എനിക്ക് ഭരണകൂടത്തോട് മാപ്പിരക്കാൻ കഴിയില്ല, മാധ്യമപ്രവർത്തനം തുടരും; കിഷോർ ചന്ദ്ര വാങ്ഖെം

By on

ഝാൻസി റാണിയുടെ ജന്മവാർഷികം ആഘോഷിക്കാനുള്ള മണിപ്പൂരി സർക്കാരിന്റെ തീരുമാനത്തോട് പ്രതികരിച്ച് മുഖ്യമന്ത്രി എൻ ബിരേൻ സിങിനെ ചോദ്യം ചെയ്ത ഫെയ്സ്ബുക് വിഡിയോയുടെ പേരിൽ മണിപ്പൂരി മാധ്യമപ്രവർത്തകൻ കിഷോർ ചന്ദ്ര വാങ്ഖേമിനെ എൻഎസ്എ ചുമത്തി ജയിലിലടച്ചത് 2018 ഡിസംബറിലാണ്. മജിസ്ട്രേറ്റ് കോടതി ആദ്യം ജാമ്യം അനുവദിച്ചിരുന്നെങ്കിലും പിന്നീട് വാറണ്ട് നൽകാതെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഏപ്രിൽ 10ന് കിഷോർ ചന്ദ്ര ജയിൽമോചിതനായി.

കിഷോര്‍ ചന്ദ്ര വാങ്ഖേമുമായുള്ള അഭിമുഖം

മാധ്യമപ്രവർത്തനത്തിന്റെ ലോകത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ്, സ്വാ​ഗതം. മണിപ്പൂർ സർക്കാർ ഝാൻസി റാണിയുടെ ജന്മവാർഷികം ആഘോഷിക്കുന്നതിനെ ചോദ്യം ചെയ്തുകൊണ്ട് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോ കാരണമാണ് കിഷോർചന്ദ്ര അറസ്റ്റ് ചെയ്യപ്പെട്ടത്. ജയിൽ മോചിതനായ ശേഷവും പലരും ആ വിഡിയോയിൽ താങ്കളുപയോ​ഗിച്ച ഫക്ക് എന്ന വാക്കിനെ ചോദ്യം ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടിരുന്നു. ജേണലിസ്റ്റ് യൂണിയനുകൾ പോലും തന്ത്രപരമായി ഈ പ്രശ്നത്തിൽ നിന്നും വിട്ടുനിന്നത് ഫക്ക് എന്ന വാക്കിനെ ചൊല്ലിയായിരുന്നു. ഇപ്പോൾ താങ്കൾ തിരിച്ചെത്തിയിരിക്കുന്നു.ജയിലിൽ നിന്നും സ്വതന്ത്രമായിരിക്കുന്നു. തടവിൽ കഴിഞ്ഞിരുന്ന മാസങ്ങളിൽ താങ്കളുടെ മോചനത്തിന് വേണ്ടി നടന്ന നീക്കങ്ങളെ എങ്ങനെ വിലയിരുത്തുന്നു?

ഏറ്റവുമാദ്യം ഞാൻ നിയമവ്യവസ്ഥയ്ക്ക് നന്ദിയറിയിക്കുകയാണ്. ഭരണഘടനയും മൗലികാവകാശങ്ങളും ഉയർത്തിപ്പിടിളച്ച മണിപ്പൂർ ഹെെക്കോടതി, ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിച്ചത് പ്രത്യേകിച്ചും, കേസിലുടനീളം സഹകരിച്ചവരും പിന്തുണച്ചവരും സഹായിച്ചവരും, വിദ്യാർത്ഥി നേതാക്കൾ, സ്ത്രീ സംഘടനകൾ, അഭിഭാഷകർ, മനുഷ്യാവകാശ സംരക്ഷകർ, മാധ്യമപ്രവർത്തകർ അങ്ങനെ പലരുമുണ്ട്.

