സിദ്ധീഖ് കാപ്പന്‍റെ അറസ്റ്റ് രാജ്യത്തെ നീതിയുടെ അവസ്ഥയെ വെളിവാക്കുന്നുവെന്ന് എൻ പി ചേക്കുട്ടി; മോചനം ആവശ്യപ്പെട്ട് മാധ്യമ കൂട്ടായ്മയുടെ പ്രതിഷേധം

By on

അഴിമുഖം വെബ്‌സൈറ്റിന്റെ റിപ്പോര്‍ട്ടറും കെയുഡബ്‌ള്യുജെ ഡല്‍ഹി യൂനിറ്റ് സെക്രട്ടറിയുമായ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ മോചനം ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തക കൂട്ടായ്മ ജേര്‍ണലിസ്റ്റ്‌സ് ഫോര്‍ ഫ്രീഡം കോഴിക്കോട് പ്രതിഷേധ പരിപാടി നടന്നു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും സിദ്ദീഖ് കാപ്പന്റെ സഹപ്രവര്‍ത്തകനുമായിരുന്ന എന്‍പി ചേക്കുട്ടി പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.
”സിദ്ദീഖ് കാപ്പന്‍ അറസ്റ്റ് ചെയ്യപ്പെട്ടത് ഒക്ടോബര്‍ അഞ്ചാം തീയ്യതിയാണ്. ഇന്ന് ഒക്ടോബര്‍ 22ാം തീയ്യതിയാണ് ഈ പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. പതിനേഴ് ദിവസമായി കേരളത്തിലെ അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകന്‍, വിവിധ മാധ്യമങ്ങളില്‍ ദീര്‍ഘകാലം നമ്മുടെ ദേശീയ രാഷ്ട്രീയത്തിന്റെ തലസ്ഥാനമായ ഡല്‍ഹിയില്‍ പ്രവര്‍ത്തിച്ച മാധ്യമപ്രവര്‍ത്തകനാണ് സിദ്ദീഖ് കാപ്പന്‍. അദ്ദേഹത്തിന് വീട്ടില്‍ ഭാര്യയോടും മക്കളോടും സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് വളരെ ഭീകരമായ ഒരു അടിയന്തരാവസ്ഥ ഇവിടെ നിലനില്‍ക്കുന്നു എന്നതിന്റെ തെളിവാണ്. ഏതു തരത്തിലുള്ള ക്രിമിനല്‍ കേസിലുള്ള പ്രതിയായാലും നിയമ വ്യവസ്ഥയനുസരിച്ച് നിയമപരമായ പരിരക്ഷ നേടാനുള്ള അവകാശം ഏത് കുറ്റവാളിക്കുമുള്ള ഒരു രാജ്യമാണ് ഇന്ത്യ. ഒരു ദശാബ്ദക്കാലം ഈ രാജ്യത്ത് ഏറ്റവും നിര്‍ണായകമായ ഒരു ജനാധിപത്യ ചുമതല നിര്‍വ്വഹിച്ചുവന്ന ഒരു മാധ്യമപ്രവര്‍ത്തകന് പതിനേഴ് ദിവസമായി തനിക്കെന്ത് സംഭവിച്ചു എന്ന് വിശദീകരിക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. സാധാരണ നിലയില്‍ ഒരു കേസില്‍ പ്രതിചേര്‍ക്കപ്പെടുമ്പോള്‍ നിയമപരമായ പരിരക്ഷ കോടതിയിലൂടെ നേടാനുള്ള അവകാശം പ്രതികള്‍ക്കുള്ളതാണ്, സിദ്ദീഖ് കാപ്പന്റെ കാര്യത്തില്‍ അദ്ദേഹത്തിന്റെ വക്കീല്‍ വക്കാലത്തില്‍ ഒപ്പിട്ടുവാങ്ങാന്‍ ശ്രമിച്ചപ്പോള്‍ അതിന് അനുവാദം കൊടുക്കുകയുണ്ടായില്ല. ഒരു പ്രതിയെ സംബന്ധിച്ചിടത്തോളം നീതിപീഠത്തിന്റെ ഏറ്റവും അനിവാര്യമായ അവകാശമായ വക്കാലത്ത് ഒപ്പിട്ടുകൊടുക്കാന്‍ ഒരാള്‍ക്ക് കഴിയുന്നില്ലെങ്കില്‍ ഈ രാജ്യത്തെ നീതിപീഠത്തിന്റെ, ഭരണകൂടത്തിന്റെ അവസ്ഥയെന്താണ് എന്ന് നമ്മള്‍ അറിയേണ്ടതാണ്.
