“കുടുംബത്തിന്‍റെ സുരക്ഷിതത്വത്തില്‍ ആശങ്കയുണ്ട്”; മധുര ജയിലില്‍ നിന്നും ഡോ.കഫീല്‍ ഖാന്‍
തന്‍റെ കുടുംബത്തിന്‍റെ സുരക്ഷയോര്‍ത്ത് ആശങ്കയിലാണ് കഴിയുന്നത് എന്ന് ഗൊരഖ്പൂര്‍ ഡോക്ടര്‍ കഫീല്‍ ഖാന്‍. ഡോ.കഫീലിന്റെ മാതൃസഹോദരന്‍ നസ്രുള്ള അഹമ്മദ് വാര്‍സിയുടെ കൊലപാതകത്തെക്കുറിച്ച്, ജയിലില്‍ സന്ദര്‍ശിക്കാനെത്തിയ മൂത്ത സഹോദരന്‍ അദീല്‍ ഖാനോടാണ് ഡോ.കഫീല്‍ ഇക്കാര്യം പറഞ്ഞത്. 2018ല്‍ ഇതേ രീതിയിലാണ് എന്റെ സഹോദരന്‍ ആക്രമിക്കപ്പെട്ടത്, ആ കേസില്‍ ഒരാളെപ്പോലും പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല, ഇപ്പോഴിതാ, വീണ്ടും. ഡോ. കഫീല്‍ ഖാന്‍ പറഞ്ഞതായി അദീല്‍ ഖാന്‍ പറയുന്നു.
ഇന്നലെ രാത്രി പതിനൊന്നുമണിയോടെയാണ് അമ്പത്തിയഞ്ചുകാരനായ നസ്രുള്ള വീട്ടുമുറ്റത്ത് വെച്ച് പോയിന്‍റ് ബ്ലാങ്കില്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. പ്രോപ്പര്‍ട്ടി ഡീലറായ നസ്രുള്ളയുടെ ഇടപാടുകളിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് ഉത്തര്‍പ്രദേശ് പൊലീസ് പറയുന്നത്. സംഭവത്തില്‍ ഇമാമുദ്ദീന്‍, അനൂപ് സോന്‍കാര്‍ എന്നിവരെ പ്രതിചേര്‍ത്തിട്ടുണ്ട് എന്ന് സര്‍ക്കിള്‍ ഓഫീസര്‍ വിപി സിങ് പറഞ്ഞു. എന്നാല്‍ ഇത് തന്‍റെ കുടുംബത്തിന് നേര്‍ക്ക് അവര്‍ നടത്തുന്ന രണ്ടാമത്തെ ആക്രമണം ആണെന്നാണ് ഡോ. കഫീല്‍ പറയുന്നത്.
സഹോദരന്‍ കാഷിഫ് ജമീലിന് നേരെ നടന്ന വധശ്രമത്തെപ്പറ്റി 2018 ഓഗസ്റ്റില്‍ നടത്തിയ ഒരു അഭിമുഖത്തില്‍ ഡോ. കഫീല്‍ ഖാന്‍ പറഞ്ഞ കാര്യങ്ങള്‍,
സഹോദരന്‍ കാഷിഫ് ജമീലിന് ഇപ്പോള്‍ എങ്ങനെയുണ്ട്?
കാഷിഫ് സുഖം പ്രാപിക്കുന്നു. ഇതുവരെയും ആരാണ് എന്റെ സഹോദരനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് യുപി പൊലീസ് കണ്ടെത്തിയിട്ടില്ല. ജൂണ്‍ പത്തിന് തറാവീഹ് നമസ്‌കാരത്തിന് ശേഷം കാഷിഫ് ഉമ്മയ്ക്ക് വേണ്ടി ചെരുപ്പ് വാങ്ങിക്കാന്‍ പുറത്തേക്ക് പോയി. ഗൊരഖ്‌നാഥ് ക്ഷേത്രത്തിന്റെ പരിസരത്തേക്കാണ് പോയത്. അന്ന് രാത്രി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ആ പരിസരത്ത് ഉണ്ടായിരുന്നു. ക്ഷേത്രത്തില്‍ നിന്നും അഞ്ഞൂറു മീറ്റര്‍ ദൂരത്തായിട്ടാണ് ഈ സംഭവം നടക്കുന്നത്. രണ്ട് പേര്‍ സ്‌കൂട്ടിയില്‍ വന്ന് വെടിയുതിര്‍ക്കുകയായിരുന്നു. അവര്‍ അഞ്ച് തവണ വെടിയുതിര്‍ത്തു, മൂന്ന് വെടിയുണ്ടകള്‍ കൊണ്ടു. ആദ്യത്തേത് പിന്നില്‍ നിന്നായിരുന്നു, അത് പുറം തുളച്ച് മുന്നിലൂടെ കടന്നുപോയി. കാഷിഫ് ബൈക്കിലായിരുന്നു. പിന്നീട് അവര്‍ മുമ്പോട്ടുവന്ന് മുന്നില്‍ നിന്നും വെടിവെച്ചു. വലതുകയ്യിലും കൊണ്ടു. കാഷിഫ് ഓടാന്‍ തുടങ്ങി. അവര്‍ അവനെ പിന്തുടര്‍ന്ന് വെടിയുതിര്‍ത്തു. അത് വലത് ചുമലിലൂടെ കഴുത്തിലേക്ക് കയറി. ആ വെടിയുണ്ട അവിടെ കുടുങ്ങിക്കിടന്നു. പക്ഷേ അപ്പോഴും അവന്‍ ഓടുകയായിരുന്നു. വീഴുകയും വീണ്ടും എഴുന്നേറ്റ് ഓടുകയും ചെയ്തു. ആളുകള്‍ എത്തിയപ്പോഴേക്കും അക്രമികള്‍ ഓടിപ്പോകുകയും ചെയ്തു. നമ്മള്‍ കാഷിഫിനെ ഇവിടെയുള്ള മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലായ സ്റ്റാര്‍ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. ബുള്ളറ്റുകള്‍ നീക്കിയില്ലെങ്കില്‍ കാഷിഫ് മരിക്കും എന്ന് അവര്‍ പറഞ്ഞു. അത്രയും ചോര വാര്‍ന്നൊലിച്ചുകൊണ്ടിരിക്കെ കാഷിഫ് നിര്‍ത്താതെ കരഞ്ഞു.
പൊലീസ് വന്നു സര്‍ജറിക്ക് മുമ്പ് മെഡിക്കോ ലീഗല്‍ ആവശ്യമാണെന്ന് പറഞ്ഞു. നമ്മള്‍ മെഡിക്കോ ലീഗല്‍ ചെയ്തു കഴിഞ്ഞു എന്ന് ഡോക്ടര്‍ പറഞ്ഞു. അപ്പോള്‍ പൊലീസ് പറഞ്ഞത് ഗവണ്മെന്റ് ഡോക്ടര്‍ തന്നെ ചെയ്യണം എന്നാണ്. സുപ്രിം കോടതിയുടെ മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ പറയുന്നത് ആദ്യം ആവശ്യമായ ചികിത്സ നല്‍കുക എന്നാണ്. അത് ചെയ്യാന്‍ വേണ്ടി പൊലീസ് ഞങ്ങളെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി, പതിനൊന്ന് മുപ്പതായിരുന്നു സമയം. 10.30നാണ് വധശ്രമമുണ്ടായത്. ഒരു മണിക്കൂറെടുത്തു മെഡിക്കോ ലീഗല്‍ ചെയ്യാന്‍, അത് കഴിഞ്ഞപ്പോള്‍ ഒരുമണി ആയി. പിന്നെ അവര്‍ പറഞ്ഞു ഗവണ്മെന്റ് ഡോക്ടറില്‍ അവര്‍ സംതൃപ്തരല്ലെന്നും മെഡിക്കല്‍ കൊളേജില്‍ നാലോ അഞ്ചോ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന മെഡിക്കല്‍ ബോര്‍ഡിനെ കൊണ്ട് മാത്രമേ സര്‍ജറി ചെയ്യിക്കാന്‍ കഴിയൂ എന്നും. അവിടെ ഉണ്ടായിരുന്ന സര്‍ജന്‍ എത്രയും പെട്ടെന്ന് സര്‍ജറി നടത്തണമെന്ന് പറഞ്ഞു. പക്ഷേ പൊലീസ് അതൊന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല. അവര്‍ പെരുമാറിയത് എന്റെ സഹോദരന്‍ കൊല്ലപ്പെടണം എന്നുള്ള ആഗ്രഹത്തോടെയാണ്. കാഷിഫ് വേദനയോടെ കരയുകയായിരുന്നു. നമ്മള്‍ കാഷിഫിനെ വീണ്ടും സ്റ്റാര്‍ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകാനൊരുങ്ങി, എന്‍റെ സഹോദരന്‍റെ ജീവന്‍ രക്ഷിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ അവിടേക്കും അവര്‍ നമ്മളെ പിന്തുടര്‍ന്നു. അവിടെ നിന്നും നമ്മളെ ബലപ്രയോഗത്തിലൂടെ ഗൊരഖ്പൂര്‍ മെഡിക്കല്‍ കൊളേജിലേക്ക് കൊണ്ടുപോയി. നമ്മള്‍ പോയ സ്വകാര്യ ആശുപത്രിയില്‍ നിന്നും 20 കിലോമീറ്റര്‍ ദൂരെയാണ് മെഡിക്കല്‍ കൊളേജ്. ഇരുപത് കിലോമീറ്ററുകള്‍ പൊട്ടിപ്പൊളിഞ്ഞ റോഡുകളിലൂടെയാണ് പോയത്. അവിടെയെത്താന്‍ അരമണിക്കൂറെടുത്തു. ഇവിടെ സര്‍ജറി ചെയ്യാനുള്ള സൗകര്യങ്ങളില്ല എന്നു പറഞ്ഞ് അവര്‍ ഞങ്ങളെ ലക്‌നൗവിലേക്ക് പോകാന്‍ ആവശ്യപ്പെട്ടു, അപ്പോള്‍ നമ്മള്‍ ചോദ്യം ചെയ്തു, എന്താണ് നടക്കുന്നത്? ഇതിനകം തന്നെ മൂന്ന് മണിക്കൂറുകള്‍ നിങ്ങള്‍ പാഴാക്കി, വീണ്ടും നിങ്ങള്‍ ഗൊരഖ്പൂരില്‍ നിന്നും മുന്നൂറുകിലോമീറ്റര്‍ ദൂരെയുള്ള ലക്‌നൗവിലേക്ക് പോകാനാണ് പറയുന്നത്. പൊലീസുദ്യോഗസ്ഥര്‍ക്ക് ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ കിട്ടുന്നുണ്ടായിരുന്നു. അവര്‍ക്ക് വേണ്ടിയിരുന്നത് എന്റെ സഹോദരന്റെ മരണമാണ്. ഞാന്‍ എന്റെ സീനിയറായ ഒരു ഡോക്ടറെ വിളിച്ചു, അദ്ദേഹം വന്നു, ഞങ്ങളെ തൊട്ടടുത്തുള്ള പ്രൈവറ്റ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. മൂന്നുമണിയോടെ ബുള്ളറ്റുകള്‍ നീക്കം ചെയ്തു. എന്റെ സഹോദരന് മേല്‍ ഉത്തര്‍പ്രദേശ് പൊലീസ് നടത്തിയത് രണ്ടാം വധശ്രമമാണ്. ഡിസിപി അവിടെയുണ്ടായിരുന്നു, സിറ്റി എസ്പി വിനയ് കുമാര്‍ സിങ് ഉണ്ടായിരുന്നു. മെഡിക്കല്‍ ലാങ്‌ഗ്വേജില്‍ ഗോള്‍ഡന്‍ അവര്‍ എന്ന് വിളിക്കുന്ന അതിപ്രധാനമായ സമയം അവര്‍ നഷ്ടപ്പെടുത്തി. കാഷിഫിന്റെ ശരീരത്തില്‍ ഏഴ് ബുള്ളറ്റ് തുളകളുണ്ടായി. ബുള്ളറ്റുകള്‍ നീക്കം ചെയ്ത ശേഷം തകര്‍ന്ന ശരീരവുമായി ഞങ്ങള്‍ ലക്‌നൗവിലേക്ക് പോയി. അവിടെ ഏഴ് ദിവസത്തോളം കാഷിഫിന് ഐസിയുവില്‍ കഴിയേണ്ടിവന്നു.
ഞങ്ങള്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്തു. ബിജെപി എംപി കമലേഷ് പാസ്വാനാണ് അതിന് പിന്നില്‍. തോക്കുമായി ആളുകളെ അയച്ചത് അവരാണെന്ന് പ്രാദേശികമായി ഞങ്ങള്‍ക്ക് വിവരം കിട്ടി. ഞങ്ങള്‍ അയാള്‍ക്കെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്തു. പക്ഷേ അതിന് ശേഷം ഒന്നര മാസം കഴിഞ്ഞിട്ടും പൊലീസ് ഒന്നും ചെയ്തിട്ടില്ല ഈ കേസില്‍. അവര്‍ അയാളെ ചോദ്യം ചെയ്‌യുകയോ മൊഴി രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. മുഴുവന്‍ ഭരണകൂട സംവിധാനങ്ങളും അയാളെ പിന്തുണയ്ക്കുകയാണ്. മുഖ്യമന്ത്രി ഉണ്ടായിരുന്ന സ്ഥലത്താണ് സുരക്ഷാ സംവിധാനങ്ങളെ മറികടന്ന് ഇവര്‍ എത്തിയത്. ഞങ്ങള്‍ ഉത്തര്‍പ്രദേശ് ഡിജിപിയെ കാണാന്‍ പോയി, എന്റെ സഹോദരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച ഈ പൊലീസുകാര്‍ക്കെതിരെ കത്ത് നല്‍കി, സിബിഐ അന്വേഷണം ആവശ്യപ്പെട്ടു.
ജൂണ്‍ 17ന് ലക്‌നൗവില്‍ വാര്‍ത്താ സമ്മേളനം നടത്തി, സിബിഐ അന്വേഷണം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് കത്തയച്ചു, സഹോദരന്‍ അദീല്‍ ഖാന്‍ മുഖ്യമന്ത്രിയെ നേരിട്ട് പോയി കണ്ടു. ആഭ്യന്തര മന്ത്രിക്കും പ്രധാനമന്ത്രിക്കും പ്രസിഡന്റിനും മനുഷ്യാവകാശ കമ്മീഷനും യുഎന്നിനും കത്തയച്ചു. പക്ഷേ അവരില്‍ നിന്നും മറുപടി കിട്ടിയില്ല.
ഞങ്ങള്‍ ഒരു മാസം കാത്തിരുന്നു. കേസില്‍ വിശദമായ അന്വേഷണവും സിബിഐ അന്വേഷണവും ആവശ്യപ്പെട്ടുകൊണ്ട് അലഹാബാദ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. എന്തുകൊണ്ട് പൊലീസുകാര്‍ അടിയന്തിര ശസ്ത്രക്രിയ നാല് മണിക്കൂര്‍ വൈകിപ്പിച്ചു എന്ന് ഞങ്ങള്‍ക്ക് അറിയണമായിരുന്നു. ജൂലൈ 11ന് കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് സിബിഐ അന്വേഷണം നടത്താത്തത് എന്താണെന്ന് അന്വേഷിച്ചു. അക്രമികളെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ല എന്നും എന്തുകൊണ്ട് അവരെ കുറിച്ച് ശരിയായ അന്വേഷണം നടക്കാത്തത് എന്നും വ്യക്തമാക്കി പേഴ്‌സണല്‍ അഫിഡവിറ്റ് സമര്‍പ്പിക്കാന്‍ ഗൊരഖ്പൂര്‍ എസ്എസ്പിയോട് കോടതി ആവശ്യപ്പെട്ടു.
മുഴുവന്‍ ഭരണകൂട സംവിധാനങ്ങളും അവരെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. ഉത്തര്‍പ്രദേശില്‍ ബിജെപി സര്‍ക്കാര്‍ ആണ്. സത്യത്തില്‍ അവര്‍ക്ക് വേണ്ടത് ഞാന്‍ നിശ്ശബ്ദനാകുക എന്നതാണ്. ബിആര്‍ഡി ദുരന്തത്തെക്കുറിച്ച് ഞാന്‍ സംസാരിക്കരുത്, എത്ര കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടു, അതിനുത്തരവാദികള്‍ ആരാണ് തുടങ്ങിയ കാര്യങ്ങള്‍ ഞാന്‍ സംസാരിക്കരുത്. കൊല്ലപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയാണ് ഞാന്‍ സംസാരിക്കുന്നത്. ജാമ്യം നേടി ഞാന്‍ ജയിലില്‍ നിന്നും പുറത്ത് വന്ന സമയം മുതല്‍ തുടര്‍ച്ചയായി ഞാന്‍ അതിനെ പറ്റി സംസാരിക്കുന്നുണ്ട്. ഞാന്‍ കരുതുന്നത് അതുകൊണ്ടാണ് അവര്‍ എന്റെ സഹോദരനെ കൊല്ലാന്‍ ശ്രമിച്ചത് എന്നാണ്.
ബിആര്‍ഡി ഓക്‌സിജന്‍ കൂട്ടക്കൊല നടന്നിട്ട് ഒരു വര്‍ഷം ആകുകയാണ്,
അതെ, 2017 ഓഗസ്റ്റ് 10നാണ് അത് സംഭവിച്ചത്. എന്റെ പോരാട്ടം എന്റെ മാത്രം പോരാട്ടമല്ല, കുഞ്ഞുങ്ങള്‍ നഷ്ടപ്പെട്ട മുഴുവന്‍ രക്ഷിതാക്കളുടെയും പോരാട്ടമാണ്. അവര്‍ക്ക് നീതി കിട്ടണം. അവര്‍ക്ക് നഷ്ടപരിഹാരം കിട്ടിയിട്ടില്ല, അവര്‍ക്ക് സഹതാപത്തിന്റെ ഒരു വാക്ക് പോലും കിട്ടിയിട്ടില്ല. ജൂണ്‍ അവസാനം വരെ കൊല്ലപ്പെട്ടത് 1100 കുഞ്ഞുങ്ങളാണ്.”