പലരും പറയുന്നു ഞാൻ പതിവായി നിയമലംഘനം നടത്തുന്നയാളാണ് എന്ന്, കാരണം കഴിഞ്‍ഞ വർഷം ഓ​ഗസ്റ്റിലും ഞാൻ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട് എന്നതാണ്. മണിപ്പൂർ യൂണിവേഴ്സിറ്റി വെെസ് ചാൻസിലർക്കെതിരെ നടന്ന സമരത്തിനിടെയായിരുന്നു അത്. പക്ഷേ സത്യമെന്താണെന്ന് ഞാൻ പറയാം, സംസ്ഥാനത്തിലും കേന്ദ്രത്തിലും ഭരിക്കുന്ന ആർഎസ്എസ് പാർട്ടിയായ ബിജെപി എന്റേതടക്കമുള്ള മത ന്യൂനപക്ഷങ്ങളെ മതപരമായും സാംസ്കാരികമായും ഉൾച്ചേർക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്, സനാമാഹിസം എന്ന ന്യൂനപക്ഷ മത വിഭാ​ഗത്തിൽ പെടുന്നയാളാണ് ഞാൻ. ഈ ഉൾച്ചേർക്കൽ ഞങ്ങൾക്ക് ഭീഷണിയാണ്. പലപ്പോഴും സംസ്ഥാനം ഭരിക്കുന്ന ബിജെപി സർക്കാർ മണിപ്പൂരിന്റെ ചരിത്രത്തെ വളച്ചൊടിക്കാൻ ശ്രമിക്കുകയും മെയ്ൻലാൻഡ് ഇന്ത്യയുടെ ചരിത്രം ഞങ്ങൾ‍ക്ക് മേൽ അടിച്ചേൽപിക്കാൻ ശ്രമിക്കുകയുമാണ് ചെയ്യുന്നത്. എന്റെ കേസിൽ സംഭവിച്ചത് പോലെ.

ഞാനെന്തുകൊണ്ടാണ് റാണി ഝാൻസിയുടെ ജന്മവാർഷിക ആഘോഷത്തെ എതിർക്കുന്നത്? 1857ൽ സിപായ് ലഹള നടന്നപ്പോൾ മണിപ്പൂർ ഒരു സ്വതന്ത്ര രാജ്യമായിരുന്നു. ബ്രിട്ടിഷുകാർ പോലും മണിപ്പൂരിനെ കീഴടക്കിയിരുന്നില്ല. ഇന്ത്യൻ സ്വാതന്ത്ര്യ സമര നേതാക്കളെ മാത്രം ആഘോഷിക്കുമ്പോൾ, നമ്മുടെ സ്വാതന്ത്ര്യ സമര നേതാക്കളെ മറക്കുമ്പോൾ നമ്മുടെ സംസ്ഥാനത്തിന്റെ ചരിത്രവസ്തുതകളിൽ നിന്നും പുതുതലമുറയെ വഴിതിരിച്ചുവിടുകയാണ് ചെയ്യുന്നത്. പുതുതലമുറയെ നമ്മളാണ് നമ്മുടെ സ്വാതന്ത്ര്യ പോരാളികളെപ്പറ്റി ഓർമ്മിപ്പിക്കേണ്ടത്. നമുക്ക് ഇന്ത്യൻ സ്വാതന്ത്ര്യ പോരാളികളെപ്പറ്റി സംസാരിക്കാം, അതൊരു പ്രശ്നമല്ല പക്ഷേ നമ്മൾ നമ്മുടെ തന്നെ ജനതയുടെ ത്യാ​ഗത്തെയും ചരിത്രത്തെയും മറവിയിലാക്കരുത്.

ഞാനുപയോ​ഗിച്ച വാക്കുകൾ ശരിയായില്ല എന്ന് തിരിച്ചറിയുന്നു, അതിന് ഞാൻ ക്ഷമ ചോദിക്കുന്നു, പക്ഷേ മണിപ്പൂരിലെയും ഇന്ത്യയിലെയും ജനങ്ങളോട് എനിക്ക് ഒരപേക്ഷയുണ്ട്, ഞാനുപയോ​ഗിച്ച ആ വാക്കുകൾ മറക്കുക, പകരം എന്റെ രോഷവും എന്റെ പൊട്ടിത്തെറിയും എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാൻ ശ്രമിക്കുക. എന്റെ അറസ്റ്റ് നടന്ന് ഒരു മാസം കഴിഞ്ഞ ശേഷം ബിജെപി സർക്കാർ പൗരത്വ ഭേദ​ഗതി ബിൽ നിയമമാക്കാൻ ശ്രമിച്ചു. എന്റെ ജനതയെ ഭീതിയിലാഴ്ത്താനായിരുന്നു അത്. ഞാനുപയോ​ഗിച്ച വാക്കുകൾ കാരണം പലരും എന്നെ തെറ്റിദ്ധരിച്ചു. മണിപ്പൂരിലും കേന്ദ്രത്തിലും ബിജെപി സർക്കാർ അധികാരത്തിൽ വന്ന ശേഷം മണിപ്പൂരിൽ മാത്രമല്ല ഇന്ത്യയിലെങ്ങും ആവിഷ്കാര സ്വാതന്ത്ര്യം അപകടത്തിലായിരിക്കുകയാണ്.