ഞാനിത് പറയുന്നത് വളരെ കൃത്യമായ എന്റെ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്. രണ്ട് ദിവസം മുമ്പ് സിദ്ദീഖ് കാപ്പന്റെ ഭാര്യ റെയ്ഹാനതും മൂന്ന് കുട്ടികളും മലപ്പുറത്ത് ഒരു സമ്മേളനത്തില്‍ പങ്കെടുക്കവേ ഞാനവരോട് നേരിട്ട് സംസാരിച്ചതാണ്. ഇന്നലെ വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് നിവേദനം സമര്‍പ്പിക്കാന്‍ പോയ ശേഷം അവരോട് സംസാരിച്ച സമയത്തും സിദ്ദീഖ് കാപ്പനുമായി സംസാരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല.. എല്ലാ ദിവസവും രണ്ട് നേരം വീട്ടില്‍ വിളിച്ച് മാതാവിനോട് സംസാരിക്കുന്നയാളാണ്, കഴിഞ്ഞ പതിനേഴ് ദിവസങ്ങളായി മകന്റെ ഒരു വാക്ക് പോലും കേള്‍ക്കാനാകാതെ വളരെ പരിഭ്രാന്തയായിട്ടാണ് സിദ്ദീഖ് കാപ്പന്റെ തൊണ്ണൂറു വയസ്സുള്ള മാതാവ് കഴിയുന്നത്. ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായിട്ടുണ്ടായതാണ് ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തനം. ഇന്ത്യയിലെ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി, ബ്രിട്ടീഷ് വിരുദ്ധ സമരത്തിന്റെ ഭാഗമായി, ഇന്ത്യയിലെ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കാനായി നമ്മുടെ ദേശീയ സമരത്തിന്റെ ഭാഗമായുള്ള മാധ്യമപ്രവര്‍ത്തനത്തിന്റെ ഏറ്റവും പുതിയ തലമുറയില്‍ പെട്ട മാധ്യമപ്രവര്‍ത്തകനാണ് സിദ്ദീഖ് കാപ്പന്‍. ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ അദ്ദേഹം എന്താണ് ചെയ്തിട്ടുള്ളത്? എന്ത് കുറ്റമാണ് അദ്ദേഹം ചെയ്തത്? അദ്ദേഹത്തെ അറസ്റ്റ് ചെയ്തിട്ടുള്ളത് ഹത്രാസ് എന്ന ഉത്തര്‍പ്രദേശിലെ ഗ്രാമത്തിലേക്ക് പോകുന്ന വഴിയിലാണ്, രാജ്യത്തോട് ശത്രുത പ്രഖ്യാപിച്ചിട്ടുള്ള ഏതെങ്കിലും പ്രദേശത്താണോ ഈ ഹത്രാസ്? അവിടെ പതിവായ ദലിത് സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക പീഡനത്തെ തുടര്‍ന്ന് ആശുപത്രിയില്‍ വെച്ച് മരിച്ച അവളെ സാമൂഹികവും മതപരവുമായി സംസ്‌കരിക്കാനുള്ള ഉത്തരവാദിത്തം കുടുംബത്തിന്റേതാണ്. എന്നാല്‍ ആ പെണ്‍കുട്ടിയുടെ മൃതശരീരം പൊലീസ് പാതിരാത്രിയില്‍ കൊണ്ടുപോയി ചുട്ടുകരിച്ചു. അതേത്തുടര്‍ന്നു രാജ്യത്തിന്റെ നാനാഭാഗത്തും കടുത്ത പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ആ പ്രതിഷേധങ്ങള്‍ എന്താണെന്ന് മനസ്സിലാക്കാന്‍, ആ നാട്ടില്‍ എന്ത് സംഭവിക്കുന്നു എന്ന് മനസ്സിലാക്കാന്‍, അത് രാജ്യത്തെ ജനങ്ങളോട് പറയാനുള്ള ധാര്‍മികമായ, പത്രപ്രവര്‍ത്തകനെന്ന നിലയില്‍ ഭരണഘടനാപരമായ ചുമതല നിര്‍വ്വഹിക്കാന്‍ പോയതായിരുന്നു സിദ്ദീഖ് കാപ്പന്‍.
