ്പിടിക്കുമ്പോഴുള്ള അസഹനീയമായ വേദന അദ്ദേഹത്തെ കൊല്ലുകയാണ്. സെല്ലിനകത്ത് തണുപ്പ് വളരെയധികം കൂടുതലാണ്. ഇടതു കയ്യിലെ തകർന്ന പേശികളും മരവിച്ച് പോകുകയാണ്. ന്യൂറോളജി ഡിപ്പാർട്ട്മെന്‍റ് മേധാവി ഇടത് ഷോൾഡർ മരവിച്ചിരിക്കുകയാണ് എന്നും അടിയന്തരമായ തെറാപ്പികൾ ചെയ്യണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. സഹായിക്കാൻ കുടുംബാംഗങ്ങളില്ലാതെ ഫിസിയോതെറാപ്പി ചെയ്യാൻ കഴിയുകയില്ല. വേദന അതിശക്തമാണ്.
ജീവിതത്തിന്‍റെ അപകടകരമായ വേദനയുടെ അറ്റത്താണ് സായിബാബ ഇപ്പോൾ ജീവിക്കുന്നത്. ഇതിൽ കൂടുതൽ വേദന സഹിക്കാൻ അദ്ദേഹത്തിന് കഴിയില്ല. ഭരണകൂടത്തിന്റെ അന്തിമ വാദങ്ങളുമായി ഫെബ്രുവരി 11നാണ് അടുത്ത വിചാരണ. സായി ജയിലിലടക്കപ്പെട്ടിട്ട് ഇപ്പോൾ രണ്ട് വർഷം തികയുകയാണ്. മെഡിക്കൽ ജാമ്യത്തിന് അപേക്ഷ നൽകിയിട്ട് പതിനൊന്ന് മാസം കഴിയുന്നു. എന്നാൽ ഒട്ടും വേഗത്തിലല്ല കാര്യങ്ങൾ നടക്കുന്നത്. സായിബാബ തുടർച്ചയായി ബോധരഹിതനാകുന്നുണ്ട്. എഴുതാൻ കഴിയുന്നില്ല. ഖരരൂപത്തിലുള്ള ഭക്ഷണമൊന്നും കഴിക്കാൻ കഴിയുന്നില്ല. 90% ശാരീരിക വെെകല്യം നേരിടുന്ന ഒരാൾ എന്ന രീതിയിൽ സായിബാബയുടെ അവകാശങ്ങൾ ലംഘിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ബഹുമാനപ്പെട്ട കോടതി സായിബാബയുടെ അടിസ്ഥാന മനുഷ്യാവകാശങ്ങൾ ഉയർത്തിപ്പിടിക്കുമെന്നും അംഗവെെകല്യമുള്ള ഒരാളുടെ അവകാശങ്ങൾ എന്ന നിലയിൽ പരിഗണിച്ച് കോടതി അടുത്ത ഹിയറിങ്ങോടെ മെഡിക്കൽ ജാമ്യം അനുവദിക്കും എന്നും പ്രതീക്ഷിക്കുന്നു, അല്ലെങ്കിൽ അതിജീവിക്കൽ അദ്ദേഹത്തിന് പ്രയാസമായിരിക്കും.”