ഇത്തരമൊരു കേസിൽ മണിപ്പൂരിൽ അറസ്റ്റ് ചെയ്യപ്പെടുന്ന ആദ്യത്തെ വ്യക്തിയല്ല ഞാൻ. സോഷ്യൽ മീഡിയയിൽ അഭിപ്രായം രേഖപ്പെടുത്തുന്നതിന്റെ പേരിൽ അധികാരികളുടെയും പൊലീസിന്റെയും ഭീഷണി നേരിട്ട, നേരിടുന്ന ഒരുപാടു പേരുണ്ട്. ഭരണകൂടത്തിനെതിരെ സോഷ്യൽ മീഡിയയിൽ കമന്റ് ചെയ്തതിന് അറസ്റ്റിലായ ഒരുപാട് പേരുണ്ട്. ഒരു മാധ്യമപ്രവർത്തകൻ എന്ന നിലയിലും മനുഷ്യാവകാശ സംരക്ഷകൻ എന്ന നിലയിലും, മാധ്യമപ്രവർത്തകനെന്ന നിലയിൽ പ്രത്യേകിച്ച് എനിക്ക് തോന്നി ഭരണകൂടത്തെ ഒരു പാഠം പഠിപ്പിക്കാൻ എന്തെങ്കിലും ചെയ്യേണ്ടത് അത്യാവശ്യമാണെന്ന്, ഈ അതിക്രമങ്ങൾ അവർ അവസാനിപ്പിക്കണമെന്ന്. എന്റെ ആദ്യത്തെ കേസിൽ മുഖ്യമന്ത്രിയെ കണ്ട് ക്ഷമ ചോദിച്ചിരുന്നെങ്കിൽ പ്രശ്നം തീരുമായിരുന്നു. പക്ഷേ അത് ഭരണകൂടത്തിന് മറ്റൊരു വിയോജിപ്പിന്റെ ശബ്ദത്തെ അടിച്ചമർത്താൻ മാത്രമേ ഉപകരിക്കൂ. അതിനാൽ ഞാനൊരിക്കലും ക്ഷമ ചോ​ദിച്ചില്ല. എന്റെ മോചനത്തിന് വേണ്ടി മുഖ്യമന്ത്രിയെ സമീപിച്ച സംഘടന വെച്ച നിബന്ധന അതായിരുന്നു, റിലീസ് ചെയ്താൽ ഞാൻ ക്ഷമ ചോദിക്കുമെന്ന്. ഞാൻ നേരിട്ട് ചെന്ന് ക്ഷമ ചോദിക്കും എന്ന ഉറപ്പാണ് അവർ കൊടുത്തത്. എനിക്കത് ചെയ്യാൻ കഴിയില്ല അതെന്റെ സത്യസന്ധതയ്ക്കും പ്രൊഫഷണലിസത്തിനും നിരക്കുന്നതല്ല എന്ന് ‍ഞാനവരോട് പറഞ്ഞു. ഈ നിബന്ധനയെപ്പറ്റി ജയിൽ മോചിതനായശേഷമാണ് ഞാനറിഞ്ഞത്. എങ്ങനെയോ ഞങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടതാണ്.