മുപ്പത്തിയേഴ് വര്‍ഷം പത്രപ്രവര്‍ത്തനം ചെയ്തയാളാണ് ഞാന്‍. ഒരു സ്ഥലത്തേക്ക് റിപ്പോര്‍ട്ടിങ്ങിനായി പോകണമെങ്കില്‍ ആര്‍ക്കാണോ അങ്ങോട്ട് പോകാനുള്ള ശേഷിയുള്ളത്, ആര്‍ക്കാണോ അങ്ങോട്ട് പോകാനുള്ള വാഹനമുള്ളത്, ആര്‍ക്കാണോ വഴിയറിയുന്നത് അവരുടെ കൂടെ പോകുക എന്നതല്ലാതെ മറ്റൊരു കാര്യവും പത്രപ്രവര്‍ത്തകരുടെ മുന്നില്‍ ഇല്ല. പത്രപ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം ആ പ്രദേശത്തെത്തി റിപ്പോര്‍ട് ചെയ്യാന്‍ കഴിയുക എന്നതാണ്. ആ റിപ്പോര്‍ട്ട് എന്തുപറയുന്നു അദ്ദേഹം എന്ത് നിലപാടെടുക്കുന്നു എന്നതാണ് പൊതു സമൂഹവും സര്‍ക്കാരും പരിശോധിക്കേണ്ടത്. കൂടെയുണ്ടായിരുന്ന ആളുകളുടെ രാഷ്ട്രീയത്തിന്റെ പേരില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലിട്ടിരിക്കുകയാണ്. ഈ തരത്തില്‍ അതീവ ഗുരുതരമായ അന്തരീക്ഷം ഇന്ന് സിദ്ദീഖ് കാപ്പന്റെ കേസില്‍ ഉണ്ടായിട്ടുണ്ട്. ഇന്ത്യയെ സംബന്ധിച്ച് ഇന്ന് നമ്മള്‍ ഒരു അപ്രഖ്യാപിത അടിയന്തരാവസ്ഥയിലാണ്. 1975ല്‍ ഒരു മാധ്യമപ്രവര്‍ത്തകന് സംഭവിച്ച അതിഗുരുതരമായ ആപത്ത് നേരിട്ട് കണ്ടിട്ടുള്ള ആളാണ് ഞാന്‍. എങ്ങനെയാണ് 24 മണിക്കൂറില്‍ ഇന്ത്യയില്‍ നിന്ന് മാധ്യമപ്രവര്‍ത്തനം അപ്രത്യക്ഷമായത് എന്ന് നേരിട്ട് അനുഭവിച്ച തലമുറയിലെ അംഗമാണ് ഞാന്‍. പക്ഷേ അന്നും അതിശക്തമായി അടിയന്തരാവസ്ഥയ്‌ക്കെതിരായി, അതിന്റെ ഭീകരാവസ്ഥയ്‌ക്കെതിരെ നട്ടെല്ലോടുകൂടി നിന്ന ചില പത്രപ്രവര്‍ത്തകര്‍ ഈ രാജ്യത്തുണ്ടായിരുന്നു. സിദ്ദീഖ് കാപ്പന്‍ എന്ന മാധ്യമപ്രവര്‍ത്തകന്‍ ഇന്ത്യയുടെ പാരമ്പര്യമാണ്. ആ പാരമ്പര്യം എന്നത് ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി, ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളുടെ ഭാഗമായി, ഇന്ത്യന്‍ ദേശീയതയുടെ ഭാഗമായി, ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി, ഇന്ത്യയുടെ സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ ഭാഗമായി ഉണ്ടായിവന്നിട്ടുള്ള ആത്മാഭിമാനത്തിന്റെ, രാജ്യാഭിമാനത്തിന്റേതാണ്. അതാണ് ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തനം. ആ പാരമ്പര്യമാണ് വസ്തുതകളെ ചൂണ്ടിക്കാണിച്ച് വസ്തുതകളെ വെളിപ്പെടുത്താന്‍ എന്തു തരത്തിലും ഭയമില്ലാതെ, ഒരു കാരണവശാലും മുട്ടുമടക്കുകയില്ല എന്നു പറഞ്ഞ സ്വദേശാഭിമാനിയുടെ ചരിത്രമുണ്ട്. ഭയം കൊണ്ട് മുട്ടുമടക്കാനില്ല എന്ന് പറഞ്ഞ മാധ്യമപ്രവര്‍ത്തകന്‍ കൂടിയാണ് സിദ്ദീഖ് കാപ്പന്‍.