ഝാൻസി റാണിയുടെ ജന്മവാർഷികം ആഘോഷിക്കുന്നതിനെ ചോദ്യം ചെയ്ത് ഞാൻ വിഡിയോ പോസ്റ്റ് ചെയ്ത ദിവസം രാവിലെ മോണിങ് ഷിഫ്റ്റിന് ഓഫീസിലെത്തി. ഞാൻ വാർത്ത എഡിറ്റ് ചെയ്യുകയായിരുന്നു. അന്ന് മുഖ്യമന്ത്രി നൽകിയ പ്രസം​ഗം കേട്ട് ഞാൻ അസ്വസ്ഥനായി. മണിപ്പൂരിന്റെ ചരിത്രത്തെ മുഖ്യമന്ത്രി വളച്ചൊടിക്കുകയായിരുന്നു, പ്രാധാന്യം മെയ്ൻ ലാൻഡിന്റെ സ്വാതന്ത്ര്യ സമര പോരാട്ടത്തിനായിരുന്നു. അതിനെതിരാണ് എന്ന് ഞാൻ പറയില്ല പക്ഷേ അത് ഒഴിവാക്കാമായിരുന്നു. അല്ലെങ്കിൽ പുതുതലമുറ ഝാൻസി റാണിയെയും ബാൽ ​ഗം​ഗാധർ തിലകിനെയും മാത്രം ഓർക്കുകയും നമ്മുടെ സ്വാതന്ത്ര്യ പോരാളികളെ മറക്കുകയും ചെയ്യും. അത് പാടില്ലെന്ന് എനിക്ക് തോന്നി. എഡിറ്റിങ് പൂർത്തിയാക്കിയ ശേഷമാണ് ഞാൻ ഫെയ്സ്ബുക് വിഡിയോ പബ്ലിഷ് ചെയ്തത്.

മെയ്ൻലാൻഡ് ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷകരായി അറിയപ്പെടുന്ന പല മാധ്യമപ്രവർത്തകരും കിഷോർചന്ദ്രയുടെ കേസിനെപ്പറ്റി നിശ്ശബ്ദരായിരുന്നു. ബിജെപി സർക്കാർ ദേശീയ സുരക്ഷാ നിയമം ചുമത്തി ഒരു മണിപ്പൂരി മാധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്ത് ഒരു വർഷത്തേക്ക് തടവിലിട്ടപ്പോൾ നീതിക്ക് വേണ്ടി കൂട്ടായ ശബ്ദങ്ങളുയർന്നില്ല. മണിപ്പൂരിലെ തന്നെ വിവിധ മാധ്യമപ്രവർത്തക യൂണിയനുകൾ എങ്ങനെയാണ് ഈ അറസ്റ്റിനോട് പ്രതികരിച്ചത് എന്നതിനെപ്പറ്റി രഞ്ജിത മുമ്പ് സംസാരിച്ചിട്ടുണ്ട്. ജേണലിസ്റ്റ് ഫ്രറ്റേണിറ്റിയിൽ നിന്നും മൊത്തത്തിലുള്ള പ്രതികരണത്തെപ്പറ്റി എന്ത് തോന്നുന്നു? അങ്ങനെയൊന്ന് നിലനിൽക്കുന്നുണ്ടോ?

എന്റെ ആദ്യ കേസ് ഉണ്ടായപ്പോൾ ജേണലിസ്റ്റ് ഫ്രറ്റേണിറ്റി പ്രതികരിച്ചത് ഇത് ആവർത്തിക്കരുത് എന്നും ഭാവിയിൽ ഇതുപോലൊരു സംഭവമുണ്ടായാൽ ഞങ്ങൾ നിങ്ങളോട് സഹകരിക്കില്ല എന്നുമാണ്. അതിലൊരു തെറ്റുമില്ല. മണിപ്പൂരിലെ മാധ്യമപ്രവർത്തക ഫ്രറ്റേണിറ്റിയെക്കുറിച്ച് എനിക്ക് കൂടുതലൊന്നും പറയാനില്ല. പക്ഷേ ഞാനൊരു മാധ്യമപ്രവർത്തകൻ അല്ലെന്നും എനിക്ക് യൂണിയനിൽ അം​ഗത്വമില്ലെന്നുമൊക്കെ പറയുന്നതിൽ എനിക്ക് തീർത്തും സന്തോഷമില്ല. സത്യത്തോടൊപ്പം ചേർന്നു നിൽക്കാൻ അവർക്കൊട്ടും താൽപര്യമില്ലെന്നാണ് അത് സൂചിപ്പിക്കുന്നത്. അവർക്ക് ആകെ ചെയ്യാനുള്ളത് ഭരണകൂടത്തിന്റെ ഇത്തരം ശിക്ഷാ നടപടികളിൽ നിന്ന് സ്വയം വിട്ടുനിൽക്കുക, സ്വയം സംരക്ഷിക്കുക എന്നാണ്. അവർ ഭരണകൂടത്തിനൊപ്പമാണ്. എന്റെ ആദ്യ അറസ്റ്റ് ഉണ്ടായപ്പോൾ മണിപ്പൂരിലെ മാധ്യമപ്രവർത്തകർ എന്റെ പേരിൽ ക്ഷമ ചോദിച്ചിരുന്നു. ഭരണകൂടത്തോട് മാപ്പിരക്കാൻ എന്നോട് ആവശ്യപ്പെട്ടിരുന്നു. പക്ഷേ അതെനിക്ക് ചെയ്യാൻ കഴിയുന്ന കാര്യമല്ല.

എന്താണ് അടുത്ത പദ്ധതി?

നല്ല ചോദ്യം. ഞാനൊരു മാധ്യമപ്രവർത്തകനായി തന്നെ തുടരും. മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനായുള്ള പോരാട്ടത്തിൽ എനിക്കെന്ത് ചെയ്യാൻ കഴിയുമോ അതെല്ലാം ചെയ്യും.
കാരണം നിങ്ങൾക്ക് അറിയുമായിരിക്കും മണിപ്പൂരിൽ ദിവസംതോറും നടക്കുന്ന ഭരണകൂട അതിക്രമങ്ങളെക്കുറിച്ച്. എനിക്ക് കഴിയുന്നതിന്റെ പരമവധി ഞാൻ ചെയ്യും. ഇത്തരം അടിച്ചമർത്തലുകൾക്കെതിരെ സംസാരിക്കാൻ ഞാനെന്റെ തൊഴിൽ തന്നെ ഉപയോ​ഗിക്കും. ഞാൻ ആവിഷ്കാര സ്വാതന്ത്ര്യത്തെ സംരക്ഷിക്കും. ജനങ്ങളും ഭരണകൂടവും എന്റെ കേസിൽ നിന്നും ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കേണ്ടതാണ്. ജനങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്, ആർക്കെങ്കിലും എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് ഭയക്കാതെ തുറന്നുപറയണം എന്ന്. നിശ്ശബ്ദരായിരിക്കേണ്ടി വരരുത്.

ഭരണകൂടം മനസ്സിലാക്കേണ്ടതുണ്ട് ആരെങ്കിലും ഭരണകൂടത്തിനെതിരെ സംസാരിക്കുന്നുണ്ടെങ്കിൽ, സർക്കാരിനെ വിമർശിക്കുന്നുണ്ടെങ്കിൽ ഭരണകൂടം അതിനെ കാണേണ്ടത് പോസിറ്റീവായിട്ടാണ്. ദേശീയ സുരക്ഷാ നിയമമോ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഏതെങ്കിലും വകുപ്പോ രാജ്യദ്രോഹക്കുറ്റമോ ചുമത്തി അധികാരം ​ദുരുപയോ​ഗം ചെയ്യരുത്, അങ്ങനെ ചെയ്താൽ സർക്കാർ തിരിച്ചടി നേരിടും.

ഇതൊരു ജനാധിപത്യരാജ്യമാണെന്നും ഇവിടെ എല്ലാ പൗരർക്കും ഭരണകൂടത്തിനെതിരെ ശബ്ദമുയർത്താനുള്ള അവകാശമുണ്ടെന്നും ഭരണാധികാരികളും മനസ്സിലാക്കണം. വിമർശിക്കപ്പെടാതെ ഒരു സർക്കാരിനും നല്ല കാര്യങ്ങൾ ചെയ്യാൻ കഴിയില്ല.
ഈ കേസിൽ എന്താണോ കോടതി ചെയ്യേണ്ടിയിരുന്നത് അത് ചെയ്തിട്ടുണ്ട്. ഈ കേസിലെ വിധിക്ക് ഇന്ത്യയിലെവിടെയും ബെഞ്ച്മാർക്ക് ആകാൻ കഴിയും. ഇത്തരത്തിലുള്ള കേസ് ഏതെങ്കിലും കോടതികളിൽ വിധി കാത്ത് കിടക്കുന്നുണ്ടെങ്കിൽ എന്റെ കേസിലെ വിധി പരി​ഗണിച്ച് അത്തരം കേസുകളിൽ പെട്ടവർക്ക് എത്രയും പെട്ടെന്ന് നീതി ലഭ്യമാക്കണം.