അദ്ദേഹം എന്റെ സഹപ്രവര്‍ത്തകനായി ദീര്‍ഘകാലം ഉണ്ടായിരുന്ന ആളാണ്. ദീര്‍ഘകാലം അദ്ദേഹത്തിന്റെ ഡല്‍ഹിയില്‍ നിന്നുള്ള കോപ്പികള്‍ വായിക്കുകയും തിരുത്തുകയും അതില്‍ അഭിമാനത്തോടുകൂടി എന്റെ പത്രത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. കാരണം, എല്ലാവിധ പ്രതിസന്ധികളെയും പ്രയാസങ്ങളെയും നേരിട്ടുകൊണ്ട് വളരെ സത്യസന്ധമായും വസ്തുനിഷ്ഠമായും ഇന്ത്യയിലെ ഗ്രാമങ്ങളിലെ, പ്രത്യേകിച്ച് ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെ അവസ്ഥകളെകുറിച്ച് നിരന്തരമായി റിപ്പോര്‍ട് ചെയ്തിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍, ദേശീയ രാഷ്ട്രീയത്തില്‍ എന്തു നടക്കുന്നു എന്നതിനെ കുറിച്ച് വളരെ വ്യക്തമായി, കൃത്യമായി, അചഞ്ചലമായി, സ്ഥിതപ്രജ്ഞനായി എഴുതിയിട്ടുള്ള ഒരാളാണ് അദ്ദേഹം. അദ്ദേഹം ആരുടെയും ആളല്ല. ഏതെങ്കിലും കക്ഷിരാഷ്ട്രീയത്തിന്റെയോ വ്യക്തിരാഷ്ട്രീയത്തിന്റെയോ നിലപാടുള്ള ഒരു പത്രപ്രവര്‍ത്തകനാണ് എന്നെനിക്ക് തോന്നിയിട്ടില്ല. ഞാനിത് പറയാന്‍ കാരണം എന്റെ മുപ്പത്തിയേഴ് വര്‍ഷത്തെ പത്രപ്രവര്‍ത്തനത്തില്‍ പല തരത്തിലുള്ള അനുഭവങ്ങള്‍ എനിക്കുണ്ടായിട്ടുണ്ട്. പല തരത്തിലുള്ള മാധ്യമങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. അന്നൊക്കെ തന്നെ എനിക്ക് ബോധ്യമുള്ള കാര്യങ്ങളില്‍ മാത്രമാണ് ഞാന്‍ നിലപാടെടുത്തിട്ടുള്ളത്. അതേപോലെ, സ്വതന്ത്രവും സത്യസന്ധവുമായി മാധ്യമപ്രവര്‍ത്തനം നടത്തിയിട്ടുള്ള അത് നടത്തിക്കൊണ്ടിരിക്കുന്ന മാധ്യമപ്രവര്‍ത്തകനാണ് സിദ്ദീഖ് കാപ്പന്‍. നമ്മളെപ്പോലെ ഒരാളാണ്, നമ്മളില്‍ ഒരാളാണ്. അദ്ദേഹത്തിന് കുടുംബമുണ്ട്. നാടുണ്ട്. നാട്ടുകാരുണ്ട്. അങ്ങനെയൊരാളെ സമൂഹത്തിന് മധ്യത്തില്‍ നിന്ന് ഇല്ലായ്മ ചെയ്യാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അത് ചോദിക്കാനും അത് ഓര്‍മിക്കാനും അദ്ദേഹത്തിന് വേണ്ടി സംസാരിക്കാനും അദ്ദേഹത്തോട് ചെയ്യുന്നത് അനീതിയാണ് എന്ന് തുറന്നുപറയാനും തയ്യാറുള്ള ഒരാളുണ്ടെങ്കില്‍, ഒരു ഡസന്‍ ആളുകളുണ്ടെങ്കില്‍ അവരുടെ ശബ്ദം ഉറക്കെയുറക്കെ പ്രഖ്യാപിക്കുമെന്നാണ് പറയാനുള്ളത്. ഈ സമരം ജനാധിപത്യത്തിന്റെ പുനസ്ഥാപനത്തിന് വേണ്ടിയുള്ളതാണ്. ഈ സമരം നമ്മുടെ രാജ്യത്തെ ജനാധിപത്യ പാരമ്പര്യത്തിന്റെ പുനസ്ഥാപനത്തിന് വേണ്ടിയുള്ള സമരമാണ്. ഈ സമരം ഇന്ത്യയുടെ ആത്മാഭിമാനത്തിന്റെയും ഭരണഘടനാദത്തമായ അവകാശങ്ങളുടെയും തിരിച്ചുപിടിക്കലിനുള്ള സമരമാണ്. ഈ സമരത്തിന് പരാജയം ഉണ്ടാവുകയില്ല, പരാജയപ്പെടുക എന്ന് പറഞ്ഞാല്‍ ഈ രാജ്യം പരാജയപ്പെടുന്നു എന്നാണ്. ഈ രാജ്യത്തിന്റെ ജനാധിപത്യ അവകാശങ്ങള്‍ പരാജയപ്പെടുന്നു എന്നാണ്. ഈ അനീതിയുടെ കാലത്ത് സിദ്ദീഖ് കാപ്പനോടും സിദ്ദീഖിനെ പോലുള്ള നിരവധി പത്രപ്രവര്‍ത്തകരോടും കാണിക്കുന്ന അനീതിയുടെ പശ്ചാത്തലത്തില്‍ വളരെ സ്വതന്ത്രമായ പരിപാടികളുമായി വന്നിരിക്കുന്ന മുഴുവന്‍ മാധ്യമപ്രവര്‍ത്തകരെയും പ്രത്യേകിച്ച് യുവപത്രപ്രവര്‍ത്തകരെയും ഞാന്‍ അഭിവാദ്യം ചെയ്യുകയാണ്. ഈ സമരത്തില്‍ ഞാന്‍ നിങ്ങളുടെ കൂടെനില്‍ക്കാന്‍ പ്രതിജ്ഞാബന്ധനാണ്. ഈ സമരം നീതിക്ക് വേണ്ടിയുള്ളതാണ്.” എന്‍ പി ചേക്കുട്ടി പറഞ്ഞു.