തെരഞ്ഞെടുപ്പ് അടുക്കുന്നു. ബിജെപി വീണ്ടും അധികാരത്തിലേറുമോ എന്നതാണ് ചർച്ച ചെയ്യപ്പെടുന്നത്. കിഷോർചന്ദ്ര തടവിൽ കഴിഞ്ഞ സമയത്താണ് നോർത് ഈസ്റ്റിൽ ബിജെപി കൊണ്ടുവന്ന പൗരത്വ ഭേ​ദ​ഗതി ബില്ലിനെതിരെ ജനകീയ പ്രക്ഷോഭങ്ങൾ‍ നടന്നത്. ഈ സാഹചര്യത്തെ എങ്ങനെ നോക്കിക്കാണുന്നു?

എന്റെ ആ​ഗ്രഹങ്ങളും ആദർശങ്ങളും മറ്റൊരു വ്യക്തിക്ക് മേലോ വോട്ടർക്ക് മേലോ ഉപയോ​ഗിക്കാൻ എനിക്ക് കഴിയില്ല. ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയിൽ ചേരുമെന്ന് പറയുന്ന ആളുകളുണ്ട്. അത് തെറ്റാണ്. ഞാൻ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ ചേരാനുള്ള മാനസികാവസ്ഥയിലല്ല. ഞാൻ മാധ്യമപ്രവർത്തകനായി തന്നെ ജോലി തുടരും. പക്ഷേ ഈ ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ ശബ്ദങ്ങളുയരുന്നുണ്ട്. സംവാദങ്ങളുണ്ടാകുന്നുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഈ ഭരണകൂടം ഏകാധിപത്യമാണ്. അവർ അധികാരത്തിലെത്തുകയാണെങ്കിൽ തന്നെ, അത് ജനങ്ങളുടെ കയ്യിലാണ്, അവർ നയങ്ങളിൽ ഭേദ​ഗതി വരുത്തണം.

ജനാധിപത്യം ഈ ഭരണകൂടത്തിന് കീഴിൽ സുരക്ഷിതമല്ല. ഒരു വ്യക്തിയെന്ന നിലയിൽ ഈ സർക്കാരിനെ മാറ്റാൻ എനിക്ക് കഴിയില്ല. അവർ 2019ൽ ഇനിയും അധികാരത്തിൽ വരികയാണെങ്കിൽ എനിക്ക് അവരോട് ഒരപേക്ഷയാണ് ഉള്ളത്, മനുഷ്യാവകാശങ്ങളെ ബഹുമാനിക്കുക, ആവിഷ്കാര സ്വാതന്ത്ര്യത്തെ ബഹുമാനിക്കുക, അങ്ങനെയെങ്കിൽ ജനാധിപത്യം നിലനിൽക്കും. നിങ്ങളുടെ ആ​ഗ്രഹങ്ങൾ രാജ്യത്തെ ജനങ്ങൾക്ക് മേൽ അടിച്ചേൽപിക്കാതിരിക്കുക.
മണിപ്പൂരിലെ ജനങ്ങളോടും ഇന്ത്യയിലെ ജനങ്ങളോടും എനിക്ക് പറയാനുള്ളത് യുവാക്കൾക്കാണ് മാറ്റങ്ങളുണ്ടാക്കാൻ കഴിയുക എന്നാണ്. അതിനായി ശ്രമിക്കാൻ ഇതുപോലെ യോജ്യമായ സമയമില്ല എന്നാണ് തോന്നുന്നത്. എന്താണ് ചെയ്യുന്നത് എന്നതിനെപ്പറ്റി ബോധ്യമുണ്ടാകുക.
സ്വന്തം ആശയങ്ങളും അഭിപ്രായങ്ങളും പ്രകടിപ്പിക്കാൻ ഭയക്കാതിരിക്കുക.


Read More Related Articles