മാധ്യമ പ്രവർത്തക അംബിക പറഞ്ഞത്

”ഞാനും സിദ്ദീഖും സഹപ്രവര്‍ത്തകരായിരുന്നു. എത്രമാത്രം ശാന്തനും സൗമ്യനുമായിക്കൊണ്ട് മാധ്യമപ്രവര്‍ത്തകന്‍ എന്നുള്ള ഉത്തരവാദിത്തങ്ങള്‍ വളരെ കൃത്യമായി, പക്ഷപാതമില്ലാതെ യാഥാര്‍ത്ഥ്യങ്ങള്‍ ജനങ്ങളോട് തുറന്നുപറയുക എന്നുള്ള മാധ്യമ പ്രവര്‍ത്തനം ചെയ്തുകൊണ്ടിരുന്ന സിദ്ദീഖ് എവിടെയാണെന്ന് പോലും നമുക്കറിയില്ല. യുപി പൊലീസ് തട്ടിക്കൊണ്ടുപോയിരിക്കുന്നു. അദ്ദേഹത്തിന് നിയമസഹായം നല്‍കുന്നതിന് അദ്ദേഹത്തിന്റെ സംഘടന കെയുഡബ്‌ള്യുജെയുടെ വക്കീലിന് പോലും സിദ്ദീഖിനെ കാണാന്‍ കഴിഞ്ഞിട്ടില്ല. രണ്ടാം ക്ലാസുകാരിയായ ഒരു മകളുണ്ട്, അവളുടെ രണ്ട് സഹോദരങ്ങളുണ്ട്, തൊണ്ണൂറുവയസ്സായ ഒരു ഉമ്മയുണ്ട്, ഇവരുടെ ചോദ്യങ്ങള്‍ക്ക് യോഗി ആദിത്യനാഥ് മറുപടി പറഞ്ഞേതീരൂ. ഒരു മലയാളി മാധ്യമപ്രവര്‍ത്തകന്‍ അദ്ദേഹത്തിന്റെ ഉത്തരവാദിത്ത നിര്‍വ്വഹണ സമയത്ത് അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ മോചനത്തിന് വേണ്ടി ഇടപെടുക എന്നത് ഈ നാട് ഭരിക്കുന്ന മുഖ്യമന്ത്രിക്കുണ്ട്. ഇത് ഉത്തര്‍പ്രദേശിലെ ഒരു പത്രപ്രവര്‍ത്തകനെയാണ് ഇവിടുത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നതെങ്കില്‍ പിണറായി വിജയന്‍ എന്നോ മറുപടി പറയേണ്ടുന്ന അവസ്ഥ അവിടത്തെ മുഖ്യമന്ത്രി ഉണ്ടാക്കുമായിരുന്നു എന്നതില്‍ എനിക്ക് സംശയമില്ല. എന്തുകൊണ്ടാണ് കേരള മുഖ്യമന്ത്രി ഈ വിഷയത്തില്‍ ഇടപെടാതിരിക്കുന്നത്? നമുക്കറിയാം, വിദേശരാജ്യത്ത് കുറ്റകരമായ ഇടപെടലിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട തുഷാര്‍ വെള്ളാപ്പള്ളിക്ക് വേണ്ടി എത്ര ജാഗ്രതയോട് കൂടിയാണ് മുഖ്യമന്ത്രി ഇടപെട്ടത്? എന്നാല്‍ മലപ്പുറത്തുള്ള ഈ കുടുംബത്തിന്‌റെ ആശങ്കയകറ്റാന്‍ ഈ മുഖ്യമന്ത്രി തയ്യാറായിട്ടില്ല എന്നത് വളരെ ഖേദകരമാണ്, ഇത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടേ മതിയാകൂ. മാധ്യമപ്രവര്‍ത്തനം എന്നത് രാജ്യദ്രോഹമായി മാറ്റപ്പെടുന്ന ഒരു കാലത്താണ് നമ്മളെപ്പോലുള്ളവരൊക്കെ മാധ്യമപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നത്. രാഹുല്‍ ഗാന്ധിക്ക് പോലും എന്താണ് ഹത്രസില്‍ നടന്നത് എന്ന് അറിയുന്നതിനോ അത് ജനങ്ങളോട് വിളിച്ചുപറയുന്നതിനോ അവകാശമില്ല. സിദ്ദീഖ് കാപ്പനെ തടവില്‍ വെച്ചുകൊണ്ട് ഈ രാജ്യത്തെ മനുഷ്യരുടെ അറിയാനുള്ള അവകാശത്തെ റദ്ദ് ചെയ്യുന്നതിനെതിരെ മുഴുവന്‍ ജനങ്ങളും രംഗത്തിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സിദ്ദീഖിന്റെ കുടുംബത്തോടൊപ്പം ഈ പോരാട്ടത്തില്‍ ഞങ്ങളെല്ലാമുണ്ട്.” പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ച മാധ്യമപ്രവര്‍ത്തകയും മറുവാക്ക് എഡിറ്ററുമായ അംബിക പറഞ്ഞു.


Read More Related Articles